SignIn
Kerala Kaumudi Online
Friday, 29 March 2024 11.23 AM IST

മാറ്റങ്ങളുടെ കൊടുങ്കാറ്റിന് സജ്ജരാകാം

sree-narayana-guru

കേരളചരിത്രത്തെ 1903 ന് മുൻപും ശേഷവും എന്ന് രണ്ടായി വേർതിരിക്കാം. കേരള നവോത്ഥാനത്തിന് രഥവേഗം ലഭിക്കുന്നത് 1903 ന് ശേഷമാണ്. അവഗണനകൾക്കും അടിച്ചമർത്തലുകൾക്കുമെതിരായ അവർണന്റെ നെടുവീർപ്പുകളും ഒറ്റപ്പെട്ട പ്രതിരോധങ്ങളും സംഘടിത സമരങ്ങളായി മാറിയത് 1903ന് ശേഷമാണ്. ജാതിയുടെ പേരിൽ ചവിട്ടിമെതിക്കപ്പെട്ടിരുന്ന പിന്നാക്ക ജനതയെ ഇന്ന് കാണുന്ന തരത്തിൽ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച കൊടുങ്കാറ്റായ ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നിലവിൽ വന്നത് 1903 മേയ് 15 നായിരുന്നു.

കേരളം രൂപം കൊള്ളുന്നതിന് മുൻപും പിൻപും ഈ നാടിന്റെ ഗതിവിഗതികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു പ്രസ്ഥാനം വേറെ ഇല്ലെന്ന് പറയാം. ചാതുർവർണ്യത്തെ തച്ചുടച്ച് അവകാശസമത്വം പിടിച്ചെടുത്തെന്ന് മാത്രമല്ല പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന അനാചാരങ്ങൾ തിരുത്തി, നിരന്തരം സ്വയം നവീകരണത്തിന് വിധേയമാകാൻ ഉൗർജ്ജം പകർന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന് ഒരു സംഘടന എന്ന ആശയം ഗുരുദേവന് മുന്നിലേക്ക് വച്ചത് ഡോ. പി. പല്പുവാണ്. പിന്നെ ഗുരുദേവനും കുമാരനാശാനും പല്പുവും കൂട്ടായി നടത്തിയ കൂടിയാലോചനയിൽ അരുവിപ്പുറം ക്ഷേത്രയോഗം വിപുലപ്പെടുത്തി പുതിയൊരു സംഘടന രൂപീകരിക്കാൻ ധാരണയായി. തുടർന്ന് 1903 ജനുവരി 7ന് അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ വിശേഷാൽ പൊതുയോഗം വിളിച്ചുചേർത്തു. ഗുരുദേവൻ തിരിതെളിച്ച ആ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം രൂപീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ സംഘടനയുടെ കരുത്തിൽ അവകാശ നിഷേധങ്ങൾക്ക് നേരെ വിറയ്ക്കാത്ത ശബ്ദങ്ങളുയർന്നു. ഇത് നാട്ടിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തൊട്ടുപിന്നാലെ യോഗത്തിന്റെ മാതൃകയിൽ ഒട്ടനേകം സംഘടനകൾ പിറന്നു. അങ്ങനെ വഴിനടക്കാനും വസ്ത്രം ധരിക്കാനും ഈശ്വരാരാധന നടത്താനും വിദ്യ അഭ്യസിക്കാനും ഉണ്ടായിരുന്ന വിലക്കുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. പിന്നാക്കക്കാരെ നിവർന്നുനിൽക്കാൻ പഠിപ്പിച്ചതും അടിമച്ചങ്ങല പൊട്ടിക്കാനുള്ള കരുത്ത് പകർന്നതും യോഗമാണ്. അങ്ങനെ ഗുരുദേവനും എസ്.എൻ.ഡി.പി യോഗവും ഉഴുതുമറിച്ചിട്ട ഭൂമികയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിറന്നത്. ആദ്യഘട്ടങ്ങളിൽ യോഗം മുന്നോട്ടുവച്ച ആശയങ്ങൾ ഏറ്റെടുത്തത് കൊണ്ടാണ് മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇവിടെ വേരുറപ്പിക്കാനായത്.

മേൽജാതിക്കാരെ കാണുമ്പോൾ കീഴ്ജാതിക്കാരൻ ഓടിയൊളിക്കേണ്ട ഗതികേട് മാറിയിട്ടില്ലാത്ത കാലമായിരുന്നു അത്. അക്കാലത്താണ് രാജാവ് അടക്കമുള്ള സമസ്ത മേലാളന്മാർക്കുമൊപ്പം ഈഴവനും ശ്രീമൂലം പ്രജാസഭയിൽ ഇരിക്കാനും പറയാനുമുള്ള അവകാശം എസ്.എൻ.ഡി.പി യോഗം പിടിച്ചുവാങ്ങിയത്. പിന്നീട് യോഗം പ്രതിനിധികൾ പ്രജാസഭയ്ക്കുള്ളിലും, പുറത്ത് സംഘടിതമായും പിന്നാക്കക്കാരന് പഠിക്കാനും പഠിച്ചവന് തൊഴിലിനും വേണ്ടിയുള്ള ശക്തമായ ഇടപെടലുകൾ നടത്തി. അകറ്റിനിറുത്തപ്പെട്ട പാഠശാലകളിലേക്ക് ഈഴവർ കടന്നുചെന്നു. എതിർപ്പുകളെയും ലഹളകളെയും പ്രതിരോധിച്ചു. പിന്നെ ക്ഷേത്രപ്രവേശനം എന്ന അവകാശത്തിനായി പിന്നാക്കക്കാരുടെ മസ്തിഷ്കങ്ങളെ തിളപ്പിച്ചു. ഇക്കാര്യത്തിൽ മറ്റ് പല പ്രസ്ഥാനങ്ങളും യോഗത്തിനൊപ്പം നിന്നു. അങ്ങനെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള ജാതിമതിലുകൾ പൊളിഞ്ഞു. ഇതിനിടയിൽ തന്നെ ഈഴവരെ ഉന്നത ഉദ്യോഗങ്ങളിൽ നിന്നും മാറ്റി നിറുത്തുന്നതിനെതിരെ യോഗം അധികാരികളുമായി കലഹിച്ചു. ജനസംഖ്യാനുപാതികമായ സംവരണം എന്ന ആവശ്യം മുന്നോട്ടുവച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ യോഗം സ്വന്തം നിലയിൽ കോളേജുകൾ ആരംഭിച്ചു. ഇങ്ങനെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ച യോഗത്തിന്റെ അശ്വമേധം അതിവേഗം പറഞ്ഞു തീർക്കാനാവില്ല.

കൂടുതൽ കരുത്തോടെ മുന്നോട്ട്

അവർണൻ ഈശ്വരാരാധന നടത്താൻ പാടില്ലെന്ന ദുർവ്യവസ്ഥയെ ഈശ്വരപ്രതിഷ്ഠ നടത്തിയാണ് ഗുരു ലംഘിച്ചത്. കൂടുതൽ പ്രതിഷ്ഠകൾ നടത്തി ആരാധനാ സ്വാതന്ത്യം സാർവത്രികമാക്കി. അക്ഷരം നിഷേധിച്ചിരുന്ന കാലത്ത് അവർണർക്കായി പാഠശാലകൾ സ്ഥാപിച്ചു. തീണ്ടിക്കൂടായ്മയുടെ കാലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഗുരു തെളിച്ച ഈ പാതയിലൂടെയാണ് യോഗം ഇപ്പോൾ സഞ്ചരിക്കുന്നത്. നമുക്ക് എയ്ഡഡ് മേഖലയിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാതിരിക്കുമ്പോൾ ഒരു വെല്ലുവിളി പോലെ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായി 118 വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ ഈഴവ സമുദായത്തെ അവഗണിക്കുന്നവർ അധികാരത്തിൽ നിന്ന് തന്നെ മാറ്റിനിറുത്തപ്പെടും എന്ന അവസ്ഥ സൃഷ്ടിച്ചു.

സംഘടനാപരമായി യോഗത്തിന്റെ വേരുകൾ ഇപ്പോൾ കൂടുതൽ ശക്തമായി. ശാഖകളുടെയും പോഷകസംഘടനകളുടെയും എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഏറെ വർദ്ധിച്ചു. യൂത്ത് മൂവ്മെന്റും വനിതാസംഘവും കൂടുതൽ കരുത്താർജ്ജിച്ചതിന് പുറമേ ബാലജനയോഗം, കുമാരിസംഘം, വൈദികയോഗം, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ തുടങ്ങിയ പുതിയ പോഷക സംഘടനകളും രൂപീകരിച്ചു. സാമ്പത്തിക സ്വാശ്രയത്വത്തിനായി മൈക്രോ ഫിനാൻസ് പദ്ധതി ആവിഷ്കരിച്ചു. ഇപ്പോൾ ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നു. ഇങ്ങനെ നീളുന്നു യോഗത്തിന്റെ വർത്തമാനകാല പ്രവർത്തനങ്ങൾ.

ഒന്നായി നിൽക്കാം

ഭിന്നതകൾ ഏത് പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും മുന്നേറ്റത്തെ ബാധിക്കും. ഒരു വിഭാഗം യോഗത്തിന്റെ മുന്നോട്ടു പോക്കിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നു. നിരന്തരം ജനങ്ങൾ അവഗണിച്ചിട്ടും കോടതികളിൽ നിന്നും തിരിച്ചടി നേരിട്ടിട്ടും അവർ പിന്മാറുന്നില്ല. അവരുടെ ലക്ഷ്യം സമുദായത്തിന്റെ മുന്നേറ്റമല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ യോഗത്തിന്റെ വാർഷിക പൊതുയോഗം തടസപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. യോഗത്തെ റിസീവർ ഭരണത്തിലെത്തിച്ച് പ്രവർത്തനങ്ങളാകെ സ്തംഭിപ്പിച്ച് അനാഥമാക്കുകയാണ് ലക്ഷ്യം. വളരെ കുടിലവും ക്രൂരമാണ് ഇത്തരം നീക്കങ്ങൾ. സ്ഥാപിത താത്‌പര്യങ്ങൾ നടക്കാത്തതിന്റെ നിരാശ മാത്രമാണ് ഇവരുടെ ചേതോവികാരം. ഇത്തരം ശ്രമങ്ങളെല്ലാം പരാജയപ്പട്ടിട്ടുണ്ട് ഇന്നലെകളിൽ. പലരും തെറ്റ് തിരിച്ചറിഞ്ഞ് യോഗത്തിനൊപ്പം ചേർന്നു. ഇപ്പോൾ യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്നും പിന്തിരിയണം. നമുക്ക് ഒരുമിച്ച് നിൽക്കാം. 'ഒന്നിച്ച് ഒന്നായി നമ്മൾ മുന്നോട്ട് . '

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.