SignIn
Kerala Kaumudi Online
Friday, 29 March 2024 6.46 AM IST

വേണ്ടത് വിദ്യാർത്ഥി സൗഹൃദ നയം

medical

യുകെയ്‌നിൽ 30000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് മെഡിക്കൽ, ഡെന്റൽ, എൻജിനീയറിംഗ്, വെറ്റിനറി സയൻസ് കോഴ്സുകൾ പഠിക്കാൻ ചേർന്നിട്ടുള്ളത്. യുക്രെെൻ, റഷ്യ, സമീപരാജ്യങ്ങൾ എന്നിവിടങ്ങളിൽ അശാന്തി ദീ‌‌ർഘകാലം നീണ്ടു നിന്നേക്കും. ഈ കാര്യത്തിൽ രാജ്യത്ത് പുനർവിചിന്തനം ആവശ്യമാണ്.

നമ്മുടെ പ്രധാനമന്ത്രി അടുത്തയിടെ നടത്തിയ മൻ കീ ബാത്തിൽ രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. പ്രതിവർഷം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് അശാന്തി നിറഞ്ഞ മേഖലയിലെത്തുന്നത്. ഇവരിൽ 80 ശതമാനവും മെഡിക്കൽ കോഴ്സുകൾക്കായാണ് എത്തുന്നത്. വിദേശ മെഡിക്കൽ പഠനത്തിന് താത്‌പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ സൗകര്യമൊരുക്കണം. സ്വകാര്യ, സഹകരണ മേഖലകൾ, പ്രവാസി നിക്ഷേപം , സർക്കാർ സ്വകാര്യ പങ്കാളിത്തം എന്നിവയുടെ സഹായത്തോടെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകൾ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമാരംഭിക്കണം. കൂടുതൽ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ സംരംഭകത്വം പ്രോത്സാഹിപ്പിക്കണം.

രാജ്യത്തെ ഡെന്റൽ കോളേജുകളിൽ ഇതിനകം സീറ്റുകൾ ഒഴിവുണ്ട്. കാർഷിക, വെറ്ററിനറി സീറ്റുകൾക്ക് സർക്കാർ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചാൽ മതിയാകും. രാജ്യത്ത് 70000 ത്തോളം മെഡിക്കൽ സീറ്റുകളുണ്ട് . ഇത് 10 ശതമാനം വർധിപ്പിക്കണം. അഡ്മിഷൻ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ തന്നെയാകണം.

എന്തുകൊണ്ട് വിദേശത്തേക്ക് ?

കുറഞ്ഞ മാർക്കോടെ നീറ്റിലുള്ള യോഗ്യത, കുറഞ്ഞ ഫീസ്, മികച്ച സൗകര്യങ്ങൾ, വിദേശ പഠനത്തോടുള്ള താല്പര്യം എന്നിവയാണ് വിദേശ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. ഇന്ത്യയിൽ സ്വകാര്യ ഡീംഡ് മെഡിക്കൽ കോളേജുകളിൽ പ്രതിവർഷം 15- 30 ലക്ഷം രൂപ വരെയാണ് എം ബി ബി എസിന് വാർഷിക ഫീസ്. എന്നാൽ ഉക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ചൈന, റഷ്യ എന്നിവിടങ്ങളിൽ ആറു വർഷ ബിരുദ പ്രോഗ്രാമിന് ശരാശരി 35 ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ. ഉക്രൈനിൽ മാത്രം 45 ഓളം മെഡിക്കൽ സ്‌കൂളുകളുണ്ട് . അടുത്തയിടെ 200 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് കിർഗിസ്ഥാനിലെ മെഡിക്കൽ സ്‌കൂളിലെത്തി ചതിക്കുഴിയിൽപ്പെട്ടത്. ഇത്തരം രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള ഫീസിലൂടെ ലഭിക്കുന്ന വരുമാനം വളരെ കൂടുതലാണ്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഫോറിൻ മെഡിക്കൽ ബിരുദധാരികൾക്കുള്ള പ്രവേശന പരീക്ഷ പാസായാൽ മാത്രമെ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കൂ.

മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നീറ്റ് പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കണം. മികച്ച സ്‌കോർ ഇന്ത്യയിൽ അഡ്മിഷന് ആവശ്യമാണ്. മികച്ച സ്‌കോർ ലഭിക്കാത്തതു തന്നെയാണ് കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ വിദേശരാജ്യത്തേക്കു ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. മെഡിക്കൽ കോഴ്സുകളുടെ കാര്യത്തിൽ ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളും 50 ശതമാനം സീറ്റുകൾ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ നൽകാനുള്ള നിർദ്ദേശം തീർത്തും സ്വാഗതാർഹമാണ്.

ഇപ്പോൾ നാട്ടിലേക്കു തിരിച്ചു വരുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനം വൈകുന്നുണ്ടെങ്കിൽ അവർക്ക് രാജ്യത്ത് പഠനസൗകര്യമൊരുക്കണം. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പോരായ്ന്മയ്‌ക്ക് തന്റെ മകൻ രക്തസാക്ഷിയായെന്ന് ഉക്രൈനിൽ മരണപ്പെട്ട നവീനിന്റെ പിതാവ് അഭിപ്രായപ്പെട്ടത് ഗൗരവത്തോടെ കാണണം. നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ട്വിന്നിങ് പ്രോഗ്രാമിലുൾപ്പെടുത്തി ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കണം. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കണം. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള സൗകര്യം രാജ്യത്ത് ഏർപ്പെടുത്തണം. മൂന്ന് , നാല്, അഞ്ച് വർഷ വിദ്യാർത്ഥികൾക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫെർ അനുവദിക്കുന്നത് പോലെ ഇന്ത്യൻ സർവകലാശാലകളിലും അനുവദിക്കണം.

ഭാവിയിൽ മെഡിക്കൽ പഠനത്തിന് വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് റെഗുലേറ്ററി, മോണിറ്ററിങ് സംവിധാനം ഊർജ്ജിതപ്പെടുത്തണം. പാരാമെഡിക്കൽ, അലൈഡ് ആരോഗ്യ കോഴ്സുകളിലേക്ക് മാറ്റാവുന്നതും ആലോചിക്കാവുന്നതാണ്. മാറുന്ന സാഹചര്യം മനസിലാക്കി വിദ്യാർത്ഥി സൗഹൃദതീരുമാനം നടപ്പിലാക്കേണ്ടതാണ്.

(ലേഖകൻ വിദ്യാഭ്യാസ വിദഗ്ദ്ധനും ബംഗളുരുവിലെ ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENTS FRIENDLY POLICY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.