SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 PM IST

വഴിവിളക്കാകട്ടെ അദ്ധ്യാപകർ

teacher

അദ്ധ്യാപകദിനം ഇന്ന്

................

ഇന്ത്യയുടെ അദ്ധ്യാപക ശ്രേഷ്‌ഠനും മികച്ച രാജ്യതന്ത്രജ്ഞനും പ്രഥമ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് നമുക്ക് അദ്ധ്യാപക ദിനമാണ്. ഡോ.എസ്.രാധാകൃഷ്ണൻ പ്രസിഡന്റായ ആദ്യ വർഷം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. തന്റെ ജന്മദിനം കൊണ്ടാടുന്നതിനെക്കാൾ അദ്ധ്യാപനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ഇന്ത്യയിലെ മുഴുവൻ അദ്ധ്യാപകരുടെ ദിനമാക്കി മാറ്റണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും സ്‌കൂൾപ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്‌കൂളിന് വെളിയിലാണെന്ന സുഖകരമല്ലാത്ത സത്യംപറയേണ്ടിവന്നിരിക്കുന്നു. എന്നാൽ കേരളത്തിൽ സ്‌കൂൾ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിൽ എത്തിച്ചേർന്നു. മാത്രവുമല്ല 12-ാം ക്ലാസ് വരെ പഠനം തുടരുന്നു. കൊഴിഞ്ഞുപോക്ക് നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ് 0.1ശതമാനം. നമ്മുടെ അദ്ധ്യാപക രക്ഷകർതൃസമിതികൾ സജീവമാണ് . ദേശീയതലത്തിൽ നടത്തിയ പഠനങ്ങളിൽ പ്രഥമസ്ഥാനത്താണ് നാം. നീതിആയോഗ് പുറത്തിറക്കിയ സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് റിപ്പോർട്ടിലും യുണൈറ്റഡ് നേഷൻസും നീതിആയോഗും സംയുക്തമായിറക്കിയ എസ്.ഡി.ജി ഇന്ത്യാ റിപ്പോർട്ട് പ്രകാരവും ഏറ്റവും മുന്നിൽ കേരളമാണ്. കേന്ദ്രവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡ് ഇൻഡക്സിലും നാം ഒന്നാം ശ്രേണിയിലാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ നമ്മുടെ അദ്ധ്യാപകർ വഹിച്ച പങ്ക് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവയെ മെച്ചപ്പെടുത്തി മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിളനിലങ്ങളാക്കി മാറ്റുമെന്നും 2016 ൽ അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലപാട് കൈക്കൊണ്ടു. നവലിബറൽ കാഴ്ചപ്പാടിന് വിരുദ്ധമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകിക്കൊണ്ട് ജനകീയ ബദൽവിദ്യാഭ്യാസ മാതൃക ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ആവിഷ്‌‌കരിച്ചു. സർക്കാരിന്റെ ശ്രമത്തിന് വലിയ ജനപിന്തുണ ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസൗകര്യം വർദ്ധിച്ചു. കിഫ്ബി ധനസഹായം ഇതിന് പ്രയോജനകരമായി. മുഴുവൻ എയ്ഡഡ്/സർക്കാർ വിദ്യാലയങ്ങളും സാങ്കേതികവിദ്യാ സൗഹൃദമായി. രക്ഷകർത്താക്കളിൽ പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത വർദ്ധിച്ചു. അതിന്റെ തെളിവാണ് ഇതുൾപ്പെടെ അഞ്ച് അക്കാഡമിക വർഷങ്ങളിലായി 9.3 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്തിയത്. മികവിനായുളള പ്രവർത്തനം തുടരുന്നതിനിടെയാണ് കൊവിഡ് 19 മഹാമാരി ലോകത്തെ ബാധിച്ചത്. ഈ ഘട്ടത്തിൽ നാം 2020 ജൂണിൽ തന്നെ കുട്ടികളിൽ ആത്മവിശ്വാസം ഉളവാക്കാനും പഠനപാതയിൽ നിലനിറുത്താനും ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു. ഏതാനും കുട്ടികൾക്ക് ക്ലാസുകൾ പ്രാപ്യമാകാൻ ഡിജിറ്റൽ സങ്കേതങ്ങൾ പ്രശ്നമാണെന്ന് കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രി ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒന്നിച്ചു.

സംപ്രേഷണ രീതിയിലുള്ള ക്ലാസുകളെക്കാൾ അദ്ധ്യാപകർ നേരിട്ടെടുക്കുന്ന ക്ലാസുകളാണ് കുട്ടികൾക്ക് കൂടുതലിഷ്ടം എന്നതിനെ അടിസ്ഥാനമാക്കി ഓൺലൈൻ ക്ലാസ്സുകളാരംഭിക്കാനുള്ള ശ്രമത്തിലാണ് നാം. ജനകീയമായ സഹകരണത്തോടെ ഈ പ്രശ്നത്തെ മറികടക്കാം.

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർസെക്കൻഡറി ഘട്ടം വരെ 1.80 ലക്ഷം അദ്ധ്യാപകരുണ്ട്. 70ശതമാനത്തിലേറെയും അദ്ധ്യാപികമാരാണെന്ന സവിശേഷതയുമുണ്ട്. ദേശീയതലത്തിൽ ഇത് 50ശതമാനത്തിനടുത്താണ്. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിലും ഒഴിവുള്ള തസ്തികകളിൽ അദ്ധ്യാപക നിയമനം നടത്തി. കൊവിഡ് കാലത്ത് അധ്യാപകർ മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം ഫലപ്രദമായി നേതൃത്വം നൽകാൻ അദ്ധ്യാപക സംഘടനകൾക്കായി. പ്രഥമാധ്യാപകർ നേതൃപരമായ പങ്കുവഹിച്ചു. അൺ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുകയും ഭാഷാ ന്യൂനപക്ഷങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ മികവ് വർദ്ധിപ്പിക്കുകയും വേണം. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ധ്യാപക സംഘടനകൾക്ക് നിർണായകമായ പങ്കുവഹിക്കാനാകണം.

ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ കൂടി പരിഗണിച്ച് വിദ്യാഭ്യാസരംഗത്ത് നിലപാട് കൈക്കൊള്ളാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. അത് ലംഘിക്കാനുള്ള ഏത് ശ്രമത്തെയും കൂട്ടായി ചെറുക്കേണ്ടതുണ്ടെന്നു കൂടി നാം തീരുമാനിക്കണം. ഇക്കാര്യത്തിൽ ഏറെ ജാഗരൂകരാകേണ്ടത് അദ്ധ്യാപക സംഘടനകളാണ്. വിദ്യാഭ്യാസരംഗത്ത് മുന്നേറാൻ നമുക്ക് കഴിഞ്ഞെന്നത് നിസ്തർക്കമാണ്. ഇനിയും മുന്നേറേണ്ടതുണ്ട്. മുഴുവൻ കുട്ടികളുടേയും കഴിവിനെ അംഗീകരിക്കുന്നതും അത് ഏറ്റവും ഉന്നതിയിലേക്കെത്തിക്കുന്നതിനുമായുള്ള തുല്യഅവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ നമുക്ക് കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ കഴിയൂ.

കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ശാസ്ത്രീയ വികാസം ഉറപ്പാക്കാനും ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനും കഴിയണം. ഇതെല്ലാം ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി പുതുതായി വികസിപ്പിക്കണം. പഠനവസ്തുതകൾ കുത്തിനിറച്ച് കുട്ടികളുടെ ഭാരം വല്ലാതെ വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്നും പാഠ്യപദ്ധതി പരിഷ്‌കരണസമയത്ത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഈ ലക്ഷ്യസാക്ഷാത്‌കാരത്തിന് നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും മുമ്പെന്നപോലെ വഴികാട്ടികളാകാൻ അദ്ധ്യാപകർക്ക് കഴിയണം. അതിന് സ്വയംസജ്ജമാകാനുള്ള പ്രേരകമാകട്ടെ ഈ അദ്ധ്യാപകദിനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEACHERS DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.