SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.10 PM IST

കോൺഗ്രസിന്റെ ധൈഷണികമുഖം

thalekunnil

തലേക്കുന്നിൽ ബഷീർ യാത്രയായി. അത്യധികം വേദനിപ്പിക്കുന്ന വിയോഗം. എന്റെ ഉറ്റ സുഹൃത്തായിരുന്നു. സംഘടനാപ്രവർത്തനത്തിൽ സഹപ്രവർത്തകനെന്നതിൽ ഉപരി വഴികാട്ടിയും വെളിച്ചവും.

കേരളത്തിൽ കോൺഗ്രസിന്റെ ധൈഷണിക മുഖമായിരുന്നു തലേക്കുന്നിൽ. കറകളഞ്ഞ മതനിരപേക്ഷ ജനാധിപത്യവാദിയും. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഒരു വിട്ടുവീഴ്ചയ്‌ക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ആദർശനിഷ്‌ഠൻ.

വിദ്യാർത്ഥിജീവിതകാലത്ത് തുടങ്ങിയ സൗഹൃദമാണ്. രണ്ട് ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഉപരിപഠനത്തിനായി നഗരത്തിലെത്തിയ ഞങ്ങൾ കോളേജിൽ വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെയാണ് സുഹൃത്തുക്കളായത്. എന്റെ സീനിയർ ആയിരുന്നു അദ്ദേഹം. കെ.എസ്.യുവിന്റെ ഉൗർജ്ജസ്വലനായ നേതാവും.

കെ.എസ്.യുവിന്റെ പ്രാരംഭ കാലഘട്ടമായിരുന്നു അത്. ഞാൻ കോളേജിലെത്തുമ്പോൾ ജില്ലാ പ്രസിഡന്റായിരുന്ന ബഷീർ ചടുലമായ സംഘടനാമികവിലൂടെ അതിവേഗം സംസ്ഥാന ജനറൽ സെക്രട്ടറിയായി. കടുത്ത മത്സരത്തിലൂടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്ന അത്.

യൂത്ത് കോൺഗ്രസിൽ ബഷീർ സംസ്ഥാന ജനറൽ സെക്രട്ടറിയായപ്പോഴും ഞാൻ ജില്ലാ പ്രസിഡന്റായി. അദ്ദേഹം ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായും, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് പദവികൾ വഹിച്ചപ്പോൾ നിർവാഹക സമിതിയംഗമായും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം കിട്ടി.

സംഘടനാചുമതലകൾ വർദ്ധിച്ചതോടെ തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചതും ഒന്നിച്ചായിരുന്നു. ഒരുമിച്ച് ഒരു സ്ഥലം വാങ്ങി വീടുവച്ച് അയൽക്കാരായി.

ഒരുമിച്ചുള്ള യാത്രകൾ, താമസം, ഭക്ഷണം, വായന, ചർച്ചകൾ, ആശയസംവാദങ്ങൾ... ഒന്നും മറക്കാനാവുന്നില്ല. ബഷീർ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴൊക്കെ പ്രചാരണത്തിന്റെ പ്രധാന ചുമതല എനിക്കായിരുന്നു. ആ ആത്മബന്ധവും രാഷ്ട്രീയയാത്രയും അന്ത്യനാൾ വരെ അവിഘ്‌നം തുടർന്നു.

ഇന്ത്യയ്‌ക്കകത്തും പുറത്തും ഒരുമിച്ച് ഒത്തിരി യാത്രകൾ നടത്തി. യാത്രയിലുടനീളം പുസ്‌തകങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. അവ വായിച്ചശേഷം എനിക്ക് തരും. വായിക്കാൻ പ്രേരിപ്പിക്കും. അതേപ്പറ്റി ചർച്ചകൾ നടത്തും. ലേഖനങ്ങൾ എഴുതും. വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് ഞാൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചത് അദ്ദേഹത്തിന്റെ ആ നിഷ്‌ഠയാണ്.

പഠനക്യാമ്പുകളിലാണ് അദ്ദേഹത്തിന്റെ വായനാശീലത്തിന്റെയും ചിന്താശക്തിയുടെയും മികവ് പ്രകടമായത്. ദേശീയ പ്രസ്ഥാനം, ദേശീയ നേതാക്കൾ, നാഴിക്കല്ലുകളായ കോൺഗ്രസ് പ്രമേയങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, സംഘടനാ പ്രവർത്തനം എന്നിങ്ങനെ എല്ലാ തലങ്ങളിലും അദ്ദേഹം പ്രവർത്തകരുടെ അകക്കണ്ണുതുറപ്പിക്കുന്ന ക്ളാസുകൾ നയിച്ചു. 'മണ്ഡേലയുടെ നാട്ടിൽ ഗാന്ധിജിയുടെയും", രാജീവ്‌ഗാന്ധി സൂര്യതേജസിന്റെ ഓർമ്മയ്ക്ക്‌", 'വെളിച്ചം കൂടുതൽ വെളിച്ചം" എന്നീ പുസ്‌തകങ്ങൾ അദ്ദേഹത്തിന്റെ ധൈഷണികശക്തിയുടെ മകുടോദാഹരണങ്ങളാണ്.

അഭിഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിലും ബഷീർ പ്രതിഭ തെളിയിച്ചു. രാഷ്ട്രീയ വിദ്യാർത്ഥികൾക്കും സാമാജികർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ നിയമസഭ- പാർലമെന്റ് പ്രസംഗങ്ങൾ. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും ആദർശനിഷ്‌ഠയും കൊണ്ട് സർവാദരണീയനായി. സങ്കുചിത രാഷ്ട്രീയപരിഗണനകൾക്കതീതമായിരുന്നു തികഞ്ഞ മനുഷ്യസ്നേഹിയായ ബഷീറിന്റെ സൗഹൃദവലയം.

സുചിന്തിതമായ ആശയാടിത്തറയും ആശയാദർശനിഷ്‌ഠയുള്ള നേതൃത്വവും സുശക്തമായ സംഘടനാസംവിധാനവുംകൊണ്ട് മാത്രമേ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മുന്നോട്ടു നയിക്കാനാവൂ എന്ന് ഞങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന പ്രിയസഹോദരന് വേദനയോടെ വിട. ...

(ലേഖകൻ മുൻ ഡെപ്യൂട്ടി സ്‌പീക്കറും ഡി.സി.സി പ്രസിഡന്റുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALEKKUNNIL BASHEER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.