SignIn
Kerala Kaumudi Online
Friday, 19 April 2024 11.23 PM IST

വനം കൊള്ളയുടെ സത്യമറിയാൻ സമ്മ‌ർദ്ദങ്ങളെ വെട്ടിനിരത്തണം

forest

വനംകൊള്ളയിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്ന സർക്കാർ നിലപാട് ഒരു തുറന്നുപറച്ചിലു കൂട‌ിയാണ്. ചെറിയ കണ്ണികളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊള്ളയുടെ വ്യാപ്‌തി വലുതാണെന്ന സന്ദേശവും വ്യക്തമാണ്. ക്രിമിനൽ കേസുകൾക്കപ്പുറം ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയിലെ രണ്ട് മുൻ മന്ത്രിമാർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാവില്ല.

വയനാട് മേപ്പാടി ഫോറസ്‌റ്റ് റേഞ്ചിലെ മുട്ടിൽ സൗത്ത് വില്ലേജിൽ ആദിവാസികൾക്ക് ഉൾപ്പെടെ പതിച്ചു നൽകിയ ഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത് പുറത്തുവന്നതോടെയാണ് അടുത്തകാലത്തെ ഏറ്റവും വലിയ വനം കൊള്ളയുടെ കെട്ടഴിഞ്ഞത്. കൂടുതൽ ജില്ലകളിലെ വനം കൊള്ളയും പതുക്കെ പുറത്തുവന്നു. വയനാട്ടിലെ 101 ഈട്ടി മരങ്ങൾക്ക് പുറമേ തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലായി 1700 ലധികം മരങ്ങളും മുറിച്ചു കടത്തിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.

മരം കൊള്ളയ്‌ക്ക് പിന്നിൽ വലിയ മാഫിയയാണെന്ന് സ്‌പഷ്‌ടം. അവരിലെ ഇടനിലക്കാർ മാത്രമാണ് ഇപ്പോൾ ചിത്രത്തിലുള്ളത്. ഭരണ - ഉദ്യോഗതലങ്ങളിൽ പിടിമുറുക്കിയ കാട്ടുകള്ളൻമാർ തിരശീലയ്‌ക്ക് പിന്നിലാണ്. അവരെ പുറത്തു കൊണ്ടുവരിക തന്നെ വേണം. അതിന് ധീരവും ശക്തവുമായ നടപടികളിലേക്ക് സർക്കാർ നീങ്ങണം. ഇടുക്കിയിലെ മതികെട്ടാൻ ചോല ഭൂമി കൈയേറ്റത്തിന് ശേഷം രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിക്കുന്ന സംഭവമായി വനംകൊള്ള മാറുമ്പോൾ പ്രതികൂട്ടിൽ റവന്യൂ - വനം വകുപ്പുകളാണ്. ഉദ്യോഗസ്ഥരുടെ ചുമലിൽ സർവ കുറ്റവും ചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ പല ഭാഗത്തു നിന്നുണ്ടായെങ്കിലും കൊള്ളയുടെ വ്യാപ്‌തി പരിശോധിച്ചാൽ കാര്യങ്ങൾ അവിടെ നിൽക്കില്ലെന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയവരെയാണ് ഇനി തുറന്നു കാട്ടേണ്ടത്. അവർ രാഷ്‌ട്രീയ നേതാക്കളാണെങ്കിലും അറച്ചു നില്ക്കാൻ ഇടവരരുത്. പ്രകൃതിയെ കൊല്ലുന്നതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നാടൊട്ടുക്ക് വലയം തീർക്കുമ്പോൾ മറുവശത്ത് ഭരണാധികാരികളുടെ അറിവോടെയും പിന്തുണയോടെയും നടക്കുന്ന വെട്ടിനിരത്തലുകൾ കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായ നിയമനടപട‌ികളിലൂടെ മാത്രമേ കാട്ടുകള്ളൻമാരെ തുരത്താനാകൂ.

ഒരു സർക്കുലറിന്റെ മറവിൽ മുറിക്കാൻ അനുമതിയില്ലാത്ത ഈട്ടി മരങ്ങൾ പലയിടത്തും മുറിച്ചു കടത്തുകയായിരുന്നു. മുട്ടിലിൽ നിന്ന് കടത്തിയ 101 മരങ്ങൾ എറണാകുളത്തു നിന്ന് പിടിച്ചെടുത്തതോടെയാണ് വലിയൊരു കൊള്ളയുടെ വിവരങ്ങൾ കാടിറങ്ങി നാട്ടിലെത്തിയത്. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം മുറിയ്‌ക്കാമെന്ന 2020 ഒക്‌ടോബറിലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിലായിരുന്നു മരം മുറി. നിയമ വിരുദ്ധമായ ഈ ഉത്തരവ് വിവാദമായതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ പിൻവലിച്ചു. എന്നാൽ, മരം മുറി നിർബാധം തുടർന്നുകൊണ്ടിരുന്നു എന്നത് പച്ച പരമാർത്ഥം.

മരം കൊള്ളയ്‌ക്ക് പിന്നിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കള്ളക്കളിയുണ്ടെന്ന് വ്യക്തമാണ്. മരങ്ങൾ മുറിച്ചു കടത്താൻ കൂട്ടുനിൽക്കാത്ത റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ മറ്റൊരു മരംമുറി കേസിൽ പ്രതിയാക്കി ഫോറസ്‌റ്റ് കൺസർവേറ്റർ എൻ.ടി. സാജൻ റിപ്പോർട്ട‌് തയ്യാറാക്കി. ഇത് മേലധികാരികൾക്ക് സമർപ്പിക്കുന്നതിന് മുൻപേ ചില ചാനലുകളിൽ വാർത്തയുമാക്കി. എന്നാൽ, ഉത്തര മേഖല ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറിന്റെ അന്വേഷണത്തിൽ സാജന്റെ അന്വേഷണ റിപ്പോർട്ട് കളവാണെന്ന് കണ്ടെത്തി. ഇതോടെയാണ് മരം കൊള്ളയ്‌ക്ക് പിന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമായത്. ഇനി അറിയേണ്ടത് അവർ ആരൊക്കെയാണെന്നാണ് .

1964 ലെ കേരള ഭൂപതിപ്പ് ചട്ടപ്രകാരം ഭൂമി കർഷകർക്ക് പതിച്ചു നൽകിയാലും അവിടെയുള്ള ഷെഡ്യൂൾ വിഭാഗത്തിൽപ്പെട്ട ചന്ദനം, ഈട്ടി, തേക്ക് മരങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലാണ്. പട്ടയ ഉടമകൾക്ക് മുറിക്കാനോ വിൽക്കാനോ അവകാശമില്ല. സർക്കാരിന് തടിയുടെ വില നൽകിയാലും പട്ട‌യ ഉടമയ്‌ക്ക് ലഭിക്കില്ല. ഇതിൽ ഇളവ് വേണമെന്ന് കർഷകസംഘടനകൾ വർഷങ്ങളായി ആവശ്യപ്പെട്ട‌ിരുന്നു. കർഷകർ നട്ട‌ുവളർത്തിയതും പട്ടയ ഭൂമിയിൽ ഉണ്ടായതുമായ മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് നടപ്പാക്കണമെങ്കിൽ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തണമായിരുന്നു. എന്നാൽ, നിയമഭേദഗതിക്ക് മുതിരാതെ ആവശ്യം അംഗീകരിച്ച് തെറ്റായ ഉത്തരവ് ഇറക്കുകയായിരുന്നു. ആദ്യം റവന്യൂ വകുപ്പ് സർക്കുലറാണ് ഇറക്കിയത്. അതിൽ അവ്യക്തയുണ്ടെന്ന ആക്ഷേപം വന്നതോടെ ഉത്തരവ് പുറപ്പെടുവിച്ചു. ചന്ദമരം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് മുറിച്ചുമാറ്റാമെന്നായിരുന്നു ഉത്തരവ്. ഇതിന് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന വിചിത്ര നിർദ്ദേശവും ഉത്തരവിൽ രേഖപ്പെടുത്തി. ഇത് പലതരത്തിൽ വ്യാഖ്യാനിച്ചാണ് വനം കൊള്ളയ്‌ക്ക് ഉദ്യോഗസ്ഥ, മാഫിയ സംഘങ്ങൾ തിരക്കഥ രചിച്ചത്. നഷ്‌ടപ്പെട്ട മരങ്ങൾ തിരിച്ചു പിടിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 17 ന് വനം വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഒന്നും നടക്കാത്തതിന്റെ പിന്നിൽ ലക്ഷങ്ങളുടെ ഇടപാടുകളുണ്ടെന്ന് ഉറപ്പാണ്.

ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരംകൊള്ള നടന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതിൽ നിന്ന് തന്നെ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. വനംകൊള്ള നടന്നെന്നും പിന്നിൽ വൻസംഘമാണെന്നും പറഞ്ഞു വയ്ക്കുന്നു. സർക്കാരിന്റെ ഈ വാദത്തോടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വയനാട് വാഴവറ്റ സ്വദേശി ആന്റോ അഗസ്റ്റിൻ, സഹോദരൻ ജോസുകുട്ടി അഗസ്റ്റിൻ എന്നിവരായിരുന്നു ഹർജിക്കാർ. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും 37 കേസുകളാണ് മരം മുറിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി. വില്ലേജ് ഓഫീസർമാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും വെളിപ്പെടുത്തി. ഇപ്പോൾ എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്.

ഹർജിക്കാരുടെ വാദങ്ങളിൽ തന്നെ തട്ടിപ്പിന്റെ കുടിലതന്ത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. മുട്ടിൽ സൗത്ത് വില്ലേജിലെ തങ്ങളുടെ ഭൂമിയിൽ നിന്നാണ് അഞ്ച് ഈട്ടി മരങ്ങൾ വെട്ടിയതെന്ന് അവർ പറയുന്നു. സ്ഥലം വനഭൂമിയോ സർക്കാർ പുറമ്പോക്ക് ഭൂമിയോ അല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഈട്ടിത്തടിയുടെ ബിസിനസ് നിയന്ത്രിക്കുന്നത് രണ്ടു പ്രബല ലോബികളാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവർ ബിസിനസ് നടത്തുന്നത്. ഈ രംഗത്തേക്ക് തങ്ങളുടെ സഹോദരൻ റോജി അഗസ്റ്റിൻ കടന്നു വന്നതിലുള്ള പകയാണ് ഈ കേസിന് ആധാരം. തങ്ങൾക്കു പുറമേ വയനാട്ടിൽ 36 പേരിൽ നിന്നു റോജി അഗസ്റ്റിൻ ഈട്ടിത്തടി വാങ്ങിയിട്ടുണ്ടെന്നും ഹർജിക്കാർ അവകാശപ്പെടുന്നു. ഈ വാദങ്ങൾ തന്നെ വഴിവിട്ട ഇടപാടുകളിലേക്കാണ് വിരൽചൂണ്ടുന്നത്.

സത്യസന്ധമായ അന്വേഷണത്തിന് വഴി തുറക്കാൻ ബാഹ്യസമ്മർദ്ദങ്ങളില്ലാതെ സർക്കാർ പച്ചക്കൊടി കാട്ടിയാൽ കാട്ടുകള്ളൻമാർക്ക് ശക്തമായ മുന്നറിയിപ്പു കൂടിയാകും. വനവിഭവങ്ങൾ ഒരിക്കലും നഷ്‌ടപ്പെട്ടു കൂടെന്ന നയം വാക്കുകളിൽ മാത്രം ഒതുങ്ങി കൂടാ. പരിസ്ഥിതി ദിനത്തിൽ നാടുനീളെ മരങ്ങൾ വച്ചുപിട‌ിപ്പിക്കുമ്പോൾ വനത്തിലെ കൊള്ളകൾക്കു നേരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THATTIL CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.