SignIn
Kerala Kaumudi Online
Thursday, 25 April 2024 11.54 AM IST

പാഠ്യപദ്ധതി പരിഷ്‌കരണം ;നെല്ലും പതിരും

photo

മികച്ച തലമുറയെ രൂപപ്പെടുത്താനുള്ള പാഠ്യപദ്ധതി രൂപീകരണത്തിന് കേരളം ഒരുമനസോടെ മുന്നിട്ടിറങ്ങേണ്ട കാലമാണ്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുകയാണ് സർക്കാർ സമീപനം. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്.) 2005 ന്റെ ചുവടുപിടിച്ച് കേരള പാഠ്യപദ്ധതി 2007 രൂപപ്പെടുത്തിയതിനു ശേഷം സമഗ്രപാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ് കേരളം ഒരുങ്ങുന്നത്. പന്ത്രണ്ടാം ക്ലാസുവരെയുള്ള 64.23 ലക്ഷം കുട്ടികളിൽ 46.29 ലക്ഷം കുട്ടികൾ (72.06 ശതമാനം) പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ ലക്ഷ്യംവച്ചുള്ളതാണ് സമഗ്ര പരിഷ്‌കരണം. കേന്ദ്രസർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അദ്ധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്.

10 വർഷമായി വൈജ്ഞാനിക മേഖലയിലും സാങ്കേതികരംഗത്തും ബോധനശാസ്ത്ര രംഗത്തുമുണ്ടായ മാറ്റങ്ങളെ നമ്മുടെ പാഠ്യപദ്ധതി ഉൾക്കൊള്ളുന്നില്ല. തൊഴിൽവിദ്യാഭ്യാസത്തെ സ്‌കൂൾ പാഠ്യപദ്ധതിയുമായി ഉൾച്ചേർക്കേണ്ടത് അനിവാര്യമാണ്. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യയ്‌ക്ക് അനിവാര്യമായ തരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും.

കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും കുട്ടികൾ സ്‌കൂൾഘട്ടത്തിലേ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ജനകീയ ചർച്ചയ്ക്കാവശ്യമായ കുറിപ്പുകൾ തയ്യാറാക്കേണ്ട ചുമതല സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയ്‌ക്കാണ്. വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തയാറാക്കിയ കരടുരേഖ പാഠ്യപദ്ധതി കോർകമ്മിറ്റി മുമ്പാകെ സമർപ്പിച്ചു. വ്യത്യസ്ത സംഘടനകൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി അംഗീകരിച്ച ചർച്ചാക്കുറിപ്പുകളാണ് ജനകീയചർച്ചയ്ക്കായി നൽകിയത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് നേതൃത്വം നൽകാൻ 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഈ ഗ്രൂപ്പുകളിൽ അതത് വിഷയത്തിന്റെ വിദഗ്ദ്ധർ, സർവകലാശാലകളിലെ പ്രൊഫസർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, കോളേജ്, സ്‌കൂൾ അദ്ധ്യാപകർ, വ്യത്യസ്ത മേഖലകളിലുള്ള വിദ്യാഭ്യാസതത്‌പരരായ വ്യക്തികൾ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. 26 മേഖലകളെക്കുറിച്ചുള്ള ചർച്ചാക്കുറിപ്പുകൾക്ക് ഫോക്കസ് ഗ്രൂപ്പുകളാണ് അന്തിമരൂപം നൽകിയത്. ജനകീയ ചർച്ചകൾക്കായി സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ സംഘാടകസമിതികൾ രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ജനകീയ ചർച്ചകൾക്ക് നേതൃത്വം നൽകാൻ റിസോഴ്സ് അദ്ധ്യാപകർക്ക് പരിശീലനം നല്കി.
കുട്ടികളോട് അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം പുരോഗമിക്കുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തുന്ന പാഠ്യപദ്ധതി ലോകത്തിനുതന്നെ മാതൃകയാവും.
പരിഷ്‌കരണത്തിന് ആധാരമായ 26 ഫോക്കസ് ഗ്രൂപ്പുകളുടെ നിലപാട് രേഖകൾ തയാറാക്കാൻ നേതൃത്വം നൽകുന്നത് അക്കാഡമിക് വിദഗ്ദ്ധർ ഉൾപ്പെടുന്ന ഫോക്കസ് ഗ്രൂപ്പുകളാണ്. ഇവയുടെ നേതൃത്വത്തിൽ ജനകീയ സെമിനാറുകൾ, ചർച്ചകൾ, പഠനങ്ങൾ, സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിങ്ങനെ വിപുലമായ പരിപാടികൾ നടന്നുവരുന്നു.

സ്‌കൂൾ, പ്രീ സ്‌കൂൾ , അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലായി തയാറാക്കുന്ന കരട് പാഠ്യപദ്ധതി ചട്ടക്കൂടുകളും വ്യത്യസ്തതലങ്ങളിൽ ചർച്ച ചെയ്തതിനുശേഷം നവകേരള സൃഷ്ടിക്കായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കും. തുടർന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിൽ സിലബസ് ഗ്രിഡ് രൂപീകരിക്കും. പാഠ്യപദ്ധതി സമീപനരേഖ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ അക്കാഡമിക വിദഗ്ദ്ധർ പരിശോധിച്ചാണ് സിലബസിന് അന്തിമരൂപം നൽകുക. സിലബസിനെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങൾ രചിക്കും.

പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കാൻ തയാറാക്കിയ ചർച്ചാകുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിൽ സ്‌കൂൾ സമയമാറ്റം, ജൻഡർ എഡ്യൂക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർനയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്.

എല്ലാവിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. വിവാദങ്ങളെ സർക്കാർ ഭയക്കുന്നില്ല. സംവാദങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു മടിയുമില്ല. കേരളത്തിന് അനുകൂലമായ പാഠ്യപദ്ധതി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംവാദങ്ങളും ചർച്ചകളുമെങ്കിൽ എല്ലാ അവസരങ്ങളും സർക്കാർ ഒരുക്കും . മികച്ച ഭാവിതലമുറയെ രൂപപ്പെടുത്താനുള്ള ചരിത്രദൗത്യത്തിൽ നമുക്ക് അണിചേരാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SYLLABUS RENEWAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.