SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.21 PM IST

ആളി​ക്കത്തുന്നു ലങ്ക; ഇനി​ എന്ത്?

photo

ഹനുമാന്റെ ലങ്കാദഹനത്തിന് സമാനമായ സാഹചര്യമാണ് ശ്രീലങ്കയി​ൽ നി​ന്ന് വരുന്ന വാർത്തകൾ സൂചി​പ്പി​ക്കുന്നത്. കനത്ത സുരക്ഷയുള്ള രാജപക്‌സെ കുടുംബത്തി​ന്റെ തറവാടുൾപ്പെടെ കത്തി​നശി​ച്ചുകഴി​ഞ്ഞു. രാഷ്ട്രീയ അനിശ്ചി​തത്വത്തി​നോ സാമ്പത്തി​ക പ്രതി​സന്ധി​ക്കോ ഒരു പരി​ഹാരവും ഉരുത്തി​രി​ഞ്ഞി​ട്ടി​ല്ല. സർക്കാർ അനുകൂലികളും പ്രതി​കൂലി​കളും തമ്മിൽ പോരാട്ടത്തി​ലാണ്. ഈ പ്രശ്നം എങ്ങനെ പരി​ഹരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രംഗങ്ങൾ

വഷളായതെങ്ങനെ?

പ്രധാനമന്ത്രി​യായ മഹി​ന്ദ രാജപക്‌സെ മാറി​നി​ൽക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭകാരി​കൾ നടത്തുന്ന സമാധാനപരമായ സമരത്തെ പ്രധാനമന്ത്രി​യുടെ അനുയായി​കൾ പൊടുന്നനെ ആക്രമി​ച്ചതാണ് രംഗം വഷളാക്കി​യത്. പ്രതി​പക്ഷനേതാവായ സജി​ത്ത് പ്രേമദാസ ആക്രമി​ക്കപ്പെട്ടതും എം.പി​മാർ ഉൾപ്പെടെയുള്ളവരുടെ വസതി​കൾക്ക് തീവച്ചതും ഗൗരവത്തോടെ കാണേണ്ടതാണ്.

പരി​ഹരി​ക്കാത്ത

പ്രശ്നങ്ങൾ

വി​ലക്കയറ്റം, അത്യാവശ്യ മരുന്നുകൾ, ഇന്ധനം, വൈദ്യുതി​, നി​ത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം എന്നിവ ജനജീവി​തം ദുസഹമാക്കുന്നു. വി​ദേശനാണ്യശേഖരം ഇല്ലെന്നുതന്നെ പറയാം. കടം തി​രി​ച്ചടയ്ക്കാൻ കഴി​യില്ലെന്ന് ശ്രീലങ്കൻ സർക്കാർ അറി​യി​ച്ചുകഴി​ഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരി​ക്കാതെ ശ്രീലങ്കയി​ൽ സ്ഥി​രതയും സമാധാനവും സാദ്ധ്യമല്ല.

പ്രക്ഷോഭകരുടെ

ലക്ഷ്യം

രാജപക്‌സെക്കാർ 'Go Home" എന്നതാണ് സമരക്കാരുടെ പ്രഖ്യാപിതലക്ഷ്യം. ലങ്കയിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണമായി അവർ രാജപക്‌സെ കുടുംബത്തെ കാണുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പരാധീനതയിൽ നിന്ന് പൂർണമായും മോചിതമാകുന്നതിന് മുമ്പേ ശ്രീലങ്കയെ പരാജയത്തിലേക്ക് നയിച്ച രാജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

എന്തു സംഭവിച്ചാലും അധികാരം വിട്ടൊഴിയില്ലെന്നാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ നിലപാട്. രംഗം തണുപ്പിക്കാൻ വേണ്ടിയാണ് സഹോദരനായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ രാജിവയ്പിച്ചത്. സാങ്കേതികമായി പ്രസിഡന്റിനു രാജിവയ്ക്കേണ്ട കാര്യമില്ല. പ്രസിഡന്റ് എന്ന നിലയിൽ, സർവ അധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകൃതമാണ്. കൂടാതെ, സൈന്യത്തിന്റെ സർവ സൈനാധിപനുമാണ്. ആഭ്യന്തരയുദ്ധം അടിച്ചമർത്തിയശേഷം രാജപക്‌‌സെ കുടുംബത്തിനും സൈന്യത്തിൽ നല്ല സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ, സൈന്യത്തിന്റെ പിന്തുണ രാജപക്‌സെ കുടുംബത്തിനാണെന്ന് അനുമാനിക്കാം. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ, 'Shoot at sight order" ഇറക്കിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. കലാപകാരികളെ അടിച്ചമർത്തി രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ, സൈന്യം തയ്യാറാണെന്നാണ് പറഞ്ഞുവയ്ക്കുന്നത്.

ശ്രീലങ്കൻ പാർലമെന്റിൽ ഭരണകക്ഷിയായ, ശ്രീലങ്കൻ ഫ്രീഡം പാർട്ടിക്ക് നല്ല ഭൂരിപക്ഷമുണ്ട്. അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുക എളുപ്പമല്ല. മാത്രവുമല്ല, പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് ഇത്തരം നീക്കങ്ങളെ ചെറുക്കാനും കഴിയും.

ദേശീയ സർക്കാർ

സാദ്ധ്യമോ?

ലങ്കയിലെ പ്രശ്നം പരിഹരിക്കാൻ ഒരു സർവകക്ഷി സർക്കാരിന്റെ സാദ്ധ്യതകൾ പലരും ആരായുന്നുണ്ട്. എന്നാൽ, പ്രക്ഷോഭകാരികളും പ്രതിപക്ഷവും രാജപക്‌സെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന സർക്കാരിനു തയ്യാറല്ല. രാജപക്സെ ഇല്ലാത്ത സർക്കാരിന് പ്രസിഡന്റ് ഗോതാബയും തയ്യാറല്ല. രാജപക്‌സയ്ക്ക് പങ്കാളിത്തമില്ലാത്ത സർക്കാർ അധികാരത്തിൽ വന്നാൽ, അത് രാജപക്‌സ കുടുംബത്തിന് വലിയ തിരിച്ചടിയാണ്. അവരുടെ അഴിമതി സ്വജനപക്ഷവാദവും, പ്രതിപക്ഷ പീഡനവുമൊക്കെ പ്രതികാര നടപടികൾക്ക് വിധേയമാകും. അത് മുന്നിൽക്കണ്ടു തന്നെയാണ് രാജിവച്ചൊഴിയാൻ പ്രസിഡന്റ് തയ്യാറാകുന്നത്. ഇവിടെയാണ്, സർവകക്ഷി സർക്കാർ എന്ന ആശയം അപ്രായോഗികമാകുന്നത്. ഇക്കാര്യത്തിൽ എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

പ്രക്ഷോഭകാരികൾ

അടങ്ങുമോ ?

നിലവിലെ സാഹചര്യത്തിൽ ലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കോ സാമ്പത്തിക പ്രതിസന്ധിയ്ക്കോ പെട്ടെന്നൊരു പരിഹാരമില്ല. അതിനാൽത്തന്നെ സമരം ഏതു വഴിക്ക് മുന്നോട്ടു പോകുമെന്ന ചിത്രം വ്യക്തമല്ല. നിലവിൽ പ്രതിപക്ഷത്തോടൊപ്പം, വിദ്യാർത്ഥികളും ചില ഇടത് വിഭാഗങ്ങളും സമരരംഗത്തുണ്ട്. മറ്റു ചില സംഘടിത ഗ്രൂപ്പുകളും പ്രക്ഷോഭത്തിലാണ്. സർക്കാരിനെ അനുകൂലിക്കുന്ന വിഭാഗവും ശക്തമാണ്. ലങ്കയിലെ രാഷ്ട്രീയ ബുദ്ധസന്യാസികളും പ്രക്ഷോഭത്തിലെ സാന്നിദ്ധ്യമാണ്. ഇവർ നയിക്കുന്ന സമരം ഏതു ദിശയിലേക്കെന്ന് പ്രവചിക്കുക അസാദ്ധ്യം. ഇവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം ദൃശ്യമല്ല.

സൈന്യം

ഇടപെടുമോ?

രാജപക്‌സെയ്ക്ക് അധികാരത്തിൽ തുടരണമെങ്കിൽ സൈന്യത്തിന്റെയും സുരക്ഷാവിഭാഗത്തിന്റെയും പിന്തുണ അത്യാവശ്യമാണ്. അധികാരം വിട്ടൊഴിയാൻ വിസമ്മതിക്കുന്ന പ്രസിഡന്റിനു അധികാരത്തിൽ തുടരാനുള്ള ഒരു മാർഗം ബലപ്രയോഗമാണ്. ശക്തമായ ജനാധിപത്യ പാരമ്പര്യമുള്ള ശ്രീലങ്കയിൽ സൈന്യം എത്രമാത്രം ഇടപെട്ടെന്ന് പറയാനാകില്ല.

ഇന്ത്യ ഇതുവരെ ശ്രീലങ്കയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കാനാവശ്യമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഏകദേശം മുന്നൂറ് കോടി യു.എസ് ഡോളർ സഹായം ഇന്ത്യ നൽകിയിട്ടുണ്ട്. ചൈനയുടെ വർദ്ധിക്കുന്ന സ്വാധീനത്തിന് തടയിടാൻ വേണ്ടി കൂടിയാണ് ഈ നിർലോഭ സഹായം. തമിഴ് ജനത ഈ സമീപനത്തിൽ അത്ര തൃപ്തരല്ല. ആഭ്യന്തരയുദ്ധത്തെ അടിച്ചമർത്തിയപ്പോൾ തങ്ങൾ അനുഭവിച്ച ദുഃഖവും ദുരിതവും ഇപ്പോൾ ശ്രീലങ്കൻ ജനത അനുഭവിക്കുന്നു എന്ന നിസംഗതയാണ് അവർക്ക്.

ചുരുക്കത്തിൽ, കടുത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്കും, അസ്ഥിരതയ്ക്കും പരിഹാരം ഉടൻ അസാദ്ധ്യമാണ്. ആര് അധികാരത്തിൽ വന്നാലും പോയാലും പ്രശ്നസങ്കീർണമാണ് ലങ്കയുടെ സമീപഭാവി. രാഷ്ട്രീയ വിരോധവും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ, ലങ്കയ്ക്ക് മുന്നോട്ടുപോകാനാവൂ. ദൗർഭാഗ്യവശാൽ, ഇത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ, ഇനി എന്തെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമില്ല.

(ഡോ. സി.എ. ജോസുകുട്ടി കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം പ്രൊഫസറും സിനു കുഞ്ഞുമോൻ ഇതേ വിഭാഗത്തിൽ ഗവേഷകയുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRI LANKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.