SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.57 PM IST

തെരുവ് നായ്‌ക്കൾക്ക് എറിഞ്ഞുകൊടുക്കരുത്

abhirami

കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സതേടിയത് ലക്ഷക്കണക്കിനാളുകളാണ്. നിത്യേന കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധിപേർ തെരുവുനായ്ക്കളുടെ ഭീകരമായ ആക്രമണത്തിന് വിധേയരായി മരണപ്പെടുകയും മാരകമായി മുറിവേൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിൽ അവസാനത്തെ ഇരയാണ് അഭിരാമി എന്ന കുഞ്ഞ്. ഈ അപകടം നമ്മൾ തടഞ്ഞേ മതിയാവൂ. കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് 28ന് പരിഗണിക്കാനിരിക്കുകയാണ്.

എന്തുകൊണ്ടാണ് ജനങ്ങൾ ഇങ്ങനെ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകാൻ വിധിക്കപ്പെടുന്നത്? മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും ക്രിമിനൽ നടപടി ക്രമത്തിലും കേരള പൊലീസ് ആക്ട് സെക്ഷൻ 62 ലുമടക്കം ശക്തമായ വകുപ്പുകൾ ഉള്ളപ്പോഴാണ് ഇത്തരത്തിൽ നിരപരാധികൾ തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയാവുന്നതും പലരും മരണത്തിന് കീഴടങ്ങുന്നതും. 1994ലെ മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 438 അനുസരിച്ച് മുനിസിപ്പൽ സെക്രട്ടറിക്ക് തെരുവുനായ്ക്കളെ നശിപ്പിക്കാനുള്ള അധികാരമുണ്ട്. പഞ്ചായത്തുകൾക്ക് പഞ്ചായത്തിരാജ് ആക്ട് സെക്ഷൻ166 മൂന്നാം ഷെഡ്യൂൾ 27 ഐറ്റം പ്രകാരം തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ അധികാരമുണ്ട്. ക്രിമിനൽ നടപടിക്രമത്തിലെ 133-ാം വകുപ്പനുസരിച്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെറോഷിയസ്, റാബിസ് ബാധിച്ച നായ്ക്കളെ നശിപ്പിക്കാം. ഈ നിയമങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയാനുള്ള നിയമത്തിൽ ആക്രമണകാരികളായ നായ്ക്കളെ നശിപ്പിക്കാമെന്ന് പറയുന്നുണ്ട്.

സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞത്. ഓരോ പഞ്ചായത്തിലും 250 എങ്കിലും തെരുവുനായ്ക്കളുണ്ട്. അടുത്തിടെ തെരുവുനായ്ക്കളുടെ ആക്രമണം കാരണം 42 മരണങ്ങളുണ്ടായി. നായ്ക്കളുടെ ആക്രമണം കാരണമുണ്ടായ വാഹനാപകടങ്ങൾ, പേവിഷബാധ മൂലമുള്ള മരണങ്ങൾ എന്നിവ കൂടിയാവുമ്പോൾ മരണക്കണക്ക് ഇനിയും ഉയരും. കേരളത്തിലെ മുഖ്യ പൊതുജനാരോഗ്യ പ്രശ്‌നമാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട് ’ ‘തെരുവുനായ്ക്കളുടെ നാട് ’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തിന്ന് പെറ്റുപെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. നഗരസഭകളിലും ജില്ലാപ്പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിൽ പോലും തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള സ്ഥിരം സംവിധാനമില്ല. കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിന് മാത്രം പ്രതിവർഷം ഇരുപത് കോടിയോളം രൂപയാണ് സർക്കാർ ചിലവിടുന്നത്. ഒരു നായയെ പിടികൂടി വന്ധ്യംകരണം നടത്തി മൂന്ന് ദിവസം ശസ്ത്രക്രിയാനന്തര പരിചരണം നൽകിയ ശേഷം വാക്സിനും നൽകി പുറത്തുവിടാൻ 2100 രൂപ ചിലവുണ്ട്. എന്നാൽ ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങളിൽ ഇത് മുടങ്ങുന്നു.

രക്ഷിക്കേണ്ടത്

കളക്ടർ

പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്താണ് നടപടിയെടുക്കേണ്ടത്. പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടം 133 (1)(എഫ്) പ്രകാരം പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ സമീപിക്കാം. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കളക്ടർക്കുണ്ട്. തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കു പറ്റുന്നവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിനൽകാനും ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. എന്നാൽ തെരുവുനായയെ നിയന്ത്രിക്കുന്നതിന് ഉത്തരവിറക്കാൻ സിരിജഗൻ കമ്മിറ്റിക്ക് അധികാരമില്ല.

ആനിമൽ ബർത്ത് കൺട്രോൾ നിയമപ്രകാരം തെരുവുനായകളെ സംരക്ഷിക്കാൻ ഷെൽട്ടറുകൾ നിർമ്മിക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ വന്ധ്യംകരിക്കുക എന്നിവ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മോണിറ്ററിങ് കമ്മിറ്റിയുണ്ടായിരിക്കണം. തെരുവുനായയുടെ കടിയേറ്റാൽ വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കണം. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെടണം.
എല്ലാ ജില്ലാ ആസ്ഥാനത്തും മാസത്തിൽ ഒരിയ്ക്കൽ കമ്മിറ്റി ചേരുന്നുണ്ട്.

(സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ സെക്ഷൻ ഓഫീസറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.