SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.48 PM IST

മോഷണ സ്വർണത്തിന്റെ റിക്കവറി ; വാങ്ങാത്ത സ്വർണം തിരികെ കൊടുക്കണമെന്ന് !

gold

സ്വർണവ്യാപാരികളുടെ പേടിസ്വപ്നമാണ് മോഷണ സ്വർണ തൊണ്ടിമുതലിന് വേണ്ടിയുള്ള പൊലീസ് റിക്കവറി. ഇൻഡ്യൻ ശിക്ഷാനിയമത്തിലെ 410 മുതൽ 414 വരെയുള്ള വകുപ്പുകളാണ് റിക്കവറി സംബന്ധമായ കാര്യങ്ങൾ വിവരിക്കുന്നത്. എന്നാൽ നിയമവിരുദ്ധമായ തിരച്ചിൽ, പിടിച്ചെടുക്കൽ, കസ്റ്റഡിയിലെടുത്ത് ബന്ധിയാക്കി റിക്കവറി നടത്തൽ തുടങ്ങിയ രീതികളാണ് പൊലീസ് അവംലബിക്കുന്നത്. ഇൻഡ്യൻ എവിഡൻസ് ആക്ട് വകുപ്പ് 27 അനുസരിച്ച് റിക്കവറി നടത്തുന്നതാണ് പൊലീസിന്റെ രീതി. വേറെ ഏതെങ്കിലും കേസിൽ ഉൾപ്പെട്ട മോഷ്‌ടാവിനെ ഉപയോഗിച്ചും സ്വർണറിക്കവറി നടത്തുന്നതായി വ്യാപാരികൾക്ക് ആക്ഷേപമുണ്ട്.
സ്വർണറിക്കവറിയുമായി ബന്ധപ്പെട്ട് യാതൊരു ശാസ്ത്രീയ അന്വേഷണവും പൊലീസ് നടത്താറില്ല. ഒരു കൊലപാതകം നടന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി അന്വേഷണം നടത്തുന്നു. കൃത്യം നടന്ന ദിവസം പ്രതി കുറ്റകൃത്യം നടന്ന ടവറിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. എന്നാൽ സ്വർണ മോഷണമുതൽ റിക്കവറിക്കു മാത്രം ഈ രീതിയിലുള്ള യാതൊരു അന്വേഷണവും നടക്കുന്നതായി അറിയുന്നില്ല.
യഥാർത്ഥ മോഷ്ടാവാണെങ്കിൽ അയാൾ ഒരിക്കലും സ്ഥിരമായി കൊടുക്കുന്ന കടയുടെ പേര് പറയാറില്ല. പകരം നീല പെയിന്റടിച്ച കട തുടങ്ങി അടയാളങ്ങൾ മാത്രമാണ് പറയുകയെന്നാണ് പൊലീസിന്റെ വിശദീകരണം.
പൊലീസ് മോഷ്‌ടാവിനെ ജീപ്പിലിരുത്തി കടയുടെ മുന്നിൽ നിറുത്തി കടയുടമയോ, ജീവനക്കാരനെയോ പിടിച്ചു കൊണ്ടുപോകുന്ന സമീപനം സ്വീകരിക്കുന്നു. പലരും അഭിമാനക്ഷതമോർത്ത് പൊലീസ് പറയുന്ന തൂക്കത്തിൽ സ്വർണം നൽകി മാനം രക്ഷിക്കുന്നു. ഇതാണിവിടെ നടന്നു വരുന്നത്. തൊണ്ടി മുതലിനു വേണ്ടി പൊലീസിന്റെ അന്യായ സ്വർണ റിക്കവറി പലയിടങ്ങളിലും നടക്കുന്നുണ്ട്. റിക്കവറിക്ക് വരുമ്പോൾ കടയുടമ മോഷണ സ്വർണം വാങ്ങിച്ചിട്ടുണ്ടെന്ന മോഷ്‌ടാവിന്റെ മൊഴി രേഖപ്പെടുത്തിയ രേഖകൾ ഒന്നും കാണിക്കാറില്ല. പൊലീസ് ജീപ്പിലിരിക്കുന്ന മോഷ്‌ടാവ് ചൂണ്ടികാണിക്കുന്നത് അനുസരിച്ച് ( ഇത് പലപ്പോഴും മുൻകൂട്ടിയുള്ള തിരക്കഥയാണ് ) പൊലീസ് കടയിലെത്തി ഇത്രഗ്രാം സ്വർണം മോഷ്‌ടാവ് ഇവിടെ വിറ്റിട്ടുണ്ടെന്ന് പറയുന്നു. അത് നൽകണമെന്ന് ആവശ്യപ്പെടുന്നു. നൽകാത്തപക്ഷം ഉടമ അല്ലെങ്കിൽ ജീവനക്കാരനെ പിടിച്ചു കൊണ്ടുപോകുന്നു. പൊലീസ് സ്റ്റേഷനിൽ ബന്ധിയാക്കുന്നു. വ്യാപാരികൾ പൊലീസ് ആവശ്യപ്പെട്ട സ്വർണം കൊടുത്ത് ബന്ധിയാക്കുന്നവരെ മോചിപ്പിക്കുന്നു. ഇത്തരത്തിലാണ് കൂടുതലായും റിക്കവറി നടത്തുന്നത്. അല്ലെങ്കിൽ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട പൊലീസ് ഓഫീസർ സ്വർണ റിക്കവറി ആവശ്യപ്പെടുന്നു. കൊടുത്തില്ലെങ്കിൽ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. മാനഭയം ഓർത്ത് ആവശ്യപ്പെടുന്ന സ്വർണം കൊടുത്ത് ഉടമ അനാവശ്യ കേസിൽ നിന്ന് ഒഴിവാകുന്ന സംഭവങ്ങളും ഉണ്ട്.
പല റിക്കവറിക്കും സത്യത്തിന്റെ കണികപോലും കാണില്ല.
എടുക്കാത്ത സ്വർണം പൊലീസ് റിക്കവറി ആവശ്യപ്പെടുമ്പോൾ കൊടുക്കേണ്ട വ്യാപാരിയുടെ നിസഹായാവസ്ഥ ആരോട് പറയാൻ.
കള്ളനും പൊലീസും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ഒരു വർഷം കേരളത്തിൽ ആയിരം കിലോയിലേറെ റിക്കവറി നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. റിക്കവറി നടത്തുന്നതിന്റെ വളരെ കുറച്ച് മാത്രമാണ് കോടതിയിൽ ഹാജരാക്കുന്നതെന്നും ആക്ഷേപമുണ്ട്.
റിക്കവറി സംബന്ധമായി പൊലീസിന്റെ വീഴ്ചകൾ ചൂണ്ടികാട്ടി മാറിമാറി വരുന്ന സർക്കാരുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് രണ്ട് സർക്കുലർ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊന്നും പൊലീസ് പാലിക്കുന്നില്ല. ഈ സർക്കുലർ ഉൾപ്പെടെ നൽകിയാണ് റിട്ട് ഹർജി നൽകി വിധി സമ്പാദിച്ചിട്ടുള്ളത്. അതിനെയും അവഗണിച്ചാണ് പൊലീസ് വ്യാജ റിക്കവറികൾ നടത്തുന്നത്.


വ്യാപാരികളുടെ

ആവശ്യങ്ങൾ

1. റിക്കവറി ആവശ്യപ്പെടുമ്പോൾ മോഷണം സംബന്ധിച്ച് ഏതു പൊലീസ് സ്റ്റേഷനിലാണോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ആ കേസിന്റെ എഫ്.ഐ.ആറിന്റെ കോപ്പി കടയുടമയ്‌ക്ക് നൽകണം.
2.മോഷ്‌ടാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിക്കവറി നടത്തുന്നതെങ്കിൽ കടയുടെ പേര് രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയുടെ പകർപ്പ് കടയുടമയ്ക്ക് നൽകുക.
3. റിക്കവറിക്ക് മുമ്പ് ശാസ്ത്രീയ അന്വേഷണം നടത്തുക.
മോഷണ സ്വർണം കടയിൽ വിറ്റെന്ന് പറയുന്ന ദിവസം മോഷ്ടാവ് കട നിൽക്കുന്ന ടവർ പരിധിയിൽ എത്തിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ അന്വേഷണം നടത്തണം.
4. സ്വർണം വിറ്റെന്ന് പറയുന്ന ദിവസം മോഷ്‌ടാവിന്റെ സാന്നിദ്ധ്യം തെളിയിക്കാനുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം.


( ലേഖകൻ AKGSMA സംസ്ഥാന ട്രഷററാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STOLEN GOLD RECOVERY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.