SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 AM IST

തീർത്ഥാടനം നവതിയിലേക്ക്

guru

എൺപത്തിയൊൻപതാമത്.ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് ആരംഭിച്ച് നടന്നുവരികയാണ്. ഇത് ജനുവരി 5 വരെ തുടരും. ഇത്തവണത്തെ തീർത്ഥാടനം നവതിയുടെ തുടക്കം കൂടിയാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സാസ്‌കാരികവേദിയായി ശിവഗിരി തീർത്ഥാടനം മാറിക്കഴിഞ്ഞിരിക്കുകയാണ്.

വർക്കലയിൽ ഗുരുദേവൻ ആദ്യമായി പരിചയപ്പെടുന്ന മൂന്നുപേർ ഒരു മുസ്ലീം - ഒരു ദളിതൻ - ഒരു ബ്രാഹ്മണൻ എന്നിവരായിരുന്നു. ദൈവം തന്നെ മനുഷ്യാകാരം പൂണ്ടു വന്നതായി അവർക്കുതോന്നി. തുർന്നാണ് കൊച്ചപ്പി വൈദ്യൻ ഗുരുവിനെ ദർശിക്കുന്നതും ഗുരുവിന് ആസ്ഥാനമൊരുക്കുന്നതും. അടുത്തു സാമാന്യം ഉയർന്നു നിൽക്കുന്ന കുന്നിനെ ചൂണ്ടിക്കാണിച്ച് നമുക്ക് അവിടേയ്ക്ക്‌പോകണം എന്ന് ഗുരു കൽപ്പിച്ചതും കുന്നിന്റെ നെറുകയിൽ ഒരു പർണശാല കെട്ടിയുണ്ടാക്കി 'ഇതുതന്നെ നമ്മുടെ സ്വർഗ്ഗം' എന്ന് കൽപ്പിച്ചു കൊണ്ട് കുന്നിൻ മുകളിൽ താമസമാക്കിയതും. 1904 -ൽ തന്നെ വർക്കലയ്ക്കടുത്ത വെട്ടൂരിൽ പുലയ സമുദായത്തിൽപ്പെട്ടവർക്കും പറയ സമുദായത്തിൽപ്പെട്ടവർക്കുമായി ഓരോ കുടിപ്പള്ളിക്കൂടങ്ങൾ ഗുരുദേവൻ സ്ഥാപിച്ചു. അവിടെ സംന്യാസിമാരും ഗൃഹസ്ഥൻമാരും അടങ്ങിയ ശിഷ്യൻമാരെ അധ്യാപകരായി നിയമിക്കുകയും ചെയ്തു. ജാതിമതഭേദരഹിതമായി എല്ലാവരേയും ഒന്നുപോലെ കണ്ടുകൊണ്ടാണ് ഇതെല്ലാം ഗുരു സംസ്ഥാപനം ചെയ്തതെന്ന് നാം അറിയണം.

ശിവഗിരിയിൽ നെയ്ത്തുശാലയും സംസ്‌കൃത പാഠശാലയും ആയൂർവേദപാഠശാലയും വൈദിക പാഠശാലയും വൈകാതെ തന്നെ ഗുരു സംസ്ഥാപനം ചെയ്തു. 1912മേയ് 1 ന് പുലരും മുമ്പേ ശാരദാ പ്രതിഷ്ഠയും തൃപ്പാദങ്ങൾ നടത്തി. അതോടുകൂടി ശിവഗിരി വലിയൊരു തീർത്ഥാടനകേന്ദ്രമായി ഉയർന്നു വന്നു. ഗുരുദേവൻ അവിടത്തെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമിയെ അനന്തരഗാമിയായും 1912-ൽ തന്നെ നിശ്ചയിക്കുകയും ചെയ്തു.

ഗുരുദേവൻ സ്വന്തം അവതാര കൃത്യനിർവ്വഹണത്തിന് പ്രാരംഭം കുറിച്ചത് അരുവിപ്പുറം പ്രതിഷ്ഠയോടെയാണല്ലോ. തുടർന്ന് തൃപ്പാദങ്ങൾ സ്വയം ഏറ്റെടുത്ത് പ്രഖ്യാപനം ചെയ്തതായിരുന്നു ശിവഗിരി മഠം. ശിവഗിരിയിൽ നിന്ന് അടുത്ത പടിയായി അവിടന്ന് നീങ്ങിയത് ആലുവായിൽ അദ്വെെതാശ്രമം സ്ഥാപിച്ചുകൊണ്ടാണ്. സഗുണോപാസനയിൽ തുടങ്ങി ശിവഗിരിയിൽ സാത്വികതയുടെ പാരതമ്യതയിലുള്ള മൂർത്തിയെ - ശാരദയെ പ്രതിഷ്ഠിച്ച് തുടർന്ന് അദ്വെെത സത്യത്തിലേയ്ക്ക് ആനയിക്കുന്ന ആദ്ധ്യാത്മികതയുടെ അനുപമമേയമായ മാർഗ്ഗത്തെയാണ് ഗുരു അദൈ്വതാശ്രമത്തിന്റെ സംസ്ഥാപനത്തിലൂടെ തെളിയിച്ചു തന്നത്. ആലുവായിൽ ക്ഷേത്രമോ പ്രതിഷ്ഠയോ തൃപ്പാദങ്ങൾ നടത്തിയിട്ടില്ല.

. 1926-ൽ ശിവഗിരിയിൽ തന്നെ ഒരു മാതൃകാപാഠശാല സ്ഥാപിക്കുകയും അവിടെ കൃഷിയും മെക്കാനിസവും പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രായോഗികമാക്കുകയും ചെയ്തു.മേൽപ്പറഞ്ഞ സുപ്രധാനമായ സ്ഥാപനങ്ങൾ ഓരോന്നും ശിവഗിരിയിൽ തന്നെ സ്ഥാപിക്കുവാൻ തൃപ്പാദങ്ങൾ ദീർഘദർശനം ചെയ്തത് തികഞ്ഞ ലക്ഷ്യബോധത്തോടെയാണ്. ഇതുവഴി ഒരു തീർത്ഥാടനകേന്ദ്രത്തിനാവശ്യമായ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മഹത്തായ ആശയ സംഹിതയും ഗുരുദേവൻ സ്വരൂപിക്കുകയാണ് ചെയ്തതെന്ന് കാണാനാവും. ശിവഗിരിയെ ഗുരുദേവഭക്തരുടെ ആത്മീയകേന്ദ്രമായി ഗുരുദേവൻ മാറ്റുകയാണ് ചെയ്തത്.

സർവ്വോപരി ഗുരുദേവൻ 'ഇതു നമ്മുടെ സ്വർഗ്ഗം' എന്ന് വിശേഷിപ്പിച്ച സ്ഥലത്ത് തന്നെ തൃപ്പാദങ്ങളുടെ മഹാസമാധി സ്ഥാനമായി തീർന്ന് അവിടെ മഹാമന്ദിരം ഉയർന്നു വന്നതും എല്ലാംതന്നെ ശിവഗിരി തീർത്ഥാടനത്തിന്റെ ദീർഘദർശിത്വത്തെ വിളംബരം ചെയ്യുന്ന ഘടകങ്ങളാണ്.

പറഞ്ഞു വരുന്നത് ശിവഗിരി തീർത്ഥാടനംകോട്ടയത്ത് നാഗമ്പടംക്ഷേത്ര സന്നിധിയിൽ വച്ച് വല്ലഭശ്ശേരിഗോവിന്ദനാശാനും ടി.കെ. കിട്ടൻ വൈദ്യരും കൂടി ഗുരുവിന്റെ അനുമതിയോടെ ആരംഭിച്ച ഒന്നല്ല മറിച്ച് ശ്രീനാരായണ ഗുരുദേവന്റെ തന്നെ മഹാസങ്കൽപ്പം കൊണ്ട് രൂപം പ്രാപിച്ച ഒരു പ്രസ്ഥാനമാണ് എന്നതാണ്. അതിന് അനുമതി വാങ്ങിക്കാൻ ഗുരുദേവന്റെ കൈയ്യിലെ രണ്ട് ഉപകരണങ്ങളാണ് കിട്ടൻ റൈറ്ററും വല്ലഭശ്ശേരിയും. ഇവർക്ക് പ്രചോദനമായത് കിട്ടൻ റൈട്ടറുടെ ബന്ധു കൂടിയായ മൂലൂർ എസ്. പത്മനാഭപ്പണിക്കരാണ്.

ഗുരുദേവൻ അനുമതി നൽകിയതിന്റെ നാലാംവർഷം അതായത് 1932-ൽ ഡിസംബർ 23-ന് സരസകവി മൂലൂരിന്റെ മൂത്തമകനായ ദിവാകര സ്വാമിയുടെനേതൃത്വത്തിൽ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പരിഭൂതമായ മൂലൂർ ഭവനത്തിൽ നിന്നും തിരിച്ച് അഞ്ച്‌പേരടങ്ങിയ പീതാംബര ധാരികളായ തീർത്ഥാടകർ ശിവഗിരിയിൽ ഡിസംബർ 28-ന് എത്തി. തീർത്ഥാടനത്തിന് ആരംഭം കുറിച്ചു. അന്ന് ശിവഗിരി മഠം മഠാധിപതി ദിവ്യശ്രീ അച്യുതാനന്ദ സ്വാമികളും സെക്രട്ടറി ദിവ്യശ്രീ സു ഗുണാനന്ദഗിരിസ്വാമികളുമായിരുന്നു. പി.വി. രാഘവൻ, എം.കെ. രാഘവൻ, തെക്കേവീട്ടിൽ ശങ്കുണ്ണി, പി.കെ. ദാമോദരൻ, പി.കെ. ദിവാകരൻ എന്നിവരാണ് ഈ അഞ്ച്‌പേർ. അതിപ്പോൾ 89-ാമത്തെ തീർത്ഥാടനമായി വികസിതമായപ്പോൾ ലക്ഷോപലക്ഷം തീർത്ഥാടകരായി മാറിയിരിക്കുന്നു. ഒപ്പം ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മതമഹാപാഠശാല - സർവ്വമതപഠനകേന്ദ്ര- ത്തിന്റെ കനകജൂബിലിയും കടന്നു വന്നിരിക്കുകയാണ്. മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി വർഷമാണ് 2022. ഈ സവിശേഷമായ പരിപാടികളെ ഉൾപ്പെടുത്തി 1922-ൽ ശ്രീനാരായണ സന്ദേശ പ്രചരണം വിപുലമാക്കുവാൻ ശിവഗിരി മഠം പദ്ധതികൾ തയ്യാറാക്കുന്നതാണ്.

അടുത്ത തീർത്ഥാടനം 90-ാമത്തേതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ നവതി വർഷമാണ് 2022 . കഴിഞ്ഞ 88 വർഷങ്ങളായി ഗുരുദേവന്റെ അഷ്ടാംഗ വിഷയങ്ങളെ ആസ്പദമാക്കി നൂറുകണക്കിന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. ഗുരുവിന്റെ തീർത്ഥാടന സങ്കൽപ്പത്തിലൂടെ ആധുനികകേരളം സ്വരൂപപ്പെടുത്തുന്നതിന്‌മേൽപ്പറഞ്ഞ സമ്മേളനങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് പറയാം. എന്നാൽ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ശ്രീനാരായണ ഭക്തലോകം തീർത്ഥാടന സന്ദേശം എത്താത്ത ഗ്രാമങ്ങളിലും നഗരങ്ങളിലും ധർമ്മപ്രചരണ സമ്മേളനം, ഗൃഹസന്ദർശനം, ധർമ്മമീമാംസ പരിഷത്ത്, സെമിനാറുകൾ, ചർച്ചാക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിച്ച് ശിവഗിരി തീർത്ഥാടന നവതി സന്ദേശം എല്ലാ ഹൃദയങ്ങളിലും എത്തിക്കുവാൻ ഗുരുകാരുണ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.