SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.27 AM IST

പുട്ടിന് മീതെ പറക്കുന്ന സെലെൻസ്കി

photo

പതിന്നാലാം വയസിൽ സഹപാഠിയുടെ കാൽ തല്ലിയൊടിച്ച പുട്ടിൻ അതിന് അദ്ധ്യാപികയ്ക്ക് നൽകിയ വിശദീകരണം: “ചിലർക്ക് അടിയുടെ ഭാഷ മാത്രമേ മനസിലാകൂ" എന്നാണ്. അടിച്ചൊതുക്കുക എന്നതാണ് വ്ളാഡിമിർ പുട്ടിന്റെ തത്വശാസ്ത്രം. 2015 ൽ റഷ്യയുടെ പ്രസിഡന്റ് ആയപ്പോഴും പുട്ടിന്റെ ഭാഷ മാറിയില്ല: “ഏറ്റുമുട്ടൽ ഒഴിവാക്കാനായില്ലെങ്കിൽ ആദ്യം അടിക്കണം" എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ജൂഡോയും മാർഷൽ ആർട്സും പരിശീശീലിച്ചിട്ടുള്ള പുട്ടിൻ അതിന്റെ പ്രയോഗമാണ് രാഷ്ട്രീയത്തിലും പകർത്തിയത്. റഷ്യയുടെ പ്രതാപം തിരിച്ചുപിടിക്കണമെന്ന് കാർക്കശ്യമുണ്ട് പുട്ടിന്. 'എതിരാളികൾ ചുവടുവയ്ക്കും മുൻപേ അടിച്ചൊതുക്കുക.' എന്ന തന്ത്രമാണ് അതിനായി പുട്ടിൻ ആവിഷ്കരിച്ചത്. അതിന്റെ ബീഭത്സമായ പ്രയോഗമാണ് യുക്രെയിനിൽ നടമാടുന്നത്.

പ്രധാനമന്ത്രിയായും പ്രസിഡന്റായുമുള്ള രണ്ടു പതിറ്റാണ്ടുകാലത്തെ ഭരണത്തിലൂടെ സർവഅധികാരങ്ങളും ഒരാളിൽ കേന്ദ്രീകരിക്കുന്ന ഏകാധിപത്യത്തിലേക്കാണ് പുട്ടിൻ റഷ്യയെ മാറ്റിയത്. നാലാം വട്ടവും പ്രസിഡന്റായ പുടിൻ 2024 ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. അതിനിടെ റഷ്യയിൽ ഉയർന്നുവന്ന വിമതശബ്ദങ്ങളെയെല്ലാം പുടിൻ അടിച്ചമർത്തി. ഒട്ടേറെ മാദ്ധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടി. നാവികസേന ഉദ്യോഗസ്ഥനായിരുന്ന വ്ലാഡിമിർ സ്പിരിഡണോവിച്ച്(Vladimir Spiridonovich Putin)ന്റെയും ഫാക്ടറി തൊഴിലാളിയായിരുന്ന മരിയ ഇവാനോവ(Maria Ivanovna Putina) യുടെയും മകനായി 1952 ഒക്ടോബർ ഏഴിന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ ജനിച്ച പുട്ടിന് കുറ്റാന്വേഷകനാകണമെന്നായിരുന്നു ആഗ്രഹം. ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തുമ്പോൾ അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു.

അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലം പോലും ഉണ്ടായിരുന്നില്ല ജന്മനാടിന്റെ അഭിമാനനക്ഷത്രമായി ഉയർന്ന വൊളോഡിമിർ സെലെൻസ്‌കിക്ക്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിലെ കിഴക്കൻ മേഖലയിലുള്ള, റഷ്യൻ ഭാഷ സംസാരിക്കുന്ന ജൂത കുടുംബത്തിൽ ജനിച്ച വ്ളോഡിമിർ സെലെൻസ്‌കിയുടെ പിതാവ് പ്രൊഫസറും മാതാവ് എൻജിനീയറുമായിരുന്നു. സോവിയറ്റ് ചെമ്പടയുടെ കാലാൾപടയാളിയായി ജർമ്മനിക്കെതിരെ യുദ്ധം ചെയ്ത ആളാണ് സെലെൻസ്‌കിയുടെ മുത്തച്ഛൻ. പിതാവിനെയും മൂന്ന് സഹോദരങ്ങളെയും ഹിറ്റ്‌ലർ നയിച്ച നാസിപ്പടയുടെ കൂട്ടക്കുരുതിയിൽ നഷ്ടപ്പെട്ടയാൾ കൂടിയാണ് ഈ മുത്തച്ഛൻ. പക്ഷേ, ആ വഴിക്കൊന്നുമായിരുന്നില്ല സെലെൻസ്കിയുടെ മോഹവും യാത്രകളും. നിയമബിരുദം നേടിയ സെലെൻസ്കി ആ വഴിയിലും മുന്നോട്ടുപോയില്ല. കൗമാരകാലം മുതൽ ഇഷ്ടപ്പെട്ടിരുന്ന കോമഡി ഷോകളിലായിരുന്നു കമ്പം. സ്വന്തമായി ഒരു സ്റ്റുഡിയോ സ്ഥാപിച്ച അദ്ദേഹം യുക്രെയിൻ ടിവി ചാനലുകൾക്കുവേണ്ടി കോമഡി പ്രോഗ്രാമുകൾ നിർമ്മിച്ചു. അവയിൽ അഭിനയിക്കുക കൂടി ചെയ്ത സെലെൻസ്കിക്ക് സിനിമകളിലും നല്ല അവസരങ്ങൾ ലഭിച്ചതോടെ ജനങ്ങൾക്ക് പ്രിയപ്പെട്ട കൊമേഡിയനായി. അതിനിടെ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായി.

2015ൽ സെലൻസ്കി നായകനായ 'സെർവന്റ് ഓഫ് ദി പീപ്പിൾ' എന്ന ടെലിവിഷൻ പരമ്പര പുറത്തുവന്നതോടെ അദ്ദേഹം പോലുമറിയാതെ ഒരു രാഷ്ട്രീയക്കളരി രൂപപ്പെടുകയായിരുന്നു. ഒരദ്ധ്യാപകൻ അഴിമതിക്കെതിരെ പ്രതികരിക്കുന്നതിന്റെ വീഡിയോ 'വൈറലാ'വുന്നതും അങ്ങനെ പ്രശസ്തനായിമാറിയ അദ്ദേഹം യുക്രെയിന്റെ പ്രസിഡന്റാവുന്നതുമാണ് അതിലെ പ്രതിപാദ്യം. ഇത് വലിയ വിജയമായതോടെ അതിൽ അദ്ധ്യാപകനായി അഭിനയിച്ച സെലെൻസ്കി ആ പരമ്പരയുടെ പേരിൽത്തന്നെ 2018ൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപംനൽകി-'സെർവന്റ് ഒഫ് ദി പീപ്പിൾ'.

അഴിമതിയുടെയും അധിനിവേശങ്ങളുടെയും നാടായിരുന്ന യുക്രെയിനിലെ ജനതയ്ക്ക് അതൊരു പ്രതീക്ഷയായി. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ട് നേടിയാണ് ജൂത വംശജനായ സെലെൻസ്കി നാലരക്കോടിയിലേറെ ജനങ്ങളുള്ള യുക്രെയിന്റെ പരമാധികാരിയായ പ്രസിഡന്റായത്. രാജ്യത്തെ റഷ്യൻ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുമെന്നും റഷ്യയുടെ ആക്രമണങ്ങളിൽനിന്ന് രാജ്യത്തെയാകെ രക്ഷിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം. അഴിമതിയും പ്രമാണികൾക്കുമാത്രം ലഭിച്ചിരുന്ന അമിതാധികാരങ്ങളും പരിരക്ഷയും ഇല്ലാതാക്കും, റഷ്യയുമായി നിലനില്‍ക്കുന്ന തർക്കങ്ങൾ പരിഹരിക്കും- തുടങ്ങിയവയായിരുന്നു മറ്റ് വാഗ്ദാനങ്ങൾ. പ്രസിഡന്റായതിനു തൊട്ടുപിന്നാലെ നയതന്ത്രം ഉപയോഗിച്ച് നിരവധി യുക്രേനിയൻ യുദ്ധത്തടവുകാരെ അദ്ദേഹം രാജ്യത്തെത്തിച്ചു. പക്ഷേ, സെലെൻസ്‌കിയുടെ പാശ്ചാത്യ അനുകൂല വിദേശനയം പുട്ടിന് തീരെ പിടിച്ചില്ല. അത് വകവച്ചുകൊടുക്കാൻ സെലെൻസ്‌കിയും തയ്യാറായില്ല. 'ശത്രു' എന്നാണ് പുട്ടിനെ സെലെൻസ്‌കി വിശേഷിപ്പിച്ചിരുന്നത്. 2019ലെ ഒരു ഫേസ്ബുക് പോസ്റ്റിൽ സെലെൻസ്കി കുറിച്ചത് തന്റെ രാജ്യത്തിനും റഷ്യയ്ക്കും പൊതുവായി എന്തെങ്കിലുമുണ്ടെങ്കിൽ അത് അതിർത്തി മാത്രമാണ് എന്നായിരുന്നു. അതെല്ലാം ഇത്രയും വലിയ അധിനിവേശത്തിന് ഇന്ധനമാകുമെന്ന് രാഷ്ട്രീയതന്ത്രത്തിലെ കുതന്ത്രങ്ങൾ അത്ര വശമില്ലാത്ത സെലെൻസ്കിക്ക് കണക്കുകൂട്ടാനായിട്ടുണ്ടാവില്ല. പക്ഷേ, യുക്രെയിൻ ജനതയുടെ പ്രിയപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നിലപാടും നയസമീപനങ്ങളും ധൈര്യവും ഏതൊരു ദേശസ്നേഹിക്കും ആത്മാഭിമാനം പകരുന്നതാണ്. മാനവികതയെ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന റഷ്യയിലെ ജനങ്ങൾക്കും അക്കാര്യത്തിൽ സെലെൻസ്കിയോട് ആദരവ് തോന്നാതിരിക്കില്ല.

ലോകമെങ്ങുമുള്ള ഭൂരിഭാഗം രാഷ്ട്രമീമാംസകരും മാദ്ധ്യമപ്രവർത്തകരും സാംസ്കാരികപ്രവർത്തകരും കരുതിയിരുന്നത് റഷ്യൻ പടയെ കണ്ടപ്പോൾത്തന്നെ സെലെൻസ്കി ജീവനുംകൊണ്ട് ഓടിയിട്ടുണ്ടാവുമെന്നോ അല്ലെങ്കിൽ വൈകാതെ ഓടിയൊളിക്കുമെന്നോ ആണ്. പക്ഷേ, ജൂതവംശജനായ വൊളോഡിമിർ സെലെൻസ്കി എങ്ങോട്ടും ഒളിച്ചോടിയില്ല, അമേരിക്ക നൽകിയ സംരക്ഷണ വാഗ്ദാനം നിരസിച്ച അദ്ദേഹം റഷ്യയുടെ കടന്നാക്രമണത്തെ ചെറുക്കാൻ ഞങ്ങൾക്ക് ആയുധം തരൂ എന്നാണ് പ്രതികരിച്ചത്. അതാണ് ഒരു ഭരണാധികാരിയിൽനിന്ന് ലോകത്തെ ആത്മാഭിമാനമുള്ള ഏത് ജനസമൂഹവും ഇച്ഛിക്കുന്നത്. ഈ പൗരബോധമാണ് റഷ്യയുടെ പരമാധികാരിയായ വ്ലാഡിമിർ പുട്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അധിനിവേശമായാലും സമാധാനത്തിനുവേണ്ടിയുള്ള യുദ്ധമായാലും മനുഷ്യക്കുരുതിയുടെയും തച്ചുതകർക്കലിന്റെയും 14 ദിനങ്ങളാണ് പിന്നിട്ടത്. ഇത്രയും നാളെങ്കിലും സെലൻസ്കി പിടിച്ചുനിൽക്കുമെന്ന് റഷ്യയോ അമേരിക്കയോ കരുതിയിട്ടുണ്ടാവില്ല. സെലെൻസ്‌കിയുടെ ചിറകുകൾ പുട്ടിൻ പട്ടാളം അരിഞ്ഞുവീഴ്ത്തിയേക്കാം, ഭാഗികമായെങ്കിലും റഷ്യൻ അധിനിവേശത്തിന്റെ കൊടിക്കൂറ യുക്രെയിനിൽ നാട്ടിയേക്കാം. അപ്പോഴും ലോക ജനതയുടെ പ്രാ‌ർത്ഥന ഒരുപിടി പൂക്കളുമായി സെലൻസ്കിക്കൊപ്പമുണ്ടാവും.

സ്വന്തം നാടിന്റെ പരമാധികരവും നിലനില്പും വളർച്ചയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ല. തീർച്ചയായും പുട്ടിനും അതുണ്ട്. ആ നിലയിൽ റഷ്യയുടെ കടന്നാക്രമണം തെറ്റെന്ന് പറയാനുമാവില്ല. ഇന്ത്യയോട് എക്കാലവും കൂറ് നിലനിറുത്തിയിരുന്ന ലോകരാഷ്ട്രമെന്ന നിലയിൽ നമുക്ക് റഷ്യയെ തള്ളിപ്പറയാനുമാവില്ല. പക്ഷേ, കുരുക്ഷേത്രയുദ്ധത്തിന്റെ പാഠം ഉൾപ്പെടെ പ്രാർത്ഥനയായി കാണുന്ന ഇന്ത്യൻ ജനതയ്ക്ക് ഒരു അധിനിവേശത്തെയും യുദ്ധത്തെയും ന്യായീകരിക്കാനവില്ല. ലോകം കണ്ട ഏറ്റവും കാന്തശക്തിയുള്ള പോരാളിയായ സുഭാഷ് ചന്ദ്രബോസിനേക്കാൾ അഹിംസയുടെ സന്ദേശം പകർന്ന മഹാത്മജിയെ രാഷ്ട്രപിതാവായി ആരാധിക്കുന്ന ഒരു ജനതയുടെ മണ്ണാണ് ഇന്ത്യ. ആ നിലയിൽ മാത്രം നോക്കിയാലും കണ്ണീരുണങ്ങാത്ത പ്രാർത്ഥനയുടെ വെളിച്ചം യുക്രെയിൻ ജനതയ്ക്കായി നമ്മൾ പകരേണ്ടതുണ്ട്. തോൽക്കുന്ന യുദ്ധം നയിക്കാനും ആരെങ്കിലുമുണ്ടാകണം. ഇല്ലെങ്കിൽ ഈ ഭൂലോകം ഇതിനേക്കാൾ മാരകവും വിഷലിപ്തവുമാകും. വ്ലാഡിമിർ പുടിന് മാനസാന്തരമുണ്ടാകട്ടെ. അതല്ലാതെ മറ്റൊരു വഴിയും തെളിഞ്ഞു കാണുന്നില്ല.

പുടിനും സെലൻസ്കിയും ഒരുപോലെ മൂർച്ചയേറിയ വ്യക്തികളാണ്. വിട്ടുവീഴ്ചയെ കൂസാത്തവരും ആത്മാഭിമാനത്തെ പുൽകുന്നവരുമാണ്. പുട്ടിന് സാഹസികനായ ഒരു ബൈക്ക് റൈസറുടെ ബാല്യമുണ്ട്. ചീറിപ്പായുന്ന ഭാരവണ്ടിയാണ് മുന്നിലെങ്കിലും ഓവർടേക്ക് ചെയ്തേ അടങ്ങൂ. ആർട്ടിസ്റ്റിന്റെ സ്വപ്നാത്മകമായ ഭാവനയുള്ളയാളാണ് സെലെൻസ്കി. രണ്ടും ചേരുമ്പോഴുള്ള ഫലമോ? നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യജീവനുകളും അവർ വിയർപ്പൊഴുക്കി സ്വരുക്കൂട്ടിയ ഭൗതിക നേട്ടങ്ങളും എരിഞ്ഞമരുന്നു. ഈ ചിതയിൽനിന്ന് ആർക്കാണ് ഉയിർത്തെഴുന്നേൽക്കാനാവുക. നമ്മുടെ കേരളത്തേക്കാൾ ഒരു കോടി ജനങ്ങൾ മാത്രം അധികമുള്ള നാടാണ് യുക്രെയിൻ എന്ന യാഥാർത്ഥ്യവും മറക്കാതിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SELENSKY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.