SignIn
Kerala Kaumudi Online
Thursday, 25 April 2024 4.58 PM IST

ട്രേഡ് യൂണിയൻ ഉത്തരവാദിത്വവും സി.പി.എമ്മും

vivadavela

'ഒരു കസേര ഇറക്കിയിട്ട് രണ്ട് കസേരയുടെ കൂലി വാങ്ങുന്നവനെ' സി.ഐ.ടി.യു എന്ന് വിളിക്കാനാകുമോ എന്ന് പണ്ട് ചോദിച്ചത് സാക്ഷാൽ വി.എസ്. അച്യുതാനന്ദനാണ്.

തുടർച്ചയായുണ്ടായ സംഭവഗതികൾ കേരള സി.പി.എമ്മിനകത്ത് സി.ഐ.ടി.യു ലോബി എന്ന പ്രത്യേക ചേരിയെ വളർത്തി. സി.പി.എമ്മിനകത്ത് സി.ഐ.ടി.യു ചേരിയും സി.ഐ.ടി.യു വിരുദ്ധചേരിയും തമ്മിലെ പോര് വളർന്നു. സി.ഐ.ടി.യു ലോബി പ്രബലമായിരുന്നു. അതിനെ തളർത്തിയത് അച്യുതാനന്ദന്റെ തന്നെ നിർണായകനീക്കങ്ങളാണ്.

അച്യുതാനന്ദന്റെ പ്രിയശിഷ്യരായി പിണറായി വിജയനും എം.എ.ബേബിയും നിലകൊണ്ടപ്പോൾ 1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽവച്ച് സി.ഐ.ടി.യു ലോബി പാർട്ടിക്കുള്ളിൽ വെട്ടിനിരത്തപ്പെട്ടു. സി.ഐ.ടി.യു ലോബി പിന്നീട് ശോഷിച്ചുവന്നു. പിൽക്കാലത്ത് അച്യുതാനന്ദൻ - പിണറായി വിജയൻ ചേരികൾ പാർട്ടിക്കുള്ളിൽ യുദ്ധത്തിലേർപ്പെട്ടപ്പോൾ പഴയ സി.ഐ.ടി.യു ചേരിയിലുണ്ടായ പ്രബലർ രണ്ട് ചേരികളിലായി ഇരുനേതാക്കളെയും പിന്തുണച്ചു എന്നത് അതിന്റെ ആന്റി ക്ലൈമാക്സ്. അച്യുതാനന്ദനോടുള്ള ശക്തമായ വിരോധം എപ്പോഴും മനസ്സിൽ സൂക്ഷിച്ചുകൊണ്ടിരിക്കുന്ന എം.എം. ലോറൻസ് പാർട്ടിക്കകത്ത് പിൽക്കാലത്തെ ഔദ്യോഗികചേരിക്കൊപ്പം നിലകൊണ്ടു. ഇ. ബാലാനന്ദൻ വി.എസിനോട് അടുപ്പം കാട്ടുകയായിരുന്നു അവസാനകാലത്ത്. കെ.എൻ. രവീന്ദ്രനാഥും അത്തരമൊരു നിലപാടാണ് എടുത്തത്. പക്ഷേ, സി.ഐ.ടി.യു ലോബിയുടെ അമിത ഇടപെടലിനോട് അന്നും ഇന്നും പിണറായി വിജയന് അത്ര മതിപ്പുണ്ടായിട്ടില്ല. സംഗതി തൊഴിലാളിവർഗ പാർട്ടിയൊക്കെ തന്നെ. തൊഴിലാളിവർഗ പാർട്ടിക്കകത്ത് തൊഴിലാളിവർഗം ഉത്തരവാദിത്വബോധം കാണിക്കണമല്ലോ. ആത്യന്തികമായി തൊഴിലാളിവർഗത്തിന്റെ നിലനില്പ് സ്ഥാപന നിലനില്പിനെ കൂടി ആശ്രയിച്ചാണ്. അത് ഉൾക്കൊണ്ടുള്ള ഇടപെടലുകളാണ് വേണ്ടതെന്ന് പിണറായി വിജയൻ കരുതുന്നത് പഴയ നിലപാടിന്റെ തുടർച്ചയായിട്ടാണ്.

കേരളത്തിൽ, ജനങ്ങളോട് നേരിട്ട് ഇടപെടുന്ന സുപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും ജലഅതോറിറ്റിയിലും ഇപ്പോൾ നടക്കുന്ന സമരകോലാഹലങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. സി.ഐ.ടി.യു ആണ് സമരത്തിന് മുഖ്യനേതൃത്വം നൽകുന്നത്. സി.ഐ.ടി.യു എന്നത് സി.പി.എം അനുകൂല ട്രേഡ് യൂണിയൻ. പാർട്ടി അധികാരത്തിലിരിക്കുമ്പോൾ സി.ഐ.ടി.യു തന്നെ സർക്കാർ വകുപ്പുകൾക്കെതിരെ സമരം ചെയ്യുന്നത് സൃഷ്ടിക്കുന്ന വൈരുദ്ധ്യം ആശാവഹമല്ല. അത് എത്രയും വേഗം അവസാനിപ്പിക്കേണ്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇല്ലെങ്കിൽ പ്രതിരോധത്തിലാവുക സർക്കാരും സി.പി.എമ്മുമാണല്ലോ. എന്നിട്ടും മുഖ്യമന്ത്രിയായ സി.പി.എമ്മിന്റെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഈ സമരങ്ങളിൽ മൂകസാക്ഷിയായി നിലകൊള്ളുന്നത് എന്തുകൊണ്ടാവാം?

റെസ്പോൺസിബിൾ ട്രേഡ് യൂണിയനിസമെന്ന് കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഏറ്റെടുക്കാൻ അദ്ദേഹം ധൈര്യം കാണിക്കുന്നുവെന്ന് വേണം കരുതാൻ. അതായത് തൊഴിലാളിസംഘടനയ്ക്കും ചില ഉത്തരവാദിത്വങ്ങളൊക്കെയുണ്ട്. അത് നാടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അപ്പോൾ തലമറന്ന് എണ്ണ തേയ്ക്കുന്ന 'സി.ഐ.ടി.യു ലോബി'ക്ക് ആര് മണി കെട്ടുമെന്ന ചോദ്യം പ്രസക്തമാണ്.

വൈദ്യുതിബോർഡിലും

കെ.എസ്.ആർ.ടി.സിയിലും

സംഭവിക്കുന്നത്

വൈദ്യുതിബോർഡിൽ സി.പി.എം അനുകൂല ഓഫീസർമാരുടെ സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനാണ് മാനേജ്മെന്റിനെതിരെ സമരം ചെയ്യുന്നത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഏതെങ്കിലും വിഷയത്തിലല്ല സമരമെന്ന് സാമാന്യജനം കരുതുന്നിടത്താണ് സമരത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്.

ഉദ്യോഗസ്ഥരുടെ സസ്പെൻഷനെ ചൊല്ലിയാണ് പ്രശ്നം. ഔദ്യോഗികമായി അറിയിക്കാതെ അവധിയിൽ പോയ ഉദ്യോഗസ്ഥയെ ഉത്തരവാദിത്വബോധം കാട്ടാത്തതിന് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. അതിനെതിരെ മാനേജ്മെന്റിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതോടെ അസോസിയേഷന്റെ ഉന്നതനേതാവിനും കിട്ടി സസ്പെൻഷൻ. എക്സിക്യൂട്ടീവ് എൻജിനിയർ റാങ്കിലുള്ളവരാണ് സസ്പെൻഷനിലായവർ. വലിയ ശമ്പളം. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷത്തോളം വരും. ഇത്രയധികം ശമ്പളം കൈപ്പറ്റുന്നവർ ഉത്തരവാദിത്വബോധം അല്പം കാട്ടേണ്ടേ എന്ന ചോദ്യം ന്യായമാണ്.

അവധിയിൽ പോയ ഉദ്യോഗസ്ഥ നിയമാനുസൃതം അവധി അപേക്ഷ നൽകിയെങ്കിലും യഥാസമയം ബോർഡ് സി.ഇ.ഒയുടെ പക്കൽ എത്തിയില്ലെന്നാണ് അസോസിയേഷന്റെ വിശദീകരണം. അതൊക്കെ ഉറപ്പാക്കിയിട്ട് വേണ്ടേ ഇത്രയധികം തുക ശമ്പളം കൈപ്പറ്റുന്നവർ അവധിയിലൊക്കെ പോകാനെന്ന് തിരിച്ചു ചോദിച്ചാലോ? സാമാന്യജനം അങ്ങനെ ചോദിക്കുന്നവർക്കൊപ്പമേ നിൽക്കൂ.

സംഘടനയുടെ വർഗബോധത്തെ തകർക്കുന്ന ബൂർഷ്വാ അധീശത്വശക്തികളുടെ നീക്കത്തിന്റെ ഭാഗമായ വിവാദങ്ങളെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷേ എവിടെയായാലും ഉത്തരവാദിത്വബോധം ഉണ്ടാവേണ്ടതാണ്. ഒരു ഭരണസംവിധാനം ശരിയായ നിലയിൽ ചലിപ്പിക്കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിന് കീഴിൽ പണിയെടുക്കുന്നവരല്ല, അതിന്റെ ഭാഗം തന്നെയാണ് ഓഫീസർമാർ. ആ അർത്ഥത്തിൽ ഓഫീസർമാരുടെ സംഘടനയെ ട്രേഡ് യൂണിയൻ ഗണത്തിൽ പെടുത്താനാവില്ല. അവർ തൊഴിലാളിവർഗമല്ല. സമരത്തിൽ എത്രത്തോളം ന്യായമുണ്ടെന്ന സംശയത്താലാകണം മുഖ്യമന്ത്രിയും അർത്ഥഗർഭമായ മൗനം തുടരുന്നത്.

മുഖ്യമന്ത്രിയുടെ മൗനം വൈദ്യുതിബോർഡ് മാനേജ്മെന്റിന് വളമാണ്. മുഖ്യമന്ത്രിയുടെ മൗനം സമ്മതമാകാതെ വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്യുന്ന ഘടകകക്ഷി മന്ത്രിയോ ബോർഡ് സി.ഇ.ഒ ആയ ഐ.എ.എസ് ഉദ്യോഗസ്ഥനോ സി.പി.എമ്മിന്റെ സംഘടനയ്ക്കെതിരെ ഇങ്ങനെ നീങ്ങുമെന്ന് ആരും കരുതില്ല. അതുകൊണ്ട് സമരം ചെയ്യുന്ന സംഘടനയും ഒരർത്ഥത്തിൽ അസ്തിത്വപ്രതിസന്ധി നേരിടുന്നുവെന്ന് പറയാം.

സി.ഇ.ഒ ആയ ഐ.എ.എസ് ഉദ്യോഗസ്ഥൻ മാനേജ്മെന്റ്തലത്തിൽ നിന്നുകൊണ്ട് കൈക്കൊള്ളുന്ന നടപടികൾ അംഗീകരിക്കാം. പക്ഷേ അതിനുമപ്പുറം അദ്ദേഹം ഒരു രാഷ്ട്രീയ എതിരാളിയായി നിന്നുകൊണ്ട് സംഘടനാ നേതൃത്വത്തെ പരസ്യമായി അധിക്ഷേപിക്കുന്നതും മറ്റും അതിരുകടന്ന ഏർപ്പാടാണെന്ന് കൂടി പറയാതിരിക്കാൻ വയ്യ. മുറിവിൽ മുളകരച്ച് തേച്ച് കൊടുക്കുന്നത് അദ്ദേഹവും കൂടി ചേർന്നാണ്.

ഇനി കെ.എസ്.ആർ.ടി.സിയിലേക്ക് കടക്കാം. അവിടെ നടക്കുന്നത് തൊഴിലാളിവർഗത്തിന്റെ സമരം തന്നെ. ശക്തമാണ് സമരം. ഒറ്റനോട്ടത്തിൽ തികച്ചും ന്യായമായ സമരം. ശമ്പളനിഷേധത്തിനെതിരായ സമരം ന്യായമാകാതെ തരമില്ല. പക്ഷേ, കെ.എസ്.ആർ.ടി.സിയിൽ ശമ്പളം പോലും കൃത്യസമയത്ത് ലഭിക്കാതെ പോകാനിടയാക്കിയ സാഹചര്യമെന്താണെന്ന മറുചോദ്യത്തിന് കൂടി ഉത്തരം കിട്ടേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സിയെ നന്നാക്കാൻ ഇക്കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ വേളയിൽ ഇടക്കാലത്ത് അതിന്റെ എം.ഡിയായി പ്രവർത്തിച്ച ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കൈക്കൊണ്ട ചില ക്രിയാത്മക നടപടികളോട് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ സ്വീകരിച്ച നിഷേധാത്മക നിലപാടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.

തച്ചങ്കരി കുറേയൊക്കെ അച്ചടക്കം സ്ഥാപനത്തിൽ കൊണ്ടുവന്നിരുന്നു. സ്ഥാപനനഷ്ടം കുറച്ചുകൊണ്ടുവരാനുള്ള ക്രിയാത്മക ഇടപെടൽ നടത്തിയിരുന്നു. കെ-സ്വിഫ്റ്റ് എന്ന ഇപ്പോഴത്തെ പുറംകരാർ ഏർപ്പാട് അദ്ദേഹത്തിന്റെയും ആലോചനയിൽ രൂപപ്പെട്ടതാണ്. അത് തൊഴിലാളിവിരുദ്ധമാണെന്നത് ശരിയാണ്. പക്ഷേ, കെ.എസ്.ആർ.ടി.സി അല്ലാതെ എങ്ങനെ രക്ഷപ്പെടാനാണ്.

കാലാകാലങ്ങളിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരും അവരുടെ പാർട്ടിനേതൃത്വങ്ങളുമൊക്കെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് തങ്ങളാലാവുന്നത് ഉണ്ടാക്കി സ്വന്തം ശക്തികൂട്ടാൻ ശ്രമിച്ചതും ദുരന്തത്തിന് ഒരു ഘടകമാണ്. എല്ലാവരും അവരവരാൽ സാധിക്കുന്ന തരത്തിൽ വസൂലാക്കാൻ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചുപോന്നു. അതിനൊരപവാദമായി നിന്നത് വി.എസ്. അച്യുതാനന്ദൻ ഭരണകാലത്ത് മാത്യു.ടി.തോമസും ജോസ് തെറ്റയിലും ഗതാഗതവകുപ്പ് കൈകാര്യം ചെയ്തപ്പോൾ മാത്രമാണ്. അന്ന് ടി.പി. സെൻകുമാർ എന്ന കർക്കശക്കാരനും സത്യസന്ധനുമായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉറച്ച പിന്തുണയും അവർക്കുണ്ടായി. ബാക്കിയെല്ലാ കാലത്തും കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നതായിരുന്നു അവസ്ഥ. ഇപ്പോൾ ഈ ശമ്പളമില്ലാ കാലത്തും കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ ഒരു കേമൻപദ്ധതി ഉണ്ടാക്കിവച്ച നഷ്ടമാണ് ചർച്ച. സിറ്റി സർക്കുലർ സർവീസ് എന്ന പേരിൽ ഏർപ്പെടുത്തിയ ബസ്സോട്ടങ്ങൾ ചുരുങ്ങിയ മാസം കൊണ്ടുണ്ടാക്കിവച്ചത് ഏഴ് കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ്.

ജലഅതോറിറ്റിയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മറ്റൊരു സ്ഥാപനം. അവിടെ നഷ്ടം കുറയ്ക്കാൻ സ്ഥാപനശാക്തീകരണത്തിനുള്ള ക്രിയാത്മക നിർദ്ദേശം കൊണ്ടുവരുമ്പോഴും എതിർക്കുന്നത് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകളാണ്. എങ്ങനെ നന്നാവാനാണ്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുതിനിരക്ക് കേരളത്തിലാണ്. ബസ് ചാർജിലും അതുതന്നെ സ്ഥിതി. വൈദ്യുതി ബോർഡിൽ ഉയർന്ന ശമ്പളം കൊടുക്കുന്നതൊക്കെ അവിടെ നിൽക്കട്ടെ. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് നടപ്പുസാമ്പത്തികവർഷം കേരളത്തിൽ വേണ്ടിവരുന്ന വൈദ്യുതി ആവശ്യകത 28,204 ദശലക്ഷം യൂണിറ്റാണ്. കേരളത്തിൽ നിലവിലെ സ്ഥിതിയനുസരിച്ച് പ്രതീക്ഷിക്കുന്നതോ 26,550 ദശലക്ഷം യൂണിറ്റും. അതായത് ആവശ്യമുള്ളതിനേക്കാൾ 5.9 ശതമാനം കുറവ്. വൈകുന്നേരം ആറിനും പത്തിനുമിടയിലെ പീക്ക് അവർ ഡിമാൻഡ് നടപ്പുവർഷം 4568 മെഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

പിണറായി വിജയന്റെ കാലത്തും പിന്നീട് അല്പമൊക്കെ എ.കെ. ബാലന്റെയും എം.എം. മണിയുടെയും കാലത്തല്ലാതെ കേരളത്തിൽ വൈദ്യുതി ഉത്‌പാദന, പ്രസരണ, വിതരണ രംഗങ്ങളിൽ കാര്യമായ ഇടപെടലുകളുണ്ടായെന്ന് പറയാനാവില്ല. വൈദ്യുതിബോർഡിലെ സ്ഥിതി ഒട്ടും ആശാവഹമല്ല പുതിയ കാലത്തും.

സി.പി.എമ്മിന്റെ വികസന നയരേഖ

നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ ഇക്കഴിഞ്ഞ കൊച്ചി സംസ്ഥാനസമ്മേളനം അംഗീകരിച്ച സി.പി.എമ്മിന്റെ വികസന നയരേഖ പൊതുമേഖലയെപ്പറ്റി വാചാലമാകുന്നുണ്ട്.

"പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. ഈ പശ്ചാത്തലത്തിൽ അവ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിനും തൊഴിലാളികളെ അണിനിരത്താനും ട്രേഡ് യൂണിയനുകൾക്ക് കഴിയണം. കൊവിഡ് കാലത്ത് പോലും ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കിയ സർക്കാരാണ് നമ്മുടേത്. സദ്ഭരണം ഉറപ്പുവരുത്തലും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തലും അതത് മേഖലയിലെ ജീവനക്കാരുടെ പ്രാഥമിക ചുമതലയാണ്. "

അതായത്, ട്രേഡ് യൂണിയനുകൾ ഉത്തരവാദിത്വബോധത്തോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടവതരിപ്പിച്ച നയരേഖ അടിവരയിട്ട് പറയുന്നു.

സി.പി.എമ്മിന്റെ പുതിയ

സെക്രട്ടേറിയറ്റും സി.ഐ.ടി.യുവും

തൊഴിലാളിവർഗമെന്ന നിലയിൽ ട്രേഡ് യൂണിയനുകൾക്ക് കൂച്ചുവിലങ്ങിടുന്നതിനോട് സി.ഐ.ടി.യുവിന് യോജിക്കാനാവുമെന്ന് തോന്നുന്നില്ല. ഉത്തരവാദിത്വബോധം പ്രകടമാക്കണമെന്ന വാദത്തെ തള്ളിപ്പറയാനും ഉത്തരവാദപ്പെട്ട തൊഴിലാളിപ്രസ്ഥാനങ്ങൾക്ക് കഴിയില്ല. പക്ഷേ, അന്ധമായ ട്രേഡ് യൂണിയനിസം പുതിയ കാലത്തിന് ഉൾക്കൊള്ളാനാവില്ല. ഇപ്പോൾ കെ.എസ്.ഇ.ബിയിൽ നടക്കുന്ന സമരത്തോട് മനസ്സില്ലാമനസ്സോടെ മാത്രമേ അവർക്ക് യോജിക്കാനാവുന്നുള്ളൂ എന്നതും എടുത്തുപറയണം.

ട്രേഡ് യൂണിയൻ അതിപ്രസരത്തോടുള്ള മമതയില്ലായ്മ സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തിലും വികസന നയരേഖ അംഗീകരിച്ച കൊച്ചിസമ്മേളനം പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. അതായത്, പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചപ്പോൾ സി.ഐ.ടി.യു വിഭാഗത്തിൽ നിന്ന് പ്രധാനപ്പെട്ട ആരും അതിലേക്കെത്തിയില്ല. ഉണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ പ്രായപരിധി നിബന്ധനയുടെ പേരിൽ പുറത്തുപോയി. പിന്നെയുണ്ടായിരുന്നത് എളമരം കരീമാണ്. അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായതിനാൽ സെക്രട്ടേറിയറ്റിൽ പുതിയ അംഗങ്ങൾക്ക് അവസരം കൊടുക്കാനെന്ന പേരിൽ ഒഴിവാക്കപ്പെട്ടു.

തോമസ് ഐസകും ഇ.പി.ജയരാജനും എ.കെ. ബാലനും പി.കെ. ശ്രീമതിയും നിലനിറുത്തപ്പെട്ടപ്പോഴാണ് കരീം ഒഴിവായത്. ഫലത്തിൽ സി.ഐ.ടി.യു എന്ന പേരിൽ ആരുമില്ലെന്ന് പറയാം.

സി.ഐ.ടി.യുവിന് ആര് മണികെട്ടുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കുമോ ഇതെന്ന് ചോദിക്കേണ്ടത് വികസന നയരേഖ സമ്മേളനത്തിൽ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, TRADE UNION AND CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.