SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.19 PM IST

പുകഞ്ഞ കൊള്ളി പുറത്തേക്കോ...

s-rajendran

വ്യക്തികളല്ല,​ പ്രസ്ഥാനമാണ് പ്രധാനമെന്ന് ഉറച്ച് വിശ്വസിക്കുന്ന സി.പി.എം പ്രവർത്തകരുടെ ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ നല്‌കുന്ന പാർട്ടിയാണ്. ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെ ഏതെങ്കിലും വിധത്തിലുള്ള അച്ചടക്ക നടപടിക്ക് വിധേയരാകാത്തവർ പാർട്ടിയിൽ കുറവായിരിക്കും. സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദൻ മുതൽ ഏറ്റവുമൊടുവിൽ മുൻ മന്ത്രി ജി. സുധാകരൻ വരെ പാർട്ടി നടപടി നേരിടുന്നത് നാം കണ്ടതാണ്. നടപടി നേരിടുന്നവർ കൂടുതൽ ഊർജസ്വലരായി പ്രവർത്തിക്കുന്ന കാഴ്ചയും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെപ്പോലെ മറ്റൊരു പാർട്ടിയിലും കാണാനാകില്ല. അതിന് ചില അപവാദങ്ങളുമുണ്ട്. അത്തരമൊന്നാണ് കുറച്ച് ദിവസങ്ങളായി മൂന്നാറിൽ നിന്ന് വരുന്ന വാർത്തകൾ.

ഒരു വർഷം മുമ്പ് വരെ ദേവികുളം മണ്ഡലത്തിലെ പാർട്ടിയുടെ മുഖമായിരുന്ന എസ്. രാജേന്ദ്രൻ ഇപ്പോൾ പാർട്ടിക്ക് പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുണ്ടായ പാർട്ടി അന്വേഷണവുമാണ് എസ്. രാജേന്ദ്രനെ പാർട്ടിയുമായി അകറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ മുതൽ തന്നെ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരുന്ന മണ്ഡലമാണ് ദേവികുളം. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്. രാജേന്ദ്രൻ ഇത്തവണയും ദേവികുളത്ത് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കിയ പൊതുമാനദണ്ഡപ്രകാരം അദ്ദേഹത്തിന് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയില്ല. എസ്. രാജേന്ദ്രനെ ഒഴിവാക്കി ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയെ ആയിരുന്നു സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ

രാജ വിജയിച്ചെങ്കിലും പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടങ്ങളിൽ ഏറെ പിന്നിൽ പോയിരുന്നു. എസ്. രാജേന്ദ്രന്റെ സ്വാധീന മേഖലകളായിരുന്നു ഇവയെല്ലാം. മറയൂരിൽ 700 വോട്ടുകൾക്കായിരുന്നു രാജ പിന്നിൽ പോയത്. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇവയെല്ലാം തമിഴ് സ്വാധീനമുള്ള മേഖലകൾ കൂടിയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ എസ്. രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതൽ തന്നെ മേൽക്കമ്മിറ്റികൾക്ക് പരാതികൾ ലഭിച്ചു തുടങ്ങി. അടിമാലി, മറയൂർ, മൂന്നാർ, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ഡി.വൈ.എഫ്.ഐയും പാർട്ടിക്ക് പരാതി നൽകി. എസ്. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതികളുടെയെല്ലാം കാമ്പ്. ഇതോടെ ജില്ലാക്ക മ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയെ പരാതികൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചു. പരാതികളിൽ കഴമ്പുണ്ടെന്നാണ് വിശദമായ അന്വേഷണത്തിന് ശേഷം അന്വേഷണസമിതി കണ്ടെത്തിയത്. രാജേന്ദ്രനെ കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുന്നതടക്കമുള്ള അച്ചടക്കനടപടികൾ നിർദേശിക്കുന്ന അന്വേഷണകമ്മിഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനിരിക്കുകയാണ്. ജില്ലാ സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. ഇതിനിടയിലാണ് രാജേന്ദ്രനും എം.എം. മണിയും തമ്മിലുള്ള വാഗ്വാദങ്ങൾ.

എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണി എം.എൽ.എ ഏറ്റവുമൊടുവിൽ തുറന്നടിച്ചത്. മറയൂർ ഏരിയാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.

'ഏരിയാസമ്മേളനങ്ങളിൽ പങ്കെടുക്കാതെ രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം. എസ്. രാജേന്ദ്രൻ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണ്. അത്യാവശ്യ വിദ്യാഭ്യാസമുണ്ട്. പാർട്ടി രാഷ്ട്രീയ ബോധമുണ്ടാക്കികൊടുത്തിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും. മൂന്നു തവണ എം.എൽ.എയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവൻ പെൻഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാർട്ടി? എസ്. രാജേന്ദ്രന് എതിരായ കമ്മിഷൻ റിപ്പോർട്ട് ചർച്ചചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളിൽ വരാതിരിക്കുന്നത് സംഘടനാവിരുദ്ധമായ പ്രവൃത്തിയാണ്. കമ്മിഷൻ റിപ്പോർട്ട് അനുകൂലമായാൽ പോലും സമ്മേളനങ്ങളിൽ വരാതിരിക്കുന്നതുകൊണ്ട് അയാൾക്ക് പാർട്ടിയിൽ തുടരാനാകില്ല. " ഇങ്ങനെ പോകുന്നു എം.എം. മണിയുടെ പ്രസംഗം.

ജില്ലാ കമ്മിറ്റി അംഗമായ എസ്. രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ഏരിയാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പൂർണമായും പാർട്ടിയുമായി നിസഹകരണത്തിലാണ്. ഇതാണ് രാജേന്ദ്രനെ പുറത്താക്കുമെന്ന തരത്തിൽ മണി പ്രസംഗിച്ചതിന് അടിസ്ഥാനം. തുടർന്ന് മണിക്ക് മറുപടിയുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കുകയെന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും സി.പി.എം വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നുമാണ് രാജേന്ദ്രൻ പറഞ്ഞത്. അഭിപ്രായം പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ പാർട്ടി ഘടകത്തിലായിരുന്നോയെന്ന് എം.എം. മണി പരിശോധിക്കട്ടെ. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണ്. പാർട്ടിക്ക് നൽകിയ കത്തിൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. താൻ പാർട്ടി വിടുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇനി പാർട്ടി പുറത്താക്കിയാലും 40 വർഷമായുള്ള തന്റെ പ്രവർത്തനവും ചിന്തയും ഇല്ലാതാക്കാനാവില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

പുതിയ ലാവണം തേടുന്നു
പാർട്ടി വിട്ട് പോകില്ലെന്ന് എസ്. രാജേന്ദ്രൻ ആവർത്തിക്കുമ്പോഴും മറ്ര് പല രാഷ്ട്രീയപാർട്ടികളുമായും ചർച്ച നടത്തിയതായി വിവരം പുറത്തുവരുന്നുണ്ട്. സി.പി.ഐ, കോൺഗ്രസ്, ഡി.എം.കെ പാർട്ടികളിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. തമിഴ്നാട്ടിലെ ഡി.എം.കെ നേതാക്കളുമായി തിരുനൽവേലിയിൽ രാജേന്ദ്രൻ ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ദിവസങ്ങളായി രാജേന്ദ്രൻ തിരുനൽവേലിയിലെ വീട്ടിലാണ്. അതേസമയം സി.പി.ഐയിൽ ചേർന്നേക്കുമെന്ന തരത്തിലും ചർച്ചകൾ ശക്തമാണ്. കഴിഞ്ഞ മാസം പാർട്ടിവിട്ട് സി.പി.ഐയിൽ ചേർന്ന മറയൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന ആർ. രാമരാജ് രാജേന്ദ്രന്റെ അടുത്തയാളായിരുന്നു. മാത്രമല്ല, സി.എ. കുര്യൻ മരിച്ച ശേഷം മൂന്നാറിൽ ശക്തനായൊരു ട്രേഡ് യൂണിയൻ നേതാവിന്റെ ഒഴിവുണ്ട്. എസ്. രാജേന്ദ്രൻ പാർട്ടിയിലേക്ക് വരുമോയെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറിയോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആര് വേണമെങ്കിലും വരാമെന്നും അത് സസ്പെൻസ് ആയി നിൽക്കട്ടെയെന്നുമുള്ള മറുപടിയും ഇതോട് കൂട്ടി വായിക്കണം. അതേസമയം, തരംതാഴ്ത്തലാണെങ്കിലും അച്ചടക്കനടപടി ഏറ്രുവാങ്ങി പാർട്ടിയ്ക്ക് വിധേയനായി നിന്നിരുന്നെങ്കിൽ രാജേന്ദ്രന് ഇനിയും സി.പി.എമ്മിൽ രാഷ്ട്രീയഭാവി ഉണ്ടാകുമായിരുന്നെന്നാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനുവരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രൻ പാർട്ടിക്ക് പുറത്തുപോകാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S RAJENDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.