SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.34 AM IST

സുഗുണൻ , ആഗോളതാപനത്തിന്റെ ഇര !

alcohol

സുഹൃത്ത് ഡോ. ഗോപാലകൃഷ്ണൻ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റം. കുടുംബാംഗങ്ങളെ നാട്ടിൽത്തന്നെ നിറുത്തി അദ്ദേഹം ഒറ്റയ്ക്ക് ഇടുക്കിയിലേക്ക് താമസം മാറി. പാചകം, പച്ചക്കറി കൃഷി, ഡ്രൈവിംഗ് ഇതെല്ലാം ഒറ്റയ്ക്ക് നിർവഹിക്കേണ്ടി വരുന്ന കാര്യം എന്നെ അറിയിച്ചപ്പോഴാണ് സകല ക്രീയാവല്ലഭനും കൊവിഡാനന്തര തൊഴിലന്വേഷകനും എന്റെ മുൻഡ്രൈവറുമായ സുഗുണന്റെ കാര്യം ഞാൻ ഡോ. ഗോപാലകൃഷ്ണനോട് സജസ്റ്റ് ചെയ്തത്!

രോഗികളെ മാത്രം റഫർ ചെയ്തു പരിചയമുള്ള ഞാൻ അങ്ങനെ ഡ്രൈവറെയും റഫർ ചെയ്ത് ചരിത്രം കുറിച്ചു.
പക്ഷേ ചരിത്രത്താളിലെ മഷിയുണങ്ങുന്നതിനു മുമ്പുതന്നെ സുഗുണൻ ഘർവാപ്പസി നടത്തി!

''ഡോക്ടറെ എനിയ്ക്ക് ഇടുക്കിയിലെ തണുപ്പ് ഒട്ടും പിടിക്കുന്നില്ല. ഞാനിങ്ങു പോന്നു. ഗോപാലകൃഷ്ണൻ ഡോക്ടർ വിളിച്ചാൽ ഞാനിനി വരുന്നില്ലെന്നു അറിയിച്ചാൽ കൊള്ളാം.''

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പരിധിയിൽ ഇതും വരുമോയെന്ന് ഉച്ച് വിചാർ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഡോ. ഗോപാൽജിയുടെ ഫോൺകോൾ!

വിഷയം, ഡ്രൈവർ സുഗുണന്റെ അച്ചടക്ക ലംഘനം !

വളരെ ശാന്തശീലനും സൽസ്വഭാവിയും ഹൃദയപക്ഷമനസ്സുമുള്ള ഡോ. ഗോപാലകൃഷ്ണൻ ഒരല്‌പ്പം വൈകാരികമായാണ് എന്നോട് സംഭവം വിവരിച്ചത്.

പുതുതായി ചാർജെടുത്ത ഡോക്ടറെ അയൽവക്കത്തുള്ള ഒരു എസ്റ്റേറ്റ് മുതലാളി, സണ്ണിച്ചൻ, ഒരു ഡിന്നറിന് ക്ഷണിക്കുന്നു.

സഹജീവിയെ ഒറ്റയ്ക്കാക്കി സ്വയം എങ്ങനെ വിരുന്നു കഴിക്കുമെന്ന ചിന്ത അലട്ടിയപ്പോൾ ഡ്രൈവർ സുഗുണനെയും കൂട്ടാമെന്നുറച്ച്, അയാൾക്ക് നല്ലൊരു ഷർട്ടും പാന്റും ഷൂസുമൊക്കെ വാങ്ങിക്കൊടുത്ത് വളരെ മാന്യമായ രീതിയിൽത്തന്നെ അണിയിച്ചൊരുക്കി ഡോക്ടർ ഡിന്നറിന് ഒപ്പം കൂട്ടി.

അവിടത്തെ ആചാരമനുസരിച്ച് ആദ്യം തന്നെ കുപ്പിയും ഗ്ലാസ്സും ഐസും വന്നു!

മദ്യവിരോധിയായ ഡോക്ടർ ഉടൻ തന്നെ മലപ്പുറം സ്ലാങ്ങിൽ പറഞ്ഞു , ' മാണ്ട !'

ആതിഥേയർക്ക് വിഷമമായി!

ഡോക്ടർ കഴിക്കാറില്ല. വിഷമിക്കണ്ട, ഞാൻ കഴിക്കാമെന്ന് പ്രതികരിച്ചുകൊണ്ട് സുഗുണൻ പ്രശ്നം കോംപ്ലിമെന്റ്സാക്കി!

സണ്ണിച്ചനും ഭാര്യ എൽസിക്കും സന്തോഷമായി.

പരിസ്ഥിതി സൗഹാർദ്ദപാനീയമായതു കൊണ്ടാണോ ആഗോള താപനം കൊണ്ടാണോ എന്നറിയില്ല , ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ സണ്ണിച്ചനും സുഗുണനും നല്ല ഫോമിലായി!

'ഈ തണുപ്പത്ത് രണ്ടെണ്ണം അടിയ്ക്കാതെ നിങ്ങൾ എങ്ങനെ കഴിഞ്ഞു കൂടുന്നു?' സണ്ണിച്ചന് അതിശയം!

കൈ തലയിൽ വെച്ചുകൊണ്ട് ദയനീയമായി, 'ഒന്നും പറയണ്ട സാറേ' എന്ന സുഗുണന്റെ അംഗവിക്ഷേപം കണ്ട് സണ്ണിച്ചനും ഭാര്യയും ഉറക്കെ പൊട്ടിച്ചിരിച്ചു.
നന്നായിട്ടൊന്നു ചമ്മിയെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ഒരു ചിരി വരുത്തി ഡോ. ഗോപാലകൃഷ്ണൻ തമാശയിൽ പങ്കുചേർന്നു.

ഡോക്ടർക്ക് കുടിക്കാൻ സോഫ്ട് ഡ്രിങ്ക് എടുക്കട്ടെ?
ആതിഥേയ എൽസി ചോദിച്ചു.

അത്തരം പാനീയങ്ങൾ ഇഷ്ടമില്ലാത്ത ഡോക്ടർ വീണ്ടും മാണ്ടാ പറഞ്ഞു.
അപ്പോഴേയ്ക്കും രണ്ട് റൗണ്ട് വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞിരുന്നു
സണ്ണിച്ചനും സുഗുണനും.

പിന്നെ എന്താണ് കുടിക്കാൻ? എൽസി വീണ്ടും ചോദിച്ചു.

വളരെ ഗൗരവത്തിൽ സുഗുണൻ പറഞ്ഞു.
''ഡോക്ടർക്ക് രണ്ട് പെഗ്ഗ് ഐസ് വാട്ടർ ഒഴിച്ചു കൊടുത്തോളൂ മേഡം!''
എല്ലാവരും തലയറഞ്ഞ് ചിരിച്ചു, ഡോക്ടർ ചിരിച്ചില്ല.

ഒരു ഫൈനൽ റൗണ്ടിനുശേഷം ഡിന്നർ കഴിച്ചു എല്ലാവരും പിരിയാനായി എഴുന്നേറ്റു.

സുഗുണൻ നല്ല ഫോമിലായതിനാൽ കാറിന്റെ താക്കോൽ വാങ്ങി ഡോക്ടർ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറിയിരുന്നു.
സണ്ണിച്ചൻ പുറകുവശത്തെ ഡോർ സുഗുണനുവേണ്ടി ഭവ്യതയോടെ തുറന്നു കൊടുത്തു.

ഡോ. ഗോപാലകൃഷ്ണന് ഇരിക്കാനായി പ്രത്യേകം ടവൽ വിരിച്ച് സജ്ജമാക്കി സൂക്ഷിച്ചിരുന്ന ഇരിപ്പിടത്തിൽ സുഗുണൻ ഗമയിൽ കയറിയിരുന്നു. എന്നിട്ട് ഡോക്ടറോടെന്ന പോലെ പറഞ്ഞു.
'ശരി.....വണ്ടി വിട്ടോളൂ.....'

സീൻ കട്ട്!

''ഞാനിത്രയേ ചെയ്‌തോളൂ, അതിനാണ് ആ ഡോക്ടർ.....' എന്നുപറയുന്ന ഡ്രൈവർ സുഗുണന്റെ ക്ലോസപ്പ്!

ലേഖകന്റെ ഫോൺ - 94470 55050

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUGUNAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.