SignIn
Kerala Kaumudi Online
Thursday, 28 March 2024 4.43 PM IST

ശശി തരൂരിനെ ആർക്കാണ് പേടി?

shashi-tharoor

രാഷ്ട്രീയത്തിലിറങ്ങി വെറും ഏഴുവർഷം മാത്രമെ വേണ്ടിവന്നുള്ളൂ ഇന്ത്യൻ വംശജനായ ഋഷി സുനകിന് ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാൻ. പക്ഷേ കോൺഗ്രസിൽ ചേർന്ന് പതിമ്മൂന്നുവർഷം പിന്നിട്ടിട്ടും മന്ത്രിയായിട്ടും മൂന്നുപ്രാവശ്യം എം.പിയായിട്ടും, ഹൈക്കമാൻഡിനെ ഞെട്ടിച്ച് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടുപിടിച്ചിട്ടും ഡോ.ശശി തരൂരിന് പാർട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റിയിൽ നാൽപ്പത്തിയേഴുപേരിൽ ഒരാളാകാൻപോലും കഴിഞ്ഞില്ല.

അദ്ധ്യക്ഷസ്ഥാനത്ത് അവരോധിക്കപ്പെട്ട മല്ലികാർജ്ജുൻ ഖാർഗെയുടെ അപദാനങ്ങൾ വാഴ്ത്തുന്നവർ, പ്രീതി (ആ വാക്കിന് ഇപ്പോൾ നാനാർത്ഥങ്ങളാണുള്ളത്) നേടാൻ പോകുന്നപോക്കിൽ തരൂരിനിട്ട് വാക്കാലൊരു കിഴുക്കും നൽകി ആത്മസംതൃപ്തി അടയുകയും ചെയ്യുന്നു. പ്രീതി നെഹ്റു കുടുംബത്തിന്റെയാണോ ഖാർഗെയുടേതാണോ എന്നതിൽ അരിയാഹാരം കഴിക്കുന്ന ആർക്കും സംശയമുണ്ടാവില്ല. പക്ഷെ കോൺഗ്രസിനു പുറത്തു നിൽക്കുന്ന അഭ്യുദയകാംക്ഷികൾക്ക് ഇതിലൂടെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അണികളും അനുഭാവികളും എത്രമാത്രം ആഗ്രഹിച്ചാലും കോൺഗ്രസ് നന്നാവാൻ നേതൃത്വം അനുവദിക്കില്ല.

ഹൂ ഈസ് അഫ്രൈഡ് ഓഫ് വിർജീനിയ വുൾഫ് എന്ന എഡ്വേർഡ് ആൽബിയുടെ നാടകത്തിന്റെ തലവാചകം പോലെ ഈ ശശിതരൂരിനെ ആർക്കാണ് പേടി?

യോഗ്യതയില്ലേ..? ലോകതലത്തിൽ ആദരിക്കപ്പെടുന്നില്ലേ..? യു.എൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ചില്ലേ..?ക്ഷണപ്രകാരം പോയതാണെങ്കിൽപ്പോലും ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയെ ചൂഷണംചെയ്ത കഥകൾ എണ്ണിയെണ്ണിപ്പറഞ്ഞ് കൈയടിനേടി ഇന്ത്യക്കാരെ അഭിമാനപുളകിതരാക്കിയില്ലേ..? ഇരുപത്തിരണ്ടാംവയസിൽ പിഎച്ച് .ഡി കരസ്ഥമാക്കിയ മിടുമിടുക്കനല്ലേ.. അതും 1967 മുതൽ 1977 വരെയുള്ള ഇന്ദിരാഗാന്ധി ഗവൺമെന്റിന്റെ വിദേശനയത്തെക്കുറിച്ചുള്ള തീസീസിന്. പക്ഷേ ഈ യോഗ്യതയാണ് ഒരർത്ഥത്തിൽ തരൂരിന് പാരയാകുന്നത്. ചില സിനിമകളിൽ ജഗതി പറയും പോലെ അസൂഷ....

ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബിരുദംനേടി സ്കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം നടത്തിയ തരൂരിന്റെ വിദ്യാഭ്യാസ കരിയർ ഏതൊരാൾക്കും കൊതിയോടെ നോക്കിനിൽക്കാൻ കഴിയുന്നതാണെന്നു മാത്രമല്ല പഠനത്തിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും നിത്യപ്രചോദനവുമാണ്. തരൂർ മത്സരിച്ചതിലൂടെ കോൺഗ്രസ് രാഷ്ട്രീയം ദേശീയ-അന്തർദ്ദേശീയ തലത്തിൽ ചർച്ചയായെങ്കിലും ഇനി നേതൃത്വത്തിലെടുത്തുവച്ചാൽ കുഴപ്പമായാലോ എന്നൊരാശങ്ക. അതാണ് ഈ പേടിക്കു പിന്നിൽ. തരൂർ അത്ര ചെറിയ പുള്ളിയല്ലെന്നു നേതൃത്വത്തിലുള്ളവർക്കു മാത്രമല്ല തരൂരിനെ ഒന്നു ചെറുതാക്കിക്കാണിക്കാൻ ശ്രമിക്കുന്നവർക്കും നന്നായറിയാം.

ന്യൂയോർക്കിൽ യു.എൻ ആസ്ഥാനമന്ദിരത്തിലെ വിപുലമായ ഓഫീസിൽവച്ചാണ് ഇതെഴുതുന്നയാൾ ആദ്യമായി ശശിതരൂരിനെ പരിചയപ്പെടുന്നതും അഭിമുഖം നടത്തുന്നതും. 2004ൽ ആയിരുന്നു അത്. ഒരു മലയാളി ആ കസേരയിലിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം മാത്രമല്ല അഭിമാനവും തോന്നിയിരുന്നു. ഏത് ചുമതലയായാലും അതിനുവേണ്ടി ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്നതാണ് തരൂരിന്റെ പ്രകൃതം. എഴുത്തുകാരനായ തരൂർ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ സമർത്ഥനാണ്.

'ശശിതരൂർ ബാല്യത്തിൽ ഒരു വികൃതി കുട്ടിയായിരുന്നോ?'

അനുജത്തി ശോഭയോടുതന്നെ ചോദിച്ചു.

'അല്ലെ'ന്നായിരുന്നു മറുപടി.' ദിവസം മുഴുവൻ പുസ്തകം വായിക്കാനായിരുന്നു ഏട്ടന് അന്നും ഇഷ്ടം. ഓടാൻ പോകണമെന്നും, പുറത്തുപോയി പന്ത് കളിക്കണമെന്നുമൊക്കെ അമ്മ നിർബന്ധിക്കുമായിരുന്നു. ക്രിക്കറ്റ് വലിയ ഇഷ്ടമായിരുന്നു. ക്രിക്കറ്റിൽ ഇന്നും മതിമറക്കാറുണ്ട്. ( പാർട്ടി പരിപാടികളിൽ കൃത്യത പാലിക്കാൻ ശ്രമിക്കുന്ന തരൂരിന്റെ സമയനിഷ്ഠ തെറ്റുന്നത് ക്രിക്കറ്റ് മത്സരത്തിന്റെ കാര്യം വരുമ്പോൾ മാത്രമാണ്. ) ഏട്ടൻ ബുക്കിഷ് ആയിരുന്നുവെന്ന് പറയുന്നതാണ് ശരി.. 'ശോഭ തരൂർ പറഞ്ഞു.

തരൂർ പതിമ്മൂന്നാം പിറന്നാളിലെടുത്ത പ്രതിജ്ഞ അടുത്ത 365 ദിവസത്തിനുള്ളിൽ 365 പുസ്തകങ്ങൾ വായിച്ചു തീർക്കുമെന്നായിരുന്നു. ആ ലക്ഷ്യം നിറവേറിയെന്ന് തരൂർതന്നെ പറഞ്ഞിട്ടുണ്ട്. ഈ തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം വലിയ ചർച്ചയാകുന്നു. എഴുത്തുകാരൻ എന്ന നിലയിൽ തരൂരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി മാറാൻ പോകുന്ന ഗ്രന്ഥമായിരിക്കും ഇരുപത്തിനാലാമത്തെ രചനയായ 'അംബേദ്കർ,എ ലൈഫ്.' ഏറെ സംഭാവനകൾ നൽകിയിട്ടും അംബേദ്‌കറെ പൂർണമായി ഉൾക്കൊള്ളാൻ മടിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്കാണ് തരൂർ ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. അംബേദ്കറിന്റെ വൈദഗ്ദ്ധ്യത്തിലും സാമർത്ഥ്യത്തിലുമുള്ള ആരാധനയോടും ആദരവോടുമാണ് താനീ ഹ്രസ്വജീവചരിത്രത്തെ സമീപിച്ചതെന്ന് തരൂർ ആമുഖമായി പറയുന്നുണ്ട് .

നെഹ്റു കുടുംബത്തോട് തരൂരിന് എതിർപ്പൊന്നുമില്ല. നെഹ്റു ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ എന്ന തരൂരിന്റെ പുസ്തകം തന്നെ അതിനുദാഹരണമാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിലെ സ്റ്റുഡന്റ് ലീഡേഴ്സിനെ ചായ സത്ക്കാരത്തിനും സംഭാഷണത്തിനുമായി ക്ഷണിച്ചപ്പോഴാണ് ഡൽഹി സെന്റ് സ്റ്റീഫൻസിലെ സ്റ്റുഡന്റ് ബോഡിയുടെ പ്രസിഡന്റെന്ന നിലയിൽ തരൂർ ആദ്യമായി ഇന്ദിരയുമായി കൂടിക്കാഴ്ച നടത്തിയത്. ആ അവസരം മുതലെടുത്ത് താൻ ഫ്രീലാൻസ് ചെയ്ത ഒരു സ്വിസ് യൂത്ത് മാഗസീനുവേണ്ടി ഇന്ദിരയുടെ അഭിമുഖവും തരൂർ തരപ്പെടുത്തി. തീസിസിന്റെ ഭാഗമായി സംസാരിക്കാനായിരുന്നു മൂന്നാമത്തെ കൂടിക്കാഴ്ച. ' റീസൺസ് ഓഫ് സ്റ്റേറ്റ് ' എന്ന പേരിൽ തീസിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ അന്നത്തെ സോവിയറ്റ് യൂണിയനോട് കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കുകയും അമേരിക്കയോട് അകലം പാലിക്കുകയും ചെയ്ത ഇന്ദിരയുടെ വിദേശനയത്തെ തരൂർ വിമർശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കും തരൂർ എതിരായിരുന്നു.

നീണ്ട മുപ്പതുവർഷത്തെ യു.എൻ സേവനം മതിയാക്കിയ തരൂർ ദുബായ് ആസ്ഥാനമായുള്ള അഫ്രാ വെഞ്ച്വേഴ്സിന്റെ കൺസൾട്ടന്റാവുകയായിരുന്നു ആദ്യം. വി.എസ്.സർക്കാർ ചില പ്രോജക്ടുകളിൽ കേരളത്തിന്റെ അംബാസിഡറാകൻ ക്ഷണിച്ചെങ്കിലും പദവിയില്ലാതെയുള്ള സേവനങ്ങൾ ചെയ്യാമെന്നു പറഞ്ഞൊഴിഞ്ഞു. പക്ഷേ നാടകീയമായി 2009 ൽ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർത്ഥിയായി. പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനുമാണ് അതിനു മുൻകൈയെടുത്തത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അപ്രീതി ഒന്നും തടസമായതുമില്ല. എത്ര വിവാദങ്ങളിൽ മുങ്ങിത്താണാലും പൊങ്ങിവരുന്ന തന്ത്രശാലിയായ തരൂരിനെ കോൺഗ്രസിൽ പലർക്കുമറിയില്ല. അതുകൊണ്ട് ഖാർഗെയുടെ പ്രീതിയ്ക്കായി മത്സരിക്കുന്നവർ ഒരുകാര്യം ഓർക്കുക തരൂരിന്റെ അടുത്ത കരുനീക്കം കാണാനിരിക്കുന്നതേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THAROOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.