SignIn
Kerala Kaumudi Online
Thursday, 25 April 2024 12.19 AM IST

പിന്നാക്കക്കാർക്കെതിരായ സവർണ - ന്യൂനപക്ഷ കൂട്ടുകെട്ട് തകർക്കണം

r-sankar

ആർ. ശങ്കറിന്റെ 49 -ാം ചരമവാർഷികം ഇന്ന്

1960 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലം. മഹാനായ ആർ.ശങ്കർ കെ.പി.സി.സി പ്രസിഡന്റാണ്. കോൺഗ്രസ് പാർട്ടി വിമോചനസമര വിജയത്തിന്റെ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസം ആർ. ശങ്കർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കുണ്ട്. വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ വിമോചന സമരത്തിൽ ഒപ്പം നിന്ന പി.എസ്.പി, മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെയും കൂട്ടിയോജിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ആർ. ശങ്കർ തീരുമാനിച്ചു. അങ്ങനെ ഊർജ്ജിതമായ തിരഞ്ഞെടുപ്പ് പ്രചരണം നടന്നു. ആർ. ശങ്കറിന്റെ കണക്കൂകൂട്ടൽ തെറ്റിയില്ല. ഫലം വന്നപ്പോൾ കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. കോൺഗ്രസ് മത്സരിച്ച 80 സീറ്റുകളിൽ 63 എണ്ണത്തിലും വിജയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് 94 സീറ്റ് ലഭിച്ചു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച ആർ. ശങ്കറിനെ പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. സാധാരണ ഗതിയിൽ വിജയിക്കുന്ന മുന്നണിയിലെ ഏറ്റവും കൂടുതൽ സീറ്റുള്ള പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് മുഖ്യമന്ത്രിയാകും. പക്ഷെ 1960ൽ അങ്ങനെയല്ല സംഭവിച്ചത്. കേവലം 18 എം.എൽ.എമാർ മാത്രമുള്ള പി.എസ്.പിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. ആർ. ശങ്കറിന് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി ചുരുങ്ങേണ്ടി വന്നു. ഇത് കേരളചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. കോൺഗ്രസിലെ സവർണ, ന്യൂനപക്ഷ ലോബിയാണ് ഈ വിരോധാഭാസത്തിന്റെ സൃഷ്ടാക്കൾ. ആർ. ശങ്കറിനെ കോൺഗ്രസിന്റെ നിയമസഭ കക്ഷി നേതാവാക്കുന്നതിന് മുൻപേ അവർ പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കാനുളള കരുനീക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. സ്വന്തം പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായി കാണാൻ കോൺഗ്രസിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നില്ല. അവർക്ക് പ്രിയം മറ്റൊരു പാർട്ടിക്കാരനായ സവർണ നേതാവിനോടായിരുന്നു. അങ്ങനെ കോൺഗ്രസിനുള്ളിലെ സവർണ- ന്യൂനപക്ഷ ലോബി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഒരു പിന്നാക്കക്കാരന്റെ വരവിനെ വിഷലിപ്തമായ ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു.

പട്ടംതാണുപിള്ളയ്ക്ക് ഭരണം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല. കോൺഗ്രസിനുളളിൽ അദ്ദേഹത്തിനെതിരെ പരാതികൾ വ്യാപകമായി. ഹൈക്കമാൻ‌ഡ് ഇടപെട്ട് പട്ടംതാണുപിള്ളയെ പഞ്ചാബ് ഗവർണറാക്കി. അങ്ങനെ 1962ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായി. പക്ഷെ നല്ലനിലയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സവർണ- ന്യൂനപക്ഷ ലോബി അനുവദിച്ചില്ല. പ്രതിപക്ഷത്തെക്കാൾ വാശിയോടെ കോൺഗ്രസിലെ ഒരു വിഭാഗം ശങ്കറിനെതിരെ നിലപാട് എടുത്തു. അവർ മുന്നണിയിലെ ചില ഘടകകക്ഷികളെയും കൂടെപ്പിടിച്ചു. അങ്ങനെ 1964ൽ സ്വന്തം പാർട്ടിക്കാർ തന്നെ ഗൂഢാലോചന നടത്തി ആർ. ശങ്കർ സർക്കാരിനെ വീഴ്ത്തി. 1965ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും ആർ. ശങ്കർ മത്സരിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയാൽ ആർ. ശങ്കർ വീണ്ടും മുഖ്യമന്ത്രിയാകും. അതൊഴിവാക്കാൻ സവർണ- ന്യൂനപക്ഷ ലോബികൾ സംഘടിച്ച് ആർ. ശങ്കറിനെ ആറ്റിങ്ങലിൽ പരാജയപ്പെടുത്തി.

1967ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർ. ശങ്കറിനെ ചിറയിൻകീഴ് മത്സരിപ്പിക്കാൻ ആലോചന നടന്നപ്പോൾ അദ്ദേഹത്തിനെതിരായ ലോബി വീണ്ടും കളത്തിലിറങ്ങി. കടൽക്കിഴവനായ ശങ്കറിന് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞ് അന്നത്തെ ഒരുവിഭാഗം യുവനേതാക്കൾ രംഗത്തെത്തി. ശങ്കറിന് അങ്ങനെ പാർലമെന്റ് സീറ്റും നിഷേധിക്കപ്പെട്ടു. അന്ന് 58 വയസേ ശങ്കറിന് ഉണ്ടായിരുന്നുള്ളൂ. യഥാർത്ഥത്തിൽ ശങ്കർ സാറിന്റെ പ്രായമായിരുന്നില്ല പ്രശ്നം. പിന്നാക്ക സമുദായക്കാരെ അധികാര സ്ഥാനങ്ങളിൽ നിന്നും മാറ്റിനിറുത്തുകയെന്ന സവർണ- ന്യൂനപക്ഷ ലോബിയുടെ സംഘടിതമായ നീക്കമാണ് അന്ന് ആർ. ശങ്കറിന് നേരെ ഉണ്ടായത്. ഇതേ ശക്തികൾ പിന്നീട് അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ഗവർണർ പദവി അടക്കമുള്ള സ്ഥാനമാനങ്ങളും തട്ടിത്തെറിപ്പിച്ചു. ശങ്കർ സാറിനെപ്പോലെ സ്വന്തം പാർട്ടിക്കാർ ഇത്രയധികം വേട്ടയാടിയ മറ്റൊരു രാഷ്ട്രീയ നേതാവും കേരള രാഷ്ട്രീയത്തിൽ ഉണ്ടാകില്ല.

ഇന്ന് മഹാനായ ആർ. ശങ്കറിന്റെ ചരമവാർഷിക ദിനമാണ്. അദ്ദേഹത്തെ തകർത്ത ലോബികൾ ഇപ്പോഴും ശക്തമായി നിലനില്‌ക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്ത് ഒരു സമുദായ നേതാവ് ഭൂരിപക്ഷ സമുദായത്തിന് താക്കോൽസ്ഥാനം ആവശ്യപ്പെട്ട് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ താക്കോൽസ്ഥാനം മുന്നാക്ക വിഭാഗക്കാരനായ നേതാവ് കൈപ്പിടിയിലാക്കി. താക്കോൽസ്ഥാനം ആവശ്യപ്പെട്ടവരും നൽകാൻ തീരുമാനിച്ചവരും ഭൂരിപക്ഷ വിഭാഗത്തിലെ ബഹുഭൂരിപക്ഷമായ പിന്നാക്കക്കാരെ മറന്നു. മുന്നാക്ക വിഭാഗക്കാരെ മാത്രമേ ചിലർ ഹൈന്ദവരായി അംഗീകരിക്കുന്നുള്ളൂ. മുന്നാക്കക്കാർ ഭരിക്കേണ്ടവരും മറ്റുള്ളവർ ഭരിക്കപ്പെടേണ്ടവരുമാണെന്ന ഫ്യൂഡൽ ചിന്ത പലരുടെയും മസ്തിഷ്കത്തിൽ നിന്നും ഇതുവരെ മാഞ്ഞിട്ടില്ല. പണ്ട് ആർ. ശങ്കറിനെ തകർക്കാൻ ഉപയോഗിച്ച അതേ ചക്രവ്യൂഹം ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനെതിരെയും ചമയ്ക്കുകയാണ്. ശങ്കറിനെ തകർത്ത അതേ സംഘടിത ശക്തികൾ തന്നെയാണ് മറുഭാഗത്ത്. പുറമേ ഗ്രൂപ്പാണ് പറയുന്നതെങ്കിലും ഉള്ളിലെ പ്രശ്നം പിന്നാക്കക്കാരനെ നേതാവായി അംഗീകരിക്കാൻ കഴിയാത്തതാണ്. അതുകൊണ്ടാണ് സ്ഥാനമേറ്റശേഷം ഒന്ന് ശ്വാസം വിടാൻ പോലും അനുവദിക്കാതെ അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നത്.

കോൺഗ്രസിൽ മാത്രമല്ല ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളിലും സമാനമായ സ്ഥിതി നിലനില്‌ക്കുന്നു. പിന്നാക്കക്കാരൻ നേതൃത്വത്തിലേക്ക് എത്താതെ കുതികാൽവെട്ടുന്നു. അഥവാ എത്തിയാലും സ്വസ്ഥമായി പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇതിന് മാറ്രമുണ്ടാകണം. അധികാരവും ആനുകൂല്യങ്ങളും സവർണരുടെയും ന്യൂനപക്ഷങ്ങളുടെയും മാത്രം കുത്തകയല്ല. തുല്യമായി പങ്കുവയ്ക്കപ്പെടേണ്ടതാണ്. അധികാരം തുടർച്ചയായി കൈപ്പിടിയിലാക്കുന്ന സവർണ, ന്യൂനപക്ഷ നേതാക്കൾ തങ്ങളുടെ സമുദായത്തിന് അർഹതയില്ലാത്തതും നൽകുന്നു. പിന്നാക്കക്കാർക്ക് അർഹതപ്പെട്ടത് നിഷേധിക്കുന്നു. ഇങ്ങനെ പിന്നാക്കക്കാരെ രണ്ടാംകിട ജനതയായി കാണുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനം തിരുത്തണം. അല്ലെങ്കിൽ പിന്നാക്കക്കാർ സംഘടിതമായി രാഷ്ട്രീയ നേതാക്കളെ തിരുത്തുന്ന സ്ഥിതിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SANKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.