SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.27 PM IST

മല ഉണരുന്നു അധികൃതരും ഉണരണം

pamba

മണ്ഡല, മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 16ന് വൈകിട്ട് അഞ്ചിനാണ് അയ്യപ്പന്റെ തിരുനട തുറക്കുന്നത്. ശബരിമലയിൽ പൂർണ തോതിലുള്ള തീർത്ഥാടനം രണ്ടുവർഷമായി മുടങ്ങിയ നിലയിലായിരുന്നു. കൊവിഡ് വരുത്തിയ പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം, എല്ലാ വർഷവും പുണ്യദർശനം തേടിയെത്തുന്ന അയ്യപ്പഭക്തർ നിരാശയിലായിരുന്നു. ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ളാതെയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഭക്തരുടെ വലിയ പ്രവാഹം പ്രതീക്ഷിക്കാം. അയ്യപ്പനെ ഒരു നോക്കുകാണാനുള്ള ഉൾക്കടമായ ആഗ്രഹം നിറവേറ്റാനായി ദൂരെദേശങ്ങളിൽ നിന്നുപോലും ഭക്തരെത്താം. കന്നി അയ്യപ്പന്മാരുടെ എണ്ണം ഇക്കുറി മുൻ തീർത്ഥാടന കാലങ്ങളേക്കാൾ ഇരട്ടിയിലേറെ ആയേക്കാം. രണ്ടു വർഷമായി കന്നിമല ചവിട്ടാൻ കഴിയാതിരുന്നവർ ഇക്കുറി വ്രതാനുഷ്ഠാനങ്ങളോടെ എത്തുമെന്നുറപ്പ്. സന്നിധാനത്തേക്കുളള യാത്രയിൽ ഒരിടത്തും നിയന്ത്രണങ്ങളില്ല. വലിയ തോതിൽ തീർത്ഥാടകരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ശബരിമലയിൽ ഒരുക്കങ്ങൾ എല്ലാം പഴയതു പോലെതന്നെ. അവസാന നാളുകളിലെ തട്ടിക്കൂട്ട് പരിപാടിക്ക് ഇപ്പോൾ വേഗം കൈവന്നിട്ടുണ്ട്. ശബരിമല പാതകളുടെ നവീകരണം ദ്രുതഗതിയിലായി. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ തുലാമഴ തകർത്തു പെയ്യുന്നുണ്ടെങ്കിലും റോഡുകളിലെ ടാറിംഗിന് മാറ്റമില്ല. ഏറിയാൽ രണ്ടരമാസത്തേക്കാണ് ഇൗ ചെയ്യുന്നതെല്ലാം. അതുകൊണ്ട് ഗുണനിലവാരത്തിന് സർക്കാരോ ദേവസ്വം ബോർഡോ വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല. എല്ലാവർഷവും ടെൻഡർ വിളിച്ചാണ് ഒരുക്കങ്ങൾക്കുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതിയിൽ നിർമാണങ്ങൾ നടത്തിയാൽ വർഷാവർഷം ടെൻഡർ നടക്കില്ലെന്നും കരാറുകാറിൽ നിന്ന് കമ്മിഷൻ പറ്റാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർക്ക് അറിയാം. താത്‌കാലിക തട്ടിക്കൂട്ടലുകൾ നടത്തിയാൽ ഓരോ വർഷവും അറ്റകുറ്റപ്പണികൾ നടത്താം.

അനാസ്ഥയുടെ നേർക്കാഴ്ചകൾ

പൊതുമരാമത്ത്, ജലഅതോറിറ്റി, ആരോഗ്യവകുപ്പ്, ഗതാഗതം, പൊലീസ് എന്നിവയാണ് ശബരിമല മുന്നൊരുക്കങ്ങളിൽ സജീവമാകുന്ന സർക്കാർ സംവിധാനങ്ങൾ. റോഡ്, കെട്ടിടങ്ങളുടെ നവീകരണം, മറ്റ് അറ്റകുറ്റപ്പണികൾ തുടങ്ങിയവയിലൂടെ ഏറ്റവും കൂടുതൽ തുക ചെലവാക്കുന്ന സർക്കാർ വകുപ്പ് പൊതുമരാമത്താണ്. ഇൗ വിഭാഗത്തിൽ ശബരിമല ഡ്യൂട്ടിക്കായി ഒാരോ വർഷവും ഉദ്യോഗസ്ഥരെത്തുന്നു. വേണ്ടത്ര ഏകോപനവും കാര്യക്ഷമതയുമില്ലാതെ ജോലികൾ എങ്ങനെയെങ്കിലും പൂർത്തിയാക്കുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം വ്യക്തമാക്കുന്നതാണ് മുന്നൊരുക്കങ്ങളിലെ കാഴ്ചകൾ.

ശബരിമല പൂങ്കാവനത്തിലേക്ക് തീർത്ഥാടകർ എത്തിയാൽ പ്രധാന ഇടത്താവളമാണ് നിലയ്ക്കൽ. മുന്നൂറിലേറെ ഏക്കർ വരുന്ന നിലയ്ക്കലിൽ തീർത്ഥാടകരുടെ വാഹനങ്ങളുടെ പാർക്കിംഗിനും വിരിവച്ച് കിടക്കുന്നതിനുമാണ് പ്രധാന്യം. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർ ദിവസേന നിലയ്ക്കലിൽ എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ദേവസ്വം ബോർഡാണ്. നിലയ്ക്കൽ പ്രധാന ഗേറ്റിൽനിന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്കുളള റോഡുകളുടെ ടാറിംഗ് ഇൗ അവസാന നാളുകളിലാണ് ആരംഭിച്ചത്. ടോയ്ലറ്റ് ബ്ളോക്കുകളുടെയും ജലവിതരണ കിയോസ്കുകളുടെയും അറ്റകുറ്റപ്പണികൾ പാതിവഴിയിലാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിച്ചില്ല. മുന്നൂറോളം ബസുകൾ സർവീസ് നടത്തേണ്ട നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡും യാർഡും കാടുമൂടി കിടക്കുന്നു. സ്ഥിരം പൊലീസ് ബാരക്കുകളുടെ നിർമാണം ഇൗ വർഷം തീരില്ല. ഇങ്ങനെ അനാസ്ഥയുടെ ചിത്രങ്ങൾ ഒട്ടേറെയുണ്ട് നിലയ്ക്കലിൽ.

തീർത്ഥാടകർ പുണ്യകേന്ദ്രമായി കരുതുന്ന പമ്പ മണൽപ്പുറത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ശുചിയായത് കഴിഞ്ഞ വർഷം പുനർനിർമാണം പൂർത്തിയാക്കിയ കുളിക്കടവുകൾ മാത്രം. ടോയ്ലറ്റ് ബ്ളോക്കുകളുടെ നവീകരണം തുടങ്ങിയിട്ടേയുള്ളൂ. അന്നദാന മണ്ഡപം, പമ്പാ ഗണപതി ക്ഷേത്രപരിസരം, ആഞ്ജനേയ ഒാഡിറ്റോറിയം തുടങ്ങിയവ അവഗണിക്കപ്പെടുന്നു.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലെ കല്ലുപാകലാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. കേന്ദ്രസർക്കാരിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ട് കോടി രൂപയാണ് കല്ലുപാകലിനായി ചെലവഴിക്കുന്നത്. നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന ആരോപണം ഒരു വശത്ത് നിലനിൽക്കുന്നു. മഴ പെയ്താൽ പാത ചെളിക്കുണ്ടാവുമെന്നും കല്ലിൽ ചവിട്ടിയിറങ്ങുന്നവർ തെന്നിവീഴുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സന്നിധാനത്ത് മാത്രം നവീകരണ ജോലികൾ സമയബന്ധിതമായി പൂർത്തിയാകുന്നുണ്ട്.

നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ

ദേവസ്വം ബോർഡ്

പ്രളയവും യുവതിപ്രവേശന വിവാദവും കൊവിഡും ശബരിമലയിലെ വരുമാനത്തെ നാലുവർഷമായി ബാധിച്ചിട്ടുണ്ട്. വരവിനേക്കാൾ ചെലവേറിയതായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. ഇത്തവണ ഇത്തരം പ്രതിസന്ധികളൊന്നുമില്ലാതെയാണ് തീർത്ഥാടന കാലം തുടങ്ങുന്നത്. നഷ്ടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ദേവസ്വം ബോർഡ്. ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മന്ത്രിമാരടക്കം വിവിധ വകുപ്പ് തലവൻമാർ പമ്പയും നിലയ്ക്കലും സന്ദർശിച്ചു. വികസന പദ്ധതികളുടെ പേരിൽ കെട്ടിട‌ങ്ങളുടെ കൂമ്പാരങ്ങൾ ഇനി സന്നിധാനത്തും പമ്പയിലും വേണ്ടെന്ന കോടതികളു‌ടെ കർശന നിർദേശമുള്ളതുകൊണ്ട് നിർമാണ പ്രവർത്തനങ്ങളെല്ലാം ഇപ്പോൾ നിലയ്ക്കലിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വരുമാനക്കണ്ണും കമ്മിഷൻ ഇടപാടുകളും ഇനി നിലയ്ക്കൽ കേന്ദ്രീകരിച്ചാകും നടക്കുക. ഇതിനുള്ള സ്ഥലം നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ പക്കൽ ധാരാളമുണ്ട്. നിലയ്ക്കലിൽ കാലാവധി കഴിഞ്ഞ റബർ തോട്ടങ്ങളും ധാരാളം. ഇവ വെട്ടിനിരത്തി കോൺക്രീറ്റ് സൗധങ്ങളുയർത്താനുള്ള തത്രപ്പാടുകൾ എവിടെയും കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.