SignIn
Kerala Kaumudi Online
Thursday, 25 April 2024 8.49 PM IST

കൊവിഡിനെ അകറ്റാം, സ്‌കൂളിലിരുന്ന് പഠിക്കാം

s

'കാലായാതി ഗൃഹീത്വാസർവം ' (കാലം എല്ലാം കവർന്നെടുത്തു പോകുന്നു ) എന്ന് ശങ്കരാചാര്യർ പറഞ്ഞിട്ടുള്ളത് എത്ര അന്വർത്ഥമായ സന്ദേശമാണ്.... ! ഈ കൊവിഡ് കാലവും കടന്നുപോകും എന്ന ആശ്വാസത്തിലാണ് നമ്മളെല്ലാവരും .ആ കാത്തിരിപ്പിനു രണ്ടുവയസാകുന്നു എന്നത് യാഥാർത്ഥ്യമാണെങ്കിലും ഈ കാലവും അതിജീവിച്ചു നാം മുന്നേറിയേ മതിയാകൂ. എത്രയെത്ര മഹാമാരികൾ , പ്രകൃതിദുരന്തങ്ങൾ , മഹായുദ്ധങ്ങൾ ഒക്കെ ഈ ഭൂമിയിലെ ഓരോ ജനവിഭാഗത്തെയും ഓരോ കാലഘട്ടങ്ങളെയും വിനാശത്തിലേക്ക് നയിച്ചിട്ടുണ്ട് . കീഴടങ്ങാൻ നാം തയ്യാറല്ലാത്തിടത്തോളം കാലം ഒരു ശക്തിക്കും നമ്മെ പരാജയപ്പെടുത്താനാകില്ല എന്നത് ജീവിത യാഥാർത്ഥ്യമാണ്. വിനാശങ്ങളും പ്രതിസന്ധികളും കഠിനപ്രയാസങ്ങളും അതിദുഃഖങ്ങളും അതിജീവിച്ചു നാം മുന്നേറും . അതുകൊണ്ടാണല്ലോ മഹാകവി കുമാരനാശാൻ 'ഒരുവേള പഴക്കമേറിയാ

ലിരുളും മെല്ലെ വെളിച്ചമായ് വരും ...' എന്ന സത്യം വിളിച്ചു പറഞ്ഞത് . കൊവിഡെന്ന ഇരുട്ടിനെ വെളിച്ചമാക്കി മാറ്റാൻ നമുക്കാവണം.

ഈ മഹാമാരി നൽകിയ തിരിച്ചറിവുകളും പാഠങ്ങളും ഉൾക്കൊണ്ടു വേണം ഇനിയുള്ള ജീവിതക്രമം ചിട്ടപ്പെടുത്തേണ്ടത് . ഇനിയും മഹാമാരിക്ക് മുന്നിൽ പകച്ചു മാറിനിൽക്കുന്നത് മുന്നോട്ടുള്ള ജീവിതത്തെ ആകമാനം പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും സ്ക്കൂളുകൾ തുറക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചത്.
ആഗസ്റ്റ് 31 -ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിദേശത്തു നിന്നുൾപ്പെടെയുള്ള വിദഗ്ദ്ധർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലെ ശ്രദ്ധേയമായി നിർദേശം സ്‌കൂളുകൾ തുറക്കാനുള്ള പരിശ്രമം സംസ്ഥാന സർക്കാരിന് ആരംഭിക്കാം എന്നതാണ് .ഏറെ ആശാവഹമായ നിർദേശമായി കേരളം ഒന്നടങ്കം അതിനെ സ്വാഗതം ചെയ്തു. ഡോ .ബി.ഇക്ബാൽ നയിച്ച ചർച്ചയിൽ പങ്കെടുത്ത വിദഗ്ധരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞത് കേരളത്തിലെ പ്രതിരോധപ്രവർത്തനം മാതൃകാപരമാണെന്നാണ്. ഐ.സി.എം.ആർ ദേശീയതലത്തിൽ നാലുവട്ടം നടത്തിയ സീറോ പ്രിവലൻസ് സർവേ ഫലങ്ങളിലും ഏറ്റവും കുറച്ചുപേർക്ക് രോഗം പകർന്ന സംസ്ഥാനവും കേരളമാണ് എന്ന വസ്തുതയും വിദഗ്ദ്ധർ ചർച്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മരണനിരക്ക് കുറവായതിനാൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് അമിതമായ ആശങ്കയുണ്ടാക്കേണ്ട കാര്യമല്ലെന്നും അവർ വ്യക്തമാക്കി.കേരളത്തിലെ വാക്‌സിനേഷൻ പ്രക്രിയ ഏറ്റവും മികച്ചനിലയിൽ മുന്നേറുന്നുമുണ്ട് .അതിനാൽ തന്നെ രോഗവ്യാപനത്തോത് ഉടനടി കുറയും എന്ന പ്രത്യാശയും നമുക്ക് മുന്നിലുണ്ട് .

ആശങ്കകളും പരിഹാരങ്ങളും

പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെ ഏകദേശം നാല്പത്തിയെട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഉള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഒന്നരവർഷത്തോളമായി സ്‌കൂളുകൾ അടഞ്ഞു കിടന്നതിനാലും കുട്ടികളുടെ സമ്പർക്കമേഖലകൾ കുറവായതിനാലും വീടുകളുടെ സുരക്ഷിതത്വം അവരിൽ ഉണ്ടായിരുന്നതിനാലും നമ്മുടെ കുഞ്ഞുങ്ങൾ കൊവിഡ് വൈറസിന്റെ വലയങ്ങളിൽ പെട്ടില്ലെന്ന യാഥാർഥ്യം നമുക്കെല്ലാം ആശ്വാസം തരുന്നു.
2021 ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പത്താം ക്ലാസ് , പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഷിഫ്റ്റടിസ്ഥാനത്തിലും നിയന്ത്രണം പാലിച്ചും വിദ്യാലയങ്ങളിൽ പഠന സൗകര്യം നൽകിയ വേളയും മാർച്ചിലെ പരീക്ഷാക്കാലവും ഏറെ സ്തുത്യർഹമായ വിധത്തിൽ കേരളത്തിലെ അധ്യാപകസമൂഹം ഒറ്റക്കെട്ടായിത്തന്നെ ആശങ്കകൾ ഇല്ലാതെ തരണം ചെയ്തു എന്ന സത്യം ഏറെ അഭിമാനകരമാണ്.

ഓണക്കാലം കഴിയുമ്പോൾ കൊവിഡ് വ്യാപനം ക്രമാതീതമായ വിധത്തിൽ ആശങ്കയുണ്ടാക്കുമെന്ന് നാം ഭയപ്പെട്ടിരുന്നെങ്കിലും ഓണത്തിന് ശേഷം മൂന്നാഴ്ച പിന്നിടുമ്പോൾ അത്തരത്തിൽ ഒരു ഭയപ്പെടുത്തുന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ല. കർശനമായ നിയന്ത്രണങ്ങളും കരുതലും ജാഗ്രതയും പാലിച്ചുകൊണ്ട് നാം മുന്നോട്ടു പോയാൽ തീർച്ചയായും സുഗമമായൊരു സ്‌കൂൾ കാലം നമുക്ക് ആസ്വാദിക്കാം.


വിദ്യാർത്ഥികൾ ഓർത്തിരിക്കാൻ

• സ്‌കൂളിലേക്കുള്ള യാത്രയിലും വിദ്യാലയത്തിലെ ഇടപഴകലുകളിലും തിരിച്ചുള്ള യാത്രയിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.


• കൂട്ടുകാരുമായുള്ള സംസാരത്തിലും തമാശ പങ്കിടലിലും ഒരു കാരണവശാലും മാസ്‌കുകൾ മാറ്റാതിരിക്കുക. മാസ്‌കാണ് നമ്മുടെ പ്രധാനരക്ഷ എന്ന മന്ത്രം നമ്മുടെ ജീവിതചര്യയായി മാറണം


• അവരവർക്കുള്ള കുടിവെള്ളം, ഭക്ഷണം എന്നിവ കരുതണം .ഒരു കാരണവശാലും അവ കൈമാറാനോ പങ്കിടാനോ തയ്യാറാകരുത്. (പരസ്പര സ്‌നേഹം നമുക്ക് തത്‌കാലം മനസിലും വാക്കിലും ഒതുക്കാം. നമ്മുടെയും കൂട്ടുകാരുടെയും സുരക്ഷിതത്വമാണ് ഇപ്പോൾ പ്രധാനം എന്നത് മറക്കരുത് )


• പുസ്തകങ്ങൾ ,പേന ,ബാഗ് മുതലായ പഠന സാമഗ്രികളും പരസ്പരം മാറ്റി ഉപയോഗിക്കാൻ ശ്രമിക്കരുത് .


• പുറത്തു കടകളിൽ കയറുകയോ മിഠായി ഉൾപ്പെടെയുള്ള ഒരു സാധനങ്ങളും വാങ്ങാനോ ഉപയോഗിക്കാനോ ശ്രമിക്കരുത് .


• സ്‌കൂളിൽ വെച്ച് എന്താവശ്യമുണ്ടെങ്കിലും അധ്യാപകരോട് പറയാൻ മടിക്കരുത് .

( ലേഖകൻ തിരുവനന്തപുരം വെയിലൂർ ഗവ.ഹൈസ്ക്കൂൾ അദ്ധ്യാപകനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL OPENING
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.