SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.47 AM IST

വിവരാവകാശം ;മറക്കരുത് ഈ വിവരങ്ങൾ

photo

1766-ൽ സ്വീഡനിലാണ് ലോകത്താദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത്. ഇന്ത്യയിൽ ആ നിയമം നിലവിൽ വരാൻ രണ്ടര നൂറ്റാണ്ടിലേറെ സമയമെടുത്തു. 2005 ജൂൺ 15 നാണ് വിവരാവകാശ നിയമം പാർലമെന്റിൽ ആദ്യമായി അവതരിപ്പിച്ചത്. ജൂൺ 22ന് അത് പാർലമെന്റ് അംഗീകരിച്ച് അതേവർഷം ഒക്ടോബർ 12-ന് രാജ്യത്ത് നിയമം പ്രാബല്യത്തിൽ വന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)എ അനുസരിച്ച് അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശങ്ങളിലൊന്നാണ്. സുതാര്യത, ഉത്തരവാദിത്വം, അഴിമതി നീക്കംചെയ്യൽ, ഗവൺമെന്റും പൗരനും തമ്മിലുള്ള പങ്കാളിത്തം എന്നിവയൊക്കെയാണ് നിയമത്തിന്റെ ലക്ഷ്യം.

വിവരാവകാശ നിയമം എന്ത്, എങ്ങനെ എന്നും നിയമത്തിലെ പ്രധാന വകുപ്പുകൾ ഏതൊക്കെയെന്നും പരിശോധിക്കാം.

ഏതൊക്കെയാണ് വിവരങ്ങൾ ?

വിവരാവകാശ നിയമം സെക്ഷൻ- 2(f) പ്രകാരം"വിവരം'' എന്നാൽ രേഖകളും,പ്രമാണങ്ങളും,മെമ്മോകളും, ഇ-മെയിലുകളും,അഭിപ്രായങ്ങളും,ഉപദേശങ്ങളും,പത്രപ്രസ്താവനകളും, സർക്കുലറുകളും ഉത്തരവുകളും,ലോഗ് ബുക്കുകളും കരാറുകളും റിപ്പോർട്ടുകളും പേപ്പറുകളും സാമ്പിളുകളും മോഡലുകളും ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലെ ഡാറ്റാ മെറ്റീരിയലും,തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻ കീഴിൽ ഒരു പൊതു അധികാരസ്ഥാനത്തിന് പ്രാപ്യമാക്കാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സംബന്ധിക്കുന്ന വിവരവും ഉൾപ്പെടെയുളള ഏതു രൂപത്തിലുമുള്ള ഏതൊരു വസ്തുവും എന്നാണ്.

ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും എല്ലാ പൊതു അധികാര സ്ഥാപനങ്ങളിൽ നിന്നും വിവരാവകാശം വഴി രേഖകൾ കരസ്ഥമാക്കാൻ അർഹതയുണ്ട്.

അറിയാനുള്ള

അവകാശം

ആർക്കൊക്കെ?

സെക്ഷൻ-3 അനുസരിച്ച് ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായി ഓരോ ഇന്ത്യൻ പൗരനും വിവരാവകാശം ഉണ്ടായിരിക്കുന്നതാണ്. സെക്ഷൻ-4(1),പ്രകാരം എല്ലാ പൊതുഅധികാര സ്ഥാപനങ്ങളിലെ പൊതു അധികാരികളിൽ നിന്നു മാത്രമേ പൗരന് വിവരങ്ങൾ ലഭ്യമാക്കാനാവൂ. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പറ്റില്ല.

വിവരങ്ങൾ

സ്ഥാപനത്തിൽ

ഇല്ലെങ്കിൽ?

അപേക്ഷകൻ ആവശ്യപ്പെട്ട ഏതെങ്കിലും വിവരം മേലുദ്യോഗസ്ഥന്റെ പക്കലാണെങ്കിൽ ആ ഉദ്യോഗസ്ഥനെ ഡീംഡ് ആയി പരിഗണിച്ച് അദ്ദേഹത്തിൽ നിന്ന് സഹായം തേടാം. സെക്ഷൻ 5(5), 4-ാം ഉപവകുപ്പു പ്രകാരം അതത് കേന്ദ്ര, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ അത്തരം വിവരങ്ങൾ നൽകാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവും നിയമപരമായ സഹായവും നൽകണം.

എങ്ങനെ അപേക്ഷിക്കണം?

സെക്ഷൻ- 6(1) ആക്ട് പ്രകാരം ഏതെങ്കിലും വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ലിഖിതമായോ,ഇലക്ട്രോണിക് മാദ്ധ്യമം വഴിയോ അപേക്ഷ മലയാളത്തിലോ, ഇംഗ്ലീഷിലോ അല്ലെങ്കിൽ അപേക്ഷ നൽകുന്ന സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ നിർണയിക്കപ്പെട്ടിട്ടുള്ള ഫീസ് സഹിതമാണ് അപേക്ഷിക്കേണ്ടത്. എഴുതി നൽകുന്ന അപേക്ഷയിൽ 10 രൂപയുടെ ക്വാർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. സെക്‌ഷൻ-6(3) പ്രകാരം വിവരത്തിനായി പൊതു അധികാരസ്ഥാനത്തിന് അപേക്ഷ നൽകിയ ഇൻഫർമേഷൻ ഓഫീസറുടെ പക്കൽ ആ വിവരം ഇല്ലെങ്കിൽ 6(3) (i),(ii) ആരിൽ നിന്നാണോ കിട്ടുന്നത് അവർക്ക് അപേക്ഷ അയച്ചുകൊടുക്കും. വിവരം അഞ്ച് ദിവസത്തിനകം അപേക്ഷകനെ അറിയിക്കണമെന്നാണ് ചട്ടം.

തീർപ്പാക്കൽ

കാലാവധി

സെക്ഷൻ- 7(1) പ്രകാരം വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷയിന്മേൽ കഴിയുന്നത്ര വേഗത്തിലും, എന്നാൽ പരമാവധി 30 ദിവസത്തിനുള്ളിലും മറുപടി നൽകണം. അധികൃതർ നിർണയിക്കുന്ന ഫീസടച്ച് രേഖകളുടെ പകർപ്പ് അപേക്ഷകന് കൈപ്പറ്റാം. അതേസമയം അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ, അധികൃതർ അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകണം. ഈ പ്രധാന വിവരം എല്ലാ പൗരന്മാരും തിരിച്ചറിഞ്ഞിരിക്കണം.

വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ്

സെക്ഷൻ-7(3)a അനുസരിച്ച് A3 പേജ് ഒന്നിന് മൂന്ന് രൂപയാണ്‌ അടയ്ക്കേണ്ടത്. വിവരാവകാശ അപേക്ഷ നൽകി 30 ദിവസം കഴിഞ്ഞാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ വിവരങ്ങൾ സൗജന്യമായി നൽകണമെന്നാണ് വ്യവസ്ഥ.

നൽകാനാവാത്ത വിവരങ്ങൾ

സെക്ഷൻ-8(a) അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരത്തെയും,അഖണ്ഡതയെയും,രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും തന്ത്രപ്രധാന്യത്തെയും,ശാസ്ത്രീയവും സാമ്പത്തികവുമായ താത്‌പര്യങ്ങളെയും, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയും ഹാനികരമായി ബാധിക്കുന്നതും അതുപോലെ കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതുമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തില്ല. സെക്ഷൻ 8(b) പ്രകാരം നിയമകോടതികളിലോ, ട്രിബ്യൂണലുകളിലോ, പ്രസിദ്ധീകരണം നിരോധിച്ചിട്ടുള്ളതോ, വെളിപ്പെടുത്തൽ കോടതിയലക്ഷ്യമാകുന്നതോ ആയ രേഖകൾ ലഭിക്കില്ല. സെക്‌ഷൻ 8(e) അനുസരിച്ച്, പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ രേഖകൾ ലഭിക്കില്ല. അതായത് ഒരു അഡ്വക്കേറ്റും കക്ഷിയും തമ്മിലുള്ളതും, ഒരു ഡോക്ടറും രോഗിയും തമ്മിലുള്ളതുമായ രഹസ്യരേഖകൾ മൂന്നാം കക്ഷിക്ക് ലഭിക്കില്ല. സെക്ഷൻ 8(j) പ്രകാരം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. "സർവീസ് റെക്കോർഡ്സിലെ വ്യക്തിഗത വിവരങ്ങൾ" മൂന്നാംകക്ഷി വിവരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച തത്വങ്ങൾ കർശനമായി പാലിച്ച് മാത്രമേ വെളിപ്പെടുത്താവൂ എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

പകർപ്പവകാശമുള്ള

രേഖകൾ ലഭിക്കില്ല

സെക്ഷൻ-9പ്രകാരം വ്യക്തിക്ക് പകർപ്പവകാശമുള്ള രേഖകൾ വിവരാവകാശ നിയമത്തിൻ കീഴിൽ വരില്ല. അത്തരം അപേക്ഷകൾ നിരസിക്കും.

വിഭജിച്ച് നൽകും

സെക്ഷൻ- 10(1) പ്രകാരം അപേക്ഷകൻ അഞ്ച് വിവരങ്ങൾ ചോദിച്ചതിൽ മൂന്നെണ്ണം നൽകാവുന്നതും രണ്ടെണ്ണം നൽകാൻ കഴിയാത്തതുമാണെങ്കിൽ രേഖകൾ വിലയിരുത്തി, വിഭജിച്ചു മാത്രമേ ലഭിക്കുകയുള്ളൂ.

മൂന്നാം കക്ഷിയിൽ നിന്നുള്ള വിവരം

സെക്ഷൻ: 11(1) അനുസരിച്ച് ഒരു മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷ ലഭിച്ച അഞ്ചു ദിവസത്തിനകം അധികാരികൾ വ്യക്തിയെ കത്തു മുഖേനയോ, നേരിട്ടോ ബന്ധപ്പെട്ട് അപേക്ഷയെക്കുറിച്ച് ധരിപ്പിച്ച് അയാളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ അപേക്ഷകന് രേഖകൾ നൽകൂ. അല്ലാത്ത പക്ഷം നിരസിക്കും.

അപൂർണ്ണവും

തെറ്റിദ്ധരിപ്പിക്കുന്നതും

അപൂർണമോ, തെറ്റിദ്ധരിപ്പിക്കുന്നതെന്നോ ബോദ്ധ്യപ്പെടുന്ന സാഹചര്യത്തിൽ അപേക്ഷകന് ഒന്നാം അപ്പീൽ നൽകുന്നതിന് മുൻപ് "സംസ്ഥാന വിവരാവകാശ കമ്മിഷന് " നേരിട്ട് പരാതി നൽകാം. ഇത്തരം സാഹചര്യത്തിൽ കമ്മിഷന് കക്ഷിയെയും സാക്ഷിയെയും വിളിച്ചുവരുത്താം. രേഖകൾ പരിശോധിക്കാം. ഈ സമയം കമ്മിഷന് സിവിൽ കോടതിയുടെ അധികാരമായിരിക്കും ഉണ്ടാവുക.

ആദ്യ അപ്പീൽ

സെക്ഷൻ-19(1) അനുസരിച്ച് അപേക്ഷിച്ച് 30 ദിവസങ്ങൾക്കുള്ളിൽ മറുപടി ലഭിക്കാത്ത പക്ഷം നിർദ്ദേശിച്ചിട്ടുള്ള ഉയർന്ന പദവിയിലുള്ള ഓഫീസർക്ക് ആദ്യ അപ്പീൽ നൽകാം. സെക്ഷൻ-19(3) പ്രകാരം 90 ദിവസത്തിനുള്ളിൽ അപ്പീലിന് മറുപടി കിട്ടാതെ വന്നാൽ സംസ്ഥാന വിവരാവകാശ കമ്മിഷന് നേരിട്ട് പരാതി നൽകാം.

പിഴശിക്ഷകൾ

വിവരം നൽകുന്നതിൽ കാലതാമസം വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പിഴശിക്ഷയ്ക്ക് അർഹനാണ്. ഒരു ദിവസത്തേക്ക് 250 (ഇരുനൂറ്റിയൻപത്) രൂപയും അങ്ങേയറ്റത്തെ ശിക്ഷ 25,000 (ഇരുപത്തി അയ്യായിരം) രൂപയും ഉദ്യോഗസ്ഥന് ഫൈൻ അടിക്കാമെന്ന് വ്യവസ്ഥയുണ്ട്.

അച്ചടക്ക ശുപാർശ: സെക്‌ഷൻ- 20(2) അനുസരിച്ച് നിരന്തരം അപേക്ഷ നിരസിക്കുന്ന,തെറ്റായി,അപൂർണമായി രേഖകൾ നൽകുന്ന ഇൻഫർമേഷൻ ഓഫീസർക്കെതിരെ ബാധകമായ സർവീസ് ചട്ടങ്ങൾ പ്രകാരം ശിക്ഷാ നടപടിക്ക് വേണ്ടി ശുപാർശ ചെയ്യാൻ കമ്മിഷന് അധികാരമുണ്ട്.

ഉത്തമ വിശ്വാസത്തിൽ എടുത്ത നടപടിക്ക് സംരക്ഷണം: സെക്ഷൻ-21 പ്രകാരം ചട്ടത്തിന്റെ കീഴിൽ ഉത്തമ വിശ്വാസത്തിൽ ചെയ്തതോ, ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ കാര്യങ്ങൾക്ക്, അതായത് ഒരു വിവരം കൊടുത്തു എന്നതിന്റെ പേരിൽ വ്യക്തിക്കെതിരെ ശിക്ഷാനടപടി എടുക്കാൻ കഴിയില്ല.

സഹകരണ സംഘങ്ങളും

വിവരാവകാശ നിയമം

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പൊതു അധികാര കേന്ദ്രങ്ങളല്ലാത്തതിനാൽ വിവരാവകാശ നിയമം ബാധകമല്ല. കേരള സഹകരണ സംഘ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത എല്ലാ സഹകരണ സ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതു അധികാര സ്ഥാനങ്ങളാണെന്ന ഹൈക്കോടതിയുടെ 2009ലെ തലപ്പാലം സർവീസ് സഹകരണബാങ്കും കേന്ദ്രസർക്കാരും തമ്മിലെ കേസിലെ ഫുൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ സഹകരണ വകുപ്പിലെ സഹകരണ റജിസ്ട്രാറും ജോയിന്റ് രജിസ്ട്രാറും വിവരാവകാശ നിയമം അനുസരിച്ചുള്ള പൊതു അധികാര കേന്ദ്രങ്ങളാണ്. ആകയാൽ ഈ നിയമപ്രകാരം സംസ്ഥാനത്തെ ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിൽ നിന്ന് നിയമപ്രകാരം പ്രാപ്യമാകുന്ന ഏതൊരു വിവരവും വ്യക്തി ആവശ്യപ്പെട്ടാൽ ഈ വകുപ്പിലെ 2 (f) അനുസരിച്ച് നൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു.

ലേഖകൻ സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ സെക്‌ഷൻ ഓഫീസറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIGHT TO INFORMATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.