SignIn
Kerala Kaumudi Online
Thursday, 25 April 2024 9.58 PM IST

അക്ഷര വഴിയേ നടന്ന പി.എൻ. പണിക്കർ

kk

ഇന്ന് വായനാദിനം

..................

ഓരോ വായനാദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത് 'വായിച്ചു വളരുക" എന്ന സന്ദേശമാണ്. ഗ്രന്ഥശാലാ പ്രവർത്തനം ജീവിതമാക്കിയ പി.എൻ. പണിക്കരുടെ ഓർമ്മദിനമായതിനാലാണ് ജൂൺ 19 കേരളം വായനാ ദിനമായി ആചരിക്കുന്നത്.

സ്വാതിതിരുനാളിന്റെ താത്‌പര്യാർത്ഥം 1829-ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ളിക് ലൈബ്രറിയുടെ ആരംഭം മുതലാണ് കേരളത്തിൽ ലൈബ്രറി എന്ന പദത്തിന് പ്രചാരമേറുന്നത്. 1926-ൽ നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ഗ്രന്ഥശാലകളുടെ കൂട്ടായ്മയ്ക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതാണ് ഇന്നത്തെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അടിത്തറ.

1909 മാർച്ച് ഒന്നിന് നീലംപേരൂർ ഗ്രാമത്തിൽ പുതുവായിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എൻ. പണിക്കർ ജനിച്ചത്. നീലംപേരൂർ മിഡിൽ സ്‌കൂൾ അദ്ധ്യാപക ജോലിയ്ക്കിടയിലാണ് അദ്ദേഹം ഗ്രന്ഥശാല പ്രവർത്തനത്തിലേക്ക് കടന്നത്. നീലംപേരൂർ ഭഗവതി ക്ഷേത്രമുറ്റത്തെ ആൽത്തറ സദസിലെ സായാഹ്ന ചർച്ചകൾക്കിടയിലാണ് ഒരു ഗ്രന്ഥശാല എന്ന ആശയം ഉദിച്ചത്. അങ്ങനെ 1926-ൽ സനാതന ധർമ്മം എന്ന പേരിൽ ഒരു ഗ്രന്ഥശാലയ്ക്ക് പണിക്കരും കൂട്ടരും ജന്മം നൽകി. 1930-ൽ ചെമ്പകക്കുട്ടി അമ്മയെ വിവാഹം കഴിച്ചശേഷമാണ് പ്രവർത്തനമേഖല അമ്പലപ്പുഴയിലേക്ക് മാറുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നതും അമ്പലപ്പുഴയിൽ നിന്നാണ്.

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പേരിൽ 1936-ൽ പ്രവർത്തനമാരംഭിച്ച് പിന്നീട് നിലച്ചുപോയ പി.കെ. വിലാസം ലൈബ്രറി പുനരുദ്ധരിച്ചുകൊണ്ടാണ് അമ്പലപ്പുഴയിൽ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. (സാഹിത്യ പഞ്ചാനനന്റെ മരണശേഷം 1938ൽ പി.കെ. വിലാസം ലൈബ്രറി പി.കെ. മെമ്മോറിയൽ ലൈബ്രറിയായി മാറി) 1945 സെപ്തംബർ 14ന് അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറിയിൽ വച്ചാണ് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം ഉദയം കൊള്ളുന്നത്. തിരുവിതാംകൂറിലെ വിവിധ പ്രദേശത്തുനിന്നും എത്തിച്ചേർന്ന നാല്‌പത്തിയേഴ് ഗ്രന്ഥശാല പ്രവർത്തകരുടെ സമ്മേളനമാണ് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന് രൂപം നൽകിയത്.

വരേണ്യവർഗം കൈമുതലാക്കി വച്ചിരുന്ന അക്ഷരവും അറിവും ജനകീയമാക്കി മാറ്റാനാണ് പി.എൻ. പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെയും സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ശ്രമിച്ചത്. കാൽനടയായും സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ചാണ് അദ്ദേഹം ഓരോ ഗ്രന്ഥശാലയിലും എത്തിയത്.

1977ൽ കേരള ഗ്രന്ഥശാല സംഘം ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടതോടെയാണ് ഗ്രന്ഥശാല സംഘത്തിലൂടെ തുടക്കം കുറിച്ച സാക്ഷരതായജ്ഞം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴിയെക്കുറിച്ച് പി.എൻ. പണിക്കർ ചിന്തിച്ചു തുടങ്ങിയത്.

1996 ജൂൺ 19 മുതൽ വായനാദിനം ആചരിച്ചു തുടങ്ങിയെങ്കിലും 2017 മുതൽ വായനാദിനം ദേശീയതലത്തിലേക്ക് മാറി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജൂൺ 19 മുതൽ, ഐ.വി. ദാസിന്റെ ( ലൈബ്രറി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ) ജന്മദിനമായ ജൂലായ് ഏഴ് വരെ വായനാപക്ഷാചരണമായാണ് ആചരിക്കുന്നത്.

( ലേഖകന്റെ ഫോൺ : 9496252084 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: READING DAY, PN PANIKKER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.