SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 AM IST

മഹാഗുരുവിന്റെ കർമ്മനിഷ്ഠ

ss

ഈശ്വരൻ, ജീവൻ,ജഗത്ത് എന്നീ മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണല്ലോ ലോകത്തിന്റെ തത്വചിന്ത. അദ്വൈതിയായ ഗുരുദേവൻ മേല്‌പ്പറഞ്ഞ മൂന്നിനേയും ഒന്നായി കാണുന്നു. മഹാഗുരുവിന്റെ സാമൂഹികപരിഷ്‌കരണത്തിന്റെ പരിപ്രേക്ഷ്യമാണ് തീർത്ഥാടന സന്ദേശം. പരമഹംസനായ ഋഷിവര്യൻ ലോകസേവയുടെ ഭാഗമായി തീർത്ഥാടന സമ്പ്രദായത്തേയും പുതുക്കി വിലയിരുത്തി. ആത്മനിഷ്ഠയിൽ വ്യവഹരിച്ചുകൊണ്ടാണത്. ശ്രീനാരായണ ഗുരുദേവൻ അദ്വൈതത്തെ പ്രയോഗികദർശനമായി വ്യാഖ്യാനിക്കുകയും ചിന്താപദ്ധതി എന്നതിനപ്പുറം ജീവിതപദ്ധതിയാക്കി മാറ്റുകയും ചെയ്തു. ഗുരു മഹാസമാധിപര്യന്തം ആയുസും വപുസും ആത്മതപസും അർപ്പിച്ച് അഹർനിശം പ്രയത്നത്തിൽ മുഴുകി അന്യജീവനുതകി സ്വജീവിതം ധന്യമാക്കാൻ വ്യാപരിച്ചത് അദ്വൈതദർശനത്തിന്റെ ജീവിതഭാഷ്യം ചമയ്ക്കാനായിരുന്നു.

ശ്രീനാരായണഗുരു ഒറ്റ മുണ്ടുടുത്ത് ഒറ്റമുണ്ടു പുതച്ച് ഗ്രാമീണനേപ്പോലെ ജീവിച്ച മഹാത്മാവാണ്. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ അപാരപണ്ഡിതനായി പ്രശോഭിച്ചു. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 62 കൃതികളിലൂടെ വെളിവാക്കിയ പ്രായോഗികവേദാന്ത ജീവിതദർശനം അദ്ധ്യയനം ചെയ്യുന്ന ഏതൊരാളേയും അത്ഭുതപ്പെടുത്താതിരിക്കില്ല. ഏതൊരു മഹാമനീഷിയുടേയും ആധുനിക ചിന്തകന്റെയും മുന്നിൽ പതറാതെയും പിഴയ്ക്കാതെയും അദ്വൈതവേദാന്തത്തെ അവതരിപ്പിച്ചുകൊണ്ട് ഗുരുദേവൻ ജന്മകൃത്യം നിർവഹിച്ചു. ശിവഗിരി ധർമ്മസംഘത്തിലെ സന്ന്യാസിമാർക്കുളള ജീവിതചര്യ വിധിച്ചപ്പോൾ ഗുരുദേവൻ വ്യവസ്ഥ ചെയ്തു, സന്ന്യാസി എന്നാൽ ത്യാഗി, പരോപകാരം പ്രയത്നിക്കുന്നവൻ.
പ്രവൃത്തിയാരുടെ ജോലിയാണല്ലോ എന്ന ചട്ടമ്പിസ്വാമിയുടെ ചോദ്യത്തിന് പ്രവൃത്തിയുണ്ട് ആരില്ല എന്നതായിരുന്നു ഗുരുദേവന്റെ പ്രത്യുത്തരം. മഹാകവി ടാഗോർ ,​ വിവേകാനന്ദൻ ഭ്രാന്താലയമായി വിധിച്ച കേരളത്തെ മാറ്റിമറയ്ക്കാൻ അങ്ങ് ഏറെ പ്രവർത്തിച്ചല്ലോ എന്നു പറഞ്ഞപ്പോൾ നാം ഒന്നും ചെയ്യുന്നില്ലല്ലോ എന്നായിരുന്നു ഗുരുവിന്റെ ഉത്തരം. അതുകൊണ്ടാണ്‌ ലോകം മുഴുവൻ സഞ്ചരിച്ചിട്ടും ശ്രീനാരായണഗുരു സ്വാമിക്ക് സമശീർഷനായ മഹാത്മാവിനെ താൻ കണ്ടിട്ടില്ലെന്ന് ടാഗോർ പ്രഖ്യാപിച്ചത്.
വേദാന്തത്തിന് പുതുഭാഷ്യം ചമച്ച ശ്രീനാരായണഗുരു തീർത്ഥാടനചര്യയ്ക്കും ആധുനികമാനം നൽകി. തീർത്ഥാടകർ പരമ്പരാഗത ശൈലിയിൽ വ്രതാനുഷ്ഠാനത്തേടെ ശിവഗിരി സന്ദർശിയ്ക്കട്ടെ, ആരാധനയിൽ മുഴുകട്ടെ. എന്നാൽ അതുമാത്രം പോരാ. ജീവിത വിജയത്തിന് ആധാരമായ എട്ട് വിഷയങ്ങൾ വിശദീകരിക്കുക കൂടി ചെയ്തു. കേവലമൊരു തീർത്ഥയാത്രയെ ആചാരാനുഷ്ഠാനത്തോടെയുള്ള മഹിത പ്രസ്ഥാനമാക്കി മാറ്റി ഗുരു.

അതിനാൽ, ശിവഗിരി തീർത്ഥാടനം സംബന്ധിച്ച് ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ തീർത്ഥാടകർ ഒരുലോപവും വരുത്താൻ പാടില്ല. 1928 ൽ ഗുരുദേവൻ തീർത്ഥാടനത്തിന് അനുവാദം നൽകി, തീർത്ഥാടന ലക്ഷ്യങ്ങൾ വിഭാവനം ചെയ്തിരുന്നതിൽ നിന്നും ലോകത്തിന് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്. എങ്കിലും ഗുരുവിന്റെ തീർത്ഥാടന ലക്ഷ്യങ്ങൾ നിത്യപ്രസക്തങ്ങളായിത്തന്നെ പരിശോഭിക്കുന്നു. അതാണല്ലോ ശ്രീനാരായണ ഗുരുവിനെ 'കാലത്തിനു മുമ്പേ നടന്ന ദീർഘദർശിയായ ഗുരു' എന്നു വിശേഷിപ്പിക്കുവാൻ കാരണം.
ഗുരു പ്രായോഗികവേദാന്തിയായിരുന്നു. തീർത്ഥാടനത്തിന് അനുമതി നൽകിയവേളയിൽ ഗുരു ഉപദേശിച്ചു, 'ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യവും. തുടർന്ന് ഗുരു വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാർഗങ്ങൾ ഉപദേശിക്കുകയായി. ഗുരു നൽകിയ ഉപദേശവചസുകൾ പരിപാലിക്കുന്നുവോ എന്ന് ഓരോ തീർത്ഥാടകനും ആത്മപരിശോധന ചെയ്യണം. ലോകസംഗ്രഹപടുവായ ആ പുണ്യപുരുഷൻ ഉപദേശിക്കുന്നു: ' എട്ടു വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയങ്ങളിലും വൈദഗ്ദ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ചുകേൾക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം.

ഗുരുദേവൻ കല്പിച്ച എട്ടുവിഷയങ്ങളിലും വൈദഗ്ദ്ധ്യം സിദ്ധിച്ചവരെയും സാമൂഹിക സാംസ്‌‌കാരിക രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരേയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ വർഷവും ഒന്നിനൊന്ന് മികച്ച സമ്മേളന പരമ്പര നടന്നുവരുന്നു.
തീർത്ഥാടകർ ശിവഗിരിയിൽ കൂടുതൽസമയം ചെലവഴിക്കാനും സമ്മേളനപരിപാടിയിൽ പങ്കെടുക്കാനും ശ്രദ്ധചെലുത്തേണ്ടതുണ്ട്. തീർത്ഥത്തിൽ അടനം ചെയ്ത് പാപം പോക്കി പുണ്യംനേടുക എന്നതിനപ്പുറത്ത് ഗുരു വിഭാവനം ചെയ്ത ജ്ഞാനതീർത്ഥത്തിൽ അടനം ചെയ്യുവാനും അറിവിന്റെ തീർത്ഥാടനത്തെ സാക്ഷാത്കരിക്കുവാനും സാധിക്കണം.
തീർത്ഥാടകർ പീതാംബരധാരികളായി 10 ദിവസത്തെ വ്രതം സ്വീകരിച്ച് ശിവഗിരിയിൽ എത്തണമെന്നാണല്ലോ ഗുരുദേവകല്പന. 'വെള്ളവസ്ത്രം ഗൃഹസ്ഥന്മാരുടേത് ,കാഷായവസ്ത്രം സന്ന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്, ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ശ്രീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്, അതുകൊള്ളാം നന്നായിരിക്കും . മഞ്ഞ വസ്ത്രം എന്നു പറഞ്ഞതിനു മഞ്ഞപ്പട്ടു വാങ്ങിപ്പാൻ ആരും തുനിയരുത്. കോടിവസ്ത്രംപോലും ആവശ്യമില്ല. ഉപയോഗത്തിലിരിക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കി ഉപയോഗിച്ചുകൊള്ളണം.' യാത്രാവേളകളിൽ അനുവർത്തിക്കേണ്ട അനുഷ്ഠാനശൈലിയേയും തൃപ്പാദങ്ങൾ ഉപദേശിക്കുന്നു. യാത്ര ആർഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്‌തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം.
ശിവഗിരി തീർത്ഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കൽപ്പങ്ങളിലൊന്നാണ് , അതിനെ മലിനമാക്കരുതെന്ന് ഗുരുദേവൻ തന്നെ അരുളിചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്‌കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമേന്തി യൂറോപ്യൻമാരുടെ ആണ്ടു പിറപ്പിന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തണമെന്നാണ് ഗുരുദേവ കൽപ്പന. അത് ഒരു സമന്വയ ദർശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയിൽ സാമൂഹിക ജീവിതം പടുത്തുയർത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്തദർശനം ശിവഗിരി തീർത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. അത് നമ്മുടെ ജീവിത ദർശനമാകണം.
ജനലക്ഷങ്ങൾ ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം ചെയ്യുന്നത് നാം ശരീരമല്ല; അറിവാകുന്നു, ഈശ്വരനാകുന്നു, ശരീരമുണ്ടാകുന്നതിന് മുമ്പ് അറിവായി ഈശ്വരനായി നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും - എന്ന് ഉപദേശിച്ച ബ്രഹ്മനിഷ്ഠനായ ലോകഗുരുവിന്റെ അനുഗ്രഹം തേടുന്നതിനു വേണ്ടിയാണ് . ഈ വർഷത്തെ തീർത്ഥാടന നവതിയാഘോഷങ്ങൾ ഭക്തജനങ്ങൾക്ക് അനുഗ്രഹപ്രദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENARAYANA GURU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.