SignIn
Kerala Kaumudi Online
Friday, 19 April 2024 2.05 AM IST

ഖത്തറിലെത്താത്ത കൊടുങ്കാറ്റുകൾ

italy

ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് തുടക്കമായിക്കഴിഞ്ഞു. വിവിധ വൻകരകളിൽനിന്നായി 32 ടീമുകൾ കനകകിരീടത്തിനായി പന്തുതട്ടുമ്പോൾ ലോക ഫുട്ബാളിലെ വമ്പൻശക്തികളായിട്ടും ടൂർണമെന്റിൽ പങ്കെടുക്കാനാവാതെ പോകുന്നവരെക്കുറിച്ചാണ് ഈ കുറിപ്പ്. തൊട്ടടുത്ത അമ്പലപ്പറമ്പിൽ ഉത്സവം കൊടിയേറുമ്പോൾ അകത്തളത്തിൽ അടച്ചിടപ്പെട്ട ബാല്യത്തിന്റെ വേദനയെന്നോണമാണ് യൂറോപ്പിലെയും ആഫ്രിക്കയിലെയും പല ടീമുകളുടെയും സ്ഥിതി. അതോടൊപ്പം കളിക്കളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ് ലോകകപ്പ് മോഹങ്ങൾ പടിവാതിൽക്കൽ ഉടഞ്ഞുപോയവരുമുണ്ട്. അതേ, ഖത്തർ ലോകകപ്പ് പറയുന്നത് പങ്കെടുക്കുന്നവരുടെ വീരകഥകൾ മാത്രമല്ല അവിടെ എത്താൻ കഴിയാതെ പോയവരുടെ കണ്ണീർക്കഥകൾ കൂടിയാണ്.

ഖത്തറിലെത്താതെപോയ വമ്പന്മാരുടെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയർ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിതന്നെയാണ്. നാലു തവണ ലോകകപ്പ് നേടിയിട്ടുള്ള ഇറ്റലി ഇത് തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന് യോഗ്യത നേടാതെ പോകുന്നത്. 2006ലെ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ലോകകപ്പ് നേടിയ ഇറ്റലി 2010ലും 2014ലും പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായിരുന്നു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ യോഗ്യത നേടിയതുമില്ല. അതിനുശേഷം യൂറോകപ്പിൽ അപ്രതീക്ഷിത കുതിപ്പിലൂടെ കിരീടമണിഞ്ഞപ്പോൾ ലോക ഫുട്ബാളിൽ അസൂറിപ്പടയുടെ തിരിച്ചുവരവ് ആരാധകർ സ്വപ്നം കണ്ടിരുന്നു.

പക്ഷേ ലോകകപ്പിന്റെ യോഗ്യതാറൗണ്ടിൽ അവർക്ക് വീണ്ടും അടിതെറ്റി. യോഗ്യതാ റൗണ്ടിന്റെ പ്ളേ ഓഫ് സെമിമത്സരത്തിൽ വടക്കൻ മാസിഡോണിയയോട് തോറ്റതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. ഇറ്റലിയെ പുറത്താക്കിയെങ്കിലും മാസിഡോണിയക്കാർക്കും ഖത്തറിലേക്ക് ടിക്കറ്റ് കിട്ടിയില്ലെന്നത് മറ്റൊരു കാര്യം. മാസിഡോണിയയെ പ്ളേ ഓഫ് ഫൈനലിൽ തോൽപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യോഗ്യത നേടിയത്.

തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഇറ്റലി ഇല്ലാത്തത് ഇതാദ്യമായാണ്. 1958 ലോകകപ്പിലേ ഇതിന് മുമ്പ് ഇറ്റലി കളിക്കാതിരുന്നിട്ടുള്ളൂ. ഇറ്റാലി ഇല്ലാത്ത ഈ ലോകകപ്പിന് നഷ്ടമാകുന്നത് ഫ്രെഡറിക്കോ ചീസ,ജോർജിയോ കെല്ലിനി ,ഇമ്മൊബൈൽ, ബൊന്നൂച്ചി, ഡോണറുമ്മ, ജോർജീഞ്ഞോ,ലോറെൻസോ,ബാറെല്ല തുടങ്ങിയ പ്രതിഭകളുടെ കേളീമികവിന്റെ മിന്നലാട്ടങ്ങളാണ്.

യൂറോപ്പിൽ നിന്ന് ഖത്തറിലെത്താൻ കഴിയാതെപോയ മറ്റ് പ്രധാന ടീമുകൾ സ്വീഡൻ, സ്കോട്ട്ലാൻഡ്, യുക്രെയ്ൻ,ഐസ്‌ലാൻഡ് എന്നിവരാണ്. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ കളിച്ചവരാണ് സ്വീഡൻകാർ. ഇത്തവണ യോഗ്യതാ റൗണ്ട് പ്ളേ ഓഫ് ഫൈനലിൽ പോളണ്ടിനോട് തോറ്റതോടെയാണ് സ്വീഡന് ഖത്തറിനെക്കുറിച്ച് മിണ്ടാനാവാതെ പോയത്. 40കാരനായ സ്വീഡിഷ് സൂപ്പർ സ്ട്രൈക്കർ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന് ലോകകപ്പ് കളിച്ച് വിരമിക്കാനുള്ള അവസരമാണ് നഷ്ടമായത്. 1998ൽ അവസാനമായി ലോകകപ്പ് കളിച്ച സ്കോട്ട്‌ലാൻഡ് ഇക്കുറിയും യോഗ്യതാ റൗണ്ട് കടന്നില്ല. യോഗ്യതാ പ്ളേ ഓഫ് ഫൈനലിൽ യുക്രെയ്ന്റെ നഷ്ടമാണ് 1958ന് ശേഷം വേയ്ൽസിന് ലോകകപ്പിലേക്ക് വാതിൽ തുറന്നത്.

2016ലെ യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്ന ഐസ്‌ലാൻഡിന് ഇത്തവണ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് കടക്കാനായില്ല. 2018 ലോകകപ്പിൽ അർജന്റീനയും ക്രൊയേഷ്യയും നൈജീരിയയും ഉൾപ്പെട്ട മരണഗ്രൂപ്പിലായിരുന്നു ഐസ്‌ലാൻഡ്. ആദ്യമത്സരത്തിൽ അർജന്റീനയെ 1-1ന് സമനിലയിൽ തളച്ച് വിസ്മയം സൃഷ്ടിച്ച അവർക്ക് പക്ഷേ ഗ്രൂപ്പ് റൗണ്ട് കടക്കാൻ കഴിഞ്ഞിരുന്നില്ല.

ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള വലിയ നഷ്‌ടങ്ങൾ മുഹമ്മദ് സലായുടെ ഈജിപ്തും നൈജീരിയയുമാണ്. യൂറോപ്യൻ ക്ളബ് ഫുട്ബാളിൽ ഗോളടി വീരന്മാരിൽ ഒരാളായി തുടരുന്ന സലായ്ക്ക് കഴിഞ്ഞ ലോകകപ്പിൽ പരിക്കായിരുന്നു വെല്ലുവിളി. പരിക്കേറ്റിട്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ സലായ്ക്ക് ഫോമിലെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞമാസം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ തങ്ങളെ അട്ടിമറിച്ച സെനഗൽ തന്നെയാണ് ലോകകപ്പ് യോഗ്യതാറൗണ്ടിലും ഈജിപ്തിന് വിലങ്ങുതടിയായത്.

ഒരുകാലത്ത് ലോകകപ്പുകളിലെ കറുത്ത കുതിരകളായി കണക്കാക്കപ്പെട്ടിരുന്ന നൈജീരിയ യോഗ്യതാറൗണ്ടിൽ ഘാനയോട് തോറ്റാണ് പുറത്തായത്. ഇംഗ്ളീഷ് ക്ളബ് ഫുട്ബാളിലെ സൂപ്പർ നൈജീരിയൻ താരങ്ങളായ കെലേച്ചി ഇഹീനാച്ചോ,വിൽഫ്രഡ് എൻഡിഡി,ലൂക്മാൻ എന്നിവർക്ക് ഇത്തവണ ലോകകപ്പ് ടിവിയിൽ കാണാനാണ് വിധി. അൾജീരിയൻ ക്യാപ്ടനും മാഞ്ചസ്റ്റർ സിറ്റി താരവുമായ റിയാദ് മഹ്‌റേസിന്റെ അവസ്ഥയും ഇതുതന്നെ.

ലാറ്റിനമേരിക്കയിൽ നിന്ന് ചിലിയും കൊളംബിയയും ഇക്കുറിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പാണ് ചിലിക്ക് നഷ്‌മാകുന്നത്. ഇക്വഡോറിന് വേണ്ടി യോഗ്യതാറൗണ്ടിൽ വിദേശതാരം കളിച്ചതിനാൽ തങ്ങൾക്ക് ലോകകപ്പിൽ അവസരം നൽകണമെന്ന് ചിലിയും പെറുവും അവസാനശ്രമമായി നൽകിയ അപ്പീൽ ഫിഫ തള്ളുകയും ചെയ്തു. ലോകകപ്പ് കളിച്ച് വിടപറയാനിരുന്ന ചിലിയൻ സൂപ്പർതാരങ്ങളായ അലക്സിസ് സാഞ്ചസിനും അർടുറോ വിദാലിനുമാണ് ഇത് തിരിച്ചടിയായത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ പ്രാഥമികറൗണ്ട് കടന്നുമുന്നേറിയ കൊളംബിയയ്ക്ക് ഇത്തവണ യോഗ്യതാപരീക്ഷപോലും പാസാകാനായില്ല.

ടീം യോഗ്യത നേടാത്തതുകൊണ്ട് ലോകകപ്പ് നഷ്ടമായവരേക്കാൾ കഷ്ടമാണ് യോഗ്യതകിട്ടിയിട്ടും പരിക്കുമൂലം കളിക്കാൻ കഴിയാത്തവരുടേത്. സെനഗലിന്റെ സൂപ്പർ ഹീറോ സാഡിയോ മാനേയുടെയും ഫ്രാൻസിന്റെ കരിം ബെൻസേമയുടെയും സങ്കടം സഹിക്കാനാവാത്തതാണ്. ലോകകപ്പിന് മുമ്പ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനായി കളിക്കവെ കാൽക്കുഴയ്ക്ക് പരിക്കേറ്റ മാനേയെ 26 അംഗടീമിൽ ഉൾപ്പെടുത്തിയാണ് സെനഗൽ ലോകകപ്പിന് തിരിച്ചത്. ഒരു കളിയിലെങ്കിലും മാനേയ്ക്ക് ഇറങ്ങാൻ കഴിയുമെങ്കിൽ അത് പ്രയോജനമാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്മെന്റ്. എന്നാൽ കഴിഞ്ഞദിവസം നടന്ന വൈദ്യപരിശോധനയിൽ മാനേയ്ക്ക് ഒരു മത്സരത്തിലും കളിക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും വേണം. ഫ്രാൻസിന്റെ വെറ്ററൻ ഹീറോ കരിം ബെൻസേമയെ അപ്രതീക്ഷിതമായാണ് പരിക്ക് വേട്ടയാടിയത്. നേരത്തേതന്നെ പോൾ പോഗ്ബയെയും എൻഗോളേ കാന്റേയെയും പരിക്കിലൂടെ നഷ്ടമായ നിലവിലെ ലോക ചാമ്പ്യന്മാർക്ക് ബെൻസേമയുടെ പരിക്ക് വലിയ തിരിച്ചടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QATAR WC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.