SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.24 AM IST

ശശിതരൂരും ബലൂണും ചില്ലറ രാഷ്ട്രീയവും

photo

ശശി തരൂർ സംസ്ഥാന കോൺഗ്രസിലെ പുതിയ താരമായി വളരുന്ന കാഴ്ച നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞാഴ്ച ഇതേ കോളത്തിൽ. ഈയാഴ്ചയെത്തുമ്പോൾ ആ കാഴ്ചയ്‌ക്ക് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു. അത് സംസ്ഥാനത്തെ മുഖ്യരാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. കേരളത്തിലെയോ ഇന്ത്യയിലെയോ കക്ഷിരാഷ്ട്രീയ വൃത്തങ്ങൾക്കുള്ളിൽ കെട്ടിയിടപ്പെടേണ്ട നേതാവാണ് ശശി തരൂരെന്ന് ആരും കരുതുന്നില്ല. അങ്ങനെയാരെങ്കിലും കരുതുന്നെങ്കിൽ അത് തരൂരിനെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ മാത്രമാകും. 2009 ൽ തിരുവനന്തപുരത്ത് നിന്ന് പാർലമെന്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ, എ.ഐ.സി.സി മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ആശീർവാദത്തോടെ വന്നിറങ്ങിയപ്പോൾ മുതൽ കേരളീയസമൂഹം അദ്ദേഹത്തെ സംബോധന ചെയ്യുന്നത് വിശ്വപൗരൻ എന്നാണ്. ഐക്യരാഷ്ട്രസഭയിൽ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഇന്ത്യാക്കാരൻ എന്ന ഗ്ലാമർ പരിവേഷവും കൊണ്ടാണ്, ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ കളിക്കാനിറങ്ങിയത്. കേരളത്തിലെയോ ഇന്ത്യയിലെയോ രാഷ്ട്രീയഗോദയിൽ പയറ്റിയ രാഷ്ട്രീയാഭ്യാസിയല്ലാത്ത, ശശി തരൂരിന്റെ വരവിൽ പലരും നെറ്റി ചുളിച്ചു. അടിമുടി രാഷ്ട്രീയം തുളുമ്പിനിൽക്കുന്ന കേരളീയ പൊതുബോധത്തിലേക്ക് ആഗോളവത്കരണയുഗത്തിൽ അടിച്ചുകയറ്റപ്പെട്ട, ആദ്യത്തെ കോർപ്പറേറ്റ് രാഷ്ട്രീയക്കാരനെന്ന് ശശി തരൂരിനെ വിശേഷിപ്പിക്കാനാവും. അതിന്റേതായ ഒരുതരം അരാഷ്ട്രീയത തിരുവനന്തപുരം മണ്ഡലത്തെ പൊതിഞ്ഞുകിടന്നിരുന്നു. തിരുവനന്തപുരത്തെ ചില പരിണിതപ്രജ്ഞരായ കോൺഗ്രസ് നേതാക്കളെ കൂട്ടുപിടിച്ചുകൊണ്ട് അതിനെ മറച്ചുപിടിക്കാനാവുന്ന കൗശലം ശശി തരൂർ പയറ്റുകയും വലിയൊരളവിൽ വിജയം വരിക്കുകയും ചെയ്‌തു. തലസ്ഥാന നഗരിയിലെ ഉയർന്ന മദ്ധ്യവർഗ സമൂഹത്തിന്റെ പൊങ്ങച്ച പരിലാളനകൾക്ക് പാകപ്പെടുന്ന വ്യക്തിത്വം, കാഴ്ചയിലെ സുമുഖത, വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ആകർഷിക്കാൻ പോന്ന പാകത എന്നിവയെല്ലാം ശശി തരൂരിന്റെ വിജയമുറപ്പാക്കാൻ പോന്ന ചേരുവകളായിരുന്നു.

അങ്ങനെ ശശി തരൂർ 2009ൽ വിജയിച്ചു. അതിന് തുടർവിജയങ്ങളുണ്ടാക്കാനും മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം തന്നെയാണ് അദ്ദേഹത്തെ തുണച്ചിട്ടുള്ളത്. 2014ലും 19ലും അദ്ദേഹം വിജയിച്ചു. 2009ൽ വിജയിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ ശേഷമുള്ള ശശി തരൂരിന്റെ ജീവിതശൈലിയൊക്കെ അന്ന് വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹം ഉയർത്തിയ,​ അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെല്ലാം സമ്പന്നവർഗത്തിന്റെയോ അല്ലെങ്കിൽ ഉയർന്ന ഇടത്തരം വർഗത്തിന്റെയോ ഇടയിൽ മാത്രം ചർച്ച ചെയ്യപ്പെടാൻ പോന്നവയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ രാഷ്ട്രീയപ്രതിനിധിയായതു കൊണ്ട് മാത്രം അത് കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. 2014ലെ വിജയത്തിനകത്തും തരൂരിന് നേരിയ ക്ഷീണമുണ്ടാക്കുകയും ചെയ്‌തു.

പക്ഷേ, വിജയിച്ച് പോയശേഷം ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ പുതിയൊരു കോർപ്പറേറ്റ് രാഷ്ട്രീയസംസ്കാരം ഉണ്ടാക്കിയെടുത്തെന്ന വിലയിരുത്തലുകൾ ശക്തമാണ്. കോർപ്പറേറ്റ് കമ്പനികൾ നടത്തുന്ന ചാരിറ്റി ധനസഹായപ്രവർത്തനങ്ങളുടെ വാർപ്പ് മാതൃക രാഷ്ട്രീയത്തിലും പരീക്ഷിച്ച് വിജയിപ്പിച്ചെടുത്തു തിരുവനന്തപുരത്തിന്റെ എം.പി എന്ന് പലരും പറയുന്നു. ഒന്നന്വേഷിച്ചാൽ അറിയാനാവുന്ന വസ്തുത, തിരുവനന്തപുരത്തിന്റെ ഈ എം.പിയുടെ ഓഫീസ് സാധാരണ കോൺഗ്രസുകാർക്ക് പോലും അപ്രാപ്യമാണ് എന്നുള്ളതാണ്. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതൊരു ദുഷ്കരമായ സംഗതിയാണ്. തരൂർ തുടർച്ചയായി മൂന്നാമതും വിജയിച്ച ശേഷമാണ് എം.പി ഓഫീസ് അങ്ങേയറ്റം പരിതാപകരമായ സ്ഥിതിയിലേക്ക് മാറിയിട്ടുള്ളത്. മണ്ഡലത്തെ മറന്നുപോയ എം.പി എന്ന പഴി കോൺഗ്രസുകാർക്കിടയിൽ തന്നെ ശക്തമാവുകയും അതിലുള്ള അമർഷം കനപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വരുന്നതും ശശി തരൂർ താരമാകുന്നതും മറ്റും.

എന്നാൽ മറുവശത്താകട്ടെ ശശി തരൂരിന്റെ ഗ്ലാമർ അനുദിനം കൂടിവന്നിട്ടേയുള്ളൂ. അന്താരാഷ്ട്രതലത്തിലെ ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ എന്ന സെലിബ്രിറ്റി പരിവേഷം, പാണ്ഡിത്യം നിറഞ്ഞ പ്രഭാഷണത്തിലൂടെ പേരെടുത്തയാൾ, സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ നിശിത വിമർശകൻ എന്നിങ്ങനെയെല്ലാമുള്ള വഴികളിലൂടെ ശശി തരൂരിന് സാംസ്കാരിക പൊതുമണ്ഡലത്തിലും സ്വീകാര്യത ഏറിക്കൊണ്ടിരുന്നു. കേരളത്തിൽ അതിന്റെ അനുരണനം സ്വാഭാവികമാണ്. എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അത് വിജയത്തോടടുത്ത തോൽവിയായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ശശി തരൂരിന് താരപരിവേഷം നേടിയെടുക്കാൻ ഈ തിരഞ്ഞെടുപ്പും സഹായിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും താഴെത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന അടിസ്ഥാനവർഗത്തിന്റെ രാഷ്ട്രീയനേതാവ് എന്ന പ്രതിച്ഛായ തരൂരിൽ നിന്ന് അകന്നുതന്നെ നിൽക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം, അദ്ദേഹത്തിന്റെയും കേരളത്തിലെ മുഖ്യധാരാ കോൺഗ്രസ് നേതാക്കളുടെയും രാഷ്ട്രീയനിലപാടുകളിലും വലിയ വൈരുദ്ധ്യം പ്രകടമാവുകയുമാണ്.

ഉദാഹരണത്തിന് തെക്കുവടക്ക് അർദ്ധ അതിവേഗ റെയിൽവേലൈൻ പദ്ധതിക്കാര്യം നോക്കുക. കേരളത്തിലങ്ങോളമിങ്ങോളം വലിയ അളവിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർത്തിവിട്ട ഒന്നാണ് ഈ പദ്ധതി. ഇതിലെ ജനവികാരത്തോട് ഏറെക്കുറെ പൂർണമായും മുഖം തിരിച്ചുനിന്നു ശശി തരൂർ. ഇടതുപക്ഷത്തിന് അവരുടെ രാഷ്ട്രീയനിലപാട്, അല്ലെങ്കിൽ പ്രകടനപത്രികാവാഗ്ദാനം എന്ന നിലയിൽ സിൽവർലൈൻ പദ്ധതിയെ തുണച്ചേ മതിയാവൂ. അപ്പോൾപ്പോലും പല ഇടതുപക്ഷനേതാക്കളും മനസ്സിൽ ചില്ലറ ശങ്കകളൊക്കെ പ്രകടിപ്പിക്കാതിരിക്കുന്നില്ല. ശശി തരൂർ അങ്ങനെയല്ലാത്തിടത്താണ് അദ്ദേഹത്തിന്റെ കോർപ്പറേറ്റ് സംസ്കാരം പ്രതിദ്ധ്വനിക്കുന്നതായി തോന്നിപ്പോവുക.

ശശി തരൂർ

എന്താവരുതായിരുന്നു

ശശി തരൂരിന്റേത് തീർച്ചയായും വിശ്വപൗരൻ പരിവേഷമാണ്. വലിയ എഴുത്തുകാരൻ, അന്താരാഷ്ട്രതലത്തിലെ ശ്രദ്ധേയനായ പ്രഭാഷകൻ. ആഴമേറിയ ചിന്തകൻ. ദേശീയവും അന്തർദ്ദേശീയവുമായ രാഷ്ട്രീയപ്രശ്നങ്ങളിൽ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്ന വ്യക്തി. (അതിലൊരു ഇടതുപക്ഷ വീക്ഷണം പ്രകടമാവുക സ്വാഭാവികം). ഇന്ത്യയുടെ ഫെഡറൽ തത്വസംഹിതയെക്കുറിച്ചും അതിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യപരമായ അപഭ്രംശങ്ങളെക്കുറിച്ചുമൊക്കെ ശശി തരൂരിന്റെ സൂക്ഷ്മനിരീക്ഷണങ്ങൾ തീർച്ചയായും പ്രശംസാവഹമാണ്. വഴികാട്ടിയാണ് ഇന്ത്യൻ സമൂഹത്തിന് അവയെല്ലാം എന്നതിൽ ഒരു തർക്കവുമില്ല.

ഇങ്ങനെയെല്ലാമുള്ളൊരു വ്യക്തി, തീർത്തും സങ്കുചിതമനസ്സോടെ കേരള രാഷ്ട്രീയത്തിൽ കളിക്കാനിറങ്ങുന്നുവെന്ന തോന്നലാണ് സമീപദിവസങ്ങളിലെ കലാപ്രകടനങ്ങൾ വിളിച്ചോതുന്നത്. കെ.പി.സി.സി എന്ന് പറയുന്നത് തീർച്ചയായും കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ സംഘടനാപരമായ ചട്ടക്കൂടാണ്. ആ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് സംഘടനാബോധം പ്രകടിപ്പിക്കുമ്പോഴാണ് രാഷ്ട്രീയപ്രവർത്തകരുടെ ജനാധിപത്യബോധം പ്രകാശിക്കുക.

കെ.പി.സി.സി നേതൃത്വത്തെ അറിയിക്കാതെ, കോഴിക്കോട്ടെ ഡി.സി.സിയോട് പോലുമാലോചിക്കാതെ, കോഴിക്കോട്ട് യൂത്ത് കോൺഗ്രസിനെക്കൊണ്ട് പരിപാടി സംഘടിപ്പിച്ചതിലെ ഔചിത്യക്കുറവിനേക്കാൾ അത് അതിന് മുമ്പ് മാദ്ധ്യമങ്ങളിലൂടെ മാർക്കറ്റ് ചെയ്ത ഔചിത്യക്കുറവാണ് സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴത്തെ കോളിളക്കങ്ങൾക്കൊക്കെ വഴിയൊരുക്കിയത് എന്ന് വേണം കരുതാൻ. ഇവിടെയുള്ള നിലവിലെ കോൺഗ്രസ് നേതാക്കളാരും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആശാവഹമല്ല.

എന്തൊക്കെ പറഞ്ഞാലും വി.ഡി. സതീശൻ കേരളത്തിലെ മികച്ച പാർലമെന്റേറിയനും രാഷ്ട്രീയസംഘാടകനും നല്ലപോലെ വായനയും അറിവും ഇന്ധനമാക്കി രാഷ്ട്രീയപ്രവർത്തനം നടത്തിപ്പോന്ന നേതാവുമാണ്. ജനാധിപത്യസംവിധാനത്തിൽ ഭരണകക്ഷിയോട് രാഷ്ട്രീയസംവാദത്തിലൂടെ ഏറ്റുമുട്ടാൻ പറ്റിയ ഏറ്റവും സാദ്ധ്യമായ ഇടം നിയമസഭാതലമാണ്. അവിടെ ഭരണകക്ഷിയെ കീറിമുറിക്കാൻ പോന്ന വാക്ചാതുരിയും നയചാതുരിയും സതീശനുണ്ട്. വിഷയാവതരണം വഴി പിഴച്ചുപോകാതിരിക്കാൻ നടത്തുന്ന ഗൃഹപാഠവും പ്രശംസനീയമാണ്. താഴെത്തട്ട് മുതൽ സംഘടനാപ്രവർത്തനത്തിലൂടെ കടന്നുവന്ന നേതാക്കൾ തന്നെയാണ് കെ. സുധാകരനായാലും രമേശ് ചെന്നിത്തലയായാലും മറ്റ് കേരളത്തിലെ ഏത് നേതാവായാലും. പ്രായോഗികരാഷ്ട്രീയത്തിന്റെ അവഗാഹവും ആഴവും കൈമുതലാക്കിയ നേതാക്കളെയെല്ലാം അകറ്റിനിറുത്തുന്നതിൽ ഒരു തരം അരാഷ്ട്രീയകൗശലമുണ്ട്. ശശി തരൂരിനെക്കൊണ്ട് ആര് ഇതൊക്കെ ചെയ്യിച്ചാലും അതൊന്നും നല്ലതിനാവില്ല. കെ. സുധാകരനൊക്കെ പ്രവർത്തകസമരങ്ങൾക്ക് വീര്യം കൊടുത്ത് സമരഭൂമികളിൽ ഇറങ്ങിയ ചരിത്രമുള്ളയാളാണ്.

യൂത്ത് കോൺഗ്രസിനെ സംസ്ഥാനത്ത് നയിക്കുന്ന ഷാഫി പറമ്പിലിനെ നോക്കൂ. അദ്ദേഹം യൂത്ത് കോൺഗ്രസ് സമരങ്ങളുടെ മുൻനിരയിൽ നിന്ന് പോരാടുമ്പോൾ സംഘടനയ്ക്കുണ്ടാക്കിക്കൊടുക്കുന്ന ആവേശമുണ്ട്. അത് ഇടതുപക്ഷ നേതാക്കളാണ് വളരെ ശക്തിയായി കാഴ്ചവയ്ക്കാറുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മറ്റും മുൻനിര നേതാക്കളല്ലേ സെക്രട്ടേറിയറ്റ്നടയിൽ സോളാർ വിവാദകാലത്ത് സമരം കിടന്നത്! പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ സമരങ്ങൾ കേരളത്തിലെ മറ്റേതെങ്കിലും രാഷ്ട്രീയനേതാവിന് പിൻപറ്റാനായിട്ടുണ്ടോ? ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അച്യുതാനന്ദന് വേറിട്ട ഇടമുണ്ട്.

പ്രതിപക്ഷം സമരങ്ങളേറ്റെടുത്ത് കൂടുതൽ ചലനാത്മകമാകണമെന്ന അഭിപ്രായങ്ങളോടൊക്കെ യോജിക്കുമ്പോഴും, സമൂഹമാദ്ധ്യമങ്ങളിലൂടെ മാത്രം രാഷ്ട്രീയതാരപരിവേഷം സിദ്ധിക്കുന്ന പുതിയ കോർപ്പറേറ്റ് സംസ്കാരത്തിന് സാമൂഹ്യ പൊതുബോധം അടിപ്പെട്ട് പോകുന്നത് ആശാവഹമായി തോന്നുന്നില്ല.

ശശി തരൂരിന്റേത് ഒരു തരം അർബൻ എലീറ്റ് ക്ലാസിന്റെ പരിവേഷമാണെന്ന് പറയുമ്പോൾ തന്നെ കേരളത്തിലെയും ഇന്ത്യയിലെയും വർദ്ധിച്ചുവരുന്ന ഉയർന്ന മദ്ധ്യവർഗസമൂഹത്തെ ആകർഷിക്കാൻ പോന്ന സിദ്ധികളൊക്കെ വശമുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. അതിനെ കോൺഗ്രസ് ആ അർത്ഥത്തിൽ വിശാലമായി ഉപയോഗപ്പെടുത്തുകയും വേണം. അതിന് ശശി തരൂരും ശരിയായ നിലയിലും കളങ്കമില്ലാതെയും പാകപ്പെടുമ്പോഴാണ് രാഷ്ട്രീയത്തിന് വൃത്തി കൈവരിക. കോൺഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂർ മാത്രമാണ് പോംവഴി എന്നൊക്കെ പറയുന്നത് ഇന്നത്തെ നിലയിൽ അർത്ഥശൂന്യമാണ്.

അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ശശി തരൂരിനെ തള്ളിപ്പറയരുത്. അദ്ദേഹത്തെ ഉൾക്കൊള്ളണം. എന്നാൽ ശശി തരൂരും മാനസികമായി കോൺഗ്രസിനോട് പാകപ്പെടേണ്ടതുണ്ട്.

വി.ഡി. സതീശൻ ഇടത് കോട്ടയായ പറവൂരിൽ അട്ടിമറിവിജയം 2001ൽ നേടിയ ആളാണ്. അതിപ്പോൾ തുടർച്ചയായ വിജയത്തിലൂടെ സ്വന്തം മണ്ഡലമാക്കി അദ്ദേഹം മാറ്റി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയനേട്ടം സതീശന്റെ സംഘാടകമികവിനും അവകാശപ്പെട്ടതാണ്. സിൽവർലൈൻ വിരുദ്ധ വികാരമൊക്കെ അതിലലയടിച്ചിട്ടുണ്ട്. കെ. സുധാകരന്റെ നേതൃത്വത്തിലല്ലേ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ അടുത്തിടെ കോൺഗ്രസ് വിജയിച്ചത്.

കോൺഗ്രസുകാരുടെ സങ്കുചിത ഗ്രൂപ്പ് രാഷ്ട്രീയക്കളിക്ക് ശശി തരൂരിനെ പോലെ ഒരു വലിയ മനുഷ്യൻ വഴങ്ങിക്കൊടുക്കുന്നത് ഒട്ടും നിഷ്കളങ്കമല്ല. അത് സ്വയം ചെറുതാകലാണ്.

തലസ്ഥാനത്തെ അടിത്തട്ടിലെ കോൺഗ്രസ് അണികൾക്കും സ്വീകാര്യനാവാനുള്ള പാകപ്പെടൽ ശശി തരൂരിൽ സംഭവിക്കണം. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ പരസ്യമായി ഫേസ്ബുക് പോസ്റ്റിട്ട, തിരുവനന്തപുരത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു ചെറിയ നേതാവായ തമ്പാനൂർ സതീഷിനെ ജനറൽ ആശുപത്രിയിലെ ആശുപത്രി വികസനസമിതിയിൽ നിന്ന് ഒഴിവാക്കുന്നത് പോലുള്ള ചെറിയ മനസ്സ് പ്രകടിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. എം.പിയുടെ പ്രതിനിധിയായി സതീഷിനെ നിയമിച്ച തരൂർ ഈയടുത്ത കാലത്ത് അദ്ദേഹത്തെ അതിൽ നിന്നൊഴിവാക്കിയതും സതീഷ് പരസ്യമായി തരൂരിനെതിരെ ആഞ്ഞടിച്ചതുമൊക്കെ തിരുവനന്തപുരത്ത് കേട്ടു. ശശി തരൂരിന് മുന്നിൽ തമ്പാനൂർ സതീഷ് ഒന്നുമല്ല. എന്നിട്ടും ഇങ്ങനെയൊക്കെയുള്ള സങ്കുചിത പകപോക്കൽ സംഭവിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്. അതിന്റെ മറ്റൊരു വിശാല പതിപ്പായിട്ടേ ഇപ്പോൾ നടന്നുവരുന്ന കോൺഗ്രസിലെ വിഴുപ്പലക്കലിനെ കാണാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THAROOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.