SignIn
Kerala Kaumudi Online
Friday, 19 April 2024 9.36 PM IST

രാഷ്ട്രീയ ലഘുലേഖയും നിയമസ്‌ഫോടനവും

photo

ഒരു ചെറുരാഷ്ട്രീയ ലഘുലേഖ രാജ്യത്തെ നിയമനിർമ്മാണ സഭയിലും നീതിന്യായമേഖലയിലും വരുത്തിയ കോളിളക്കങ്ങൾ അറിഞ്ഞിരിക്കുന്നത് കൗതുകകരം മാത്രമല്ല വിജ്ഞാനപ്രദവുമാണ്. ഒരു ചെറു ലഘുലേഖയിലാരംഭിച്ച് നിയമസഭയും ഉപരികോടതികളും തമ്മിൽ നിയമ സംഘർഷത്തിലേക്ക് നീങ്ങുകയും, അലഹബാദ് ഹൈക്കോടതിയിലെ 28 ജഡ്ജിമാരുടെ ഫുൾ ബഞ്ച് ഒന്നിച്ചിരുന്ന് നിയമസംഘർഷ സംഭവങ്ങളിൽ വാദങ്ങൾ കേട്ട് വിധിപറയേണ്ട അവസ്ഥയുണ്ടായി ! സുപ്രീംകോടതി ഇടപെടുകയും രാജ്യത്തെ എല്ലാ ഹൈക്കോടതികളും നിയമസഭകളും കക്ഷി ചേർക്കപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലാണ് സംഭവം . അവിടെയപ്പോൾ കോൺഗ്രസ് പാർട്ടിയാണ് ഭരിച്ചിരുന്നത്. സോഷ്യലിസ്റ്റ് പാർട്ടിക്കാരനായിരുന്ന കേശവ് സിംഗ് എന്നൊരാൾ പാർട്ടിക്കാരായ രണ്ടുപേരുമായി ചേർന്ന് ഒരു ലഘുലേഖ അച്ചടിച്ച് ലക്നൗവിലും നിയമസഭയ്ക്കടുത്തും വിതരണം ചെയ്തു. അതിൽ അന്ന് കോൺഗ്രസ് എം.എൽ.എ ആയിരുന്ന എൻ.എൻ. പാണ്ഡയ്ക്കെതിരെ വലിയ അഴിമതികൾ ആരോപിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ പാണ്ഡെയും ചില എം.എൽ.എമാരും ലഘുലേഖയിലെ ആരോപണങ്ങൾ, എം.എൽ.എമാരുടെ പ്രത്യേകാവശത്തിന്റെയും സുരക്ഷിതത്തിന്റെയും ലംഘനമാണെന്ന് ആക്ഷേപിച്ച് നിയമസഭയിൽ ഒരുപ്രമേയം അവതരിപ്പിച്ചു. തുടർന്ന് കേശവസിംഗിനേയും മറ്റ് രണ്ട് പാർട്ടിക്കാരേയും നിയമസഭയിൽ വിളിച്ചുവരുത്തി ഔദ്യോഗികമായി ശാസിക്കാൻ നിയമസഭ തീരുമാനിച്ചു. ഇതിനുള്ള നോട്ടീസ് മൂന്നുപേർക്കും ലഭിച്ചെങ്കിലും കേശവസിംഗ് നിയമസഭയുടെ മുമ്പാകെ ഹാജരായില്ല. താൻ താമസിക്കുന്നത് വളരെ അകലെയുള്ള ഗോരക്പൂരിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ നിയമസഭ മുമ്പാകെ ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു അയാളുടെ നിലപാട്. (കേശവ്സിംഗ് ഹാജരായി ശാസന സ്വീകരിച്ചിരുന്നെങ്കിൽ സംഭവം അവിടെ അവസാനിക്കുമായിരുന്നു.) ഇതിനെത്തുടർന്ന് കേശവ സിംഗിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിയമസഭ ഉത്തരവിട്ടു. അറസ്റ്റ് ചെയ്തു നിയമസഭയിൽ ഹാജരാക്കിയെങ്കിലും കേശവസിംഗ് നിയമസഭയുടെ ശാസന സ്വീകരിക്കാൻ തയ്യാറായില്ല. മാത്രമല്ല, ലഘുലേഖയിൽ പാണ്ഡെയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും തന്റെ അറസ്റ്റ് സ്വേച്ഛാധിപത്യവുമാണെന്നുള്ള രീതിയിൽ ഒരു കത്ത് സ്പീക്കർക്ക് നൽകി. ക്ഷുഭിതരായ എം.എൽ.എമാർ, മറ്റൊരു പ്രമേയത്തിലൂടെ കേശവ് സിംഗിനെ ഏഴ് ദിവസം ജയിലിലടക്കാൻ പ്രമേയം പാസ്സാക്കി. അങ്ങനെ കേശവ് സിംഗിനെ ജയിലിലടച്ചു. എന്നാൽ, ജയിൽശിക്ഷ അവസാനിക്കുന്നതിന്റെ തലേദിവസം കേശവ് സിംഗ് അലഹാബാദ് ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തു. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്നും ഉടനെ ജയിൽ മോചിതനാക്കണമെന്നും റിട്ടിൽ അപേക്ഷിച്ചിരുന്നു. കൂടാതെ നിയമസഭ തനിക്കെതിരെ തീരുമാനമെടുക്കുന്നതിന് മുമ്പ് തനിക്ക് ബോധിപ്പിക്കാനുള്ളത് കേട്ടില്ലെന്നും നടപടി സ്വാഭാവിക നീതിനിഷേധമാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബേഗും ജസ്റ്റിസ് സെഗാലുമടങ്ങിയ ഹൈക്കോടതി ബഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിളിച്ചു. രണ്ടു ഭാഗത്തെയും അഭിഭാഷകരുടെ ആവശ്യപ്രകാരം കേസ് അന്നുതന്നെ മൂന്നുമണിക്ക് അനന്തര നടപടികൾക്കായി മാറ്റിവച്ചു. എന്നാൽ രണ്ടുമണിക്ക് കേസ് വിളിച്ചപ്പോൾ കോടതിയിൽ ഹാജരായിരുന്ന ഗവൺമെന്റ് പ്ലീഡർ, എന്തോ കാരണത്താൽ മൂന്നുമണിക്ക് കേസ് വിളിച്ചപ്പോൾ ഹാജരായില്ല. (ഗവൺമെന്റ് പ്ലീഡർ ഹാജരായിരുന്നെങ്കിൽ കേസ് അവിടെവച്ചു തീരാൻ സാദ്ധ്യതയുണ്ടായിരുന്നു.) കേശവ് സിംഗിന്റെ അഭിഭാഷകന്റെ വാദം കേട്ടശേഷം ഹൈക്കോടതി, കേശവ് സിംഗിനെ ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടു. ഇതിൽ പ്രകോപിതമായ നിയമസഭ, ഹൈക്കോടതിയുടെ മേൽപ്പറഞ്ഞ വിധി, നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അത് ഔചിത്യബോധമില്ലായ്മയുടെ തെളിവാണെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. തുടർന്ന് റിട്ട് പെറ്റീഷൻ നൽകിയ കേശവ് സിംഗിനെയും അയാളുടെ അഭിഭാഷകനെയും വിധി പ്രഖ്യാപിച്ച ഹൈക്കോടതി ജഡ്ജിമാരെയും കസ്റ്റഡിയിലെടുത്ത് വിശദീകരണത്തിനായി നിയമസഭയിൽ ഹാജരാക്കാൻ സ്പീക്കർ ഉത്തരവിട്ടു. ഈ നടപടി നിയമസഭയും ഹൈക്കോടതിയുമായി ഒരു തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചു. സഭാ നടപടിയ്ക്ക് വിധേയരായ ജഡ്ജിമാർ ഇതിനെ ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. ഈ കേസ് ഏത് ജഡ്ജിമാർ കേൾക്കണം എത്ര ജ‌ഡ്ജിമാർ കേൾക്കണം എന്നിവയെപ്പറ്റി അന്നത്തെ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഹജഡ്ജിമാരുമായി സുദീർഘ ചർച്ച നടത്തി. സംഭവത്തിലടങ്ങിയിരിക്കുന്ന ഭരണഘടനാവശങ്ങളും മറ്റ് നിയമവശങ്ങളും വിശദമായി കേൾക്കേണ്ടതുണ്ടെന്നും ആയതിനാൽ ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരുമടങ്ങിയ ഫുൾബഞ്ച് കേസ് കേൾക്കേണ്ടതാണെന്നും അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദേശായി തീരുമാനിച്ചു. (റിട്ട് ഫയൽ ചെയ്ത ജഡ്ജിമാരെ ഒഴിവാക്കിയിരുന്നു.) അതായത് ഹൈക്കോടതിയിലെ 28 ജഡ്ജിമാർ ഒന്നിച്ചിരുന്ന് കേസ് കേട്ടു. ഇങ്ങനെയൊരു സംഭവം ഇന്ത്യാ ചരിത്രത്തിലില്ല. കേസ് ഇന്ത്യയാകെ ചർച്ചയായി. ഇരുഭാഗത്തെയും വാദങ്ങൾ വിശദമായി കേട്ടശേഷം റിട്ട് അനുവദിക്കുകയും റിട്ട് ഫയൽ ചെയ്ത ജഡ്ജിമാരുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു.

സംഭവവികാസങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. ഇത് ഭരണനിർവഹണ വിഭാഗത്തിലും പൊലീസ് ഉദ്യോഗസ്ഥരിലും ഏറെ ആശങ്കകളുണ്ടാക്കി. നിയമസഭയും നീതിന്യായക്കോടതിയും പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ പൂർണാർത്ഥത്തിൽ നടപ്പാക്കാതിരുന്നാൽ നിയമസഭാ പ്രമേയം ധിക്കരിക്കലോ, കോടതിയലക്ഷ്യമോ ആയി പരിണമിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവസരമൊരുക്കുമെന്നും അവർ ഭയപ്പെട്ടു. ഇതേപ്പറ്റി ചർച്ചയും ആശങ്കകളും വന്നപ്പോൾ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ നേരിൽകണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചു. സംഗതിയുടെ പ്രധാന്യവും ഗൗരവവും ഭവിഷ്യത്തുക്കളും മനസിലാക്കിയ കേന്ദ്രമന്ത്രിസഭ, ഈ വിഷയം ഇന്ത്യൻ പ്രസിഡന്റിന്റെ പരിഗണനയ്ക്കായി അയച്ചു. ഭരണഘടന ആർട്ടിക്കിൾ 143 പ്രകാരം പ്രസിഡന്റ് ഈ കേസിൽ സുപ്രീം കോടതിയുടെ ഉപദേശം ആരാഞ്ഞു. കേസിന്റെ ഗൗരവം മനസിലാക്കിയ സുപ്രീം കോടതി, ഇന്ത്യയിലെ എല്ലാ ഹൈക്കോടതികൾക്കും നിയമസഭകൾക്കും നോട്ടീസയച്ചു. നമ്മുടെ രാജ്യത്തെ അന്നുണ്ടായിരുന്ന മിക്ക ഭരണഘടനാ വിദഗ്ദ്ധരും മറ്റ് അഭിഭാഷകരും ഹാജരായി കേസ് വാദിച്ചു. എല്ലാ വാദങ്ങളും അന്നുണ്ടായിരുന്ന വിവിധ നിയമങ്ങളും പരിശോധിച്ചശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ

നിയമസഭാ സാമാജികരുടെ അവകാശങ്ങളും അധികാരങ്ങളും നിയമം വഴി നിർവചിക്കേണ്ടതാണെന്നും ഭരണഘടനാ ആർട്ടിക്കിൾ 21 പ്രകാരം പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ നിയമസഭാ സാമാജികരുടെ പ്രത്യേകാവകാശത്താൽ ഹനിക്കാൻ പാടില്ലെന്നും ആർട്ടിക്കിൾ 211 പ്രകാരം സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാരുടെ കർത്തവ്യനിർവഹണത്തെപ്പറ്റി, നിയമനിർമ്മാണസഭയിൽ യാതൊരുവിധ ചർച്ചയും പാടില്ലെന്നും ആയതിനാൽ ജസ്റ്റിസുമാർക്കെതിരെയുള്ള നിയമസഭാനടപടി നിയമസഭയുടെ അധികാരത്തിൽ വരുന്നില്ലെന്നും പറഞ്ഞിരുന്നു.

ഒരു നിസാര രാഷ്ട്രീയ ലഘുലേഖ വരുത്തിയ പ്രകമ്പനം രാജ്യത്തെ നിയമനിർമ്മാണസഭയെയും ഉന്നത നീതിസ്ഥാപനങ്ങളെയും എത്രമാത്രം ജാഗരൂകമാക്കിയെന്ന് മേൽവിവരിച്ച സംഭവവികാസങ്ങൾ തെളിയിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICAL TRACTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.