SignIn
Kerala Kaumudi Online
Thursday, 18 April 2024 7.48 PM IST

നഷ്‌ടമായത് ഉറ്റചങ്ങാതി

family

രാഷ്‌‌ട്രീയത്തിലെയും വ്യക്തിജീവിതത്തിലെയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് തലേക്കുന്നിൽ ബഷീർ. എന്തും തുറന്ന് സംസാരിക്കാം. കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമായിരുന്നു. കോൺഗ്രസിലും പൊതുജീവിതത്തിലും വ്യത്യസ്തൻ. മാതൃകാ രാഷ്‌ട്രീയ പ്രവർത്തകനും പൊതുപ്രവർത്തകനും.

1977ലാണ് ആദ്യമായി കഴക്കൂട്ടത്തു നിന്ന് എം.എൽ.എയായത്. ഏതാനും മാസങ്ങൾ മാത്രമേ പദവിയിൽ തുടരാനായുള്ളൂ. കെ.പി.സി.സി അദ്ധ്യക്ഷനായതു കാരണം 77ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നതായിരുന്നു ഞാൻ. കരുണാകരൻ മുഖ്യമന്ത്രിയും ഞാൻ കെ.പി.സി.സി അദ്ധ്യക്ഷനുമായി തുടർന്നു. രാജൻകേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന് കരുണാകരൻ രാജിവച്ചു. വളരെ നിർഭാഗ്യകരമായ സംഭവമായിരുന്നു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചതുടങ്ങി. ഹൈക്കമാൻഡ് പ്രതിനിധിയായി സി. സുബ്രഹ്‌മണ്യം എത്തി. അദ്ദേഹം കരുണാകരനെയും എം.എൽ.എമാരെയും നേതാക്കന്മാരെയും കണ്ടു. എല്ലാവരും എന്റെ പേരാണ് ഏകകണ്ഠമായി നിർദ്ദേശിച്ചത്. എനിക്ക് പേടിയായിരുന്നു സ്ഥാനമേറ്റെടുക്കാൻ. സുബ്രഹ്‌‌മണ്യത്തിന്റെ നിർബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു.

മുഖ്യമന്ത്രിയായപ്പോൾ ആറുമാസത്തിനുള്ളിൽ എം.എൽ.എ ആകണമല്ലോ. ഒരുപാട് സുഹൃത്തുക്കൾ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കാൻ സന്നദ്ധരായി. ആദ്യം മുന്നോട്ടു വന്നത് ബഷീറാണ്. കന്നി എം.എൽ.എയായിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ബഷീർ എന്നെ വന്നുകണ്ടു. വേറാരും രാജിവയ്‌ക്കേണ്ടെന്നും കഴക്കൂട്ടം സുരക്ഷിത മണ്ഡലമാണെന്നും അവരെല്ലാം കൂടി തിരഞ്ഞെടുപ്പ് കാര്യങ്ങൾ നോക്കികൊള്ളാമെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ മത്സരിച്ച് ജയിച്ചത്.

ഉപാധിയില്ലാതെയായിരുന്നു ബഷീറിന്റെ രാജി. പാർട്ടിക്ക് അതു സ്വീകാര്യമായില്ല. ഒരു ചെറുപ്പക്കാരൻ ആദ്യമായി എം.എൽ.എയായിട്ട്, മാസങ്ങൾക്കുള്ളിൽ രാജിവച്ചതല്ലേ. ഇങ്ങനെ മാതൃകയായ ആളിനെ കയ്യൊഴിയുന്നത് ശരിയല്ലല്ലോ. ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യസഭയിലേക്ക് ഒഴിവുവന്നപ്പോൾ ബഷീറിനെ സ്ഥാനാർത്ഥിയാക്കി. ജയിച്ച ബഷീർ രണ്ടുതവണ രാജ്യസഭാംഗമായി. കോൺഗ്രസിനു വേണ്ടിയും കേരളത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും നന്നായി തിളങ്ങി.

വാചാലനും നല്ല പ്രാസംഗികനും ധീരനുമാണ്. നല്ല പൊക്കമുള്ളതിനാൽ ചർച്ചയിലും മറ്റും ബഷീർ എഴുന്നേറ്റ് നിന്നാൽ സഭാ അദ്ധ്യക്ഷന് കാണാതിരിക്കാൻ കഴിയില്ല. അത്ര പൊക്കമുള്ള എംപിമാർ കുറവാണ്. ബഷീർ കൈപൊക്കും. അദ്ധ്യക്ഷൻ വിളിക്കും. നന്നായി ഗൃഹപാഠം ചെയ്‌ത് കേരളത്തിന്റെ പ്രശ്നങ്ങൾ നന്നായി അവതരിപ്പിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വന്നതിനാൽ ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാൻ അറിയാമായിരുന്നു. ചിറയിൻകീഴിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള ചിറയിൻകീഴ് കോൺഗ്രസിന് അന്നും എളുപ്പമുള്ള മണ്ഡലമായിരുന്നില്ല. അവിടെ അദ്ദേഹം രണ്ടുതവണ ജയിച്ച് ലോക്‌സഭയിലെത്തി. കേരളത്തിന്റെ പ്രശ്നങ്ങൾ ഉന്നയിച്ച് എല്ലാവരും ശ്രദ്ധിക്കുന്ന എംപിയായി. ഏത് ചർച്ചയിലും പങ്കെടുക്കും. കോൺഗ്രസിനെതിരെയുള്ള വിമർശങ്ങൾ ശക്തമായി തടുക്കും. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് കേരളത്തിലെ എംപിമാരിൽ ഏറെ ഇഷ്‌ടമുള്ള ഒരാളായിരുന്നു. പാർലമെന്റിലെ ശൂന്യവേളകളിൽ തിളങ്ങിയ ബഷീറിനെ 'ഹീറോ ഒാഫ് ദി സീറോ അവർ' എന്നാണ് രാജീവ് വിശേഷിപ്പിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാർട്ടിയിൽ സജീവമായി. കമ്മിറ്റികളിലും മലയാളം മിഷൻ ചെയർമാൻ സ്ഥാനത്തും സജീവമായി. മലയാളം മിഷന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഒരാക്ഷേപത്തിനും അവസരം നൽകിയില്ല. വിദ്യാർത്ഥിയായിരിക്കുന്ന സമയം മുതൽ നാടകം, കവിത തുടങ്ങിയവയിൽ മിടുക്കുകാട്ടിയ ബഷീറിന് സാഹിത്യരംഗത്തും നിരവധി അംഗീകാരങ്ങളുണ്ടായി. പ്രവർത്തിച്ച രംഗങ്ങളിലെല്ലാം മാതൃകാപരമായ സംഭാവനകൾ നൽകി. കറകളഞ്ഞ, അഗ്‌നിശുദ്ധിയുള്ള മതേതര വാദിയായിരുന്നു. എല്ലാവരുടെയും താത്പര്യങ്ങൾക്കായി പ്രവർത്തിച്ചു. സൗമ്യനായ ബഷീർ പ്രതിപക്ഷത്തിനും പ്രിയപ്പെട്ടവനായിരുന്നു.

ഭാര്യ സുഹറയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. പ്രേംനസീറിന്റെ ഇളയ സഹോദരി. ഡൽഹി സൗത്ത് അവന്യുവിൽ എതിർവശത്തെ വീടുകളിൽ താമസിച്ച ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമായിരുന്നു. ഡൽഹിയിൽ ഞാൻ കുടുംബത്തോടൊപ്പം വന്നപ്പോൾ ആദ്യമായി ഭക്ഷണം കഴിച്ചത് ബഷീറിന്റെ വീട്ടിലാണ്. ഭാര്യ എലിസബത്തും സുഹറയും അന്നുമുതൽ വലിയ ചങ്ങാതിമാരായി. മൂത്തമകൻ അനിലിന് നാലുമാസം പ്രായമുള്ളപ്പോഴാണ് ഡൽഹിയിൽ വന്നത്. വടക്കേ ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ മിക്കപ്പോഴും യാത്രയിലായതിനാൽ മിക്കവാറും ദിവസങ്ങളിൽ ഭക്ഷണമെത്തിച്ചതും മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചതും സുഹറയായിരുന്നു.

ബാല്യകാലം മുതലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കരുത്തുണ്ടായിരുന്ന ബഷീറിന് സുഹറയുടെ വേർപാട് താങ്ങാനായില്ല. ബഷീറിന്റെ ശക്തിയും ഊർജ്ജവുമായിരുന്നു സുഹറ. അവർ നല്ല കൂട്ടുകാരുമായിരുന്നു. സുഹറയുടെ വേർപാടിന് ശേഷം ഒരിക്കലും പഴയ ബഷീറിനെ കണ്ടിട്ടില്ല. കേരളം മുഴുവൻ ഓടിനടന്ന് പ്രസംഗിച്ച് അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എങ്കിലും പൂർണമായി തരണം ചെയ്യാനായില്ല.

തിരുവനന്തപുരത്ത് ചെല്ലുമ്പോഴെല്ലാം വീട്ടിൽപോയി കാണുമായിരുന്നു. ഒരിക്കൽ കണ്ടപ്പോൾ ബഷീർ പറഞ്ഞു: റോഡിന് എം.പി ഫണ്ട് നൽകുന്നത് നിറുത്തിയ തീരുമാനം ആന്റണി മാറ്റണമെന്ന്. അങ്ങനെയാണ് ബഷീറിന്റെ വീടിന്റെ ഭാഗത്തേക്കുള്ള എം.എൽ.എ റോഡ് വന്നത്. അദ്ദേഹത്തെ അവസാനമായി കണ്ടത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ്. ബഷീർ തീർത്തും അവശനായിരുന്നു. ഏത് നിമിഷവും അദ്ദേഹത്തെ നഷ്‌ടപ്പെടാൻ ഇടയുണ്ടെന്ന തോന്നലുണ്ടായി. അതിപ്പോൾ സംഭവിച്ചു.

ആത്മസുഹൃത്തിനെയും കുടുംബ സുഹൃത്തിനെയുമാണ് നഷ്‌ടമായത്. രണ്ടാമതും കൊവിഡ് വന്നതിനെ തുടർന്ന് ഡൽഹിയിൽ വിശ്രമത്തിലായതിനാൽ ഉറ്റചങ്ങാതിയെ അവസാനമായി കാണാൻ പറ്റാത്ത വേദന അലട്ടുന്നു. രണ്ടുമക്കളുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ എന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്‌ടമാണ് ഈ വേർപാട്. ബഷീറിനെപ്പോലുള്ളവർ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALEKKUNNIL BASHEER, A K ANTONY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.