SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.38 AM IST

സേതുരാമയ്യരല്ല ,രാധ വിനോദ് രാജു

radhavinodh

സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യർ എന്ന സി.ബി.ഐ ഓഫീസറുടെ കഥാപാത്രം ആരുടെയെങ്കിലും പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ചതാണോ?

ഇന്ത്യൻ പൊലീസ് സർവീസ് കണ്ട എക്കാലത്തെയും മികച്ച ഓഫീസർമാരിൽ ഒരാളായ രാധ വിനോദ് രാജുവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്ന് പലരും പറയാറുണ്ട്. സീരീസിൽ ആദ്യചിത്രമായ സി.ബി.ഐ ഡയറിക്കുറിപ്പിന് ആധാരമായ പീതാംബരൻ കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചപ്പോൾ എസ്.പി.യെന്ന നിലയിൽ മേൽനോട്ടം വഹിച്ചത് രാധ വിനോദ് രാജുവായിരുന്നു. സി.ബി.ഐ നടത്തിയ ഡമ്മി പരീക്ഷണമടക്കം കേസന്വേഷണ രീതികൾ പലതും ചിത്രത്തിൽ അനുകരിച്ചതിനാൽ അന്ന് ഏറെ ചർച്ചചെയ്യപ്പെട്ടു. ഇന്ന് അഞ്ചാം പതിപ്പിലെത്തി നിൽക്കുന്ന വിജയ സീരീസിന്റെ സംവിധായകനായ കെ.മധുവും തിരക്കഥാകൃത്തായ എസ്.എൻ.സ്വാമിയും അങ്ങനെയൊരു സ്വാധീനം ഉണ്ടായിട്ടില്ലെന്നാണ് ഇതെഴുതുന്നയാളോട് പറഞ്ഞത്. മൃദുഭാഷിയും അവശ്യഘട്ടത്തിൽ ടഫ് ആവുകയും ചെയ്യുന്ന ഓഫീസറാകണം സേതുരാമയ്യരെന്ന് മമ്മൂട്ടിക്ക് അഭിപ്രായമുണ്ടായിരുന്നു. ആ നിലയിലാണ് സേതുരാമയ്യരെ അവതരിപ്പിച്ചത്. രാധ വിനോദ് രാജുവിന്റെ പ്രകൃതവും ഏറെക്കുറെ അതുപോലെയായിരുന്നു ആ രീതിയിൽ ആർക്കെങ്കിലും സാമ്യം കണ്ടെത്താനായേക്കുമെന്നു മാത്രം. മമ്മൂട്ടിയെപ്പോലെ തന്നെ സുന്ദരനായിരുന്നു രാധ വിനോദ് രാജുവും. മാത്രമല്ല മഹാരാജാസിൽ മമ്മൂട്ടിയുടെ സീനിയറുമായിരുന്നു.

സേതുരാമയ്യർ എന്ന കഥാപാത്രത്തെ സ്വാധീനിച്ചോ ഇല്ലയോ എന്നത് രാധ വിനോദ് രാജു എന്ന സമർത്ഥനായ ഓഫീസറെ സംബന്ധിച്ചിടത്തോളം പ്രസക്തമായ കാര്യമല്ല. ഇന്ത്യയുടെ പ്രഥമ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ യുടെ സ്ഥാപക ഡയറക്ടർ ജനറലായ രാധ വിനോദ് രാജു ഭീകരവാദത്തെ ചെറുക്കുന്ന അന്വേഷണ പ്രക്രിയയ്ക്ക് ഇന്ത്യയിൽ വിത്തുപാകിയ പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ്. എൻ.ഐ.എയുടെ അടിസ്ഥാനം ഇത്രയും ശക്തമായതിനു പിന്നിൽ രാധ വിനോദ് രാജുവിന്റെ വൈഭവം പ്രകടമാണ്. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ രണ്ടാമനായിരുന്ന രാധ വിനോദ് രാജുവാണ് ആ കേസിൽ നിർണായകമായ തെളിവുകൾ പലതും കണ്ടെത്തി പ്രതികളെ പിടികൂടുന്നതിലേക്ക് അന്വേഷണം കൊണ്ടുപോയത്. രാധ വിനോദ് രാജുവിന്റെ പങ്ക് അന്വേഷണ ടീമിന്റെ തലവൻ ഡി.ആർ.കാർത്തികേയൻ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. .

ജമ്മു കാശ്മീർ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായി പൊലീസിൽ ഒൗദ്യോഗിക ജീവിതമാരംഭിച്ച രാധ വിനോദ് രാജുവിനെ കാശ്മീർ പൊലീസിന്റെ പ്രതിച്ഛായ മാറ്റിയെടുത്ത ഉദ്യോഗസ്ഥനായാണ് സേന വിലയിരുത്തുന്നത്. ഐ.ജിയായും എ.ഡി.ജിപിയായും അവിടെ സേവനമനുഷ്ഠിച്ചു. വിജിലൻസ് കമ്മിഷണറുമായിരുന്നു. സൂക്ഷ്മമായ വിവരങ്ങൾ കണ്ടെത്തി ഭീകരരെ അമർച്ച ചെയ്യുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ച് കാശ്മീർ പൊലീസിന്റെ ഫയലുകളിലുണ്ട്.

സി.ബി.ഐയിൽ ജോയിന്റ് ഡയറക്ടറായും പ്രവർത്തിച്ചു. ബാബറി മസ്ജിദ് തകർക്കലിന്റെയും പുരൂലിയ ആയുധ വീഴ്ത്തലിന്റെയും ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയതിന്റെയും അന്വേഷണങ്ങളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലും മിടുക്കനായിരുന്നു. കേരളത്തിൽ സി.ബി.ഐ എസ്.പിയായി എത്തിയ രാധാ വിനോദ് രാജു പാനൂർ സോമൻ വധക്കേസ് ഉൾപ്പെടെ ആ വേളയിൽ സി.ബി.ഐ അന്വേഷിച്ച കേസുകളുടെയെല്ലാം മേൽനോട്ടം വഹിച്ചിരുന്നു.

" രാധ വിനോദ് രാജു എന്റെ ബാച്ച് മേറ്റായിരുന്നു. ബ്രില്യന്റ് ഓഫീസർ എന്നു മാത്രം പറഞ്ഞാൽ പോര. മികച്ച അന്വേഷകൻ, സത്യസന്ധൻ ,​ പെരുമാറ്റത്തിൽ തികച്ചും മാന്യൻ. നല്ല സുഹൃത്ത്. " മുൻ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് പറഞ്ഞു.

മികച്ച ഗായകനായിരുന്നു രാധ വിനോദ് രാജു. ലളിതഗാനത്തിന് സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. സഹപാഠിയായ അച്ചാമ്മയെയാണ് വിവാഹം ചെയ്‌തത്. പ്രണയവിവാഹമായിരുന്നു. സ്നേഹപൂർണമായ ദാമ്പത്യ ജീവിതം. ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. ഒരാൾ ലണ്ടനിലും ഒരാൾ പൂനെയിലും ജോലിചെയ്യുന്നു. വിവാഹിതരാണ്.

മട്ടാഞ്ചേരിയിലായിരുന്നു രാധ വിനോദ് രാജുവിന്റെ ജനനം. അച്ഛൻ ആർ.എസ്.രാജു പോസ്റ്റുമാസ്റ്ററായിരുന്നു. ഗോവയിൽ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം. അറുപത്തിരണ്ട് വയസ് തികയാൻ ഒരു മാസമുള്ളപ്പോൾ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. ജൂൺ 21 ന് രാധ വിനോദ് രാജു മരിച്ചിട്ട് പത്തുവർഷം. മലയാളവും കൊങ്ങിണിയുമടക്കം ആറുഭാഷകളിൽ വൈദഗ്ധ്യമുണ്ടായിരുന്നു." കുറ്റാന്വേഷണത്തിന്റെ മന്ത്രം ലളിതമാണ്. ക്രൈം സീനിൽ നിന്നും കുറ്റവാളിയിലേക്ക് എത്താനുള്ള കണ്ണും കാതും ഉണ്ടാകണമെന്നുമാത്രം." - കേസുകൾ തെളിയിക്കുന്നതിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം പറഞ്ഞ മറുപടിയാണിത്.

" ഉയർന്ന നീതിബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മുൻവിധിയോടെ നിഗമനങ്ങളിലെത്തിച്ചേരുമായിരുന്നില്ല. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും നൽകണമെന്നും പറയുമായിരുന്നു. പൂർണ സത്യസന്ധതയോടെയാണ് ഓരോ കേസും അദ്ദേഹം അന്വേഷിച്ചത്."- വളരെ അടുത്തിടപഴകിയിട്ടുള്ള ഒരു സുഹൃത്ത് പറഞ്ഞു.

സി.ബി.ഐ ഡയറിക്കുറിപ്പ് രാധ വിനോദ് രാജു കണ്ടിരുന്നോ?

" അദ്ദേഹം എറണാകുളത്ത് സി.ബി.ഐ എസ്.പിയായിരിക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്തത്. ഭാര്യയുമൊത്താണ് കണ്ടത്. ഡമ്മി പരീക്ഷണവും ചില ഡയലോഗുകളും അതുപോലെയുണ്ടല്ലോ എന്നു പറഞ്ഞു. അദ്ദേഹം കൈ പിറകിൽ കെട്ടിയല്ല നടന്നിരുന്നത്. സേതുരാമയ്യരെപ്പോലെ ഒരിക്കലും നെറ്റിയിൽ കുറിയിട്ടിരുന്നുമില്ല. സേതുരാമയ്യരല്ല രാധ വിനോദ് രാജു."--സുഹൃത്ത് തുടർന്നു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RADHA VINOD RAJU, KALAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.