SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.20 AM IST

കായിക സാക്ഷരതയും സമൂഹവും

photo

ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമായ അവബോധം ആർജിക്കുക എന്നതാണ് സമ്പൂർണ സാക്ഷരതയുടെ ആത്യന്തികലക്ഷ്യം. യുനെസ്‌കോയുടെ നിർവചനമനുസരിച്ച് അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷ സന്ദർഭോചിതമായി മനസിലാക്കാനും ബോദ്ധ്യമാകാനും സൃഷ്ടിക്കാനും വിനിമയം ചെയ്യാനും ഉപയോഗിക്കാനുമുള്ള കഴിവാണ് സാക്ഷരത. എന്നാൽ കായിക സാക്ഷരത' എന്നതിലൂടെ ഉദ്ദേശിക്കുന്നത് വ്യക്തിയുടെ മാനസിക, ശാരീരിക, വൈകാരിക, സംതുലനാവസ്ഥ നിലനിറുത്താൻ അനുവർത്തിക്കേണ്ട ശീലങ്ങളെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചുമുള്ള പൊതുധാരണയാണ്. കായിക സാക്ഷരത ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ എല്ലാഘട്ടത്തിലും അനിവാര്യവുമാണ്.
കായികശേഷി എന്നതിനെക്കാൾ കൂടുതൽ ഗഹനമായ ആശയമാണ് കായിക സാക്ഷരത ഉൾക്കൊള്ളുന്നത്. ജീവിതകാലം മുഴുവൻ കർമ്മോത്സുകരാകാനുള്ള ശേഷി കൈവരിക്കാൻ കായികശേഷി അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ സംഭവിക്കുന്ന ആകെ മരണങ്ങളിൽ നാലാം സ്ഥാനത്ത് കായികക്ഷമത ഇല്ലാത്തതിന്റെയോ വ്യായാമക്കുറവിന്റെയോ ഫലമായി ഉണ്ടാകുന്നതാണ്. കായികശേഷി ഉറപ്പുവരുത്തുന്നതിലൂടെ മികച്ച രോഗപ്രതിരോധമാണ് സാദ്ധ്യമാകുന്നത് എന്നറിയണം.

സ്ത്രീകളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ശിശു-മാതൃമരണ നിരക്കിൽ കാര്യമായ കുറവ് വരുത്താനും, പ്രസവാനന്തര ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുന്നു. ശാരീരികക്ഷമത നിലനിറുത്തുന്നതിലൂടെ വാ‌ർദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, പ്രായമേറുമ്പോഴും പൂർണ ആരോഗ്യവാന്മാരായി കഴിയുകയും ചെയ്യാം.

കായികസാക്ഷരത

ചെറുപ്പം മുതൽ

കായികശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവ് കുട്ടികളിൽ പ്രീ - പ്രൈമറി തലത്തിൽ തന്നെ പകരേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും ശാരീരികവും ബുദ്ധിപരവുമായ ശേഷി വർദ്ധിപ്പിക്കുന്നതിൽ കായികവിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്.

കുട്ടികൾക്ക് മികച്ച രോഗപ്രതിരോധശേഷി - ബുദ്ധിവികാസം, ഊർജ്ജസ്വലത എന്നിവ കൈവരിക്കാൻ കായികക്ഷമത ഉറപ്പാക്കിയേ മതിയാകൂ. ഇതിനായി കായിക സാക്ഷരതാ മാർഗങ്ങളും പദ്ധതികളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മുഴുവൻ കുട്ടികൾക്കും നിശ്ചിത കാലഘട്ടത്തിനുള്ളിൽ മിനിമം കായികക്ഷമത ആർജിക്കാനുള്ള സാഹചര്യം ഒരുക്കണം.
അക്കാദമിക മികവ് നേടിയെടുക്കുന്നതോടൊപ്പം കുട്ടിയുടെ വ്യക്തിത്വത്തിലെ മികവ് ഉറപ്പാക്കുക, അവർക്ക് മാനസിക പിന്തുണ ഒരുക്കുക, നിരന്തരമായ നിരീക്ഷണങ്ങളിലൂടെ കുട്ടിയുടെ വളർച്ചാവികാസ ഘട്ടങ്ങളിൽ ചാലകശക്തിയായി മാറുക തുടങ്ങിയ കാര്യങ്ങൾ കായികസാക്ഷരതയുടെ ഭാഗമാണ്. കളികളും കായിക
പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകുന്നത് ശാരീരികവും, മാനസികവും, സാമൂഹികവും വൈകാരികവുമായ വളർച്ചയാണ്. സമ്പൂർണ കായിക സാക്ഷരത നേടിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും അംഗീകാരവും നേടിയെടുക്കാൻ സാക്ഷരകേരളത്തിന് ഇനി എത്രകാലം വേണ്ടിവരുമെന്ന് കാത്തിരുന്ന്
കാണാം.

(കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് സ്‌പോർട്സ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എസ്.സി.ഇ.ആർ.ടിയിൽ റിസർച്ച് ഓഫീസറുമാണ് ലേഖകൻ ഫോൺ - 9846024102 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE, SPORTS LITERACY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.