SignIn
Kerala Kaumudi Online
Friday, 19 April 2024 4.47 AM IST

കേരളത്തിൽ സാമ്പത്തിക സംവരണം നിറുത്തലാക്കണം

kk

മണ്‌ഡൽ കമ്മിഷൻ ശുപാർശ പ്രകാരം പിന്നാക്ക സമുദായങ്ങൾക്ക് 1990 ൽ 27 ശതമാനം സംവരണം നടപ്പാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ 1992 ൽ സുപ്രീം കോടതി ഇന്ദ്ര സാഹ്‌നി എന്ന പ്രസിദ്ധ കേസിൽ സംവരണത്തിൽ ഭരണഘടനയിൽ ഇല്ലാത്ത ഒരു വിലക്കേർപ്പെടുത്തി. ഒരു കാരണവശാലും സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല. ഈ റൂളിന് സുപ്രീം കോടതി ഒരു നേരിയ ഇളവ് അനുവദിച്ചു. ഇതു പ്രകാരം 'അത്യസാധാരണ സാഹചര്യത്തിൽ' (എക്ട്രാ ഓർഡിനറി സർക്കംസ്റ്റാൻസ് )​ 50 ശതമാനത്തെ മറികടക്കാം.

2014 ൽ അന്ന് മഹാരാഷ്‌ട്ര ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ അന്ന് വരെ പിന്നാക്കക്കാരായി പരിഗണിക്കപ്പെടാത്ത, സംവരണത്തിന് അർഹരല്ലാത്ത,​സാമൂഹികവും സാമ്പത്തികമായും രാഷ്‌ട്രീയപരമായും ശക്തരായ മറാത്ത സമുദായത്തെ പിന്നാക്ക സമുദായമായി പ്രഖ്യാപിച്ച് അവർക്ക് 16 ശതമാനം സംവരണം അനുവദിച്ചു. ഇതോടെ മഹാരാഷ്‌ട്രയിൽ ആകെ സംവരണം 50 ശതമാനം മറികടന്ന് 66 ശതമാനമായി . കോൺഗ്രസിന്റെ പിൻഗാമികളായി വന്ന ബി.ജെ.പി സർക്കാരും ഈ നയം തുടർന്നു. മറാത്ത സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പലരും കോടതിയെ സമീപിച്ചു.

2021 മേയ് അഞ്ചിന് സുപ്രീം കോടതി മറാത്ത സംവരണം സംബന്ധിച്ച കേസുകളിൽ അന്തിമവിധി പ്രഖ്യാപിച്ചു കൊണ്ട് മറാത്ത സംവരണം റദ്ദാക്കി. ഈ വിധിയുടെ യുക്തി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള സംവരണത്തെ ശക്തമായി ചോദ്യം ചെയ്യുന്നു.

സുപ്രീംകോടതി വിധി അനുസരിച്ച് മഹാരാഷ്‌ട്രയിൽ നിലവിൽ 50 ശതമാനം സംവരണമുള്ളതിനാൽ അത്യസാധാരണ സാഹചര്യങ്ങളിൽ ഒഴികെ മറ്റൊരു സംവരണവും സാദ്ധ്യമല്ല. സുപ്രീം കോടതി കണ്ടെത്തിയത് മഹാരാഷ്‌ട്രയിൽ മറാത്ത സംവരണം ഏർപ്പെടുത്തിയത് ,​ ഒരു അത്യസാധാരണ സാഹചര്യമുണ്ടെന്ന് വസ്‌തുനിഷ്‌ഠമായി സ്ഥാപിക്കാതെയാണ്.

കേരളത്തിലും അത്യസാധാരണ സാഹചര്യമുണ്ടെന്ന് സ്ഥാപിക്കാതെ സാമ്പത്തിക സംവരണം കൊടുത്തത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ ഈ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ സാമ്പത്തിക സംവരണം തുടരുന്നതിന് മുൻപ് അത്യസാധാരണ സാഹചര്യം നിലനില്‌ക്കുന്നുണ്ടോ എന്ന് വസ്തുനിഷ്‌ഠമായി പരിശോധിച്ച് സ്ഥാപിക്കണം.

സുപ്രീം കോടതിയുടെ യുക്തി അനുസരിച്ച് നിലവിൽ 50 ശതമാനം ഒ.ബി.സി. എസ്.സി- എസ്.ടി സംവരണം ഉള്ളപ്പോൾ അതിലധികമായി 10 ശതമാനം മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി ദുർബലരായവർക്ക് സംവരണം കൊടുക്കണമെങ്കിൽ അതിനെ ന്യായീകരിക്കുന്ന അത്യസാധാരണമായ സാഹചര്യങ്ങൾ ആദ്യം കണക്കുകൾ സഹിതം സ്ഥാപിക്കണം. അതുവരെ ഇപ്പോൾ നല്‌കി വരുന്ന സാമ്പത്തിക സംവരണം നിറുത്തലാക്കണം.

2019 ൽ അംഗീകരിച്ച ഭരണഘടനയുടെ 103 -ാം ഭേദഗതി അനുസരിച്ച് പിന്നാക്ക വിഭാഗങ്ങളിൽ പെടാത്ത, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും സ്വകാര്യ മേഖല ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്‌മിഷനുകളിലും പത്ത് ശതമാനം സംവരണം നല്‌കി. ഭരണഘടനയുടെ ബേസിക് സ്ട്രക്ചറിന് വിരുദ്ധമായതിനാൽ ഈ സവർണ സംവരണം നിയമവിരുദ്ധമാണ്. ചരിത്രപരമായി ചാതുർവർണ്യവും ജാതിവിവേചനവും കാരണം വിദ്യാഭ്യാസത്തിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നും അധികാരസ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ട സമുദായങ്ങൾക്ക്

ജനസംഖ്യാനുപാതികമായി അ‌ർഹിക്കുന്ന സ്ഥാനം ഉറപ്പുവരുത്താനുള്ള

ഭരണഘടനയുടെ ഭാഗമായ സാമൂഹ്യ - രാഷ്‌ട്രീയ ഉപകരണമാണ് സംവരണം. മറിച്ച് ദാരിദ്ര്യ നിർമാർജന പദ്ധതിയോ സമുദായങ്ങളുടെയോ വ്യക്തികളുടെയോ സാമ്പത്തിക ഉദ്ധാരണ ഉപാധിയോ അല്ല.

സാമൂഹിക വിവേചനം കാരണം പുറന്തള്ളൽ അനുഭവിക്കാത്ത സമുദായങ്ങൾക്ക് സംവരണം കൊടുക്കുന്നത് സംവരണം എന്ന ഭരണഘടനാ ഉപകരണത്തിന്റെ ഗൗരവതരമായ ദുരുപയോഗത്തിന് കാരണമാകും. സാമ്പത്തിക ദൗർബല്യമാണ് പ്രശ്നമെങ്കിൽ ജാതി - മത വ്യത്യാസമില്ലാതെ ദരിദ്രരായ സകലരെയും ഒരുപോലെ പരിഗണിക്കണം.

ഇന്ന് ദാരിദ്ര്യ നിർമാർജനത്തിനായി നിരവധി പദ്ധതികളുണ്ടല്ലോ. ഇവിടെ സമ്പന്നരും ദരിദ്രരരും തമ്മിൽ മാത്രമായിരിക്കണം വിഭജനം.

മറിച്ച് 103-ാം ഭേദഗതി അനുസരിച്ചുള്ള സാമ്പത്തിക സംവരണത്തിൽ സാമൂഹികമായി പിന്നാക്കം നില്‌കുന്ന വിഭാഗങ്ങളിൽ പെട്ടവരെ ജാതിയിൽ കുറഞ്ഞവരെന്ന പേരിൽ മാറ്റിനിറുത്തുന്നു. ജാതി കാരണം സാമ്പത്തിക സംവരണത്തിൽ ദരിദ്രർക്ക് ഇടമില്ലാത്ത ഗതി. അക്കാരണം കൊണ്ടുതന്നെ ഇത് സാമ്പത്തിക സംവരണമല്ല,സവർണ സംവരണമാണ്. യഥാർത്ഥത്തിൽ ഇത് exclusively and wholly for savarnas ( EWS )​ ആണ്. താഴ്‌ന്ന ജാതിക്കാരോട് വിവേചനം നടത്തുന്ന 103 -ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വമായ സമത്വത്തിന് നേർ വിപരീതമാണ്.

103 ാം ഭേദഗതി സംവരണം നല്‌കുന്നത് സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കാണ്. യഥാർത്ഥത്തിൽ ഇന്ത്യയിലെ സാമ്പത്തിക ദുർബല വിഭാഗങ്ങളാണ് ഒ.ബി.സി. - എസ്.സി - എസ്.ടി . വിഭാഗങ്ങൾ. എന്നാൽ സാമ്പത്തിക സംവരണം ലഭിക്കുന്നതാകട്ടെ ഇന്ത്യയിലെ ഏറ്രവും സമ്പന്നരായ വിഭാഗങ്ങളുടെ അംഗങ്ങൾക്കാണ്.

യഥാർത്ഥത്തിൽ സംവരണം നല്‌കേണ്ടത് സാമ്പത്തികമായി ദുർബലരായ പിന്നാക്ക വിഭാഗങ്ങൾക്കാണ്. സംവരണത്തിന്റെ യഥാർത്ഥ ലക്ഷ്യമായ സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നതിനെ ഒ.ബി.സി, എസ്.സി - എസ്.ടി സമുദായങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം.

(ലേഖകൻ ​നാ​ഷ​ണ​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​ഡ​യ​റ​ക്ട​റും
​ബം​ഗ​ളൂരു​ ​നാ​ഷ​ണ​ൽ​ ​ലാ​ ​സ്കൂ​ൾ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മു​ൻ​ ​വൈ​സ്
ചാ​ൻ​സ​ല​റുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECONOMIC RESERVATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.