SignIn
Kerala Kaumudi Online
Friday, 19 April 2024 5.40 AM IST

ശബരിമലയിൽ നിന്ന് കെ-റെയിലിലേക്ക് നീളുന്ന ചില പാഠാന്തരങ്ങൾ

vivadavela

2018 സെപ്റ്റംബർ 27ന് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ കാട്ടിയ ഉത്സാഹം പുരോഗമനേച്ഛുക്കളെ ആഹ്ലാദചിത്തരാക്കിയിരുന്നു.

കടുത്ത യാഥാസ്ഥിതികവാദങ്ങളെ അന്ന് മുഖവിലയ്ക്കെടുത്തില്ല സർക്കാർ. തുടക്കത്തിൽ രാഷ്ട്രീയകക്ഷികളാരും സ്ത്രീപ്രവേശന വാദത്തോട് മുഖം തിരിച്ചുനിന്നില്ല. തീവ്രഹൈന്ദവവാദം ഉയർത്തിപ്പിടിക്കുന്ന സംഘപരിവാർ പോലും യുവതികളെ ശബരിമല അമ്പലത്തിൽ പ്രവേശിപ്പിക്കണമെന്ന നിലപാടിലായിരുന്നു. അവരാണ് ഏറ്റവും ശക്തിയുക്തം വാദിച്ചതും. ശ്രീനാരായണഗുരുവും അയ്യങ്കാളിയും മറ്റും കൊളുത്തിവച്ച നവോത്ഥാനവിളക്ക് കേരളത്തിൽ അണഞ്ഞ് പോയിട്ടില്ലെന്ന് പുരോഗമനവാദികൾ ആദ്യം വിളിച്ചുപറഞ്ഞിരുന്നു.

ഈ വിധിക്കായി ഏറ്റവും ശക്തിയായി നിലകൊള്ളേണ്ടിയിരുന്നത് തീർച്ചയായും ഇടതുപക്ഷത്തിന്റെ ചരിത്രദൗത്യമായിരുന്നു. ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാർ അത് ഭംഗിയായിത്തന്നെ നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നിലപാടുകൾ നവോത്ഥാന കേരളത്തിന് പ്രതീക്ഷാനിർഭരമായിരുന്നു. നവോത്ഥാനമൂല്യ സംരക്ഷണസമിതി ഉണ്ടാക്കാൻ അന്നദ്ദേഹം മുൻകൈയെടുത്തു.

പക്ഷേ, പൊടുന്നനെയാണ് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മാറിമറിഞ്ഞത്. പടിപടിയായി പൊട്ടിപ്പുറപ്പെട്ട യാഥാസ്ഥിതിക പ്രതിഷേധങ്ങൾ ശക്തിപ്പെട്ടുവന്നു. വിധി വേണ്ടേ എന്ന് ചോദിച്ചാൽ ആവാമെന്നും വേണോയെന്ന് കടുപ്പിച്ച് ചോദിച്ചാൽ വേണ്ടാ എന്നും നിലപാടെടുത്ത് നിന്ന യു.ഡി.എഫ് പ്രതിഷേധവികാരം തുടക്കത്തിലേ മനസിലാക്കി അതിനൊപ്പം ചേർന്നു. പെട്ടെന്ന് കരണം മറിയാൻ ഒരുമ്പെട്ടത് ആർ.എസ്.എസാണ്. ഹൈന്ദവവിശ്വാസി സമൂഹത്തിന്റെ കുത്തക കൈമോശം വരുന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതിനാൽ യുവതികളല്ല ശബരിമലയിൽ കയറേണ്ടത് എന്ന നിലപാടിലേക്ക് പെട്ടെന്ന് തന്നെ മാറി.

ഭക്തിവികാരം ശക്തിപ്പെട്ട് വന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് പോലും പിടിച്ചുനിൽക്കാനായില്ല. സമിതിയിൽ ചിലരെല്ലാം വിട്ടുപോയി. നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് നിന്ന് നാമജപ ഘോഷയാത്രയ്ക്ക് ആഹ്വാനങ്ങൾ പോയി. കുലസ്ത്രീകൾ ആഞ്ഞിറങ്ങി. റോഡുകളിലും തെരുവുകളിലും റെഡി ടു വെയ്റ്റ് ക്യാംപെയ്‌നുകൾ ശക്തിപ്പെട്ടു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇരുമുടിക്കെട്ടും കൊണ്ട് മല കയറി പൊലീസിനോട് കൊമ്പുകോർത്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രക്ഷോഭങ്ങൾ ശക്തമായി. എങ്ങും ശരണം വിളികൾ മുഴങ്ങി. ഒരുവശത്ത് മുഖ്യമന്ത്രിയും സർക്കാരും നവോത്ഥാന മൂല്യങ്ങൾക്കായി വാദിച്ച് പ്രതിരോധം ശക്തിപ്പെടുത്താൻ നോക്കിയെങ്കിലും പ്രതിഷേധസ്വരങ്ങൾക്കായിരുന്നു ശക്തി കൂടുതൽ. 2019 ജനുവരി ഒന്നിന് സർക്കാർ മുൻകൈയിൽ നടന്ന നവോത്ഥാന വനിതാമതിൽ വലിയ വിജയമായിരുന്നെങ്കിലും പിറ്റേന്ന് രണ്ട് യുവതികൾ ശബരിമല കയറിയതോടെ നാട്ടിൽ സർവനിയന്ത്രണങ്ങളും വിട്ട് പ്രതിഷേധക്കാർ ഒരുമ്പെട്ടിറങ്ങുകയായിരുന്നു.

ശബരിമലയിലെ ആചാര സംരക്ഷണസമിതിക്കാർ ഇങ്ങനെയൊരു വിധിയെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. കേരളം ഒട്ടും നവോത്ഥാനമൂല്യങ്ങളെ ഉൾക്കൊണ്ടിട്ടില്ലെന്ന് വിളിച്ചുപറഞ്ഞ നാളുകളായിരുന്നു കുറച്ചുകാലം കേരളം കണ്ടത്. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വൈകാതെ ഇടതുപക്ഷം തിരിച്ചറിഞ്ഞു. രാജ്യം ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് മാറിത്തുടങ്ങിയതോടെ ശബരിമല വിധി നടപ്പാക്കാനെടുത്ത ഉത്സാഹം പതിയെ ഇടതുമുന്നണി നേതൃത്വത്തിലും കെട്ടടങ്ങിത്തുടങ്ങി.

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടിൽ നിന്ന് അണുവിട മാറാൻ ഒരുക്കമല്ലായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത് ഇടതുമുന്നണിക്ക് എതിരായിട്ടായിരുന്നു. സി.പി.എം തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു. അവർ വിലയിരുത്തിയത്, ശബരിമല യുവതീ പ്രവേശന വിധിയോടുള്ള സമീപനവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു. തുടർന്ന്, ആ തിരിച്ചടിയെ പെട്ടെന്ന് തന്നെ മറികടക്കണമെന്ന ചിന്ത സി.പി.എം നേതൃത്വത്തിൽ ഉടലെടുത്തു. അവർ വീടുവീടാന്തരം കയറിയിറങ്ങി. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. ജനത്തിന് കാര്യങ്ങൾ കുറേയൊക്കെ ബോദ്ധ്യപ്പെട്ടെന്ന് തോന്നുന്നു. വിശ്വാസത്തിന് പാർട്ടി എതിരല്ലെന്ന് പാർട്ടി പലവുരു ആവർത്തിച്ചു.

പമ്പയാറ്റിലൂടെ പിന്നീട് വെള്ളമേറെ ഒഴുകി. പ്രളയം വന്നു, മഹാമാരി വന്നു. ജനക്ഷേമമുൾക്കൊണ്ട് പിണറായി സർക്കാർ ഇടപെട്ട് തുടങ്ങി. ജനം ശബരിമലയെ മറന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംഭവിക്കുന്നത് ഈയൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ്. അവർ ഇടതുമുന്നണിയെ നല്ലനിലയിൽ വിജയിപ്പിച്ചു. പക്ഷേ പിന്നീടെന്തുണ്ടായി?

ശബരിമലയിൽ നിന്ന്

കെ-റെയിലിലേക്ക്

ഇന്നിപ്പോൾ കേരളമാകെ മറ്റൊരു പ്രക്ഷോഭം അലയടിക്കുകയാണ്. അത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ തെക്കുവടക്ക് സിൽവർലൈനിനെ ചൊല്ലിയാണ്. കേരള റെയിൽ വികസന കോർപ്പറേഷന് (കെ-റെയിൽ) കീഴിലെ അർദ്ധ അതിവേഗ റെയിൽപാതാ പദ്ധതിയാണ് സിൽവർലൈൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിലെത്താമെന്ന് മുഖ്യമന്ത്രി പറയുന്ന സ്റ്റാൻഡ് എലോൺ പ്രോജക്ട്.

64,000 കോടി മുതൽമുടക്ക് വേണ്ടിവരുന്ന പദ്ധതിയെന്നാണ് സർക്കാർവാദം. നിതി ആയോഗ് പറയുന്നു ഒന്നേകാൽ ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്ന്. യു.ഡി.എഫ് അടങ്ങുന്ന പ്രതിപക്ഷം പറയുന്നത് രണ്ടുലക്ഷം കോടി വരുമെന്ന്. ഇപ്പോൾ തന്നെ സാമ്പത്തിക കടക്കെണിയിൽ നട്ടംതിരിയുന്ന കേരളത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിടുന്ന പദ്ധതി എങ്ങനെ താങ്ങുമെന്നത് അവരുയർത്തുന്ന ഒരു ചോദ്യമാണ്.

അമ്പതിനായിരത്തോളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഒമ്പതിനായിരത്തിൽ പരം കെട്ടിടങ്ങൾ (അതിൽ മുക്കാലേ അരക്കാൽ പങ്കും വീടുകൾ) ഒഴിപ്പിക്കേണ്ടി വരുന്നതിന്റെ കോലാഹലങ്ങളാണല്ലോ ഇപ്പോൾ കണ്ടുവരുന്നത്. ആളുകളെ വൻതോതിൽ കുടിയൊഴിപ്പിച്ച് ഒരു പദ്ധതി നടപ്പാക്കിയെടുക്കുക എന്നത് ജനസാന്ദ്രതയേറിയ കേരളത്തിൽ എത്രമാത്രം പ്രായോഗികമാകുമെന്നത് ഒരു ചോദ്യം തന്നെയാണ്. പാരിസ്ഥിതികനാശം തീരെ ഉണ്ടാക്കാത്ത പദ്ധതിയാണ് സിൽവർലൈൻ എന്ന് മുഖ്യമന്ത്രിയും സർക്കാരും വാദിച്ചുകൊണ്ടിരിക്കുന്നത് മുഖവിലയ്ക്കെടുക്കാൻ പരസ്ഥിതിവാദികളാരും തയാറാകുന്നില്ല എന്നതും ശ്രദ്ധേയം. എന്തിനേറെ പറയുന്നു, ഇടത് അനുഭാവികളായി നിലകൊള്ളുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന് പോലും സിൽവർലൈനിനായി സർക്കാർ കാണിക്കുന്ന പിടിവാശി അത്രയ്ക്കങ്ങ് ദഹിച്ച മട്ടില്ല.

ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം നടന്നുവരുന്ന പ്രതിഷേധങ്ങൾ നിസ്സാരമെന്ന് തള്ളിക്കളയാനാവുന്നതല്ലെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. ശബരിമല വിധിയുണ്ടായപ്പോൾ ഇടതുപക്ഷത്തിന്റേത് സത്യസന്ധവും ന്യായയുക്തവുമായ സമീപനമായിരുന്നിട്ട് കൂടി പ്രതിഷേധങ്ങളെ അതിജീവിക്കാനായിട്ടില്ല.

പക്ഷേ ഇപ്പോഴത്തേത് വ്യത്യസ്തമാണ് കാര്യങ്ങൾ. മനുഷ്യനായാലും മറ്റേത് ജീവിയായാലും കിടപ്പാടം നഷ്ടപ്പെട്ടു പോകുക എന്നത് ഒരുതരത്തിലും സഹിക്കാനോ ഉൾക്കൊള്ളാനോ ആവാത്തതാണ്. ശബരിമല വിഷയത്തിൽ കണ്ടതും വൈകാരികപ്രകടനങ്ങളായിരുന്നു. അത് വിശ്വാസത്തെ ചൊല്ലിയായിരുന്നു. കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ വേദന അവിടെയില്ലാതിരുന്നിട്ട് കൂടി ആ പ്രതിഷേധച്ചൂടിൽ ഇടതുപക്ഷം വിയർത്തുപോയിട്ടുണ്ട്. ഇവിടെ നേരിട്ടനുഭവിക്കുന്ന വേദനയുടെ നിലവിളിയാണ് ഭൂമി, പാർപ്പിടം എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നത്. അവിടെ ഇടതുപക്ഷത്തിന് എത്രമാത്രം പിടിച്ചുനിൽക്കാനാവും?

പ്രതിഷേധങ്ങളെ സങ്കുചിതരാഷ്ട്രീയ സമരങ്ങളായി മാത്രം ലഘൂകരിച്ച് തള്ളുകയാണ് സി.പി.എം നേതൃത്വം. സിൽവർലൈൻ എന്ന ഈ പദ്ധതി നടപ്പാക്കിയേ തീരൂ എന്ന് ഇടതുപക്ഷ മുഖ്യമന്ത്രിയായ പിണറായി വിജയൻ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ ശബ്ദം അതിനും മുകളിലേക്കാണ് ഉയരുന്നത്.

ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ പ്രഖ്യാപനങ്ങളൊന്നും ആരും കേൾക്കുന്നില്ല. ഈ ജനവികാരം മുതലെടുക്കുകയല്ലാതെ രാഷ്ട്രീയ പ്രതിപക്ഷത്തിന് മറ്റെന്താണ് ചെയ്യാനാവുക?

ആറന്മുള വിമാനത്താവളം ഒട്ടും ന്യായീകരിക്കാവുന്ന ഒരു പദ്ധതിയല്ലായിരുന്നു. അന്ന് യു.ഡി.എഫ് സർക്കാർ അതിനായി നിലകൊണ്ടപ്പോൾ ശക്തിയുക്തം സമരരംഗത്ത് നിലയുറപ്പിച്ചത് ഇടതുപക്ഷവും കൂടിയായിരുന്നു.

സർവേക്കല്ലുകളും സാമൂഹ്യാഘാത സർവേയും

സാമൂഹ്യാഘാത സർവേ നടത്തുന്നതിന്റെ ഭാഗമായാണ് കല്ലുകൾ നാട്ടുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ ഓരോ കുടുംബത്തിലേക്കും അതിക്രമിച്ച് കയറി ഉദ്യോഗസ്ഥർ കല്ലുകൾ നാട്ടുമ്പോൾ ഏത് വീട്ടുകാരാണ് ഭയപ്പെടാത്തത്? അതിന്റെ സ്വാഭാവിക പ്രതിഫലനമാണ് പ്രതിഷേധങ്ങൾ. അത് തിരിച്ചറിയാതെ പോവുന്നിടത്താണ് സർക്കാരിനെ കാത്തിരിക്കുന്ന ദുരന്തമെന്ന് പറയേണ്ടിയിരിക്കുന്നു.

2013ലെ റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പാരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് അനുസരിച്ചുള്ള സർവേ നടപടികളാണിപ്പോൾ നടന്നുവരുന്നത്. അത് ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി തന്നെയുള്ളതാണ്.

ഒരു പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ആദ്യം ബന്ധപ്പെട്ട തദ്ദേശസ്ഥാപനതലത്തിൽ ചർച്ചകൾ നടത്തി സാമൂഹ്യാഘാത പഠനം നടത്തണമെന്ന് ഈ നിയമത്തിലെ നാലാം വകുപ്പിൽ പറയുന്നുണ്ട്. അതിനാവശ്യമായ സർക്കാർ വിജ്ഞാപനമിറങ്ങണം. അതാണിപ്പോൾ നടന്നുവരുന്നത്.

സാമൂഹ്യാഘാത പഠനമാണ് നടക്കുന്നതെന്ന് സർക്കാർ പറയുന്നത് അതിനാലാണ്. ശരിയാണ്. സാമൂഹ്യാഘാത പഠനമാണ്. നഷ്ടപരിഹാരം നൽകുന്നതിനൊക്കെ ഇതേ നിയമത്തിൽ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ഭൂവുടമകളുമായി പരസ്പരധാരണയിലെത്തി ജില്ലാ കളക്ടർമാരാണ് തുക നിശ്ചയിക്കേണ്ടത്. കഴിഞ്ഞ മൂന്ന് വർഷത്തെ ന്യായവിലയെ അടിസ്ഥാനപ്പെടുത്തിയാവണം നിശ്ചയിക്കാൻ. അപ്പോൾ മുഖ്യമന്ത്രി പറയുന്നത് പോലെ നാലിരട്ടി നഷ്ടപരിഹാരമൊക്കെ പലർക്കും കിട്ടാനിടയുണ്ടോ?

കെ-റെയിൽ വാദമനുസരിച്ചാണെങ്കിലും 30 മീറ്ററോളം സിൽവർലൈൻ പാതയുടെ വശങ്ങളിൽ ബഫർസോണാണ്. അവിടെ നിർമാണങ്ങൾ നടക്കുമോ? ബഫർസോൺ ഭൂമിയിൽ നഷ്ടപരിഹാരത്തിന് വകുപ്പില്ല. ഇതും ജനത്തിന്റെ ആശങ്കകളെ ഉയർത്തുന്നതാണ്.

526 കിലോമീറ്റർ നീളത്തിലാണ് പാത. ഇത്രയും ഭാഗത്ത് വലിയ തോതിൽ ഭൂമിയേറ്റെടുക്കുമ്പോൾ നൽകേണ്ടി വരുന്ന നഷ്ടപരിഹാരത്തോത് തന്നെ വലുതായിരിക്കും. അപ്പോൾ ഈ പറയുന്ന 64,000കോടിയിൽ പദ്ധതി പൂർത്തിയാവുമോ എന്ന ചോദ്യവും ന്യായമാണ്.

പ്രതിഷേധങ്ങൾ ഒരു സൂചനയാണ്. ശബരിമലയിൽ കണ്ടത് പോലെയുള്ള അടിയൊഴുക്കുകൾക്കൊക്കെ നല്ലതുപോലെ സാദ്ധ്യത കല്പിക്കാവുന്ന സൂചനകൾ.

അതുകൊണ്ട്, അർദ്ധ അതിവേഗ പാതയുമായി മുന്നോട്ട് പോകുമ്പോൾ കേരളസർക്കാർ രണ്ടാമതൊന്ന് കൂടി ഇരുത്തിച്ചിന്തിക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, SABARIMALA, K RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.