SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.22 AM IST

പൊലീസ് വാടകയ്ക്ക്, നിരക്ക് ₹ 1400

pol

സംസ്ഥാനത്തെവിടെയും ഏത് സ്വകാര്യ ചടങ്ങിനും 1400രൂപ നൽകിയാൽ പൊലീസുദ്യോഗസ്ഥനെ വാടകയ്ക്ക് കിട്ടുന്ന സ്ഥിതിയാണിപ്പോൾ. കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന വി.ഐ.പികൾക്ക് സുരക്ഷയൊരുക്കാൻ 1400രൂപ നിരക്കിൽ പണം ഈടാക്കി നാല് പൊലീസുകാരെ കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്ന് വിട്ടുനൽകിയ കണ്ണൂർ അഡി.എസ്.പി പി.പി.സദാനന്ദന്റെ ഉത്തരവാണ് വിവാദമായിരിക്കുന്നത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ഇളങ്കോയുടെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരമാണ് പൊലീസിനെ വിട്ടുനൽകിയതെന്ന് അ ഡി.എസ്.പി വ്യക്തമാക്കി. പൊലീസിനെ ഏതു ചടങ്ങിനും വാടകയ്ക്ക് നൽകുന്നതിനെതിരെ പൊലീസ് സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു.

കണ്ണൂർ പാനൂർ മൊകേരി എളങ്ങോട് പാലക്കൂൽ കരഞ്ചിന്റെവിട കെ.അൻസാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കഴിഞ്ഞ 31ന് മകളുടെ കല്യാണത്തിനെത്തുന്ന വി.ഐ.പികളുടെ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിച്ചത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു ഡ്യൂട്ടി സമയം. പൊലീസൊന്നിന് 1400രൂപ വീതം 5600 രൂപ ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയിരുന്നു.

ബാങ്കുകൾ, ഐ.ടി പാർക്കുകൾ, തന്ത്രപ്രധാന ഓഫീസുകൾ, കെ.എസ്.ഇ.ബി അടക്കം കമ്പനികൾ എന്നിവയ്ക്ക് സുരക്ഷയൊരുക്കാൻ പൊലീസിൽ വ്യവസായ സുരക്ഷാസേനയുണ്ട്. വിമാനത്താവളങ്ങൾക്കും ഐ.എസ്.ആർ.ഒ അടക്കം സുപ്രധാന സ്ഥാപനങ്ങൾക്കും സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫിന്റെ മാതൃകയിലാണ് സംസ്ഥാന പൊലീസിൽ എസ്.ഐ.എസ്.എഫ് (സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) എന്ന വിഭാഗം രൂപീകരിച്ചത്. ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് ടെക്നോപാർക്കിനടക്കം എസ്.ഐ.എസ്.എഫിന്റെ സുരക്ഷയാണുള്ളത്. എന്നാൽ കല്യാണം പോലെ സ്വകാര്യ ചടങ്ങിന് പണം വാങ്ങി പൊലീസിനെ സുരക്ഷയ്ക്ക് വിട്ടുനൽകുന്നത് ഇത് ആദ്യമായാണ്.

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും പൊലീസ് സുരക്ഷ സൗജന്യമായി നൽകുന്നത് അവസാനിപ്പിക്കാൻ നേരത്തേ എ.ഡി.ജി.പി തല സമിതി ശുപാർശ ചെയ്തിരുന്നു. പൊലീസ് സേവനം ആവശ്യമാണെങ്കിൽ പണം ഈടാക്കണമെന്ന ശുപാർശയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പണം വാങ്ങി സുരക്ഷ നൽകുന്നതിൽ സേനയിൽ എതിർപ്പുമുണ്ട്. സ്​റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇത് സ്‌റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പൊലീസ് പണമീടാക്കിയാൽ സ്വകാര്യ സുരക്ഷാ ഏജൻസികൾ വർദ്ധിക്കുമെന്നും അഭിപ്രായമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പണം വാങ്ങി പൊലീസിനെ കല്യാണവീട്ടിൽ സുരക്ഷയ്ക്ക് നിയോഗിച്ചത്.

നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് പൊലീസ് സംഘടനകളുടെ നിലപാട്. പൊലീസ് ആക്ടിലെ സെക്‌ഷൻ 62പ്രകാരം സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ, ഫീസ് ഈടാക്കിയോ പ്രത്യേകമായി പൊലീസിനെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല. മ​റ്റ് സർക്കാർ വകുപ്പുകളിലെപ്പോലെ പൊലീസ് വകുപ്പിന്റേയും സ്ഥലമോ, സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാൽ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ഈ നിരക്ക് അവസാനമായി പരിഷ്കരിച്ചത്. പൊലീസിന്റെ പക്കലുള്ള സംവിധാനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ മറ്റുള്ളവർക്കു കൂടി ലഭ്യമാക്കാനാണ് ഇത്. സിനിമാ, സീരിയൽ ചിത്രീകരണത്തിന് പൊലീസിന്റെ വയർലെസ്, പൊലീസ് ഡോഗ് സ്ക്വാഡ്, സ്റ്റേഷൻ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവ നിശ്ചിത തുകയീടാക്കി വിട്ടുനൽകാം. ക്രമസമാധാന പാലനത്തിനുള്ള പൊലീസുദ്യോഗസ്ഥരെ സ്വകാര്യ സുരക്ഷാ ആവശ്യങ്ങൾക്ക് വിട്ടുനൽകരുതെന്നാണ് പൊലീസ് സംഘടനകളും ആവശ്യപ്പെടുന്നത്.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പറയുന്നത് ഇങ്ങനെ:- '' ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ, പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസ് സേനാംഗങ്ങൾ. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന വി.ഐ.പിയുടെ സുരക്ഷ ചടങ്ങ് സംഘടിപ്പിക്കുന്ന ആളുടെ കാര്യമാണ്. പൊലീസിന് അവർ വി.ഐ.പി ആകണമെന്നില്ല. ഇങ്ങനെ വി.ഐ.പി പരിവേഷം ഉണ്ടായിരുന്നവർ പിന്നീട് ആരോപണ വിധേയരായി മാറുന്നതും, പലരും ജയിലിലാകുന്നതും അടുത്തകാലത്ത് കണ്ടു. സ്വകാര്യ ചടങ്ങിന് പൊലീസിനെ ആവശ്യപ്പെടുന്നത് കൂടാനാണ് സാദ്ധ്യത. തന്റെ വലിപ്പം മ​റ്റുള്ളവരെ അറിയിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവർ ഉണ്ടാകും. അതുകൊണ്ട് നിയമ വിരുദ്ധമായ ഈ നടപടി ആവർത്തിക്കാതിരിക്കണം.''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE PRIVATE SECURITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.