SignIn
Kerala Kaumudi Online
Friday, 29 March 2024 1.10 PM IST

പിടിവിടാതെ കൊവിഡാനന്തര രോഗങ്ങൾ

covid

കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതം രണ്ടോ മൂന്നാേ വർഷങ്ങളിൽ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കൊവിഡ് കണക്ക് ഏതാനും മാസത്തിന്റെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഉയരുകയാണ്. മാത്രമല്ല, മുൻപ് കൊവിഡ് ബാധിച്ചവർക്ക് പലതരം രോഗങ്ങൾ തുടരുന്നുമുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ഹൃദയാഘാതവും മസ്തിഷ്കാഘാതവും കൂടിവരുന്നതായാണ് ഡോക്ടർമാരുടെ നിഗമനം. ഹൃദയാഘാതവും മസ്തിഷ്കാഘാതവും സംഭവിച്ച് മരണമടയുന്നവരുടെ എണ്ണവും കൂടുന്നു. കുഴഞ്ഞുവീണ് മരിക്കുന്നവരിൽ യുവാക്കളും മദ്ധ്യവയസ്കരുമുണ്ട്.

നിശബ്ദ കൊലയാളിയെപ്പോലെ കൊവിഡ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് ചുരുക്കം. നാളുകൾക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞദിവസം ക്ലസ്റ്ററും രൂപപ്പെട്ടത് തൃശൂരിലാണ്. പൊലീസ് അക്കാഡമിയിൽ ട്രെയിനികളായ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ലസ്റ്ററാക്കിയത്. സ്കൂൾതുറന്ന ബുധൻ മുതൽ വെള്ളി വരെയുള്ള മൂന്നു ദിവസത്തിനുള്ളിൽ തൃശൂരിൽ കൊവിഡ് ബാധിച്ചത് 354 പേർക്കായിരുന്നു. മാർച്ചിലും ഏപ്രിലിലും രണ്ടക്കത്തിലായിരുന്ന പ്രതിദിന രോഗബാധയാണ് മൂന്നു ദിവസങ്ങളിൽ നൂറ് കടന്നത്.

കൊവിഡ്കാലം എന്ന് അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം തന്നെയാണ് മുഖ്യമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. എന്നാൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാതെ രോഗത്തെയും ചികിത്സയെയും കുറിച്ച് മാത്രമാണ്, സമൂഹം ചർച്ച ചെയ്തു വരുന്നതെന്നും ഓർക്കണം. രോഗം, രോഗാണു, ചികിത്സ, ആശുപത്രി സൗകര്യങ്ങൾ എന്നിങ്ങനെ പോകുന്ന ചർച്ചകളിൽ ആരോഗ്യ സംരക്ഷണത്തെ വേണ്ടത്ര നാം ഉൾപ്പെടുത്തിയോ? ആയുർവേദവും ഹോമിയോയുമെല്ലാം പ്രയോഗിച്ച് രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ശ്രമങ്ങൾ നടത്തിയെന്നത് സത്യം തന്നെ. പക്ഷേ, കൊവിഡ് കുറഞ്ഞ്, നിയന്ത്രണങ്ങളും നീക്കിയതോടെ എല്ലാം പഴയപടിയായി. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രമല്ല, എന്തും എങ്ങനെയും എവിടെ നിന്നും കഴിക്കാമെന്നായി. രണ്ടുവർഷത്തെ നിയന്ത്രണങ്ങൾ സൃഷ്ടിച്ച മാനസികപ്രശ്നങ്ങൾ മറികടക്കാൻ അടിച്ചുപൊളിച്ച് ജീവിച്ചാൽ മതിയെന്നായി ചിന്ത. അതിൻ്റെ ഫലമായി ഹോട്ടൽ ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. ഷവർമ്മയും അൽഫാമുമെല്ലാം ഹോട്ടലുകളിൽ യഥേഷ്ടം. ആവശ്യക്കാരേറിയതോടെ വൃത്തിയും വെടിപ്പുമില്ലാതെ, തോന്നിയതുപോലെ ഭക്ഷണം വിൽക്കുന്ന സാഹചര്യമാണ് ഈയിടെയുണ്ടായ നിരവധി ഭക്ഷ്യവിഷബാധകൾക്ക് കാരണം. അതോടൊപ്പം, ജീവിതശൈലീ രോഗങ്ങളും പഴയതിനേക്കാൾ ശക്തമായി തലപൊക്കി.

കൊവിഡിന്റെ പ്രത്യാഘാതങ്ങൾക്കിടെ അനാരോഗ്യകരമായ ഭക്ഷണശൈലിയാണ് എല്ലാം തകിടം മറിച്ചത്. അതുകൊണ്ടു തന്നെ ഭാരതീയചികിത്സാ സമ്പ്രദായവും ഭക്ഷണരീതിയും നിലനിറുത്തേണ്ടതിന്റെ അനിവാര്യത കൂടുതൽ ശക്തമാകുന്നു. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്,അതിന്റെ പ്രാധാന്യത്തെക്കുറിച്ച്, വ്യക്തവും സരളവുമായി പറഞ്ഞിരിക്കുന്ന ജീവശാസ്ത്രമാണ് ആയുർവേദം. കേരളത്തിന്റെ തനത് ആരോഗ്യമേന്മയ്ക്ക് ആയുർവേദം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ ആഹാരം, വ്യായാമം, ഉറക്കം എന്നിവയെക്കുറിച്ച് വീണ്ടും ബോധവത്‌കരണം തുടരേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച്, ആരോഗ്യ വീണ്ടെടുപ്പിനെ കുറിച്ചുമുളള ചർച്ചകൾ സജീവമാകണം.

കാലം തെറ്റിയുള്ള

കാലവർഷം

കാലം തെറ്റിയ മഴയും കാലാവസ്ഥയിൽ ചൂടേറിയ ജലബാഷ്പം ഏറെയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഷിഗല്ല അടക്കം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയകൾ പെരുകാനുള്ള സാദ്ധ്യത വളരെ കൂടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിനും ഈ കാലവർഷം വഴിവയ്ക്കുന്നുണ്ടെന്നാണ് കരുതുന്നത്. വൈറസും ബാക്ടീരിയയുമെല്ലാം സജീവമാകുന്ന കാലം.

കഴിഞ്ഞ ദിവസം തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല ബാക്ടീരിയ വ്യാപനമുണ്ടായതോടെ കടുത്ത ജാഗ്രതയിലായിരുന്നു ആരോഗ്യവകുപ്പ്. മുട്ട, പാൽ മത്സ്യം മാംസം, വെള്ളം എന്നിവയെല്ലാം മലിനമാകുന്നതിലൂടെ ഷിഗല്ല ബാക്ടീരിയ ബാധയുണ്ടാകാം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ കൂടുതലും പടർന്നുപിടിക്കുന്നത് ഹോസ്റ്റലുകളിലാണ്. ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുകയും പങ്കുവയ്ക്കുകയും ശൗചാലയങ്ങൾ കൂടുതൽ പേർ ഉപയോഗിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെയാണ് രോഗം പടരുന്നത്. കഴിഞ്ഞ നവംബറിൽ തൃശൂർ നഗരത്തിലെ വനിതാ കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസും ബാധിച്ചിരുന്നു.

കണ്ണുകളും മനസും അടക്കം...

കൊവിഡ് നമ്മുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതിലും സംശയമില്ല. മറവി, ഉത്കണ്ഠ, വിഷാദം, സാമൂഹ്യമാദ്ധ്യമങ്ങളോടുളള അടിമത്തം... തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങളും പിരിമുറുക്കങ്ങളും തുടരുകയാണ്. മറ്റ് അവയവങ്ങളുടെ പ്രശ്നങ്ങളും ഗുരുതരമായി തുടരുന്നുണ്ട്. കണ്ണുകൾക്ക് സംഭവിച്ച രോഗങ്ങളും പലവിധമാണ്. കണ്ണിനു ചുവപ്പ്, ചൊറിച്ചിൽ, ചുട്ടുനീറ്റൽ, പീളകെട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കൊവിഡ് ബാധ കൊണ്ടാകണം എന്ന് കരുതി വേണം നമ്മുടെ തുടർപ്രവർത്തനമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊവിഡ് വിമുക്തരിലും കണ്ണുകളിൽ ചുട്ടുനീറ്റം, വരൾച്ച,കണ്ണിൽ എന്തോ കിടക്കുന്നതുപോലെ തോന്നുക, തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. പ്രമേഹരോഗികളുടെ പ്രമേഹം വർദ്ധിക്കുന്നതിനും അതുവഴി പ്രമേഹം നേത്ര രോഗങ്ങളും ഈ കാലഘട്ടത്തിൽ വർദ്ധിച്ചു.

കൊവിഡ് വ്യാപന കാലത്ത് ആശുപത്രിയിൽ പോകാൻ ഉള്ള മടി കാരണം കാഴ്ച നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. കൊവിഡ് ഭയം, മറ്റു മാനസിക സംഘർഷങ്ങൾ എന്നിവ പലരുടേയും പ്രമേഹം അടക്കമുളള രോഗങ്ങളെ വർദ്ധിപ്പിച്ചു. അത് പ്രമേഹജന്യ നേത്ര രോഗത്തെയും വർദ്ധിപ്പിച്ചു. റെറ്റിനയിൽ രക്തസ്രാവം ഉണ്ടാവുകയും, റെറ്റിന വിട്ടുപോകുകയും അന്ധതയിലേക്ക് എത്തുകയും ചെയ്തവരുണ്ട്. കൊവിഡ് നേരിട്ടല്ലാതെ ഒളിപ്പോർ നടത്തി തളർത്തിയവർ ഏറെയുണ്ട്. വീടുകളെല്ലാം ക്ലാസ് മുറികൾ ഓഫീസുകളും ആയപ്പോൾ, ഓൺലൈൻ ജോലികൾ ഏറ്റവുമധികം ക്ഷീണിപ്പിച്ചത് കണ്ണുകളെ ആയിരുന്നു. മൊബൈലും ലാപ്ടോപ്പുമെല്ലാം യുക്തിപൂർവ്വം അല്ലാതെ ഉപയോഗിച്ചവർക്ക് നിരവധി നേത്ര ആരോഗ്യപ്രശ്നങ്ങളാണുണ്ടയാത്. ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന ഈ രോഗാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നതാണ് ഡോക്ടർമാർ പറയുന്നത്. കണ്ണുകൾക്ക് കഴപ്പ്, വേദന, കണ്ണിന് ചുവപ്പ്, വരൾച്ച, കാഴ്ചക്കുറവ്, തലവേദന, വസ്തുക്കളെ രണ്ടായി കാണുക അങ്ങനെ രോഗലക്ഷണങ്ങൾ പലവിധമായിരുന്നു. എന്തായാലും ശരീരത്തിൻ്റെ അടി തൊട്ടു മുടി വരെ കൊവിഡും കൊവിഡാനന്തര രോഗങ്ങളും മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും പിടികൂടുന്നുണ്ടെന്ന് നമ്മൾ മറക്കാതിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POST COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.