SignIn
Kerala Kaumudi Online
Thursday, 18 April 2024 10.39 AM IST

രാമായണത്തിന്റെ ഉത്ഭവം

ramayanam

ലോകനാഥനായ ശ്രീമഹാവിഷ്ണു ശ്രീരാമനായി ഭൂമിയിൽ അവതരിക്കാനും പ്രാപഞ്ചികദുഃഖം അനുഭവിക്കാൻ സാഹചര്യമുണ്ടായതും ഭൃഗുമഹർഷിയുടെ ശാപം മൂലമാണെന്ന് ഉത്തരരാമായണം പറയുന്നു. പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ ഘോരയുദ്ധം നടന്നു. യുദ്ധത്തിൽ അസുരന്മാർ പരാജിതരാവുകയും ഒട്ടേറെപ്പേർ വധിക്കപ്പെടുകയുമുണ്ടായി. രാക്ഷസകുലത്തിൽ പുത്രപത്നിമാരുടെ കണ്ണീർ കണ്ട്, പുത്രദുഃഖത്താൽ കഴിഞ്ഞ അസുരമാതാവായ ദിതിയെ ആ രംഗങ്ങൾ ഏറെ കോപിഷ്ഠയും ശോകമൂകയുമാക്കി.
ദേവമാതാവായ അദിതിയ്ക്ക് ഈവക ദുഃഖമൊന്നുമില്ലല്ലോ
എന്നത് ദിതിയുടെ ദുഃഖം ഏറെ ആഴമുളളതാക്കി. അവർ ഉടനെതന്നെ ശുക്രാചാര്യന്റെ അടുക്കൽ സങ്കടം ബോധിപ്പിക്കാനെത്തി. ശുക്രമാതാവായ പുലോമയ്ക്ക് ദിതിയുടെ ദുഃഖം കണ്ടപ്പോൾ മനസ്സലിഞ്ഞു. ശുക്രാചാര്യർ എന്തെങ്കിലും പോംവഴി നിർദ്ദേശിക്കും മുൻപേ പുലോമ പറഞ്ഞു:
അങ്ങനെ അസുരന്മാരെ കൊന്നൊടുക്കി ദേവന്മാർ സുഖിക്കേണ്ട. ദേവനിഗ്രഹത്തിനായി ഞാനിതാ തപം ചെയ്യാനൊരുങ്ങുന്നു.
പതിവ്രതയായ പുലോമ ആ നിമിഷം തപഃധ്യാനത്തിലാണ്ടു. അതറിഞ്ഞ ദേവേന്ദ്രൻ പരിഭ്രാന്തനായി, ബ്രഹ്മദേവന്റെ അരികിലെത്തി. ശ്രീവൈകുണ്ഠനാഥനു മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പോംവഴി കാണാനാവൂ എന്നുള്ള ബ്രഹ്മനിർദ്ദേശാനുസരണം ദേവേന്ദ്രൻ നേരെ പാലാഴിനാഥന്റെ അടുക്കലെത്തി വിവരങ്ങളറിയിച്ചു. വൈകുണ്ഠനാഥൻ ദേവേന്ദ്രനോടൊപ്പം ശുക്രാചാര്യരെ ചെന്നുകണ്ടു. ദേവനിഗ്രഹാർത്ഥം തപസ്സ് ചെയ്യുന്ന മാതാവിനെ പിന്തിരിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ശുക്രാചാര്യർ അത് ചെവിക്കൊണ്ടില്ല. പാലാഴിനാഥന് കലശലായ കോപംവന്നു. തൽക്ഷണം അദ്ദേഹം, സുദർശനം ചുഴറ്റി. ചക്രായുധം നേരെചെന്ന് ശുക്രമാതാവിന്റെ കഴുത്തറുത്തു. തപസ്സിരുന്ന തന്റെ പത്നി സുദർശനമേറ്റ് മരണമടഞ്ഞു എന്നറിഞ്ഞ ഭൃഗു മഹർഷിയിൽ രോഷം ആളിക്കത്തി. തനിക്കു ഭാര്യാദുഃഖം വിധിച്ച പാലാഴിനാ
ഥനും ഭാര്യാദുഃഖം അനുഭവിക്കാനിടവരട്ടെ എന്നു മുനി മഹാവിഷ്
ണുവിനെ ശപിച്ചു. ദേവേന്ദ്രൻ ഉടനെ മുനിയുടെ സന്നിധിയിലെത്തി. വിവരങ്ങളെല്ലാം ധരിപ്പിച്ചു. മുനിപത്നിയുടെ പാതിവ്രത്യശക്തി, ദേവ
നിഗ്രഹത്തിന് കാരണമാവുന്നത് തടുക്കുക മാത്രമേ മുനിപത്നി
യെ നിഗ്രഹിക്കുക വഴി താൻ ചെയ്തുള്ളൂവെന്നും, മുനിയുടെ കൈവശമുള്ള മൃതസഞ്ജീവനി വഴി പുനർജ്ജനി സാദ്ധ്യമാക്കാമെന്ന് താൻ മനസ്സിൽ കണ്ടിരുന്നെന്നും വൈകുണ്ഠനാഥൻ മുനിയോടുണർത്തിച്ചു. മുനിപത്നിയെ ജീവിപ്പിക്കണമെന്ന് ലക്ഷ്മീപതി മുനിയോട് അപേക്ഷിക്കുകയും ചെയ്തു. കാര്യമറിയാതെയാണ് താൻ പ്രവർത്തിച്ചതെന്നു മുനിക്ക് ബോദ്ധ്യമായി. ഉടനെ മൃതസഞ്ജീവനി മന്ത്രം ജപിച്ചു മുനിപത്നിയെ ജീവിപ്പിച്ചു. മുനിയുടെ ശാപം വ്യർത്ഥമാകാതിരിക്കത്തക്കവണ്ണം താൻ ദശരഥ പുത്രനായി ഭൂമി
യിലവതരിച്ച് ഭാര്യാദുഃഖം അനുഭവിച്ചു കൊള്ളാമെന്ന് പാലാഴി
നാഥൻ മുനിയെ അറിയിച്ചു. നന്മ വരാൻ ഒരു കാരണമെന്നപോലെ രാവണനിഗ്രഹാനന്തരമുള്ള ലോകനന്മയ്ക്ക് ഒരു കാരണവുമായി.
വിധിമഹിമ അലംഘനീയമാണ്. കഥയറിയാതെയുള്ള
കോപവും കോപംകൊണ്ടുള്ള എടുത്തുചാട്ടവുമാണ് ഭൃഗു മഹർഷിക്ക് സംഭവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.