SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.56 AM IST

'പുള്ളിപ്പുലിയുടെ പുള്ളി മായണം'

police

പൊലീസിന്റെ എടാ, എടീ വിളികൾ പൊതുജനത്തോടു വേണ്ടെന്നും ആളുകളോടു മാന്യമായി പെരുമാറണമെന്നും പൊലീസിന് ഹൈക്കോടതി നൽകിയ താക്കീത് പുതുമയുള്ള കാര്യമല്ലെങ്കിലും പ്രസക്തമാണ്. ഇതേ ആവശ്യം ഉന്നയിച്ച് പല പൊലീസ് മേധാവികളും മുമ്പ് സർക്കുലർ ഇറക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസുകാർ ശീലിച്ചതു തന്നെ നടപ്പാക്കികൊണ്ടിരുന്നു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ അനിലിനെയും മകളെയും പൊലീസ് അപമാനിച്ചെന്ന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എടാ, എടീ വിളികൾ പൊതുജനത്തോട് വേണ്ടെന്ന് വ്യക്തമാക്കിയത്.

പൊലീസിനു മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ല. പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. തെറ്റു ചെയ്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാനാണ് പൊലീസിന് അധികാരമുള്ളത്. പൊലീസിന്റെ മോശം പെരുമാറ്റം പൊതുജനങ്ങൾ സഹിക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ പെരുകുന്നെന്ന പരാതികൾ ഉയരുന്ന ഘട്ടത്തിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ചേർപ്പിലെ തന്റെ സ്ഥാപനത്തിലെത്തിയ എസ്.ഐ മകളോടു മോശമായി പെരുമാറിയെന്നും തങ്ങളെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരനും മകളും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ഇതിനുള്ള തെളിവുകൾ ഹാജരാക്കിയില്ല. സംഭവം നടക്കുമ്പോൾ വ്യാപാരസ്ഥാപനം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നോ, ലോക് ഡൗൺ നിലവിലുണ്ടായിരുന്നോ എന്നീ ചോദ്യങ്ങൾക്ക് റിപ്പോർട്ടിൽ മറുപടിയുണ്ടായില്ല. ചേർപ്പ് എസ്.ഐ മോശമായ ഭാഷയിൽ സംസാരിച്ചെന്ന ഹർജിക്കാരന്റെ പരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമേയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ ഇൗ നയം തിരുത്തക തന്നെ വേണം.

സംസ്ഥാനത്തെ ആദ്യ സംഭവമൊന്നുമല്ലിത്. ദിവസേന നടക്കുന്നതിൽ ഒന്നു മാത്രം. പൊലീസ് നവീകരണത്തിന് വർഷം തോറും കോടികളാണ് സർക്കാർ ചെലവാക്കുന്നത്. എന്നാൽ, പൊലീസുകാരുടെ പെരുമാറ്റം നല്ലതാക്കാൻ പ്രത്യേക പദ്ധതികളൊന്നും നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടണം. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനാണ് ജനമൈത്രി പൊലീസ് സംവിധാനം കൊണ്ടുവന്നത്. ഇതോടെ സംസ്ഥാനമൊട്ടാകെ ജനമൈത്രി പൊലീസ് സ്‌റ്റേഷനുകൾ ഉയർന്നു. പൊലീസും ജനങ്ങളും ഇഴകിച്ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. ജനങ്ങൾക്ക് പൊലീസിനോടുള്ള ഭയം മാറ്റാൻ സ്‌റ്റേഷൻ സന്ദർശനവും കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിച്ചു. എന്നാൽ, പത്തുവർഷത്തിനുള്ളിൽ ആ പദ്ധതി ചരമമടഞ്ഞു എന്നതാണ് വാസ്‌തവം. സ്‌റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറിയിരുന്ന പൊലീസ് വീണ്ടും തനിസ്വഭാവം കാണിച്ചു തുടങ്ങി. ജനമൈത്രി പദ്ധതി നടപ്പാക്കിയിരുന്ന സമയത്ത് ഏതെങ്കിലും പൊലീസുകാരൻ മോശമായി പെരുമാറിയാൽ കർശന അച്ചടക്കനടപടിക്ക് വിധേയമാകുമായിരുന്നു. അതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അല്‌പം ഭയമുണ്ടായിരുന്നു. ഇപ്പോൾ കെട്ടഴിച്ചവിട്ടതു പോലെ പൊതുജനങ്ങൾക്ക് മേൽ തട്ടിക്കയറുന്ന പൊലീസിനെയാണ് പല ഭാഗത്തും കാണുന്നത്.

വർഷങ്ങൾക്ക് മുമ്പ് പൊലീസ് കംപ്ളൈയ്‌ൻഡ് അതോറിട്ടി ചെയർമാനായിരുന്ന ജസ്‌റ്റ് കെ. നാരായണകുറിപ്പ് പറഞ്ഞ ഒരു കമന്റുണ്ട് ' പുള്ളിപുലിയുടെ പുള്ളി മായ്‌ക്കാനാകാത്തതു പോലെ അസഭ്യവർഷം പൊലീസിന്റെ അടയാള ചിഹ്‌നമായി മാറി'. മാന്യമായി പെരുമാറാൻ പൊലീസിന് പരിശീലനം നൽകണമെന്ന നിർദ്ദേശത്തോടെ പൊലീസിന്റെ പെരുമാറ്റദൂഷ്യം 2015 ൽ ജസ്‌റ്റിസ് നാരായണകുറുപ്പ് പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പൊലീസുകാർ മോശമായി പെരുമാറുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർ, കമ്മിഷണർമാർ, ട്രെയിനിംഗ് ഡയറക്‌ടർ എന്നിവർ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. കുറച്ചു നാളത്തേക്ക് പരാതികളിൽ കുറവ് വന്നെങ്കിലും പിന്നീട് കാര്യങ്ങൾ പതിവു പോലെയായി. പൊലീസിന്റെ അസഭ്യവർഷത്തിനെതിരെ നിരവധി പരാതികൾ ഉയർന്നപ്പോൾ പാലക്കാട് കൊല്ലംകോട്, എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിലെയും പരാതികൾ പരിഗണിച്ചായിരുന്നു ജസ്‌റ്റിസ് നാരായണക്കുറിപ്പിന്റെ ഉത്തരവ്. പൊലീസിലുള്ളവർ എങ്ങനെയാണ് ഈ സംസ്കാരം ആർജ്ജിച്ചതെന്ന് വ്യക്തമാകുന്നില്ല. സാധാരണക്കാർക്ക് മേൽ അസഭ്യവർഷം ചൊരിയുമ്പോൾ അവർക്ക് പ്രത്യേകതരം സന്തോഷം ലഭിക്കുന്നതു പോലെയാണ്. സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ അസഭ്യവർഷത്തിലൂടെ വ്യക്തികളുടെ മാനാഭിമാനങ്ങൾ തകർത്ത് ജനത്തെ ഭീതിയിലാഴ്ത്തുകയാണെന്നും അതോറിട്ടി നിരീക്ഷിച്ചിരുന്നു.

നിയമപാലകരുടെ പക്കലിൽ നിന്നുള്ള മാനഹാനിയും അനീതിയും നേരിടേണ്ടി വരുന്നവരുടെ നിസഹായത ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല. അത് നേരിടുന്നവർക്ക് മാത്രമേ അതിന്റെ തീക്ഷ്ണത വ്യക്തമാകൂ. അന്ന് ജസ്‌റ്റിസ് നാരായണക്കുറുപ്പ് ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഒന്നും നടപ്പായില്ല. തെറിയഭിഷേകം നിറുത്തി സൗമ്യതയോടും മാന്യമായും സംസാരിക്കാൻ ട്രെയിനികൾക്ക് പരിശീലനം നൽകാൻ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ, കേരള പൊലീസ് അക്കാഡമി ഡയറക്‌ടർ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവിന്റെ കോപ്പിയും നൽകി. പുള്ളിപ്പുലിയുട‌െ പുള്ളി ഇതുവരെ മാഞ്ഞിട്ടില്ലെന്ന് സമീപകാല സംഭവങ്ങൾ ഒാർമ്മപ്പെടുത്തുന്നു.

പൊലീസുകാരുടെ സ്വഭാവത്തിൽ താഴെത്തട്ടിൽ മാത്രം മാറ്റം വന്നിട്ട് കാര്യമില്ല. ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യേഗസ്ഥരെ വിളിക്കുന്ന തെറിക്കും ഒരു പഞ്ഞമില്ലാത്ത നാടാണിത്. സർവീസിൽ സീനിയറാണെങ്കിലും പ്രായം പോലും പരിഗണിക്കാതെ ഉദ്യോഗസ്ഥർ അപമാനിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച് ഒരു സിവിൽ പൊലീസ് ഓഫീസർ വിരമിക്കലിന് തൊട്ടുമുമ്പായിരിക്കും എസ്.ഐയാകുക. എന്നാൽ, നേരിട്ട് എസ്.ഐ നിയമനം ലഭിക്കുന്ന ഒരാൾക്ക് പ്രായം മുപ്പതിൽ താഴയെയായിരിക്കും. ഇവർ പ്രായമുള്ള ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതിയിലും മാറ്റം വരണം. പൊലീസുകാരുടെ പെരുമാറ്റം താഴെത്തട്ടിൽ നിന്നല്ല മുകൾത്തട്ടിൽ നിന്നുതന്നെ മാറണം. പലരും ഉന്നത ഉദ്യോഗസ്ഥരുടെ ആട്ടും തുപ്പും കൊണ്ടു കഴിയുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

പൊലീസുകാരുടെ പെരുമാറ്റ ഭാഷയിൽ മാറ്റം വരുത്തിയേ മതിയാകൂ. അതിനാൽ പുതിയൊരു പൊലീസ് സംസ്കാരം വാർത്തെടുക്കണം. വളരെ പെട്ടെന്ന് സാദ്ധ്യമല്ലെങ്കിലും കൃത്യമായ പാഠ്യപദ്ധതിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. അതിനായി സർക്കാരും ഉത്തരവാദിത്വപ്പെട്ടവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.