SignIn
Kerala Kaumudi Online
Thursday, 25 April 2024 9.10 PM IST

ഇത് കരിനിയമം...!

police

പിണറായി വിജയൻ സർക്കാരിന് ഏറെ ദുഷ്‌പേര് കേൾപ്പിച്ച പൊലീസ് നിയമ ഭേദഗതിയുടെ അലയൊലികൾ അടങ്ങും മുൻപാണ് സംഘടിതകുറ്റകൃത്യങ്ങൾ തടയാനും മാഫിയകളെ അമർച്ച ചെയ്യാനും പൊലീസിന് കൂടുതൽ അധികാരം നൽകാൻ മഹാരാഷ്ട്രയിലെ മകോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം) നിയമത്തിന്റെ മാതൃകയിൽ കേരളത്തിൽ പുതിയ നിയമം കൊണ്ടുവരാൻ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നീക്കം തുടങ്ങിയത്. പൊതുസമൂഹത്തിൽ മതിയായ ചർച്ചയില്ലാതെ പുതിയ നിയമം കൊണ്ടുവരുന്നതിൽ നിന്ന് സർക്കാർ പിന്മാറുകയാണ് വേണ്ടത്. പൗരാവകാശ, ജനാധിപത്യ ലംഘനമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നിയമത്തിനായി ചരടുവലികൾ സജീവമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നത് തടയാൻ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി, ഓർഡിനൻസ് പുറത്തിറക്കി രണ്ടുദിവസത്തിനകം പിൻവലിക്കേണ്ടിവന്നിരുന്നു. സംസ്ഥാനത്തെ ഏറ്റവും ആയുസ് കുറഞ്ഞ നിയമമായി പൊലീസ് ഭേദഗതി മാറി. ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി രാജ്യമാകെ വിമർശിക്കപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന മാരണ നിയമമെന്ന ആക്ഷേപമാണ് പൊതുവെ ഉയർന്നത്. പ്രതിപക്ഷം മാത്രമല്ല സി.പി.എം കേന്ദ്രനേതൃത്വവും എതിരായി.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഡിജിപിയായിരുന്ന ബെഹറയുടെ ശുപാർശയിൽ സർക്കാർ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത്. പൊലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ചത്. ആരെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന് പൊലീസിന് തോന്നിയാലും കേസെടുക്കാവുന്ന അപകടകരമായ വ്യവസ്ഥയാണിത്. പൊലീസ് നിയമത്തിലെ 118-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരിക്കെയാണ്, 118 ൽ എ എന്ന വകുപ്പ് ഉൾച്ചേർത്തത് ആവശ്യമായ നിയമപരിശോധനയില്ലാതെ ഭേദഗതി വരുത്തിയത്. കൈപൊള്ളിയതോടെ ഓർഡിനൻസ് പിൻവലിച്ച് സർക്കാർ തലയൂരുകയായിരുന്നു.

സമാനമായൊരു കരിനിയമമാണ് സംഘടിത കുറ്റകൃത്യം തടയാനായി ബെഹറ കൊണ്ടുവന്നത്. ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി തുടക്കം മുതൽ നിയമവകുപ്പ് ഈ നിയമത്തെ എതിർത്തു. എന്നിട്ടും കരടുനിയമ രൂപീകരണത്തിനായി ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പൊലീസിന് നൽകുന്ന മൊഴികൾ കോടതിയിൽ തെളിവാകുമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. നിലവിൽ കസ്റ്റംസ് നിയമത്തിലെ 108-ാംവകുപ്പ് പ്രകാരം അന്വേഷണഉദ്യോഗസ്ഥന് നൽകുന്ന മൊഴികൾക്കു മാത്രമേ കോടതിയിൽ തെളിവുമൂല്യമുള്ളൂ. ഈ അധികാരം കിട്ടിയാൽ പൊലീസിന് ആർക്കെതിരെയും കള്ളമൊഴിയുണ്ടാക്കാനും അകത്താക്കാനും കഴിയും. നിലവിലെ നിയമപ്രകാരം 90ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ട്. പുതിയ നിയമം ചുമത്തുന്നവർക്കെതിരെ 180ദിവസത്തിനകം കുറ്റപത്രം നൽകിയാൽ മതി. അതുവരെ ജാമ്യംകിട്ടില്ല. അതായത് വിചാരണയില്ലാതെ ആറുമാസം ജയിലിൽ അടയ്ക്കാൻ ഈ നിയമം ഉപയോഗിച്ചാൽ മതി.

പുതിയ നിയമത്തിൽ ഫോൺചോർത്താൻ പൊലീസിന് വിപുലമായ അധികാരം നൽകുന്ന വ്യവസ്ഥകളുണ്ട്. കൊവിഡ് സമ്പർക്കപട്ടിക തയ്യാറാക്കാനെന്ന വ്യാജേന നമ്മുടെയെല്ലാം ഫോൺ ചോർത്താനൊരുങ്ങിയ പൊലീസ്, സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം പ്രാബല്യത്തിലായാൽ ഒരു നിയന്ത്രണവുമില്ലാതെ ആരുടെയും ഫോൺ എത്രകാലത്തേക്കും ചോർത്തുമെന്ന് ഉറപ്പാണ്. നിയമാനുസൃതം ഫോൺ ചോർത്താൻ നിലവിൽ കടമ്പകളേറെയുണ്ട്. രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം ചോർത്താം. അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുണ്ട്. കാരണം വിശദീകരിച്ച് ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. രണ്ടു മാസത്തേക്കാണ് ആദ്യഅനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് നൂറിലേറെ അപേക്ഷ നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. അടിയന്തരസാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെയും ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. പക്ഷേ, കാരണം യഥാർത്ഥമായിരിക്കണം.

ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. അടിയന്തര ആവശ്യമായി ചോർത്തുന്നതിന് ഇപ്പോൾതന്നെ കണക്കില്ലെന്നിരിക്കെയാണ് അനുമതിയില്ലാതെയുള്ല ഫോൺ ചോർത്തലിന് നിയമപ്രാബല്യം കിട്ടാൻ പൊലീസ് ശ്രമിക്കുന്നത്.

ലോകമറിയുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഐ.പി.എൽ ഒത്തുകളിക്കേസിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രതിയാക്കി തീഹാർ ജയിലിലടയ്ക്കാൻ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിന്റെ (മകോക്ക) തനിപ്പകർപ്പാണ് പുതിയനിയമം. ഒത്തുകളിക്കാരുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ, ജാമ്യം ലഭിക്കുന്നത് തടയാൻ ശ്രീശാന്തിനു മേൽ മകോക്ക ചുമത്തുകയായിരുന്നു. രണ്ടുവർഷത്തെ പീഡനത്തിനൊടുവിൽ ശ്രീശാന്തിനെ തെളിവില്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയായിരുന്നു. പൊലീസിന് നൽകുന്ന മൊഴികൾ കോടതിയിൽ തെളിവായി സ്വീകരിക്കുന്ന പുതിയ നിയമം വന്നാലുണ്ടാകാവുന്ന അപകടത്തിന്റെ ഉദാഹരണമാണ് ശ്രീശാന്ത്. അധോലോക പ്രവർത്തനങ്ങളുള്ള മഹാനഗരങ്ങൾക്കു ള്ള നിയമം കേരളത്തിൽ എന്തിനാണെന്നാണ് നിയമവകുപ്പ് സംശയമുന്നയിച്ചത്.

പേടിക്കണം പൊലീസിന്റെ ദുരുപയോഗം

സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരേ പോലും യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തുന്ന പൊലീസ് പുതിയ നിയമം ദുരുപയോഗിക്കുമെന്നാണ് ആശങ്ക. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനുംമേൽ യു.എ.പി.എ ചുമത്തിയത് പിന്നീട് പിൻവലിക്കേണ്ടി വന്നു. പത്തു വർഷത്തിനിടെ 229കേസുകളിൽ യു.എ.പി.എ ചുമത്തിയെങ്കിലും പൊതു, സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയെന്ന് കണ്ടെത്തി ഒഴിവാക്കി. ദുരുപയോഗം വ്യാപകമായതോടെ, എസ്.ഐമാർ സ്വമേധയാ കേസെടുക്കരുതെന്നും അറസ്റ്റിനടക്കം ഉന്നതഉദ്യോഗസ്ഥരുടെ മേൽനോട്ടം വേണമെന്നും സെക്ഷനുകളും വകുപ്പുകളും മേലുദ്യോഗസ്ഥൻ നിശ്ചയിക്കണമെന്നും ഉത്തരവിറക്കേണ്ടിവന്നു. നിസാരകുറ്റങ്ങൾക്കു പോലും യു.എ.പി.എ ചുമത്തുന്ന പൊലീസ്, മൊഴികൾ തെളിവായെടുക്കുന്ന പുതിയ നിയമം വ്യാപകമായി ദുരുപയോഗിച്ചേക്കുമെന്ന് കേരളം ഭയപ്പെടുന്നു.

നിയമത്തിന്റെ കുഴപ്പങ്ങൾ ഇതൊക്കെയാണ്

ശക്തമായൊരു മൊഴിയുണ്ടെങ്കിൽ, വിചാരണയില്ലാതെ ആറുമാസം ആരെയും അകത്താക്കാമെന്നതാണ് പ്രധാന പ്രശ്നം. പൊലീസിന് നൽകുന്ന മൊഴി തെളിവുമൂല്യത്തോടെ മജിസ്ട്രേറ്റിനു നൽകുന്ന രഹസ്യമൊഴിക്ക് തുല്യമാക്കിയാൽ മൊഴിയുടെ ബലത്തിൽ ആരെയും അകത്താക്കാൻ പൊലീസിന് കഴിയും. കരുതൽതടങ്കൽ ഉത്തരവിടാൻ കളക്ടർമാർക്കുള്ല അധികാരം വേണമെന്ന് ഏറെക്കാലമായി പൊലീസ് ആവശ്യപ്പെടുന്നതാണ്. പുതിയനിയമം പ്രയോഗിച്ച് പ്രതികളെ ആറുമാസം കരുതൽ തടങ്കലിലടയ്ക്കാൻ പൊലീസിന് കഴിയും. പൊലീസുദ്യോഗസ്ഥർക്ക് മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ചോർത്താൻ കഴിയും. ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെയേ നിലവിൽ ഫോൺചോർത്താനാവൂ. സ്വത്തുക്കൾ കണ്ടുകെട്ടാനും പുതിയ നിയമം പൊലീസിന് അധികാരം നൽകും. ഇന്ത്യൻ തെളിവുനിയമം അനുസരിച്ച് പൊലീസിന് നൽകിയ മൊഴി കോടതിയിൽ തെളിവായി അംഗീകരിക്കില്ല. കുറ്റകൃത്യം തെളിയിക്കാൻ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ വേണം. ഈ കേന്ദ്രനിയമത്തിന് വിരുദ്ധമായി സംസ്ഥാനം തെളിവുനിയമമുണ്ടാക്കിയാൽ രാഷ്ട്രപതി അംഗീകരിച്ചേക്കില്ല. നിയമസഭ പാസാക്കിയ മാരിടൈംബോർഡ്, പ്ലാച്ചിമട നഷ്ടപരിഹാര ബില്ലുകൾ രാഷ്ട്രപതി നേരത്തേ തിരിച്ചയച്ചിട്ടുണ്ട്.

ചോർത്തുന്ന ഫോൺ സംഭാഷണവും തെളിവാകുമോ

പുതിയ നിയമം മഹാരാഷ്ട്ര, ഉത്തർപ്രദേശ് മോഡലിലാണ്. 60 മുതൽ 365ദിവസം വരെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഉത്തർപ്രദേശ് നിയമത്തിൽ. വിചാരണയില്ലാതെ ഒരുവർഷം വരെ കസ്റ്റഡിയിൽ വയ്ക്കാനാവും. നിലവിൽ 90ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ജാമ്യംകിട്ടും. യു.എ.പി.എ കേസുകളിൽ പോലും കസ്റ്റഡി 180ദിവസമേയുള്ളൂ. സാധാരണ പൊലീസ് കസ്റ്റഡി പരമാവധി 15ദിവസമാണെങ്കിൽ യു.എ.പി.എ നിയമപ്രകാരം 60ദിവസമാണ്. മുൻകൂർ ജാമ്യംകിട്ടില്ല, കോടതി നടപടികൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്, തടവുകാരനെ രണ്ടാഴ്ചയിലൊരിക്കലേ കാണാനാവൂ എന്നിങ്ങനെ വ്യവസ്ഥകളുമുണ്ട്. ചോർത്തിയെടുക്കുന്ന ഫോൺ സംഭാഷണങ്ങൾക്കു പോലും തെളിവുമൂല്യമുള്ളതാണ് ഗുജറാത്ത് നിയമം. ഇത്തരം കേസുകൾക്ക് പ്രത്യേക കോടതികളും പ്രോസിക്യൂഷനുമാണ്. അവിടെയും പൊലീസിന് പ്രതികൾ നൽകുന്ന മൊഴികൾ തെളിവായി കണക്കാക്കും. കുറഞ്ഞ ശിക്ഷ മൂന്നുവ‌ർഷമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE ACT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.