SignIn
Kerala Kaumudi Online
Thursday, 25 April 2024 2.35 PM IST

അതിവേഗ റെയിൽ; 4 മണിക്കൂറിൽ കേരളയാത്ര

rail

തലസ്ഥാനത്തു നിന്ന് നാലുമണിക്കൂർ കൊണ്ട് 532 കി.മീറ്റർ പിന്നിട്ട് കാസർകോട്ട് എത്താനാകുന്ന സെമീ - ഹൈ സ്‌പീഡ് റെയിൽ ആദ്യചുവടു വയ്ക്കുകയാണ്. 1226.45 ഹെക്ടർ ഭൂമിയേറ്റെടുക്കാനുള്ള മന്ത്രിസഭാ അനുമതിയോടെ, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. 11 ജില്ലകളിൽ സ്ഥലമെടുപ്പിനായി 8,656കോടി ചെലവുണ്ട്. പരിസ്ഥിതി ആഘാതപഠനത്തിനായി കളക്ടർമാർ ഉത്തരവിറക്കുകയാണ് ആദ്യനടപടി. പദ്ധതിക്ക് റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കലിന് ആകർഷകമായ പാക്കേജുണ്ടാവും. 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകും. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില ലഭിക്കും. റെയിൽപാതകൾ, ദേശീയ, സംസ്ഥാന പാതകൾ, റോഡുകൾ എന്നിവ മുറിച്ചു കടക്കാൻ മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവയുണ്ടാക്കും. ഓരോ 500 മീ​റ്ററിലും കാൽനടക്കാർക്ക് റെയിൽപാത മുറിച്ചു കടക്കാൻ സൗകര്യമുണ്ടാക്കും. ദേശീയപാതയ്ക്ക് 45 മീ​റ്റർ വീതിയിൽ സ്ഥലമെടുക്കുമ്പോൾ അതിവേഗ റെയിലിന് 15മുതൽ 25മീ​റ്റർ വരെ വീതി മതി. നെൽപാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88 കിലോമീ​റ്ററിൽ ആകാശപാത നിർമ്മിക്കും. കോഴിക്കോട് നഗരത്തിനടിയിൽ പാതയ്‌ക്കായി തുരങ്കം നിർമ്മിക്കും.

തിരൂർ മുതൽ കാസർകോട് വരെ വളവുകളില്ലാത്തതിനാൽ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും അതിവേഗപാത. തിരുവനന്തപുരം മുതൽ തിരൂർ വരെയാണ് പുതിയ അലൈൻമെന്റ്. റെയിൽവേയ്ക്ക് 49ശതമാനം ,സംസ്ഥാനത്തിന് 51ശതമാനം ഓഹരിയുള്ള റെയിൽവേ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ)പദ്ധതിയുടെ നടത്തിപ്പു ചുമതല.

പദ്ധതിക്കായി ഏറ്റെടുക്കേണ്ടതിൽ 1074.19ഹെക്ടർ സ്വകാര്യഭൂമിയും 107.98ഹെക്ടർ സർക്കാർ ഭൂമിയുമാണ്. നിലവിലെ റെയിൽപാതയ്ക്ക് അരികിലുള്ള 200ഹെക്ടർ റെയിൽവേ ഭൂമി പദ്ധതിക്കായി കൈമാറും. ഇതിന്റെ വിലയായ 900 കോടി സംസ്ഥാനം നൽകണം. ഈ തുക പദ്ധതിയിൽ റെയിൽവേയുടെ ഓഹരിയിൽപ്പെടുത്തും. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ലാൻഡ് അക്വിസിഷൻ സെല്ലുകൾ ഉടൻ ആരംഭിക്കും. ഭൂമിയേറ്റെടുക്കാൻ 8656 കോടി സംസ്ഥാനം മുടക്കണം.

33,700 കോടി വിദേശവായ്പയെടുത്താണ് അതിവേഗ റെയിൽപാത പണിയുക. ഭൂമിവിലയൊഴികെ വായ്പ നൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി(ജൈക്ക) സന്നദ്ധത അറിയിച്ചിരുന്നു. ജൈക്കയ്ക്ക് 0.2 മുതൽ 0.5ശതമാനം പലിശയേയുള്ളൂ. 30 വർഷത്തെ തിരിച്ചടവും 10വർഷം മോറട്ടോറിയവും കിട്ടും. ന്യൂ ഡെവലപ്മെന്റ് ബാങ്ക്(എൻ.ഡി.ബി), ഫ്രഞ്ച് വികസനബാങ്ക് (എ.എഫ്.ഡി), ഏഷ്യൻ വികസനബാങ്ക് (എ.ഡി.ബി), ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്(എ.ഐ.ഐ.ബി) എന്നിവയുമായും ചർച്ചകൾ പുരോഗമിക്കുന്നു. റെയിൽപാത നിർമ്മാണം തുടങ്ങുന്ന ഘട്ടത്തിലേ വിദേശവായ്പ കിട്ടേണ്ടതുള്ളൂ. കൊറിയയിലെ ഹ്യുണ്ടായി, ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച് ചൈനയിൽ പ്രവർത്തിക്കുന്ന ന്യൂ ഡെവലപ്മെന്റ് ബാങ്ക്, ഫ്രഞ്ച് വികസന ബാങ്ക്, ഏഷ്യൻ വികസനബാങ്ക്, ജർമ്മൻ ബാങ്ക്, ലോകബാങ്ക് എന്നിവരും വായ്പ നൽകാൻ സന്നദ്ധരാണ്.

അതിവേഗ റെയിൽ

നിലവിലെ യാത്രാദൂരം: 13 മണിക്കൂറിൽ അധികം

പദ്ധതി പൂർത്തിയാകുമ്പോൾ: 3.52 മണിക്കൂർ

ചെലവ് - 66,405 കോടി

വിദേശവായ്പ എടുക്കേണ്ടത്- 34,454കോടി

യാത്രാസമയം

 തിരു- കൊല്ലം: 24 മിനിട്ട്

 കോട്ടയം: 1.03 മണിക്കൂർ

 എറണാകുളം: 1.26 മണിക്കൂർ

 തൃശൂർ: 1.54 മണിക്കൂർ

 കോഴിക്കോട്- 358കി.മീ,-2.37മണിക്കൂർ

 കാസർകോട്: 3.52 മണിക്കൂർ

180-200 കി.മി

പ്രതീക്ഷിത വേഗത

10 സ്റ്റേഷനുകൾ

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

മുഖ്യമന്ത്രി പറയുന്നു

"കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കാൻ കാത്തുനിന്നാൽ തുടർനടപടികൾ വൈകുമെന്നതിനാലാണ് ഭൂമിയേറ്റെടുക്കൽ ആരംഭിക്കുന്നത്. കൃഷിയിടങ്ങളും ജലാശയങ്ങളും നശിപ്പിച്ചുകൊണ്ടോ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടോ ആവില്ല റെയിൽപാത. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ ഒരു നടപടിയുമെടുക്കില്ല. ഗ്രീൻ ഫീൽഡ് പ്രദേശങ്ങളിൽ കൃഷിയിടങ്ങൾക്ക് കോട്ടം വരുത്താതെ തൂണുകൾക്ക് മുകളിൽ പാത സ്ഥാപിച്ചാണ് റെയിൽപാത കടന്നുപോവുക. 88 കിലോമീറ്റർ തൂണുകൾക്ക് മുകളിലായിരിക്കും. പാത കടന്നുപോവുന്ന 11 ജില്ലകളിലെയും ആരാധനാലയങ്ങളും കാവുകളും സംരക്ഷിക്കും. പശ്ചാത്തല സൗകര്യം വർദ്ധിക്കുമ്പോൾ സാമ്പത്തികവളർച്ചയും കൂടുതൽ തൊഴിലവസരവുമുണ്ടാവും. ഇതോടെ പദ്ധതിക്കായുള്ള കടം അതിജീവിക്കാനാവും. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ വേണ്ടത് ചെയ്യും. "

പിണറായി വിജയൻ

മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEMI HIGH SPEED RAIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.