SignIn
Kerala Kaumudi Online
Thursday, 25 April 2024 12.08 PM IST

പ്രതാപം വീണ്ടെടുത്ത് കേരള ടൂറിസം

dd

മഹാമാരിയിൽ ഉലഞ്ഞ,​ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നിർണായക ചാലകശക്തിയായ ടൂറിസത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ അശ്രാന്തപരിശ്രമങ്ങൾ വേണ്ടിവന്നു. ഇതിന്റെ ഫലം പ്രതിഫലിച്ചു തുടങ്ങി. 2022 ൽ ലോകത്ത് കണ്ടിരിക്കേണ്ട അതിമനോഹരമായ 50 ലക്ഷ്യസ്ഥാനങ്ങളിലൊന്നായി 'ടൈം മാഗസിൻ' കേരളത്തെ തിരഞ്ഞെടുത്തു. പ്രമുഖ രാജ്യാന്തരടൂറിസം മാഗസിനായ 'കോണ്ടേനാസ്റ്റ് ട്രാവലറി' ന്റെ ലോകത്ത് ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി കോട്ടയത്തെ അയ്മനം ഗ്രാമവും ലോകശ്രദ്ധാകേന്ദ്രമായി. കേരള ടൂറിസത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ സുപ്രധാന കേന്ദ്രം കൂടിയാണ് അയ്മനം. മനംനിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, കൊട്ടാരങ്ങൾ എന്നിവയാൽ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാഗസിൻ വിലയിരുത്തി. താമസസൗകര്യങ്ങൾക്കൊപ്പം ഇക്കോടൂറിസം ഹോട്ട് സ്‌പോട്ടായ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള കാരവൻ ടൂറിസം എന്ന മികവുറ്റ ആശയത്തിന് പ്രത്യേക പ്രശംസ ലഭിച്ചു. കുറേവർഷങ്ങളായി ടൂറിസത്തെ പുനർനിർവചിച്ച ഹൗസ്‌ബോട്ടിനു ശേഷം വിഭാവനം ചെയ്ത കാരവൻ ടൂറിസം കേരളത്തിന് സുസ്ഥിര വാഗ്ദാനമാകും. ടൈമിന്റെ പട്ടികയിൽ ഇടംപിടിക്കാനായത് കൊവിഡാനന്തരം വിനോദസഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിക്കാൻ നടപ്പാക്കിയ പദ്ധതികൾക്കുള്ള അംഗീകാരമാണ്.

കൊവിഡാനന്തരം ടൂറിസം മേഖലയിൽ അനിവാര്യമായ രണ്ട് തലത്തിലുള്ള മാറ്റങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. സുരക്ഷിതത്വത്തിലും സന്ദർശകരെ സ്വീകരിക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ട് പ്രകൃതിസൗഹൃദ ടൂറിസത്തിന് പ്രോത്സാഹനം നൽകും. താഴേത്തട്ട് വരെയുള്ള പ്രാദേശിക സമൂഹങ്ങൾക്കും ടൂറിസം നേട്ടങ്ങൾ വ്യാപിപ്പിക്കും. ഇതിനുവേണ്ടി ആഗോളതലത്തിൽ ഖ്യാതിനേടിയ ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വിശദമായ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. യാത്രികർക്കും അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്കും വർഷം മുഴുവൻ അതുല്യമായ അനുഭവങ്ങൾ സമ്മാനിക്കാൻ കേരളം സജ്ജമാണന്ന ആശയത്തിൽ നിന്നാണ് വിനോദസഞ്ചാര സാദ്ധ്യതയുള്ള പുത്തൻ ഇടങ്ങൾ കണ്ടെത്താൻ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നത്. ഇതിലേക്ക് ഈ വർഷം മാത്രം 50 കോടി രൂപ ടൂറിസം വകുപ്പ് നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞത് 500 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും പുതുതായി കണ്ടെത്തി വികസിപ്പിക്കും. ഓരോ തദ്ദേശഭരണസ്ഥാപന പരിധിയിൽ
ഒരു കേന്ദ്രമെങ്കിലും വികസിപ്പിക്കുകയാണ് ലക്ഷ്യം.


സെപ്റ്റംബർ - നവംബർ മാസങ്ങളിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പ് സംസ്ഥാനത്തെ ജലടൂറിസം വികസനത്തിന് കുതിപ്പേകുമെന്നതിൽ സംശയമില്ല. ഡിസംബറിൽ നടക്കുന്ന ബേപ്പൂർ രാജ്യാന്തര ജലമേളയുടെ രണ്ടാം പതിപ്പ് സംസ്ഥാന ടൂറിസത്തിന് നിർണായക നാഴികക്കല്ലാകും. കഴിഞ്ഞവർഷം നടന്ന ബേപ്പൂർ ജലമേളയുടെ ആദ്യപതിപ്പിൽ മൂന്നരലക്ഷത്തോളം പേർ പങ്കെടുത്ത് കൊവിഡാനന്തര ഘട്ടത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്ത ടൂറിസം പരിപാടിയായി. ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട്, റിവർ ഫെസ്റ്റിവൽ, അഗ്രി - ടൂറിസം നെറ്റ് വർക്ക്, കൊവിഡ് കാലത്താരംഭിച്ച ഇൻ കാർ ഡൈനിംഗ്, മൗണ്ടൻ ടെറൈൻ ബൈക്കിംഗ്, കൊച്ചി മുസ്സിരിസ് ബിനാലെ, ഉത്സവം (നാടൻകലാമേള) എന്നിവ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വേറിട്ടുനിറുത്തുന്നു. മുസ്സിരിസ് കേന്ദ്രമാക്കി നിലവിൽവന്ന ഹെറിറ്റേജ് പദ്ധതികൾ പൊന്നാനിയും ബേപ്പൂരും ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലേക്കും തെക്ക് കൊല്ലത്തേക്കും വ്യാപിപ്പിക്കാൻ വകുപ്പ് തീരുമാനിച്ചു. യു.എൻ.ഡബ്ല്യു.ടി.ഒയുടെ 'എല്ലാവരേയും ഉൾക്കൊണ്ടുള്ള വളർച്ചയ്ക്ക് ടൂറിസം' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ നേതൃത്വത്തിൽ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷത്തിലെ എല്ലാ മാസവും ടൂറിസത്തിന് അനുയോജ്യമാക്കാൻ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ഈ പദ്ധതികളെല്ലാം ആവിഷ്‌കരിച്ചത്. വിനോദസഞ്ചാരമേഖലയിൽ പ്രാധാന്യമർഹിക്കുന്ന സീസണാണ് കനത്തമഴ ലഭിക്കുന്ന ജൂൺ-സെപ്‌തംബർ മാസങ്ങളിലെ മൺസൂൺ സീസൺ. അകത്തളങ്ങളിൽ ഒതുങ്ങാതെ മഴക്കാലം ആസ്വദിക്കാൻ സന്ദർശകരെ വരവേൽക്കുന്ന സമയമാണിത്. ആയുർവേദത്തെ അടിസ്ഥാനമാക്കിയ കേരളത്തിന്റെ ചികിത്സാ പാരമ്പര്യത്തിന്റെ പ്രതീകമായ വെൽനെസ് ടൂറിസത്തിന് അനുയോജ്യ സീസൺ കൂടിയാണിത്.

സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ വരവും താമസവും സുഗമവും സുരക്ഷിതവുമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, എത്തിച്ചേരാവുന്ന മാർഗങ്ങൾ, താമസം, തനത് കലാരൂപങ്ങൾ,​ വിഭവങ്ങൾ തുടങ്ങിയ സമഗ്രവിവരങ്ങൾ സന്ദർശകർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന നിർമ്മിതബുദ്ധിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ചാറ്റ്‌ബോട്ട് 'മായ' അടുത്തിടെ പുറത്തിറക്കി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആഭ്യന്തരവിനോദസഞ്ചാരികളുടെ വരവിൽ ഏകദേശം 73 ശതമാനം വർദ്ധനവിന് നൂതനടൂറിസം ഉത്‌പന്നങ്ങളും സംരംഭങ്ങളും നിർണായക പങ്കുവഹിച്ചു. കാസർകോട്,​ വയനാട്,​ ഇടുക്കി,​ മലപ്പുറം,​ പത്തനംതിട്ട എന്നീ ജില്ലകൾ രൂപീകരിക്കപ്പെട്ടതിന് ശേഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ റെക്കാഡ് വരവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 2022 ൽ വിനോദസഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് നേടാമെന്ന പ്രതീക്ഷയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.