SignIn
Kerala Kaumudi Online
Friday, 29 March 2024 3.06 PM IST

സിൽവർലൈൻ വിരുദ്ധ സമരം; ക്രിമിനൽ കേസിന് നിയമസാധുതയില്ല

k-rail

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ശക്തമായ ജനകീയ പ്രക്ഷോഭമാണ് സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവർ, പരിസ്ഥിതി പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, ബുദ്ധിജീവികൾ, പ്രതിപക്ഷത്തുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ സമസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങളിൽ നിന്നും സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇത്ര ശക്തമായ ചെറുത്തുനില്പ് മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണിയോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പ്രക്ഷോഭകാരികളെ അടിച്ചമർത്താനുള്ള ഉദ്ദേശ്യത്തോടെ,​ എറണാകുളത്ത് കല്ലിടലിനെ ചെറുത്തു സമരം ചെയ്ത 15 ആളുകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസുകൾക്ക് നിയമസാധുതയില്ലെന്ന് പൊലീസിനും അറിയാം. അവർ രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞയ്‌ക്കനുസരിച്ചു പ്രവർത്തിക്കുകയാണ്.

യാതൊരു നിയമപരമായ അധികാരപത്രവുമില്ലാതെ തഹസിൽദാറും കെ - റെയിൽ അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും പൊലീസ് സഹായത്തോടെ വീടുകളിൽ അതിക്രമിച്ചു കയറുന്നതു ചെറുത്ത വീട്ടുടമകൾക്കും ഭൂമിയുടെ കൈവശക്കാർക്കും ഇവരെ സഹായിച്ച സമരക്കാർക്കുമെതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കുന്നത്. ഇന്ത്യൻ പീനൽ കോഡിലെ 353 -ാം വകുപ്പനുസരിച്ചും പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് 1984 ലെ പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ നിയമപ്രകാരവും രജിസ്റ്റർ ചെയ്യുന്ന കേസുകൾ നിയമപരമായി നിലനിൽക്കില്ല.

എന്താണ് കൃത്യനിർവഹണം

തടസപ്പെടുത്തൽ ?​

പൊതുസേവകൻ നിയമപരമായ ഔദ്യോഗിക കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അയാളെ ആരെങ്കിലും തടയുകയോ ഇതുമൂലം പൊതുസേവകൻ കർത്തവ്യ നിർവഹണത്തിൽ നിന്ന് ഭയപ്പെട്ട് പിൻമാറുകയോ ചെയ്താൽ അത്തരം പ്രവൃത്തി കുറ്റമാണെന്നാണ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 353 ൽ പറയുന്നത്. കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി പൊതുസേവകൻ ചെയ്യുന്നതോ ചെയ്യാൻ ശ്രമിക്കുന്നതോ ആയ പ്രവൃത്തിയിൽ കൈയേറ്റം നടത്തുകയും ബലപ്രയോഗം നടത്തുകയും ചെയ്യുന്നവർക്കു രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാമെന്ന് ഈ വകുപ്പിൽ പറയുന്നു. ഈ കുറ്റം ചുമത്താനുള്ള പരമപ്രധാനമായ ഘടകം പൊതുസേവകന്റെ നിയമപരമായ കർത്തവ്യ നിർവഹണത്തെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ തടസപ്പെടുത്തിയോ എന്നതാണ്. നിയമപരമായി കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ട അനുമതി പോലും ലഭിക്കാത്ത സിൽവർലൈൻ പദ്ധതിക്കു വേണ്ടിയാണ് അന്യന്റെ വീടുകളിലും ഭൂമിയിലും അതിക്രമിച്ചു കയറി വീട്ടകങ്ങൾ കുത്തിപ്പൊളിച്ച് നാശനഷ്‌ടങ്ങൾ വരുത്തി കല്ലിടാൻ തഹസിൽദാറെയും കെ - റെയിൽ അധികൃതരെയും ആരാണ് ചുമതലപ്പെടുത്തിയത്? സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് റവന്യ മന്ത്രി പരസ്യ പ്രസ്താവനയിൽ പറഞ്ഞത്. കെ - റെയിൽ അധികൃതരും കല്ലിടൽ നടപടികളെക്കുറിച്ച് ആധികാരികമായി പ്രസ്താവന നടത്തിയിട്ടില്ല.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചുള്ള ഒരു വിജ്ഞാപനവും സിൽവർലൈൻ പദ്ധതിക്കു വേണ്ടി പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആളുകളുടെ ഭൂമിയിലും വീടുകളിലും അതിക്രമിച്ചു കയറി തഹസിൽദാറും റവന്യൂ അധികൃതരുമൊക്കെ കല്ലിടുന്ന നടപടി എങ്ങനെയാണ് ഔദ്യോഗിക കൃത്യനിർവഹണമാകുന്നത്? ഇതിന്റെ പേരിൽ എങ്ങനെയാണ് ഇന്ത്യൻ പീനൽ കോഡിലെ 353 -ാം വകുപ്പനുസരിച്ച് സമരക്കാർക്കെതിരെ കേസെടുക്കാനാവുക?

അധികാര

ദുർവിനിയോഗം

നടക്കുന്നുണ്ടോ?​

കേന്ദ്ര സർക്കാർ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നിരിക്കെ കല്ലിടാനെന്ന പേരിൽ വീടുകളിലും ഭൂമിയിലും അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടത്തിനും ക്ഷതത്തിനും മാനസികവും ശാരീരികവുമായ ആഘാതങ്ങൾക്കും ആരാണ് ഉത്തരവാദികൾ? അന്യന്റെ ഭൂമിയിൽ അതിക്രമിച്ചു പ്രവേശിച്ചു കല്ലിടാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും 1,000 കോടി രൂപയിലധികം ചെലവു വരുന്ന പദ്ധതിയായതിനാൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ കൂടി അനുമതി വേണമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് മാർച്ച് 21 ന് അടൂർ പ്രകാശ് എം.പിയെ രേഖാമൂലം അറിയിച്ചത്. വിശദമായ സാദ്ധ്യതാ പഠന റിപ്പോർട്ട് ലഭ്യമല്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് നിയമാനുസൃതമായ അനുമതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാർ 1961 ല സർവേയ്സ് ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം കെ - റെയിൽ അധികൃതരെ യുക്താധികാരിയായി നിയമിച്ചതിന്റെ നിയമസാധുതയെക്കുറിച്ചും സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. നിയമസാധുതയില്ലാത്ത നിർമ്മാണമാണെന്ന് കണ്ടെത്തി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കിയ സംഭവം മറക്കരുത്. ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം ദുരുപയോഗപ്പെടുത്തിയാലുണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവാന്മാരാകണം. നിയമത്തിന്റെ പിൻബലമില്ലാതെ പ്രതികളെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന്റെ പേരിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊലക്കുറ്റത്തിനു വിചാരണ നേരിടേണ്ടി വന്ന സാഹചര്യം ഓർക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗമാണ് അത്തരം നിയമനടപടികൾക്ക് വഴിയൊരുക്കിയത്.

പ്രതിഷേധക്കാർ

ചെയ്‌തത്

ക്രിമിനൽ കുറ്റമാണോ?​

സിൽവർലൈൻ പദ്ധതിക്കു വേണ്ടിയുള്ള കല്ലിടലിനെ ചെറുത്തവർക്കെതിരെ 1984 ലെ പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ നിയമപ്രകാരം കേസുകളെടുത്തിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയിൽ ഇപ്പോഴുള്ള പൊതുമുതൽ സർവേ കല്ലുകളാണ്. കല്ലിടലിനെതിരെ ജനങ്ങൾ സംഘടിതരായും അല്ലാതെയും നടത്തിയ പ്രക്ഷോഭങ്ങളിലൊരിടത്തും സർവേക്കല്ലുകൾ നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നിയമവിരുദ്ധമായി നാട്ടിയ കല്ലുകൾ പിഴുതു മാറ്റിയതിനെ കല്ലുകൾ നശിപ്പിച്ചതായി ചിത്രീകരിച്ച് കേസെടുക്കാനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പേരുപറഞ്ഞ് ഇത്തരത്തിൽ കേസുകൾ നിലനിൽക്കില്ല. പൊലീസിന്റെ ഇത്തരം നടപടികൾ നിയമാനുസൃതമല്ല. കല്ലിടലിനെ ജനങ്ങൾ എതിർക്കുന്നത് ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വ്യക്തമാണ്. ജീവിതത്തിൽ ഒരിക്കൽപോലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരും ക്രിമിനൽ കേസുകളിൽ പെടാത്തവരുമായ വീട്ടമ്മമാരും കുട്ടികളും കൃഷിക്കാരുമൊക്കെയാണ് തങ്ങളുടെ കിടപ്പാടവും ഭൂമിയും പൊലീസിന്റെ ബലത്തിൽ കൈയേറുന്നതിനെ ചെറുക്കുന്നത്. സ്വന്തം കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതിഷേധമാണിതെന്ന് പ്രതിഷേധക്കാരുടെ വാക്കുകളിൽ നിന്ന് വ്യക്തവുമാണ്. ഇത്തരം പ്രതിഷേധങ്ങളെ ഒരിക്കലും ക്രിമിനൽ കുറ്റമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ഇന്ത്യൻ പീനൽ കോഡ് സെക്‌ഷൻ 81 തന്നെ പ്രത്യേകം പറയുന്നുണ്ട്.

സംസ്ഥാനത്തു മുമ്പ് മദ്യവിരുദ്ധ സമരം നടത്തിയതിന് ഗാന്ധിയൻ പ്രവർത്തകർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 81 ന്റെ പരിരക്ഷ നൽകി കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. സമാനമായ രീതിയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലിനെ ചെറുക്കുന്നതിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളും നിയമപരമായി നിലനിൽക്കില്ല.

(ലേഖകൻ കേരളത്തിലെ മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ആണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER LINE PROTESTS AND CRIMINAL CASE, ADV ASAF ALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.