SignIn
Kerala Kaumudi Online
Saturday, 20 April 2024 12.34 AM IST

റോഡിലെ 'സർക്കസ് ' മുളയിലേ നുള്ളണം

ride

തിരക്കേറിയ നിരത്തിൽ ഇരുചക്രവാഹനം ഓടിച്ച് അഭ്യാസപ്രകടനം നടത്തുകയും വൈറലാകാൻ സാമൂഹികമാദ്ധ്യമങ്ങളിലെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നവരെ മുളയിലേ നുളേളണ്ട കാലം കഴിഞ്ഞു. വടക്കഞ്ചേരി ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അതിനുളള മിന്നൽനീക്കങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ പൊലീസ് തുടങ്ങിയിട്ടുണ്ട്.

വാഹന പരിശോധന കർശനമായി പത്തുദിവസം നടത്തിയപ്പോൾ പാലക്കാട് ജില്ലയിൽ മാത്രം നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. അതിൽ ബൈക്കുകളിൽ സർക്കസ് കാണിക്കുന്നവരുമുണ്ടായിരുന്നു. താക്കീത് നൽകിയിട്ടും റോഡുകളിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ പൊൽപ്പുള്ളി സ്വദേശിയായ യുവാവിനെതിരെ മോട്ടോർവാഹനവകുപ്പ് കടുത്ത നടപടികളെടുത്തിരുന്നു. ലൈസൻസും വാഹനരജിസ്‌ട്രേഷനും റദ്ദാക്കുന്നതോടൊപ്പം കാൽ ലക്ഷം രൂപ പിഴയുമിട്ടു. പത്ത് നിയമലംഘനമാണ് കണ്ടെത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം പതിവാക്കുക, സാമൂഹികമാദ്ധ്യമങ്ങളിലടക്കം ബൈക്കിലെ അഭ്യാസപ്രകടന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുക എന്നിവയ്‌ക്കെതിരെയാണ് നടപടി. ആദ്യം താക്കീത് ചെയ്തപ്പോൾ ഒരു മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. വീണ്ടും റേസിംഗ് തുടർന്നപ്പോൾ ലൈസൻസ് റദ്ദാക്കി. അതായത് എത്ര ശിക്ഷിച്ചാലും ഇവരൊന്നും പാഠം പഠിക്കുന്നില്ലെന്ന് ചുരുക്കം.

ഇനി ഇത്തരക്കാരെ പൊലീസ് കൈയോടെ പൊക്കുമെന്നാണ് ഉന്നതഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് വിട്ടുവീഴ്ച കാണിക്കില്ലെന്നും അഭ്യാസികളെ കുടുക്കാൻ വഴികളായ വഴികളെല്ലാം തിരയുമെന്നും അധികൃതർ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെയും അല്ലാതെയും, ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടെത്തി നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ഇപ്പോൾ ചെയ്യുന്നത്.

വൈറലാകാനായി അഭ്യാസപ്രകടനം റെക്കാഡ് ചെയ്ത് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രചരിപ്പിക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നമ്പർ പ്‌ളേറ്റ് ഇളക്കിമാറ്റി, അഭ്യാസം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചാൽ പൊലീസിന് പിടിക്കാനാകില്ലെന്ന തെറ്റിദ്ധാരണയും വേണ്ട. നിയമലംഘകരെ കണ്ടെത്താൻ സകലവഴികളും പൊലീസും മോട്ടോർ വാഹനവകുപ്പും തേടുന്നുണ്ട്.

നിരുത്തരവാദപരമായ പ്രകടനം മൂലം നിരപരാധികളാണ് അപകടത്തിന് ഇരയാകുന്നതിൽ കൂടുതലെന്നുള്ള
റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വരും ദിവസങ്ങളിലും സാമൂഹികമാദ്ധ്യമങ്ങളിലെ നിരീക്ഷണവും നടപടികളും തുടരുമെന്നാണ് മോട്ടോർവാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.

കലാലയങ്ങളിലും...

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി കോളേജുകളിലും ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് കൂടിവരുന്നുണ്ട്.
വാഹന ഡീലർമാർ കടകളുടെ പരസ്യത്തിനായി രൂപമാറ്റം നടത്തിയ ബൈക്കുകൾ നൽകുന്നതും കണ്ടുവരുന്നു. ബ്രേക്കിലും സീറ്റിലും ഹാൻഡിലിലും അടക്കം രൂപമാറ്റം വരുത്തുന്നതോടെ അപകടസാദ്ധ്യത കൂടുകയാണ്. സോഷ്യൽമീഡിയയിൽ വൈറലാകാൻ ബൈക്കുകളിൽ എത്ര കടുത്ത സാഹസത്തിനും മുതിരുന്നവരുണ്ട്. മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും ഇവർക്ക് വളമാകുന്നുമുണ്ട്.

ഈയിടെ ഒറ്റദിവസം 24 മണിക്കൂറിൽ സംസ്ഥാനത്ത് പിടികൂടിയത് 103വാഹനങ്ങളാണ്. അതിൽ കേസിൽ ഉൾപ്പെട്ടത് 28 പേരും
ലൈസൻസ് റദ്ദാക്കപ്പെട്ടവർ 18 പേരുമായിരുന്നു. മൊത്തം പിഴ 1.27 ലക്ഷം ഈടാക്കി.

അനധികൃതമായി രൂപം മാറ്റിയും അപകടകരമായ ഫിറ്റിംഗ്‌സുകൾ വെച്ചും മൂന്ന് തവണ പിഴയിട്ട ടൂറിസ്റ്റ് ബസ് തൃശൂർ ജില്ലയിലുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒടുവിൽ, വാഹനത്തിന്റെ ഉടമയോടും ഡ്രൈവറോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. ജനങ്ങളുടെ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പിഴയീടാക്കിയത്. പിഴ ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അടയ്ക്കാമെന്ന് അധികൃതർ പറയുന്നു. 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറും. പിഴയിട്ടാലും വീണ്ടും നിയമലംഘനം തുടരുന്നവരുടെ എണ്ണം കൂടുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അഞ്ചിലൊന്ന് ഉടമകളും കുറ്റക്കാർ

കേരളത്തിലെ മൊത്തം വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെയും നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വർഷം ആഗസ്റ്റ് വരെയുളള കണക്കിൽ ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയിട്ടത് 30 ലക്ഷം (30,01588 ) രൂപയാണ്.

കേരളത്തിൽ വാഹനങ്ങൾ ഏകദേശം ഒന്നരക്കോടിയുണ്ടെന്നാണ് കണക്ക്. അശ്രദ്ധമായ ഡ്രൈവിംഗിന് 16,​657 കേസുകളെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചതിന് 32,​810 കേസുകളും. 29,​369 റോഡപകടങ്ങളിലായി മരിച്ചത് 2895 പേരാണ്.

ഇങ്ങനെയൊക്കെ കണക്കുകൾ ഞെട്ടിക്കുമ്പോഴും ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ഇടുന്നതിന് 'നിർമിതബുദ്ധി'യിൽ (എ.ഐ) പ്രവർത്തിക്കുന്ന അത്യാധുനിക കാമറ തൃശൂർ ജില്ലയിൽ അടക്കം ഇതേവരെ കണ്ണുതുറന്നില്ല. കെൽട്രോൺ ഇതേവരെ കാമറകൾ കൈമാറിയിട്ടില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. എന്ന് നൽകുമെന്ന വിവരവുമില്ല. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കാമറകൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കെൽട്രോണിലെ ജീവനക്കാരെ കാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയോഗിക്കുമെന്നാണ് പറയുന്നത്. നിയമലംഘനങ്ങളുടെ ചിത്രമെടുക്കുന്നതും നടപടികളെടുക്കുന്നതും ഈ ജീവനക്കാരുടെ സഹായത്തോടെയാകും. ദേശീയപാതയിലും സംസ്ഥാനപാതയിലും അടക്കം കാമറകളുണ്ടാകും. സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, നമ്പർ പ്‌ളേറ്റ്, ലൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനം അടക്കം കാമറയിൽ വ്യക്തമാകും. രാത്രിയിലും പകലും ഒരേപോലെ പ്രവർത്തിക്കും. നിയമലംഘനങ്ങളുടെ ദൃശ്യം പകർത്തി അപ്പോൾത്തന്നെ കൺട്രോൾ റൂമിലേക്ക് അയയ്ക്കും.

പിടിയിലാവുന്നതിന്റെ പലമടങ്ങ് നിയമലംഘനം നിരത്തുകളിൽ നടക്കുന്നുണ്ടെന്നും നിയമലംഘകരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹകരണമാണ് പൊലീസ് തേടുന്നത്. ഇതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്‌സ് ആപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം അയക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനകം അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RASH DRIVING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.