SignIn
Kerala Kaumudi Online
Friday, 19 April 2024 12.20 PM IST

പേവിഷബാധ ; ഗൗരവം വെടിയരുത് അപകടം കൂടെ

photo

കേരളത്തിൽ തെരുവുനായ്ക്കളുടെ വംശവർദ്ധനവിന് ആനുപാതികമായി പേ വിഷബാധയേൽക്കുന്നവരുടെ നിരക്കും വർദ്ധിച്ചു വരുന്നു! ഏറെ മാരകവും ഭയാനകവുമായ രോഗമാണ് പേ വിഷബാധ. രണ്ടു വർഷത്തെ കൊവിഡ് കാലയളവിൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. അശാസ്ത്രീയ മാലിന്യനിയന്ത്രണ പ്രക്രിയകൾ തെരുവുനായ്ക്കളുടെ കൂട്ടം കൂടലിനും വർദ്ധനവിനും ഇടയാക്കിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെ അനാസ്ഥയാണ് ഇതിനു വഴിയൊരുക്കിയിട്ടുള്ളത്. തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതും മാലിന്യസംസ്‌കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കാര്യങ്ങളാണ്. ഇവ ഒഴികെയുള്ള കാര്യങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധ! എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച അടിയന്തര പദ്ധതികൾ പ്രതീക്ഷയ്ക്കു വകനൽകുന്നു!

തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണ ശസ്ത്രക്രിയ നടപ്പാക്കണമെന്ന ജന്തുക്ഷേമ ബോർഡിന്റെ അനിമൽ ബർത്ത് കൺട്രോൾ നിയമങ്ങൾ നിലവിൽവന്നത് 2001ലാണ്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത് ഗൗരവമായെടുത്തിരുന്നില്ല. ചുരുക്കം ചില നഗരസഭകളും ഗ്രാമപ്പഞ്ചായത്തുകളും മാത്രമേ പദ്ധതി വിജയകരമായി നടപ്പാക്കിയുള്ളൂ. നായപിടിത്തക്കാരുടെ ക്ഷാമം ഈ മേഖലയിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. നായ്ക്കളെ ഓപ്പറേഷൻ തിയേറ്ററിലെത്തിച്ചാൽ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ വെറ്ററിനറി ഡോക്ടർമാർ തയ്യാറായിരുന്നു. എന്നാൽ നായ്‌ പിടിത്തത്തിനു മുൻകൈയെടുക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അതിനു വേണ്ടത്ര താത്‌പര്യം കാണിച്ചില്ല. 2016 മുതൽ ഈ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തെങ്കിലും പ്രവർത്തനം തീർത്തും അശാസ്ത്രീയമായിരുന്നു. നായ്ക്കളുടെ എണ്ണം കാണിച്ച് ഫണ്ട് നേടാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളുടെ തുടർപ്രസവം!

കേരളത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷം പാർപ്പിക്കാനും പോസ്റ്റ് ഓപ്പറേറ്റീവ് സംരക്ഷണത്തിനുമുള്ള സൗകര്യം തീരെ കുറവാണ്. നിയമം അനുശാസിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ സംവിധാനം ഏർപ്പെടുത്താൻ മാറിമാറി വന്ന സർക്കാരുകളും വേണ്ടത്ര താത്‌പര്യം പ്രകടിപ്പിച്ചില്ല. ഇതിന്റെ പരിണിതഫലമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്.

വളർത്തുനായ്ക്കൾക്കും

വാക്സിൻ നൽകണം

വളർത്തുനായ്ക്കൾക്കു വർഷം തോറും പേവിഷബാധയ്‌ക്കെതിരായുള്ള വാക്സിൻ നൽകണം. പൂച്ചകൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പെടുക്കണം. തുടർന്ന് ഏറ്റവുമടുത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസെടുക്കണം. എന്നാൽ മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് 90 ശതമാനം വളർത്തുനായ്ക്കൾക്കും ലൈസൻസ് ഇല്ല. കൊവിഡിന് ശേഷം ഓമനമൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായിട്ടുണ്ട്. തെരുവ് നായ്ക്കളെ ദത്തെടുക്കുന്നവരുമുണ്ട്.

മൃഗസ്‌നേഹികളുടെ എണ്ണം വർദ്ധിക്കുമ്പോഴും പലരും പേവിഷബാധയ്‌ക്കെതിരായി നായ്ക്കൾക്കും പൂച്ചകൾക്കും കുത്തിവയ്പ്പെടുക്കുന്ന കാര്യത്തിൽ വേണ്ടത്ര താത്‌പര്യം കാണിക്കുന്നുണ്ടോ എന്ന സംശയവും നിലനില്ക്കുന്നു. കേരളത്തിൽ പേവിഷബാധ വാർത്തകൾ നിലനിൽക്കുമ്പോൾ തന്നെ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിയുന്ന തെരുവുനായയെ പിടിച്ചു ഉമ്മ വെയ്ക്കുന്ന വിദ്യാർത്ഥിനിയെ കാണാനിടയായി! മൃഗസ്‌നേഹം അതിരുവിടുന്നതിന്റെ ലക്ഷണമാണിത്! രോഗം ബാധിച്ച പൂച്ചകളിലൂടെയും രോഗം പകരാം. പൂച്ച മാന്തുന്നതും ഗൗരവമായെടുക്കണം.

വളർത്തു നായ്ക്കളിൽ ആറ് ആഴ്ച പ്രായത്തിൽ ആദ്യ ഡോസും ഒരുമാസത്തിനു ശേഷം ബൂസ്റ്റർ ഡോസും, വർഷം തോറും തുടർകുത്തിവയ്പ്പും നൽകിയാൽ മാത്രമേ പേവിഷബാധയ്‌ക്കെതിരായുള്ള രോഗപ്രതിരോധശേഷി കൈവരിക്കൂ. എന്നാൽ എല്ലാ നായ, പൂച്ച വളർത്തുകാർക്കും ഇതിനെക്കുറിച്ചു വേണ്ടത്ര അവബോധമില്ല. വാക്സിന്റെ ശീതീകരണ സംവിധാനത്തിലുള്ള തകരാറുകൾ വാക്സിന്റെ രോഗപ്രതിരോധശേഷി കുറയാനിടവരുത്തും.

കേരളത്തിൽ ഈ വർഷം പേ വിഷബാധമൂലം മരണപ്പെട്ട 21 പേരിൽ 5 പേരും വാക്സിനെടുത്തിട്ടും മരണമടഞ്ഞു എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. വൈറസ് രോഗമായ പേവിഷബാധയ്‌ക്കെതിരായുള്ള ആറോളം വാക്സിനുകൾ വിപണിയിലുണ്ട്. വാക്സിന്റെ ശേഷി, സൂക്ഷിപ്പ് കാലയളവ് എന്നിവ കാലാകാലങ്ങളിൽ വിലയിരുത്തണം.

പേവിഷബാധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഉന്നത സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവു നായ്ക്കളുടെ വംശവർദ്ധന തടയാൻ മികച്ച പ്ലാനിങ് ആവശ്യമാണ്. ഘട്ടംഘട്ടമായി മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കൂ. വന്ധ്യംകരണ ശസ്ത്രക്രിയ, പോസ്റ്റ് ഓപ്പറേഷൻ സംരക്ഷണം എന്നിവയ്ക്കുള്ള ഭൗതിക സൗകര്യം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തണം. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കുള്ള സ്‌കിൽ വികസന പദ്ധതി നടപ്പിലാക്കണം. ആവശ്യമായ മനുഷ്യ വിഭവശേഷിയുണ്ടോ എന്നു വിലയിരുത്തണം. ആവശ്യമെങ്കിൽ ഇത് മിഷൻ മോഡിൽ നടപ്പിലാക്കണം. കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണം. പഞ്ചായത്തു തോറും മൃഗാശുപത്രികളുള്ള ഏക സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അനുബന്ധ സർവകലാശാലകൾ എന്നിവ കൂട്ടായി പ്രവർത്തിക്കണം. ബേസിക് യൂണിറ്റ് ഗ്രാമപ്പഞ്ചായത്ത് എന്ന രീതിയിൽ മൈക്രോ പ്ലാനിംഗ് നടത്തണം. നായ്ക്കളെ പിടിക്കാൻ പരിശീലനം സിദ്ധിച്ചവരെ കണ്ടെത്തണം. താത്‌പര്യമുള്ളവർക്ക് സ്‌കിൽ വികസന പദ്ധതി നടപ്പിലാക്കണം. അവർക്ക് എബിസി ടെക്നിഷ്യൻ എന്ന പേരുനൽകുന്നത് നല്ലതാണ്. ആദ്യ ഘട്ടത്തിൽ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി വാക്സിൻ നൽകി പിടിച്ച സ്ഥലത്തു തുറന്നുവിടണം. 70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി വാക്സിൻ നൽകണം. ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാൻ തുടർ വാക്സിനേഷൻ നൽകണം. നായക്കുട്ടികൾക്കുള്ള ഏർലി ന്യൂട്ടറിങ് പ്രോഗ്രാമിന്റെ (എൻഡ്) സാദ്ധ്യതയും വിലയിരുത്തണം. പ്രജനനശേഷി കുറയ്ക്കാനുള്ള കീമോതെറാപ്പി, ഹോർമോൺ ഉപയോഗം എന്നിവയെക്കുറിച്ചും കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണ്.

തെരുവുനായ്ക്കളുടെ വംശവർദ്ധന തടയാനുള്ള നടപടികളോടൊപ്പം ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് ഊന്നൽ നൽകണം. വഴിയോരത്തും റോഡരികിലുമുള്ള കശാപ്പും ഇറച്ചി വിൽപ്പനയും നിയന്ത്രിക്കണം. ശാസ്ത്രീയ അറവുശാലകൾ സ്ഥാപിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണം. സ്‌കൂൾ,കോളേജ് തലങ്ങളിൽ പേ വിഷബാധ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരണം നടത്തണം. പേ വിഷബാധ നിയന്ത്രണത്തിന്റെ പൊതുജനാരോഗ്യ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണം. ഓരോ വ്യക്തിയും മാലിന്യ നിയന്ത്രണത്തിൽ അതീവശ്രദ്ധ ചെലുത്തണം. എന്നാൽ മാത്രമേ കേരളത്തെ പേവിഷബാധ ഭീതിയിൽനിന്നും രക്ഷിക്കാൻ സാധിക്കൂ.

( ലേഖകൻ ബംഗളൂരു ട്രാൻസ് ഡിസിപ്ളിനറി ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABBIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.