SignIn
Kerala Kaumudi Online
Thursday, 25 April 2024 3.44 PM IST

വെള്ളമില്ലാത്തിടത്ത് നീന്തിയാൽ....

photo

കണ്ണൂർ ഏച്ചൂരിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള നീന്തൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മകനും അച്ഛനും കുളത്തിൽ മുങ്ങിമരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി. പന്നിയോട്ട് സ്വദേശി ചന്ദ്രകാന്തം ഹൗസിലെ പി.പി.ഷാജിയും മകൻ ജ്യോതിരാദിത്യയുമാണ് മരിച്ചത്. എസ്.എസ്.എൽ.സിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കനായിരുന്നു ജ്യോതിരാദിത്യ. പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷക്കൊപ്പം നീന്തൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ രണ്ട് ബോണസ് പോയിന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ നീന്തൽ പരിശീലനം. എ പ്ലസുകാരുടെ എണ്ണം കൂടുതലായതിനാൽ ഇഷ്ടപ്പെട്ട സ്‌കൂൾ ലഭിക്കുന്നതിൽ ഈ മാർക്ക് നിർണായകമാണ്. ഇതുകൊണ്ടാണ് നീന്തൽ അറിയാത്തവരും വേഗത്തിൽ പഠിച്ചെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി വിവിധ ജില്ലകളിൽ സ്‌പോർട്സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽ പ്രാവീണ്യ പരിശോധന നടക്കുന്നുണ്ട്. സ്‌പോർട്സ് കൗൺസിലുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കീഴിൽ നീന്തൽപരിശീലന കേന്ദ്രങ്ങൾ വളരെ കുറവാണ്. പൊതുകുളങ്ങൾ അടക്കം സൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ പോലും നീന്തൽ പ്രാവീണ്യ പരിശോധന നടത്തിയത് വിദ്യാർത്ഥികൾക്ക് ദുരിതമാണ് സമ്മാനിച്ചത്.

ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇപ്പോൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ല. ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നു കൂടി മന്ത്രി പറയുന്നു. നീന്തൽ പരിശോധനയുടെ പേരിൽ ഇത്രയധികം തിരക്കും ബഹളങ്ങളും അരങ്ങേറിയിട്ടും വിദ്യാഭ്യാസവകുപ്പോ മന്ത്രിയോ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എങ്ങനെ ഉൾക്കൊള്ളാനാവുമെന്നാണ് കുട്ടികളും രക്ഷിതാക്കളും ചോദിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് നീന്തൽ പരിശോധനകൾ നടന്നത്. കണ്ണൂരിലെ ദാരുണമായ മരണത്തിന് പിന്നാലെ ഉയർന്ന അതൃപ്തിയും രോഷവും മുന്നിൽക്കണ്ടാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് നിരീക്ഷിക്കപ്പെടുന്നു.

എന്തൊക്കെ പുകിലായിരുന്നു

നീന്തൽ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുകിൽ അരങ്ങേറിയത് ഒരുപക്ഷേ മലപ്പുറം ജില്ലയിലാവും. മലപ്പുറത്ത് എസ്.എസ്.എൽ.സിയിൽ ഇത്തവണ 77,691 പേരാണ് വിജയിച്ചത്. 7,230 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. എന്നാൽ ആകെ 56,015 പ്ലസ് വൺ സീറ്റുകളാണുള്ളത്. അൺഎയ്ഡഡിലെ 11,275 സീറ്റുകൾ അടക്കമാണിത്. സംസ്ഥാനത്ത് ഓപ്പൺ സ്‌കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും മലപ്പുറം ജില്ലയിലാണ്. പ്ലസ്‌വൺ സീറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. നീന്തലിന്റെ പേരിൽ കിട്ടുന്ന രണ്ട് ബോണസ് പോയിന്റ് വിദ്യാർത്ഥികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ബോണസ് പോയിന്റ് വേണ്ടവർ നീന്തൽ പരിശോധനയിൽ പങ്കെടുക്കണമെന്ന ജില്ലാ സ്‌പോർട്സ് കൗൺസിൽ അധികൃതരുടെ അറിയിപ്പിന് പിന്നാലെ നീന്തൽ കുളങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തിയതും ഇതുകൊണ്ടുതന്നെ.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മലപ്പുറം മേൽമുറി കോണോംപാറയിലെ പൊതുകുളത്തിൽ നടത്തിയ നീന്തൽ പ്രാവീണ്യപരിശോധനയ്ക്ക് കുട്ടികൾ അതിരാവിലെ തന്നെയെത്തി വരിയിൽ സ്ഥാനംപിടിച്ചിരുന്നു. രാവിലെ എട്ടിന് പരിശോധന ആരംഭിച്ചെങ്കിലും കുട്ടികളുടെ ഒഴുക്കിനെ തുടർന്ന് വരികൾ പലതാക്കി വിഭജിച്ചു. വിശപ്പും ദാഹവും സഹിച്ച് പെരുമഴയത്തു പോലും മണിക്കൂറുകൾ വരിനിൽക്കേണ്ടിവന്നു. 11 മണിയായതോടെ കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലായി. ഇതോടെ ടോക്കൺ നൽകുന്നത് നിർത്തിവച്ച് കുട്ടികളോട് മറ്റൊരു ദിവസം വരാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആശങ്കയിലായ വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു. പ്രദേശത്ത് വലിയ ബഹളവും വാക്കേറ്റവുമായി. പൊലീസ് എത്തിയെങ്കിലും റോഡിൽ നിന്ന് മാറാൻ വിദ്യാർത്ഥികൾ തയാറായില്ല. ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗവും മലപ്പുറം നഗരസഭാ കൗൺസിലറുമായ സി.സുരേഷുമായി എത്തിയ പൊലീസ് വിദ്യാർത്ഥികളോട് അനുരഞ്ജന ചർച്ച നടത്തുകയും കൂടുതലിടങ്ങളിൽ നീന്തൽ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

കുട്ടികൾക്കിടയിൽ നീന്തൽ പരിശോധന ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നീന്തൽ പഠിച്ചെടുത്തവരും നീന്തലറിയാത്തവരും ഉണ്ടായിരുന്നു. ചിലർ വെള്ളത്തിലിറങ്ങിയപ്പോഴേ മുങ്ങിയെങ്കിലും ട്രോമാകെയർ വൊളന്റിയർമാർ രക്ഷയ്‌ക്കെത്തി. ചിലർ പാതി നീന്തി കയറിൽ പിടിച്ച് കരയ്ക്ക് കയറി. മികച്ച നിലയിൽ നീന്തി കടമ്പ പൂർത്തിയാക്കിയവരുമുണ്ട്. കുട്ടികളുടെ ഈ ദുരിതം കണ്ട ആരും ചോദിക്കും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പുവരുത്താതെ എന്തിന് വേണ്ടിയായിരുന്നു ഈ പ്രഹസനമെന്ന്. ഇത്രത്തോളം സഹിച്ച് പരിശോധനയിൽ പങ്കെടുത്ത് നേടിയ സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് കൂടി പറഞ്ഞാൽ കുട്ടികൾക്ക് ഉൾക്കൊള്ളാനാവില്ല.


ഇങ്ങനെയാണോ

സർട്ടിഫിക്കറ്റ്

നൽകേണ്ടത്

കുട്ടികൾ നീന്തൽ പഠിക്കുന്നതിലൂടെ ജലാശയ അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് വിദ്യാഭ്യാസവകുപ്പ് ബോണസ് പോയിന്റ് ഏർപ്പെടുത്തിയത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചിട്ടുളള സ്‌പോർട്സ് കൗൺസിലുകൾ എന്നിവിടങ്ങളിൽ നീന്തൽ പരിശീലനം നൽകുകയും ഇവർ നൽകുന്ന സർട്ടിഫിക്കറ്റ് പ്ലസ്‌ വൺ പ്രവേശന സമയത്ത് ഹാജരാക്കണമെന്നുമായിരുന്നു ഹയർസെക്കൻഡറി ഡയറക്ടർ നേരത്തെ ഇറക്കിയ സർക്കുലറിലുണ്ടായിരുന്നത്. എന്നാൽ നീന്തലറിയാത്തവർ പലരും രാഷ്ട്രീയ സ്വാധീനത്തിലൂടെയും മറ്റും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. നീന്തലിന്റെ സർട്ടിഫിക്കറ്റിൽ തിരിമറി സംബന്ധിച്ച ആക്ഷേപങ്ങളും വ്യാപകമായി. ഇത്തവണ സ്‌പോർട്സ് കൗൺസിൽ നേരിട്ടാണ് നീന്തൽ പരിശോധനയ്ക്കിറങ്ങിയത്. നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുമ്പ് സ്‌കൂൾ പഠനസമയത്ത് പ്രത്യേക സമയക്രമം നിശ്ചയിച്ച് നീന്തൽ പ്രാവീണ്യ പരിശോധനയും നീന്തൽ സർട്ടിഫിക്കറ്റും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പ്ലസ്‌വൺ പ്രവേശനത്തിന് തൊട്ടുമുമ്പായാണ് പരിശോധനയും സർട്ടിഫിക്കറ്റ് വിതരണവും നടക്കുന്നത്. ഇത് കുട്ടികളെ മാനസികമായും ശരീരികമായും തളർത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIMMING TEST FOR PLUS ONE ADMISSIONS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.