SignIn
Kerala Kaumudi Online
Thursday, 18 April 2024 5.36 PM IST

മറക്കാനാവാത്ത ഒരു വിലാപയാത്ര

r-sugathan

1970 ഫെബ്രുവരി 13 ലെ പകൽ എരിഞ്ഞടങ്ങുമ്പോൾ രോഗശയ്യയിലായിരുന്ന സുഗതൻ സാറിന്റെ കണ്ണുകൾ മെല്ലമെല്ലെ അടയുന്ന കാഴ്ച കണ്ടുനിന്ന ഞങ്ങളുടെ ഹൃദയം പിടയുകയായിരുന്നു. ഫെബ്രുവരി 14 ന്റെ പ്രഭാതം സുഗതൻസാറിന്റെ മരണവാർത്തയുമായി എത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കമ്മ്യൂണിസ്റ്റു പാർട്ടി സംസ്ഥാന കൗൺസിലിൽ സാറിന്റെ മൃതശരീരം എത്തിക്കാനുള്ള തിരക്കിലായിരുന്നു അവസാന നിമിഷം വരെ സാറിനെ പരിചരിച്ച വേലപ്പനുണ്ണിയും കെ.എസ്. ബാലനും, മെഡിക്കൽ കോളേജ് സദാശിവനും.
ആലപ്പുഴയോട് വിടപറഞ്ഞ് തിരുവനന്തപുരത്തെത്തിയ സുഗതൻസാറിന്റെ സ്ഥിരതാമസം പാർട്ടി ഓഫീസിലായിരുന്നു. പാർട്ടി ഓഫീസിന്റെ ചുമതലക്കാരായിരുന്ന സി.എം. വിജയൻസാർ, കെ.എസ്. ബാലൻ എന്നിവർ സാറിന്റെ എല്ലാകാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. കൂടാതെ സദാസമയവും മറ്റുകാര്യങ്ങൾക്ക് സഹായിക്കാൻ കാട്ടാക്കടക്കാരനായ വേലപ്പനുണ്ണിയെ പാർട്ടി നിയോഗിച്ചു. വേലപ്പനുണ്ണി ഇഷ്ടസഖാവായി മാറി. സുഗതൻ സാറിനെ വേലപ്പനുണ്ണി സ്വന്തം പിതാവിനെപ്പോലെ സ്‌നേഹിച്ചിരുന്നു. സാറിന്റെ അന്ത്യനിമിഷങ്ങളിൽ പലപ്പോഴും വേലപ്പൻ പൊട്ടിക്കരയുന്ന കാഴ്ച എല്ലാ സഖാക്കളെയും വേദനിപ്പിച്ചു.
പാർട്ടി ഓഫീസിലെത്തിച്ച സുഗതൻസാറിന്റെ ചേതനയറ്റ ശരീരവുമായി തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വലിയ ചുടുകാട്ടിലേക്കുള്ള വിലാപയാത്ര തിരിച്ചു. പാർട്ടി ഓഫീസും പരിസരവും ജനസമുദ്രമായി മാറി. സാറിന്റെ കാര്യങ്ങളിൽ എല്ലാ നേതാക്കന്മാരും ടി.വി.യുമായി നിരന്തരം കൂടിയാലോചനകൾ നടത്തി.10.30ന് സാറിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം പാർട്ടി ഓഫീസിന്റെ മുന്നിലുള്ള റോഡിലിറങ്ങിയ സമയത്താണ് ഇ.എം.എസ്. വരുന്നുവെന്ന അറിയിപ്പു കിട്ടിയത്. ടി.വി.യുടെ നിർദ്ദേശപ്രകാരം വിലാപയാത്രാ വാഹനം റോഡിൽ അല്പനേരം നിറുത്തിയിട്ടു. ഇ.എം.എസ്. റീത്തുമായി വാഹനത്തിനുള്ളിൽ കയറി . ഇ.എം.എസ്. റീത്തുവയ്ക്കുന്ന വികാരനിർഭരമായ രംഗം കണ്ടവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു.
വിലാപയാത്രയുടെ മുന്നിലായി സാറിന്റെ ചരമവാർത്ത അറിയിച്ചുകൊണ്ടുള്ള വാഹനം. പ്രസ്തുത വാഹനത്തിൽ അനൗൺസർമാരായി കണിയാപുരം രാമചന്ദ്രനും സി. ദിവാകരനും ജെ.വേണുഗോപാലൻ നായരും മാത്രം എന്നു തീരുമാനിച്ചു. സുഗതൻ സാറിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിനു തൊട്ടുപിന്നിലായി ടി.വി.തോമസ് സഞ്ചരിക്കുന്ന വാഹനം.
''തൊഴിലാളി വർഗത്തിന്റെ പ്രിയങ്കരനായ നേതാവ്, പട്ടിണിക്കാരുടെ പടത്തലവൻ സഖാവ് സുഗതൻ സാറിന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം തൊട്ടുപിന്നാലെ കടന്നുവരുന്നു. സുഗതൻസാറിന്റെ അവസാനകാലം ചെലവഴിച്ച കമ്മ്യൂണിസ്റ്റുപാർട്ടി ഓഫീസിനോടും, തന്നെ അവസാനം വരെ സ്‌നേഹിച്ച തലസ്ഥാന നഗരത്തിലെ ജനങ്ങളോടും സുഗതൻ സാർ വിടപറയുന്നു.''
തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ വാഹനത്തെ തടഞ്ഞുവച്ചു. ''ഞങ്ങൾക്ക് സാറിനെ ഒരുനോക്കു കാണണം.'' ഇതായിരുന്നു ആവശ്യം . വാഹനത്തെ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ തടഞ്ഞുവച്ചു. ശ്രീകാര്യം, കാര്യവട്ടം, കഴക്കൂട്ടം എന്നിവിടങ്ങളിലും ഇത് ആവർത്തിക്കപ്പെട്ടപ്പോൾ ടി.വി. ഞങ്ങളുടെ വാഹനം തടഞ്ഞു നിറുത്തി പറഞ്ഞു. ''ഇനി ഞാൻ പറയുന്നിടത്തു മാത്രം വാഹനം നിറുത്തിയാൽ മതി. ഇങ്ങനെ പോയാൽ നാളെ രാവിലെ പോലും ആലപ്പുഴയിൽ എത്തില്ല''
വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചു. കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രിൻസിപ്പൽ ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്തിമോപചാരങ്ങൾ അർപ്പിച്ചു. കൊല്ലം ടൗൺ, കരുനാഗപ്പള്ളി, കായംകുളം എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകാൻ കഴിയാത്തവിധം ജനം ഒഴുകിയെത്തി. ഹരിപ്പാട്, അമ്പലപ്പുഴ എന്നീകേന്ദ്രങ്ങളിൽ വികാരഭരിതരായ ജനങ്ങൾ വല്ലാത്ത തടസം സൃഷ്ടിച്ചു. പുറക്കാട് എത്തിയതോടെ വിലാപയാത്ര നിയന്ത്രിക്കാനാകാത്ത അവസ്ഥയിലായി. പുറക്കാട്ടു കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ, സാധാരണക്കാർ അവരുടെ കുടംബങ്ങൾ ഒന്നാകെ. കടൽ തിരയടിച്ചു കയറുന്ന വിധം ജനം തടിച്ചുകൂടി. മുദ്രാവാക്യം വിളികളും സ്ത്രീകളുടെ പൊട്ടിക്കരച്ചിലുകളും കൊണ്ട് രംഗം നിയന്ത്രണാതീതമായി. എല്ലായിടത്തും നിയന്ത്രിക്കാനെത്തിയിരുന്ന ടി.വി. നിശ്ചലനായി നോക്കിനിന്നു. കാരണം ടി.വി.യ്ക്ക് അറിയാമായിരുന്നു സഖാവ് സുഗതൻ സാറും പുറക്കാട്ടുകാരുമായുള്ള ബന്ധം. സുഗതൻ സാർ കയർ തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കുന്ന സ്‌നേഹസമ്പന്നനായ സഖാവായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുടിലുകളിലെത്തി അവരോടൊപ്പം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ പുറക്കാട്ടുകാരുടെ നാഥനായിരുന്നു സുഗതൻ സാർ.
ഒരുവിധം വിലാപയാത്ര പുന്നപ്ര വലിയ ചുടുകാട്ടിലെത്തി. വാഹനത്തിന് ഉള്ളിൽ കടക്കാനാവാത്ത വിധം ജനസമുദ്രമായിരുന്നു വലിയ ചുടുകാടും പരിസരവും. സുഗതൻ സാറിന്റെ ചിതയൊരുങ്ങി. ചിതയുടെ ഇരുവശങ്ങളിലുമായി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതാക്കന്മാർ വരിയിട്ടുനിന്നു. സുഗതൻ സാറിന്റെ ചേതനയറ്റ ശരീരം, ടി.വി. അടക്കമുള്ളവർ ഏറ്റുവാങ്ങി ചിതയിൽവച്ചു. ടി.വി. തന്നെ സുഗതൻസാറിന്റെ ചിതയ്ക്ക് തീ കൊളുത്തി.
ചിത കത്തിയെരിയുന്ന മഞ്ഞ വെളിച്ചത്തിൽ സുഗതൻസാറിന്റെ വേർപാടിൽ അനുശോചന സമ്മേളനം ആരംഭിച്ചു. സുഗതൻസാറിന്റെ ജീവിതം പട്ടിണിപ്പാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു. തത്വചിന്തകനോ, നല്ലപ്രഭാഷകനോ, ബുദ്ധിജീവിയോ ഒന്നുമായിരുന്നില്ല അദ്ദേഹം. പട്ടിണിജാഥയും നയിച്ച് ഒരിക്കൽ തിരുവനന്തപുരത്ത് എത്തിയ സുഗതൻ സാറിനെക്കുറിച്ച് കേട്ടറിഞ്ഞ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ കോളേജ് ഗേറ്റിനു മുന്നിൽവച്ച് അദ്ദേഹത്തിന്റെ ജാഥയ്ക്ക് സ്വീകരണം നൽകാൻ തീരുമാനിച്ചു. വി.ജെ.ടി. ഹാൾ കടന്ന് പട്ടിണിജാഥ സുഗതൻ സാറിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെത്തി. ''കുറ്റിരോമം നിറഞ്ഞ മൊട്ടത്തല, ബ്രഷ് മീശ, അരക്കയ്യൻ ഷർട്ട്, മുട്ടിനു താഴെ പരാപരം എത്തുന്ന ഒരു പരുക്കൻ കൈലിമുണ്ട്. ഞങ്ങൾ വിദ്യാർത്ഥികൾ അമ്പരന്നു നോക്കി നിന്നുപോയി. ഗംഭീര സ്വീകരണവും നൽകി. അന്നാദ്യം ഞാൻ സുഗതൻ സാറിനെ അടുത്തുകണ്ടു.
അദ്ദേഹം കവിതകൾ എഴുതിയിരുന്നു. എല്ലാം പട്ടിണിപ്പാട്ടുകൾ. പിന്നെ കുറെ പടപ്പാട്ടുകളും. പ്രൊഫ. തിരുനല്ലൂർ കരുണാകരൻ ഏറ്റവും പ്രിയപ്പെട്ട കവിയായിരുന്നു. തിരുനല്ലൂരിനും സാറിനോട് അളവറ്റ ആദരവായിരുന്നു. നിയമസഭയിലെ സുഗതൻ സാർ ഭരണപ്രതിപക്ഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ''ഈ സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തി ചൊറിയണം വച്ചുപിടിപ്പിക്കണം.'' എന്ന സുഗതൻ സാറിന്റെ പ്രസ്താവന ബ്യൂറോക്രസിയുടെ നെഞ്ച് വെട്ടിപ്പിളർക്കുന്നതായിരുന്നു. കാലമെത്ര കഴിഞ്ഞാലും, ഭരണകൂടങ്ങൾ മാറിമാറി വന്നാലും ആർ. സുഗതനെ തമസ്‌കരിക്കാൻ ഒരിക്കലും സാദ്ധ്യമല്ല. ഇനിയൊരു ആർ.സുഗതന്റെ വരവിനു വേണ്ടി നമുക്കു കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SUGATHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.