SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 PM IST

ഗുരുദേവന്റെ വാമനസ്വരൂപം

sivalingaswamy

ശിവലിംഗസ്വാമികളുടെ

104-ാമത് പരിനിർവാണദിനം

ശ്രീനാരായണ ഗുരുദേവന് പ്രശസ്തരും അപ്രശസ്തരുമടങ്ങിയ അതിമഹത്തായൊരു ശിഷ്യസഞ്ചയമുണ്ടായിരുന്നു. പ്രശസ്ത ശിഷ്യരിൽ ഏറ്റവും മഹാനായ ശിഷ്യരത്നമായിരുന്നു ശിവലിംഗസ്വാമികൾ. സ്വാമികളുടെ 104-ാമതു നിർവാണദിനമാണ് ജനുവരി എട്ട്. സമാധി ദിനാചരണം സ്വാമികൾ ഗുരുദേവ ശിഷ്യത്വം വരിച്ച അരുവിപ്പുറത്തും, ശിവഗിരിയിലും മഹാസമാധി സ്ഥാനമായ ചാവക്കാട്ടും വിശേഷാൽപൂജ, അനുസ്‌മരണ പ്രഭാഷണം തുടങ്ങിയ പരിപാടികളോടെ ആചരിക്കും.

ശിവലിംഗ സ്വാമികളുടെ ദീപ്തമായ ജീവിതം ഗുരുദേവന്റെ ദിവ്യമായ ജീവിതചര്യകളെ അനുസ്മരിപ്പിക്കാൻ പോരുന്നവയാണ്. മഹാത്യാഗിയും സിദ്ധപുരുഷനുമായിരുന്നു ശിവലിംഗസ്വാമികൾ.

ജാതിചിന്തയും അയിത്തവും ഒരു മഹാവ്യാധി പോലെ വ്യാപ്തമായിരുന്ന 130 വർഷങ്ങൾക്കു മുൻപ് അരുവിപ്പുറത്തിനടുത്ത് മാരായമുട്ടം ദേശത്ത് നായർ തറവാട്ടിൽ ജനിച്ച ഒരാൾ ശ്രീനാരായണ ശിഷ്യത്വം വരിക്കുക എന്നത് അദ്ഭുതാവഹമായ കാര്യമാണ്. അരുവിപ്പുറം പ്രതിഷ്ഠയ്ക്കും മുൻപ് ഗുരുദേവൻ അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിലും കൊടിതൂക്കി മലയിലും തപോനിരതനായി കഴിയുന്ന കാലത്താണ് കേവലം 17 വയസുകാരനായ കൊച്ചപ്പിപ്പിള്ള യാദൃച്ഛികമായി ഗുരുസ്വാമിയെ കാണുന്നതും പ്രഥമശിഷ്യനായി മാറുന്നതും. ഗുരുദേവനിൽ നിന്നും നേരിട്ട് അദ്ധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കാനുള്ള മഹാഭാഗ്യം ആ ബാലന് ലഭിച്ചു. മാത്രമല്ല സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം കരസ്ഥമാക്കി. ഗുരുദേവൻ ശിവലിംഗദാസ സ്വാമികൾ എന്ന പേരിൽ സന്യാസദീക്ഷ നല്‌കി അനുഗ്രഹിച്ചു. മായ മാറി ആത്മീയാനുഭവം കൈവരിച്ചതിനെക്കുറിച്ച് സ്വാമികൾ

നീയല്ലോ ഗുരുവായ് വന്നെൻ / മായയെ തീർത്തു കാത്തവൻ കായാദി ജഡവസ്‌തുക്കൾ മായും / നീ മാഞ്ഞിടാത്തവൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മീയപുരോഗതി കൈവരിച്ച് അദ്ധ്യാത്മനിഷ്ഠയിൽ ലയിക്കുന്നതു മാത്രമായിരുന്നില്ല ഗുരുദേവന്റെ സന്യാസ സങ്കല്പം. 'സന്യാസി എന്നാൽ ത്യാഗി" പരോപകാരാർത്ഥം പ്രയത്നിക്കുന്നവൻ" എന്ന് ഗുരുദേവൻ സന്യാസത്തിന് പുതുമാനം നല്കിയിട്ടുണ്ട്.

ഗുരുദേവൻ അരുവിപ്പുറത്ത് ആരംഭിച്ച സംസ്‌കൃത പാഠശാലയിലെ അദ്ധ്യാപകനായി സേവനം ചെയ്തു. ഗുരുദേവൻ ലോകസംഗ്രഹ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ ആത്മീയരംഗത്ത് പരിശീലനം നല്കാനും ശിഷ്യനെ നിയോഗിച്ചു. പ്രസിദ്ധമായ കോലത്തുകര ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം അവിടെ സ്ഥാപിതമായ ശ്രീനാരായണാശ്രമത്തിന്റെ ചുമതല ശിവലിംഗസ്വാമികളിൽ നിക്ഷിപ്തമായി. സ്വാമികൾ ഇവിടെ ദീർഘകാലം താമസിച്ച് ശ്രീനാരായണ മാർഗത്തിലൂടെയുള്ള ആത്മീയ ശിക്ഷണം നല്കി. ധർമ്മപ്രചാരണം നടത്തിയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ ഒന്നാമതു വാർഷികം പ്രമാണിച്ച് നടന്ന സ്‌ത്രീസമ്മേളനത്തിനു വേണ്ടി ഗുരുദേവ കല്പന പ്രകാരം ശിവലിംഗസ്വാമികൾ രചിച്ച കൃതിയാണ് സ്‌ത്രീമിത്ര ശതകം. ഒരു ഉത്തമയായ കുടുംബിനി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് 100 ശ്ളോകങ്ങളിലായി സ്വാമികൾ വിവരിക്കുന്നു.

കൊച്ചിയിലെ ആദ്യ ശ്രീനാരായണാശ്രമത്തിന്റെ സ്ഥാപകൻ ശിവലിംഗ സ്വാമികളാണ്. ഗുരുദേവന്റെ അൻപതാമതു ജയന്തി പ്രമാണിച്ച് പെരിങ്ങോട്ടുകരയിൽ ശ്രീനാരായണാശ്രമം സ്ഥാപിതമായി. ദീർഘകാലം സ്വാമികൾ തന്നെയായിരുന്നു മഠാധിപതി. 1912 മേയ് ഒന്നിന് ശിവഗിരിയിൽ ശാരദാപ്രതിഷ്ഠ നടന്ന വേളയിൽ ഗുരുദേവൻ ശിവലിംഗസ്വാമികളെ അനന്തരഗാമിയായി നിശ്ചയിച്ചു.

1918ൽ ശിവലിംഗസ്വാമികൾ തന്റെ ആശ്രമകേന്ദ്രം പെരിങ്ങോട്ടുകരയിൽ നിന്നും ചാവക്കാട് വിശ്വനാഥ ക്ഷേത്രാങ്കണത്തിലേക്ക് മാറ്റി. 1917ൽ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ തുടർച്ചയെന്നോണം സ്വാമികൾ പെരിങ്ങോട്ടുകരയിൽവച്ച് ഒരു മിശ്രഭോജനം നടത്തുന്നതിന് നേതൃത്വം നല്കി. ഇത് സമുദായത്തിലെ ചില പ്രമാണിമാരെ ചൊടിപ്പിക്കുകയും സഹോദരനും മറ്റും ഭ്രഷ്ടുകല്പിച്ചതു പോലെ പെരിങ്ങോട്ടുകരയിൽ മിശ്രഭോജനത്തിൽ പങ്കെടുത്തവർക്കും ചില ഉൗരുവിലക്കുകൾ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെയാണ് ആ പുണ്യാത്മാവ് പെരിങ്ങോട്ടുകരയിൽ നിന്നും ചാവക്കാട്ടേക്കു യാത്രയായത്.

അവിടെ വിശ്വനാഥ ക്ഷേത്രത്തിന് ഷഡാധാര പ്രതിഷ്ഠ നടത്തിയ സ്വാമികൾ ദേശവാസികൾക്ക് ബ്രഹ്മവിദ്യ പകർന്നു നല്കിയിരുന്നു. ആത്മനിഷ്ഠയിൽ ലയിച്ച് ലോകസേവ ചെയ്തിരുന്ന ശിവലിംഗസ്വാമികളുടെ ജീവിതം പഠിച്ചാൽ അത് ഗുരുദേവ സ്വരൂപത്തിന്റെ ഒരു വാമനരൂപം എന്ന് മനസിലാകും. 1919 ജനുവരി എട്ടിന് ചാവക്കാട് വിശ്വനാഥ ക്ഷേത്രാങ്കണത്തിൽവച്ച് 'ഞാൻ നാളെ പോകും" എന്ന പ്രവചനമനുസരിച്ച് സ്വാമികൾ നിർവാണം പ്രാപിച്ചു. സ്വാമികളുടെ സമാധിസ്ഥലം ഇന്നൊരു തീർത്ഥാടനകേന്ദ്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVALINGA SWAMIKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.