SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.49 PM IST

ആശാനോടാണു കളി!

opinion

കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അറിയാത്തവരല്ല കോൺഗ്രസുകാരെങ്കിലും കമ്മ്യൂണിസ്റ്റുകാർ ഇമ്മാതിരി പണിയൊപ്പിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. കേന്ദ്രത്തെ സുഖിപ്പിച്ച് സംസ്ഥാനത്തിനു വേണ്ടി അല്ലറചില്ലറ ഒപ്പിക്കാൻ ഡൽഹിയിലെ കേരള ഹൗസിൽ കാബിനറ്റ് മന്ത്രിയായി സാമ്പത്തിക വിദഗ്ദ്ധനും മത്സ്യഗവേഷകനുമായ തോമസ് മാഷിനെ നിയമിച്ചത് കടന്നകൈയായിപ്പോയി. ചില്ലറക്കാരനല്ല മാഷെന്ന് കോൺഗ്രസുകാർക്കറിയാം. സാമ്പത്തിക മേഖലയിലെ ത്രികാല ജ്ഞാനിയായ മനോമോഹന സിംഹനെ വരെ വിസ്മയിപ്പിച്ച കക്ഷിയാണ്. കോളേജ് പിള്ളാരെ ക്ലാസ് മുറിയിൽ കൈകാര്യം ചെയ്യുംപോലെ ബി.ജെ.പിക്കാരെ പ്രത്യേക ഏക് ഷനിലൂടെ വശീകരിച്ച് നമ്മുടെ ആൾക്കാരാക്കാൻ കഴിയുന്ന ആൾ. എത്ര ആഞ്ഞുപിടിച്ചാലും കേരളത്തിനു ഡൽഹിയിലുള്ള പിടി ഇടയ്‌ക്കൊക്കെ അയഞ്ഞുപോകുന്ന വലിയ പ്രശ്‌നത്തിന് ഇതോടെ തീരുമാനമാകും.
കാര്യങ്ങൾ കോൺഗ്രസിന്റെ കൈയിലായിരുന്നപ്പോൾ കേരളത്തിലെ ഖദറുകാരായിരുന്നു ഡൽഹിയിലെ കാര്യസ്ഥൻമാർ. കേരളമെന്നു കേട്ടാൽ വടക്കൻ മാമന്മാർ നടുങ്ങുമായിരുന്നു. കേരളത്തിലെ ചെമ്മീനും തിരുതയ്ക്കുമൊക്കെ ഡൽഹിയിൽ മന്ത്രിമാരേക്കാൾ ഗ്ലാമറുള്ള വണ്ടർഫുൾ ഓൾഡ് ഡെയ്സ്. തിരുതയുടെ തല, നടുക്കഷണം, വാൽഭാഗം എന്നിവ പ്രധാനമന്ത്രി, സൂപ്പർ പ്രധാനമന്ത്രി, ജൂനിയർ പ്രധാനമന്ത്രി എന്നിവരുടെ സദസുകളിലേക്ക് ഊഴം കാത്തിരുന്നത് കണ്ട് അടുക്കളയിൽ ചാളയും അയലയുമൊക്കെ അസൂയയോടെ നോക്കി നെടുവീർപ്പിട്ടിരുന്ന കാലം. എത്ര പെട്ടെന്നാണ് അതൊക്കെയങ്ങ് മാറിയത്. പൊടിമീന് പോലും കേന്ദ്രത്തിലെ ഇപ്പോഴത്തെ മൂപ്പൻമാരുടെ സദസിൽ പ്രവേശനമില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് തോമസ് മാഷിനെ ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ചതെന്നാണ് കോൺഗ്രസുകാർക്ക് മനസിലാകാത്തത്.

ചവിട്ടും തൊഴിയുമുള്ള പശുവിന്റെ അടുത്തുചെന്നു തലയിലും താടിയിലുമൊക്കെ സുഖിപ്പിച്ചങ്ങ് ചൊറിഞ്ഞുകൊടുത്താൽ ശൊറു ശൊറോന്നു പാലു ചുരത്തുമെന്ന് വിപ്ലവബോധമുള്ള കർഷകരുടെ പാർട്ടിയായ സി.പി.എമ്മിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതേതന്ത്രം ഇറക്കേണ്ട രീതിയിൽ ഇറക്കി രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സ്വന്തം പാർട്ടിയിൽ ആരും അത്രപോരെന്നു തോന്നിയപ്പോൾ നടത്തിയ പ്രയോഗമാണിത്. കേന്ദ്രത്തിലെ താടിക്കാരുടെ അടുത്തുകൂടി തഞ്ചത്തിൽ ഇടയ്ക്കിടെ സംഭാവനയായി എന്തെങ്കിലും തരാക്കിയാൽ കേരളത്തിന് വലിയൊരു താങ്ങാകും. ഇക്കാര്യത്തിൽ മാഷ് അതിവിദഗ്ദ്ധനാണ്. ഇല്ലാത്തൊരു മണ്ഡലത്തിൽ നിന്ന് വല്ലാത്തൊരു ചാട്ടം ചാടിയാണ് കേരളഹൗസിലെ കാബിനറ്റ് മന്ത്രിയുടെ കസേരയിലെത്തിയത്.


ഭീഷണിപ്പെടുത്തി കാര്യം സാധിക്കുക, തക്കം നോക്കി പണിയുക, വേറെ പാർട്ടി രൂപീകരിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികൾ കോൺഗ്രസ് പാരമ്പര്യമല്ലാത്തതിനാൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ള സംശുദ്ധ നേതാക്കൾക്കുള്ള എതിർപ്പ് സ്വാഭാവികം. ഒരുപാട് പാരകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും ഇമ്മാതിരി ഏർപ്പാടുകൾക്ക് പോകാത്ത അത്യപൂർവ നേതാക്കളിലൊരാളാണ് ലീഡറുടെ മോൻ. കോൺഗ്രസിനു വഴിതെറ്റിയപ്പോൾ തിരുത്താൻ കരഞ്ഞുപറയുന്നതായിരുന്നു മൂപ്പരുടെ രീതി. എന്നിട്ടും നേതാക്കൾക്കു കാര്യങ്ങൾ മനസിലാകാതിരുന്നപ്പോൾ പാർട്ടിയിൽനിന്നു പുറത്തിറങ്ങി ഉപദേശിച്ചു. ഓടുന്ന വണ്ടിയുടെ അകത്തിരുന്ന് അതുമിതും പറഞ്ഞ് ഡ്രൈവറെ വഴിതെറ്റിക്കാതെ, പുറത്തിറങ്ങി റൂട്ട് ക്ലിയറാക്കാൻ ഉപദേശിക്കുന്നതാണ് നല്ലതെന്ന് ആർക്കാണറിയാത്തത്. ഒറ്റയ്ക്കു നിൽക്കാനൊരു താങ്ങുവേണമെന്നു തോന്നിയതുകൊണ്ടു മാത്രമാണ് ഡി.ഐ.സി എന്ന പാർട്ടിയുണ്ടാക്കിയത്. പേടിച്ചുപോയ ചെന്നിത്തലയും കൂട്ടരും ഡിക്ക് പാർട്ടിയുടെ പേരിൽ എന്തൊക്കെ അപഖ്യാതികളാണ് പറഞ്ഞുപരത്തിയത്. സംശുദ്ധ കോൺഗ്രസുകാരനായ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ ഒപ്പം കൂടി സംഗതി ജോറാക്കുകയും ചെയ്തു.
തിരുത മീൻ നൽകി വേണ്ടപ്പെട്ടവരെയും എതിരാളികളെയും വശീകരിക്കുന്നുവെന്ന ആരോപണമാണ് മാഷിനെതിരെ മാന്യന്മാർക്കുള്ളത്. അതുകൊണ്ടു തന്നെ തികഞ്ഞ ഗാന്ധിയൻമാർ തിരുതക്കറി തീർത്തും ഒഴിവാക്കി ബീഫിലേക്കു മാറി. സോഷ്യലിസ്റ്റ് നിയമവ്യവസ്ഥയിൽ കടലിലെ കാളാഞ്ചിയും തിരുതയും കരയിലെ കാളയും സമന്മാരാണ്.
മാഷിനു പ്രായം വല്ലാതെ കൂടിപ്പോയെന്നാണ് യൂത്തന്മാരുടെ പ്രധാന ആരോപണം. ചെറുപ്പക്കാരായ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുനൻ, ആസ്ഥാന അദ്ധ്യക്ഷ സോണിയാജി, ഭാവി പ്രധാനമന്ത്രി രാഹുൽജി, ഭാവി ഉപപ്രധാനമന്ത്രിമാരായ പ്രിയങ്കാജി, വധേരാജി, കേരള സിംഹങ്ങളായ സുധാകർജി, രമേശ്ജി, മുരളിജി എന്നിവരെയെല്ലാം കണ്ടുപഠിക്കണം. കോൺഗ്രസിലെ നിത്യവസന്തമായ ഇവർ ഒത്തിരി ഐഡിയകൾ ഉള്ളതുകൊണ്ടാണ് തുടരുന്നത്. മാഷിന്റെ കൈയിൽ പുതിയ ഐറ്റംസ് എന്തുണ്ടെന്ന ഇവരുടെയൊക്കെ ചോദ്യത്തിൽ കാര്യമില്ലാതില്ല. ഹൗസ് ബോട്ടുകൾ കൂടിയതോടെ കൊച്ചിയിലെ തിരുതയ്ക്കും ചെമ്മീനുമൊക്കെ രുചിയില്ലാതായെന്നത് സത്യമാണ്. കക്കയിറച്ചിക്കു പോലും മണ്ണെണ്ണച്ചുവ!. ഇത്തരമൊരു സാഹചര്യത്തിൽ മാഷിന്റെ കാലം കഴിഞ്ഞെന്നു പിള്ളേരുസെറ്റ് പറഞ്ഞപ്പോഴാണ് ശിഷ്ടകാലം ധ്യാനംകൂടി കഴിയട്ടെയെന്ന് നേതൃത്വം തീരുമാനിച്ചത്. വലയെറിയാനും വലപൊട്ടിക്കാനും മാഷിന് അറിയാമെന്ന കാര്യം പിള്ളേർക്കറിയില്ല. ഫ്രഞ്ച് ചാരൻ എന്നു വിളിച്ചപ്പോഴും എൻഡോസൾഫാൻ ആരോഗ്യത്തിനു നല്ലതാണെന്നു പറഞ്ഞെന്നാരോപിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടും മാഷ് കുലുങ്ങിയിട്ടില്ല. പിന്നെയാണിത്.
എതിരാളികളോടു ശത്രുത പാടില്ലെന്നും സുഖിപ്പിച്ചു കൂടെനിൽക്കുന്നവന്മാർ തരംകിട്ടിയാൽ പണിതരുമെന്നും രാഷ്ട്രീയഗുരു സാക്ഷാൽ ലീഡർ നൽകിയ ഉപദേശമാണ് മാഷിന്റെ കരുത്ത്. ഇപ്പുറത്തിരുന്നു കുശാലായി തട്ടുമ്പോഴും അപ്പുറത്തെ ഇലയിൽ കണ്ണെറിയുകയും വിളമ്പുകാരനെ ഇടയ്ക്കിടെ സൈറ്റടിച്ചു കാണിക്കുകയും വേണം. ഉണ്ണുന്നതിനിടെ ആരെങ്കിലും ഇലയിൽ തുപ്പിയാലും ചെവിക്കുപിടിച്ച് ഇറക്കിവിട്ടാലും അപ്പുറത്തൊരു കസേര കണ്ടുവയ്ക്കണം.
മൂത്തുപോയ നേതാക്കൾ പിരിഞ്ഞു പോകാത്തതിനാൽ കോൺഗ്രസിന്റെ വളർച്ച മുരടിക്കുന്നെന്ന് യൂത്തന്മാർ പറഞ്ഞുതുടങ്ങിയിട്ട് കുറേക്കാലമായി. ആ പേരും പറഞ്ഞ് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്ന പി.ജെ. കുര്യനെ പുകച്ചു പുറത്തുചാടിച്ചതോടെ കുറച്ച് ആശ്വാസമായി. അടുത്തപണി നമുക്കിട്ടുവരുമെന്ന് അന്നേ മാഷിനു തോന്നിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലെത്തിച്ചും ലോക്‌സഭയിൽ നിന്നു തോറ്റോടിയവരെ രാജ്യസഭയിലും നിയമസഭയിലും എത്തിച്ചും മാതൃകയായ കോൺഗ്രസിൽ മാഷ് വലിയൊരു രാജ്യദ്രോഹം നടത്തിയതാണ് പ്രശ്‌നമായത്. സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്ത് കോൺഗ്രസിന്റെ നിലപാട് പറഞ്ഞത് വലിയ മോശമായിപ്പോയെന്നാണ് യൂത്തന്മാരുടെ അഭിപ്രായം. അടുത്തതവണ കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ രഹസ്യതന്ത്രങ്ങളും മന്ത്രിമാരാകേണ്ടവരുടെ നീണ്ടലിസ്റ്റും കമ്യൂണിസ്റ്റുകാർക്ക് ചോർത്തിക്കൊടുക്കുമോ എന്നായിരുന്നു അവരുടെ പേടി. കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ മോദിജിയുടെ സ്വന്തം ആൾക്കാരാണ്. മോദിജിയുടെയും വിജയൻജിയുടെയും കെണിയിൽ വീണ മാഷിനെ അങ്ങനെയാണ് പടിക്കു പുറത്താക്കിയത്.
കോൺഗ്രസിന്റെ ആസ്ഥാന എം.പിമാർ ഡൽഹിയിലെ തണുപ്പിൽ വട്ടംകൂടിയിരുന്ന് തീകാഞ്ഞ് പക്കാവട തിന്നുമ്പോൾ കാബിനറ്റ് റാങ്കോടെ സ്റ്റേറ്റ് കാറിൽ മാഷ് കറങ്ങുന്നതും മോദിജിയെയും 'ഷാജിയെയും' കെട്ടിപ്പിടിച്ച് കൊച്ചുവർത്തമാനം പറയുന്നതും കാണേണ്ടിവരുന്നതിലാണ് സങ്കടം. പാർലമെന്റിനെ വല്ലാതെ വെറുത്തുപോയതിനാൽ ഇനി മത്സരിക്കില്ലെന്നും പാർട്ടി നിർബന്ധിച്ചാലുമില്ലെങ്കിലും സംസ്ഥാന നിയമസഭയിലേ ഇരിക്കൂ എന്നും തീരുമാനിച്ചത് അതുകൊണ്ടാണ്.

രാശിമാറി

ഡൽഹി ശശി

ലോകത്ത് എവിടെനിന്നു മുകളിലോട്ടു നോക്കിയാലും കാണാവുന്ന സുന്ദരനാണ് ഭൂമിയുടെ ഇന്റർനാഷണൽ പ്രതിനിധിയായ ചന്ദ്രൻ അഥവാ ശശി. അറുപതുകളിൽ കേരളത്തിലെ സകല സുന്ദരന്മാർക്കും ഈ പേരായിരുന്നു. രാശിയുള്ള ഈ പേരുണ്ടെങ്കിൽ ആളെ പിടിച്ചാൽ കിട്ടില്ലെന്ന് ചില ജ്യോതിശാസ്ത്ര ശിരോമണികൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംഗതി സത്യമാണെന്ന് മലയാളികൾക്കു മാത്രമല്ല, ലോകത്തിനു മൊത്തം ഇപ്പോൾ മനസിലായി. അതാണ് തരൂർ ശശി.
'തരൂ' ഒരവസരം കൂടിഎന്നു ശശി വീണ്ടുംവീണ്ടും പറഞ്ഞിട്ടും കോൺഗ്രസുകാർ കേൾക്കുന്നില്ല. ഒരേസമയം പാലക്കാട്ടുകാരനും തിരുവന്തോരംകാരനും ഡൽഹിക്കാരനും വിശ്വപൗരനും ആകാൻ കഴിയുന്ന ഒരേയൊരു ആളേ ഈ ലോകത്തുള്ളൂ എന്നു കോൺഗ്രസുകാർക്കൊഴികെ സകലർക്കുമിറിയാം. പക്ഷേ, കൂടുതൽ സുഖിപ്പിച്ചാൽ കുഴപ്പമാണ്. സൂചിപ്പഴുതു കിട്ടിയാൽ അതുവഴി നുഴഞ്ഞുകയറി കൊള്ളാവുന്ന ഏതെങ്കിലും കസേരയിലിരിക്കുകയും അടുത്തുള്ള കസേരകളുടെ ആണിയൂരി, ഇരിക്കുന്നവരെ വീഴ്ത്തുകയും ചെയ്യുന്ന കീഴ്‌വഴക്കമുള്ള പാർട്ടിയായതിനാലാണ് ഇങ്ങനെയൊരു പേടി. ഇന്റർനാഷണൽ കസേരകളിൽ ഇരുന്നുവെന്നല്ലാതെ ശശിക്കു ഗ്രൗണ്ട് ലെവലിൽ പരിചയമില്ലെന്ന് ഗ്രൂപ്പുകൾ മാറ്റിവച്ച് കേരളത്തിലെ ആസ്ഥാനനേതാക്കൾ പറയുന്നതിൽ കാര്യമില്ലാതില്ല. ആദ്യം തറ ടിക്കറ്റ്, പിന്നെ ബെഞ്ച്, സെക്കൻഡ് ക്ലാസ്, ഏറ്റവുമൊടുവിൽ ബാൽക്കണി അല്ലെങ്കിൽ ബോക്‌സ് അങ്ങനെയൊക്കെയാണ് സിനിമാ കൊട്ടകയിലെ പോലും ഇരിപ്പുവശം. അതൊന്നുമില്ലാതെ പാർട്ടി പ്രസിഡന്റാകാനും മുഖ്യമന്ത്രിയാകാനുമൊക്കെ വന്നാൽ ഇച്ചിരി പുളിക്കും.
കക്ഷിയുടെ ചിരിയും സംസാരവും കാണുമ്പോൾ നാലുപേർ കേൾക്കെ എന്തെങ്കിലും പറഞ്ഞ് ഒതുക്കണമെന്നുണ്ടെങ്കിലും പണിപാളും. എന്തെങ്കിലും ചോദിച്ചുപോയാൽ കടിച്ചാൽപൊട്ടാത്ത ഇംഗ്ലീഷിൽ മറുചോദ്യങ്ങൾ ചോദിച്ചു നാറ്റിച്ചുകളയും. കക്ഷി നന്നായി മലയാളം പറഞ്ഞുതുടങ്ങിയതാണ് മറ്റൊരു തലവേദന. ആൾ എന്തുപറഞ്ഞാലും അതൊക്കെ വലിയ വാർത്തയാക്കുകയും നമ്മൾ നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും ടൂ ലൈൻസിൽ ഒതുക്കുകയും ചെയ്യും.
കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിക്ക് ഏതെങ്കിലും കസേരയിൽ ഒതുക്കുന്നതാണ് ബുദ്ധിയെന്ന് ആസ്ഥാന വിദ്വാൻമാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇന്റർനാഷണൽ താരത്തെ നാഷണൽ താരമാക്കി ഡൽഹിയിൽ ഒതുക്കുക. ഇനിയുള്ള കാലത്ത് ഡൽഹിയിൽ വലിയ സ്‌കോപ്പില്ലാത്തതിനാൽ സകലരും നാട്ടിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ആ ഗ്യാപ്പിൽ എം.പിയായി കക്ഷിയെ ഡൽഹിയിൽ കുടിയിരുത്തിയാൽ രണ്ടുണ്ട് കാര്യം. പാർലമെന്റിലെ ഹിന്ദിക്കാരെ ഇംഗ്ലീഷ് പറഞ്ഞ് പറപ്പിക്കാം, മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ് കസേരകൾ സേഫ് ആക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THAROOR AND K V THOMAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.