SignIn
Kerala Kaumudi Online
Saturday, 20 April 2024 2.40 AM IST

സംഘടനാ ചരിത്രത്തിലെ സുവർണനക്ഷത്രം

t-k-madhavan

ഇന്ന് ടി.കെ.മാധവന്റെ 92- ാം ചരമവാർഷിക ദിനം

............................................

എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണീയരും കൈവരിച്ച നേട്ടങ്ങളുടെയും സാമൂഹിക അന്തസിന്റെയും തായ്‌വേരുകൾ ചികയുമ്പോൾ മുന്നിലെത്തുന്ന നാമധേയങ്ങളിൽ ഏ​റ്റവും പ്രധാനപ്പെട്ടതാണ് ടി.കെ.മാധവൻ. അയിത്തവും അസ്പൃശ്യതയും ജാതീയ അന്തരങ്ങളും കൊടികുത്തിവാഴുന്ന കാലത്ത് ജനിച്ച്,​ ജീവിച്ച് അതിന്റെ കെടുതികൾ മറികടന്ന് മുഖ്യധാരയിൽ ഇടംപിടിച്ച മഹാനുഭാവനാണ് ടി.കെ.
അതിസമ്പന്നമായ ആലുമ്മൂട്ടിൽ ചാന്നാർ കുടുംബത്തിൽ ജനിച്ചിട്ടും ജാതീയതയുടെ കെടുതികൾ അദ്ദേഹത്തിനും നേരിടേണ്ടിവന്നു.
ആറുവയസുവരെ കുടിപള്ളിക്കൂടത്തിലാണ് പഠിച്ചത്. സവർണവിഭാഗത്തിൽപ്പെട്ട കളരിയാശാൻ, മാധവൻ തൊട്ടുകൂടാത്തവനായതിനാൽ ദൂരെനിന്ന് എറിഞ്ഞടിക്കുകയായിരുന്നു പതിവ്. അകാരണമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തുടർന്നപ്പോൾ മാധവൻ പള്ളിക്കൂടം ഉപേക്ഷിച്ച് അകലെയുള്ള നസ്രാണി ആശാന്റെ ശിക്ഷണത്തിൽ പഠനം തുടർന്നു. അങ്ങോട്ടേക്കുളള കാൽനടയാത്രക്കിടയിൽ സവർണരെ കണ്ടാൽ വഴിമാറി നടക്കണമായിരുന്നു. അബദ്ധവശാൽ വീഴ്ചസംഭവിച്ചാൽ കഠിനമായി ശിക്ഷിക്കും. നസ്രാണി ആശാനും അടുത്തുവരാതെ എറിഞ്ഞടിക്കുന്നത് കുഞ്ഞുമാധവന് തീവ്രമനോവേദനയുണ്ടാക്കി. ഇതര മതവിഭാഗക്കാരും ഈഴവരാദി പിന്നാക്കവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിച്ചില്ല.
ഒരുവർഷം പിടിച്ചുനിന്ന ശേഷം മ​റ്റൊരാശാന്റെ കീഴിൽ സംസ്‌കൃതവും തുടർന്ന് ഇംഗ്ലീഷും പഠിച്ചു. പി. സുബ്രഹ്മണ്യംപിള്ള ആശാനായിരുന്നു മാധവന്റെ മനസിൽ മാനവികതയുടെ വിത്തുപാകിയത്. ജാതീയാന്തരങ്ങളില്ലാതെ മനുഷ്യനെ ഒന്നായിക്കാണുന്ന വിശാലഹൃദയത്തിനുടമയായിരുന്നു പിള്ള. ഈഴവർക്ക് ഇംഗ്ലീഷ് പഠിക്കാൻ പ്രതിബന്ധങ്ങളുണ്ടായിട്ടും അദ്ദേഹം മാധവനെ നായർ, നസ്രാണി കുട്ടികൾക്കൊപ്പം ഒരേബെഞ്ചിലിരുത്തി പഠിപ്പിച്ചു. തെ​റ്റുകണ്ടാൽ അടുത്തുവന്ന് ശിക്ഷിച്ചു. നിഷേധിക്കപ്പെട്ടത് കരഗതമാക്കാനുള്ള വാശി മാധവനിൽ രൂഢമൂലമായി.
കായംകുളം സർക്കാർ വിദ്യാലയത്തിൽനിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെട്ടു. പിതാവിന്റെ കോടതി വ്യവഹാരങ്ങൾ പലതും ഇംഗ്ലീഷിൽനിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് മാധവനായിരുന്നു.
എന്നാൽ ജാതിയുടെ പേരിൽ നേരിടേണ്ടിവന്ന പരിഹാസങ്ങൾ മനസിനെ കാര്യമായി മുറിവേൽപ്പിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരെ പൊരുതാനുളള മനോഭാവം കൂടുതൽ ദൃഢമായി. പഠിക്കാൻ സമർത്ഥനെങ്കിലും അച്ഛന്റെ അകാലവിയോഗവും ശ്വാസകോശരോഗവും മൂലം ഹൈസ്‌കൂൾപഠനം പൂർത്തിയാക്കാനായില്ല. വൈകാതെ ഗൃഹസ്ഥാശ്രമിയായി. നാരായണിയമ്മയെയാണ് വിവാഹം കഴിച്ചത്.
മികച്ച പ്രാസംഗികനും എഴുത്തുകാരനുമായ ടി.കെ. പ്രസിദ്ധമായ കേരളകൗമുദി, മലയാള മനോരമ ദിനപത്രങ്ങളിലും ഭാഷാപോഷിണി, മംഗളോദയം ആനുകാലികങ്ങളിലും ലേഖനങ്ങളെഴുതി ശ്രദ്ധേയനായി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയ്ക്ക് സാക്ഷ്യംവഹിച്ച മാധവൻ ശ്രീനാരായണഗുരുദേവനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചു. ഗുരു ആലുവ സംസ്‌കൃത പാഠശാലയ്ക്കായി പണപ്പിരിവിന് നടത്തിയ യാത്രയിലെ മുഖ്യപ്രചാരകനും പ്രഭാഷകനും മാധവനായിരുന്നു. സമുദായത്തിനുവേണ്ടി പത്രം തുടങ്ങണമെന്ന ആഗ്രഹം അങ്കുരിക്കുന്നത് ഈ കാലയളവിലാണ്.
1914 ൽ 29 -ാം വയസിലാണ് മാധവൻ ദേശാഭിമാനിയെന്ന പത്രം ആരംഭിക്കുന്നത്. നടത്തിപ്പുകാരനും പ്രചാരകനും വിതരണക്കാരനുമെല്ലാം മാധവൻ തന്നെയായിരുന്നു. പത്രത്തിന് മികച്ച പ്രചാരം ലഭിച്ചു. താഴ്ന്നജാതിക്കാരുടെ അവകാശങ്ങളെക്കുറിച്ചും സാമൂഹികസമത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും ലേഖനങ്ങളെഴുതി. സാമൂഹികപ്രവർത്തനരംഗത്ത് ആദ്യം ഊന്നൽ കൊടുത്തത് പൗരസമത്വവാദത്തിനായിരുന്നു. 26ലക്ഷം പേരുണ്ടായിരുന്ന ഈഴവസമുദായമായിരുന്നു ജനസംഖ്യാനുപാതികമായി തിരുവിതാംകൂറിലെ ഏറ്റവും വലിയ ജനവിഭാഗം. അവർക്ക് പ്രാഥമിക പൗരാവകാശം സ്ഥാപിക്കാനായിരുന്നു പൗരസമത്വവാദം മുന്നോട്ടുവച്ചത്. പൊതുനിരത്തുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും ജാതിമതഭേദമെന്യേ പ്രവേശനത്തിനുള്ള അവകാശത്തിനായി അദ്ദേഹം പോരാടി.
തൃശൂർപൂരം നടക്കുമ്പോൾ ഈഴവരെ വീടുകളിൽനിന്നും നിർബന്ധമായി കുടിയൊഴിപ്പിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ സർക്കാർ സ്‌കൂളിൽ തിരുവിതാംകൂർ രാജകുമാരൻ ചേർന്നപ്പോൾ ഈഴവ വിദ്യാർത്ഥികളെയാകെ പറഞ്ഞുവിട്ടു. പ്രമാണികളായ ഈഴവരെ പൊലീസിനെ അയച്ച് ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ ടി.കെ. ദേശാഭിമാനിയിലൂടെ ശക്തിയുക്തം പ്രതിഷേധിച്ചു.
തിരുവിതാംകൂർ രാജ്യസഭയിൽ ഈഴവപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പൗരത്വസമത്വത്തിനായി സഭയിൽ വാദിച്ചു. ക്ഷേത്രപ്രവേശനവാദത്തിന്റെ ജനയിതാവും ഒരർത്ഥത്തിൽ ടി.കെയായിരുന്നു. ജാതീയ അന്തരങ്ങൾക്കപ്പുറം എല്ലാവിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനാനുമതി നൽകണമെന്ന ടി.കെയുടെ വാദം പ്രാരംഭഘട്ടത്തിൽ അംഗീകരിക്കപ്പെട്ടില്ല. എന്നാൽ അദ്ദേഹം വീറോടെ നിലകൊണ്ടു.
തീണ്ടലുംതൊടീലും പൂർണമായി ഇല്ലാതാക്കാൻ ക്ഷേത്രപ്രവേശനം അനിവാര്യമാണെന്ന് വാദിച്ചു. ഇതിനായി ക്ഷേത്രപ്രവേശനമെന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അതിൽ സവിസ്തരം പ്രതിപാദിച്ചിരുന്നു. ടി.കെയുടെ പരിശ്രമഫലമായി 1916 ൽ കൊൽക്കത്തയിൽ ആനിബസന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരതമഹാസഭാ സമ്മേളനത്തിൽ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് ആദ്യപ്രമേയം പാസാക്കപ്പെട്ടു. മുംബയ് മഹാരാജാവിന്റെ സഭയിലും സമാനപ്രമേയം പാസാക്കി.
1921 ൽ മഹാത്മാഗാന്ധി തിരുനെൽവേലി സന്ദർശിച്ചപ്പോൾ മാധവൻ അദ്ദേഹത്തെക്കണ്ട് ഈഴവരുടെ അവകാശങ്ങളെക്കുറിച്ച് ബോധിപ്പിച്ചു. ഗാന്ധിജി കേരളം സന്ദർശിക്കാനും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനും കൂടിക്കാഴ്ച നിർണായക പങ്കുവഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസൂത്രധാരകരിൽ പ്രധാനിയായിരുന്നു ടി.കെ. 1923 ൽ കാക്കിനാടയിൽ സമ്മേളിച്ച കോൺഗ്രസിൽ സംബന്ധിച്ച മാധവൻ മൗലാനാ മുഹമ്മദ് അലി, സി.ആർ.ദാസ്, സി.രാജഗോപാലാചാരി എന്നീ പ്രമുഖരോട് കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു.1924 ൽ ഗാന്ധിജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ബൽഗാം കോൺഗ്രസിൽ വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുളള പ്രമേയം അവതരിപ്പിച്ച് പാസാക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ടി.കെ.മാധവനാണെന്ന് കരുതപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് മാധവൻ അറസ്​റ്റുവരിച്ചു. അമ്പലപ്പുഴക്ഷേത്രം അവർണർക്കായി തുറന്നുകൊടുത്തതിന് പിന്നിലും മാധവന്റെ പ്രവർത്തനങ്ങളുണ്ടായിരുന്നു.
എസ്.എൻ.ഡി.പി യോഗചരിത്രത്തിലെ നിർണായക ഏടുകളിലൊന്നായിരുന്നു ടി.കെ നയിച്ച കാലഘട്ടം. സംഘടനാരംഗത്ത് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് സമാനതകളില്ല. ശാഖകളും അംഗസംഖ്യയും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. യോഗം ജനറൽ സെക്രട്ടറിയായി ഒരുകൊല്ലം കൊണ്ട് അദ്ദേഹം അൻപതിനായിത്തിൽപ്പരം അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിൽ ചേർത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനും സംഘടിപ്പിച്ചു. 1927 ൽ അംഗസംഖ്യ ഒരുലക്ഷമായി ഉയർത്തി. ഈഴവ മെമ്മോറിയലെന്ന പേരിൽ ഇർവിൻ പ്രഭുവിന് സമർപ്പിക്കാൻ തയ്യാറാക്കിയ ഒപ്പുശേഖരണവും അദ്ദേഹത്തിന്റെ പ്രവർത്തനഫലമായിരുന്നു. മന്നത്ത് പത്മനാഭനുമായി കൈകോർത്ത് ക്ഷേത്രപ്രവേശന സംരംഭത്തിലും ടി.കെ. പങ്കുചേർന്നു.
കർമ്മപഥത്തിൽ മുന്നേറുന്നതിനിടെ ഹൃദ്റോഗവും അദ്ദേഹത്തെ ബാധിച്ചു. അനാരോഗ്യം അവഗണിച്ച് അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി. 1930 ഏപ്രിൽ 27 ന് വെളുപ്പിന് 4.55 ന് അന്തരിക്കുമ്പോൾ കേവലം 44 വയസേ ഉണ്ടായിരുന്നുള്ളൂ.
''മാധവന്റെ മരണം മൂലം മലബാറിന് അസാമാന്യ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്‌കർത്താവിനെ നഷ്ടമായി''എന്നാണ് സർദാർ കെ.എം. പണിക്കർ പ്രസ്താവിച്ചത്.
സംഘടനകൊണ്ട് ശക്തരാവുകയെന്ന ഗുരുവചനത്തിന് പ്രാമുഖ്യം നൽകിയാണ് ടി.കെ പ്രവർത്തിച്ചത്. യോഗനേതൃത്വത്തിലേക്ക് കടന്നുവന്ന എനിക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രചോദനമായിരുന്നു. സംഘടനാപരമായ വളർച്ചയ്ക്കും ശക്തിസമാഹരണത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് ടി.കെ.മാധവന്റെ പാദമുദ്റകളാണ്. മാർഗദർശിയെന്ന നിലയിൽ അദ്ദേഹത്തോട് ഏറെ ആദരവുണ്ട്.
എനിക്ക് പിന്നാലെ വരുന്നവർക്കും ടി.കെ വലിയ പ്രചോദകശക്തിയാകും. ചരിത്രത്തിനും കാലത്തിനും മായ്ക്കാനാവാത്ത ശാശ്വതശോഭയുളള നേതാക്കളുടെ പട്ടികയിൽ മുൻനിരയിൽത്തന്നെയാവും എക്കാലവും ടി.കെയുടെ സ്ഥാനമെന്ന് നിസംശയം പറയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T K MADHAVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.