SignIn
Kerala Kaumudi Online
Friday, 29 March 2024 5.14 PM IST

പുരോഗമനവാദികളുടെ ഇരട്ടത്താപ്പ്

sabarimala

ജനകോടികളുടെ ആരാധ്യദേവനായ ശബരീശന്റെ സന്നിധിയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കുന്ന സവിശേഷ ദിനമാണിന്ന്. ദൗർഭാഗ്യവശാൽ പവിത്രമായ ഈ ദേവഭൂമി പച്ചയായ ജാതിവിവേചനത്തിന് വേദിയാകുന്ന ദിവസം കൂടിയാകുന്നു ഈ ചിങ്ങപ്പുലരി.

ജാതിമതഭേദമന്യേ നൂറ്റാണ്ടുകളായി ഭക്തരെത്തുന്ന അപൂർവതകളേറെയുള്ളതാണ് ശബരിമല ക്ഷേത്രം. ഇവി​ടുത്തെ മേൽശാന്തി നിയമനത്തിൽ പുലർത്തുന്ന വിവേചനം കേരളത്തിന് തീരാകളങ്കമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഈ പിന്തിരിപ്പൻ നിലപാട് തിരുത്തിക്കാനുള്ള പ്രക്ഷോഭ പാതയിലാണ് ബി.ഡി.ജെ.എസ്.

ബ്രാഹ്മണരിലെ തന്നെ ഒരു വിഭാഗത്തിന് പ്രത്യേക ജാതിവിശേഷണം നൽകി മറ്റെല്ലാവരെയും ശബരിമല ശ്രീകോവിലിൽ നിന്ന് അകറ്റി നിറുത്തുന്ന പച്ചയായ തട്ടിപ്പിനെതിരായ പോരാട്ടമാണ് ബി.ഡി.ജെ.എസ് നയിക്കുന്നത്. ദേവസ്വം ബോർഡുകളിലെ ഒരു നിയമനത്തിനും ജാതി പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും 2002ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ കക്ഷിയായ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. എന്നിട്ടും ഈ അന്യായം തുടരുന്നതിന് ദേവസ്വം ബോർഡും സർക്കാരും പറയുന്ന ന്യായങ്ങൾ ബാലിശമാണ്. മലയാള ബ്രാഹ്മണൻ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പത്രപ്പരസ്യം നൽകിയാണ് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും വി.ടി.ഭട്ടതിരിപ്പാടും ഉൾപ്പടെയുള്ള നവോത്ഥാന നായകരെ അപമാനിക്കുന്നത്.

2002 മുതലാണ് ഈ വ്യവസ്ഥ ബോർഡ് കൊണ്ടുവരുന്നത്. ഇതി​ന് മുമ്പ് ബ്രാഹ്മണരല്ലാത്തവരെയും ശബരി​മല മേൽശാന്തി​ പദവി​യി​ലേക്ക് പരി​ഗണി​ച്ചി​രുന്നു. നി​ലവി​ലെ മേൽശാന്തി​ ജയരാജ് പോറ്റി​ ബ്രാഹ്മണനാണെങ്കിലും മലയാള ബ്രാഹ്മണനല്ല. എന്ത് സാമൂഹ്യനീതി​യാണ് പുരോഗമനവാദികളെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം അവകാശപ്പെടുന്നവരും ദേവസ്വം ബോർഡും പുലർത്തുന്നത്.

ഇന്ത്യാ മഹാരാജ്യത്തെ പ്രസി​ഡന്റും പ്രധാനമന്ത്രി​യും 29 കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി​യും തി​രുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി​ഡന്റും പി​ന്നാക്ക വി​ഭാഗക്കാരാണെന്ന കാര്യമെങ്കിലും ഇവർ മനസിലാക്കണം.

ശബരിമല യുവതീപ്രവേശനത്തിനായി ചാനലുകളിലും പത്രങ്ങളിലും തെരുവുകളിലും പടവെട്ടിയിരുന്ന ഇടതു- വലത് ബുദ്ധിജീവികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്നു പറഞ്ഞവർ 2002ലെ സുവ്യക്തമായ നിർദേശമുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് നടത്തുന്നു. മലയാള ബ്രാഹ്മണർ പ്രത്യേക വർഗമാണെന്ന് വാദിക്കുന്നു. ഈ പുതിയ വർഗസിദ്ധാന്തം വിപ്ളവപാർട്ടിക്കാർ തന്നെ കൊണ്ടുവരുന്നതിലെ തമാശ കേരളം തിരിച്ചറിയണം.

തലമുറകളായി കേരളത്തിൽ വസിക്കുന്ന തമിഴ്, കർണാടക, ആന്ധ്ര ബ്രാഹ്മണരെയും നായർ സമുദായം ഉൾപ്പെടുന്ന മുന്നാക്ക വിഭാഗക്കാരെയും പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങളെയും ഈ നിയമനത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഭരണകൂ‌ടം തയ്യാറാകണം. ഈ അനീതി അവസാനിപ്പിക്കുംവരെ ബി.ഡി.ജെ.എസ് സമരരംഗത്തുണ്ടാകും. എല്ലാ ഹി​ന്ദുക്കൾക്കും ശ്രീകോവി​ൽ പ്രവേശനത്തി​നായുള്ള ഈ ധർമ്മസമരത്തി​ന് ഏവരുടെയും പി​ന്തുണ അഭ്യർത്ഥി​ക്കുന്നു.

(ലേഖകൻ ബി​.ഡി​.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി​.എ കേരള കൺ​വീനറുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA MELSANTHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.