SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.36 AM IST

ആരോഗ്യവകുപ്പിന് അടിയന്തരചികിത്സ വേണം കേൾക്കാൻ ആളില്ല, പഴിചാരൽ മാത്രം

opinion

സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വി.പി.ജോയ് വിമർശനം ഉന്നയിക്കുകയും ഇക്കാര്യം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ രേഖാമൂലം ഉദ്യോഗസ്ഥ മേധാവികളെ അറിയിക്കുകയും ചെയ്തതോടെ വകുപ്പിനുള്ളിൽ അസ്വസ്ഥതകൾ അതിരൂക്ഷമായി. ക്രിയാത്മക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനോ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാനോ പ്രിൻസിപ്പൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്ന പരാതി കൊവിഡ് രൂക്ഷമായ കാലം മുതൽ സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളിൽ പരസ്യമാണ്. എല്ലാം താൻ പറയുന്നതു പോലെ മാത്രം നടക്കണമെന്ന് സെക്രട്ടറി പിടിവാശി പിടിക്കുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. ആവശ്യമായ അടിസ്ഥാന സൗകര്യം വേണമെന്ന് പറഞ്ഞാൽ പരിഗണിക്കില്ല. അങ്ങോട്ട് ഒന്നും പറയരുത്, നിർദ്ദേശങ്ങൾ അതേപടി പാലിക്കണം. ഇതാണ് കാലങ്ങളായി വകുപ്പിൽ നിലനിൽക്കുന്ന സ്ഥിതി.

ആരോഗ്യമന്ത്രി പറയുന്നതിൽ അപ്രായോഗിക നിർദ്ദേശങ്ങളുണ്ടെങ്കിൽ അതിന്റെ പ്രായോഗികത പറഞ്ഞ് മനസിലാക്കുന്നതിന് പകരം നിർദ്ദേശം അതേപടി നടപ്പാക്കാൻ വകുപ്പിലുള്ളവരെ സമ്മർദ്ദത്തിലാക്കുന്നതായും പരാതിയുണ്ട്. ഇതിന്റെ പ്രതിഫലമാണ് ഇപ്പോൾ ആരോഗ്യവകുപ്പിൽ പ്രവർത്തനങ്ങൾ മന്ദീഭവിക്കാൻ കാരണം. കൊവിഡ് കാലത്ത് വകുപ്പ് ഡയറക്ടറായിരുന്ന ആർ.എൽ.സരിത സ്വയം വിരിച്ചു. ഒരു വർഷമാകുമ്പോഴും പകരം ആളില്ല. സുപ്രധാന തസ്തികകളിലുള്ളവരെല്ലാം സ്ഥാനംമാറ്റത്തിനായി നെട്ടോട്ടമോടുകയാണ്. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം. എന്നാൽ യഥാർത്ഥ രോഗമെന്താണെന്ന് കണ്ടെത്തി ചികിത്സിച്ച് വകുപ്പിനെ ഊർജ്ജസ്വലമാക്കുന്നതിന് പകരം പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളെ ആരോഗ്യവകുപ്പ് മന്ത്രി വീണ്ടും ന്യായീകരിക്കുകയാണത്രേ. നാലുകൊല്ലത്തിലേറെയായി രാജൻ ഖോബ്രഗഡെ സെക്രട്ടറിയായി തുടരുകയാണ്. തെറ്റുപറ്റാത്തവരില്ലെന്ന യാഥാർത്ഥ്യബോദ്ധ്യത്തോടെ പ്രശ്നത്തെ സമീപിക്കാൻ സർക്കാർ തയ്യാറാകാത്തതിന്റെ വിഷമത്തിലാണ് വകുപ്പിലെ ഉന്നതസ്ഥാനങ്ങളിലുള്ളവർ.

കെ.കെ.ശൈലജ മന്ത്രിയായിരിക്കെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻ വിരമിക്കുന്നതിനു തൊട്ടുമുമ്പ് ആരോഗ്യവകുപ്പിൽ ആയുഷിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയായി എത്തിയ രാജൻ ഖോബ്രഗെഡെ പിന്നീട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. വ്യക്തിബന്ധമില്ലാത്ത ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന മുൻവിധിയായിരുന്നു ആദ്യം ഇദ്ദേഹത്തിന് എതിരെ ഉയർന്ന വിമർശനം.

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഒരേ ജോലി നിരവധി പേരെ ഏൽപ്പിക്കും. കാര്യക്ഷമമായ റിപ്പോർട്ടുകൾ നൽകിയാലും അന്തിമ റിപ്പോർട്ട് അദ്ദേഹം സ്വന്തമായി തയ്യാറാക്കും. അതാകട്ടെ യാഥാർത്ഥ്യത്തിന്റെ നിഴൽ പോലും സ്പർശിക്കാത്തതുമാണെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.

കൊവിഡ് കാലമായതോടെ ദിവസവും രാവിലെ മുതൽ പാതിരാത്രി വരെ സൂം മീറ്റിംഗുകളായി. ആദ്യാവസാനം അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നതായും മറ്റാരെയും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ പ്രവർത്തനം, രോഗചികിത്സ, രോഗീപരിചരണം, സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കൽ തുടങ്ങി എല്ലാത്തിനും പ്രൊഫഷണൽ ആളുകളുണ്ട്. എന്നാൽ ആരോഗ്യവകുപ്പിലെ പ്രൊഫഷണലുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന് ആക്ഷേപമുണ്ട്. ഏതിലും സെക്രട്ടറിയാണ് അവസാന വാക്ക്. എന്നാൽ അവസാനം പഴി ജീവനക്കാർക്കും. എതിർത്താൽ അച്ചടക്ക നടപടി.

ചീഫ് സെക്രട്ടറിയോടും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലുള്ള അസ്വസ്ഥത ഇതിനോടകം അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ വിമർശനം. എന്നാൽ അതിൽ പ്രകോപിതനായി തുറന്ന കത്തെഴുതി അദ്ദേഹം ഉദ്യോഗസ്ഥരെ പഴിചാരി.

കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധർ തയ്യാറാക്കി നൽകിയ പ്രതിദിന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുക്കാതെ സെക്രട്ടറി തോന്നുംപടി തട്ടിക്കൂട്ട് റിപ്പോർട്ട് ഉണ്ടാക്കിയതിന്റെ തെളിവായിരുന്നു കൊവിഡ് കണക്കിലെ പൊള്ളത്തരം. ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ തെറ്റായ കണക്ക് നിയമസഭയിലും പറഞ്ഞു. കോടതിയും കേന്ദ്രസർക്കാരും ഇടപെട്ടതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയ യഥാർത്ഥ കണക്കുകൾ പുറത്തുവന്നു. തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നില്ല. റേഷ്യോ പ്രൊമോഷനുകളും വൈകുന്നു. ആരോഗ്യവകുപ്പിലെ കൃത്യമായി സ്ഥലംമാറ്റം പോലും നടക്കാത്ത സ്ഥിതിയാണ്. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് വർഷങ്ങളായി. ഇതിലൊന്നും ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല.

തുടരാൻ താത്പര്യമില്ല

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സുപ്രധാന തസ്തികകളിലുള്ള പലരും തുടരാൻ താത്പര്യമില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തൽസ്ഥിതി തുടരാൻ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി.

കൊവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ ഏപ്രിൽ 30 നാണ് ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.ആർ.എൽ.സരിത വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വയം വിരമിച്ചത്. പിന്നാലെ പ്ലാനിംഗ് വിഭാഗം അഡിഷണൽ ഡയറക്ടറായിരുന്ന ഡോ.വി.ആർ.രാജുവിന് ഡയറക്ടറുടെ ചുമതല നൽകി.

തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹവും വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നെങ്കിലും പുതിയ ഡയറക്ടർ എത്തുന്നത് വരെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. രാജു അടുത്തമാസം വിരമിക്കും.

സെക്രട്ടറി തെറിച്ചേക്കും

നിലവിലെ സാഹചര്യത്തിൽ രാജൻ ഖോബ്രഗഡെയെ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റയേക്കും. ഇത് സംബന്ധിച്ച ആലോചനകൾ തുടങ്ങി. പുതിയ ആരോഗ്യവകുപ്പ് ഡയക്ടറെ നിയമിക്കാനുള്ള നടപടികൾക്കും വേഗം കൂടി.

(ചീഫ് സെക്രട്ടറിയുടെ വിമർശനത്തെ തുടർന്ന്

പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥക്ക് നൽകി കത്തിലെ പ്രധാന ഭാഗങ്ങൾ )

 സ്ഥാനക്കയറ്റം,അച്ചടക്ക നടപടി,സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ അടിയന്തര ശ്രദ്ധകൊടുക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിമർശനം.

 ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കാത്തതിനാൽ 40 വർഷം മുമ്പുള്ള കേസുകൾ കോടതിയിൽ കിടക്കുന്നു.

 2005 മുതൽ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരമായി സർക്കാറിന് നൽകേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച.

 പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിർവഹിക്കുന്നില്ല

 പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ച്, പ്രതിമാസം റിപ്പോർട്ട് സമർപ്പിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJAN KHOBRAGADE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.