SignIn
Kerala Kaumudi Online
Thursday, 25 April 2024 2.03 PM IST

പിറക്കാത്തവരെ കുരിശിലേറ്റുമ്പോൾ

assam

ആസാമും ഉത്തർപ്രദേശും കൂടുതൽ ജനനനിയന്ത്രണ നിയമങ്ങളുമായി എത്തുന്നുവെന്ന വാർത്തകൾ വരുമ്പോൾ ഓർമ്മയിലെത്തുന്നത് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ.ജഗന്നാഥപണിക്കരുടെ, 1974 ൽ പ്രസിദ്ധീകരിച്ച, 'Crucifixion of the Unborn' എന്ന ഗ്രന്ഥമാണ്. ജനസംഖ്യ 60 കോടിയായിരുന്ന അന്നത്തെ ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ ശക്തമായ ജനനനിയന്ത്രണ നടപടികളുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം പിറന്നത്. പ്രകൃതി കനിഞ്ഞുനൽകിയ മറ്റു വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യർ വേണ്ടതിലധികമുള്ള ദേശമല്ല ഇന്ത്യയെന്നും, അധികാരികൾ അനുഷ്ഠിക്കേണ്ടത് ജനനനിയന്ത്രണ നടപടികളല്ലെന്നും, മനുഷ്യസമ്പത്ത് വേണ്ടുവോളം വിനിയോഗിക്കാനുള്ള യജ്ഞങ്ങളാണെന്നുമാണ് പണിക്കർ വാദിച്ചത്.

ആസാം സർക്കാർ ഇതിന് മുൻപ് തന്നെ ഏർപ്പെടുത്തിയിരുന്ന ജനസംഖ്യ നിയന്ത്രണങ്ങൾക്ക് പുറമേയാണ് പുതിയ നടപടികളുമായി വന്നെത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ തന്നെ, രണ്ട് കുഞ്ഞുങ്ങളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലികളിൽ വിലക്കേർപ്പെടുത്തിയിരുന്നു; അവർക്ക് പഞ്ചായത്തടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യതയും കല്‌പിച്ചിരുന്നു. കടബാധ്യതകൾ എഴുതിത്തള്ളൽ, മറ്റു ക്ഷേമപദ്ധതികളിൽ നിന്നെല്ലാം ഇക്കൂട്ടരെ പുറത്താക്കാനുള്ള നിയമങ്ങൾ താമസംവിനാ കൊണ്ടുവരുമെന്നാണ് ആസാം മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനകം തന്നെ ചില ജനനനിയന്ത്രണ നടപടികൾ നടപ്പിലാക്കിയിരുന്ന ഉത്തർപ്രദേശിലും പുതിയ നിയമങ്ങൾ വരാൻ പോകുന്നു. രണ്ട് കുട്ടികൾ എന്ന പരിധി ലംഘിക്കുന്നവരെ ക്ഷേമപദ്ധതികളിൽനിന്നും ഒഴിവാക്കാനുള്ള നിയമം നിർമിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത് അവിടത്തെ ലാ കമ്മീഷൻ ചെയർമാനാണ്. ഈ സംസ്ഥാനങ്ങളെപ്പോലെ ജനനനിയന്ത്രണ നിയമങ്ങൾ നിലവിലുള്ള പ്രദേശങ്ങളാണ് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, തെലുങ്കാന, ആന്ധ്ര തുടങ്ങിയവ. രാജ്യവ്യാപകമായി ജനസംഖ്യാ നിയന്ത്രണം നിയമത്തിലാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. എം.പിമാരായ രാജേഷ് ശർമ്മ 2019ലും, അഭിഷേക് മനു സാംഗ്‌വി 2020ലും ഇക്കാര്യത്തിലുള്ള സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ കൊണ്ടുവന്നിരുന്നു. ഇതിനു പുറമേ പരമോന്നത കോടതിയുടെ ഇടപെടലിന് വേണ്ടിയുള്ള ശ്രമങ്ങളുമുണ്ടായി. 2020 ൽ അഭിഭാഷകനായ അശ്വനി കുമാർ ഉപാധ്യായ, രണ്ടു മക്കളെന്ന തത്വം ലംഘിക്കുന്നവരെ സബ്‌സിഡികൾ, ക്ഷേമ പദ്ധതികൾ, മറ്റ് അവകാശങ്ങൾ എന്നിവയിൽ നിന്നും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഒരു കുടുംബത്തിന് രണ്ട് കുട്ടികൾ എന്ന തത്വം നിർബന്ധപൂർവം നടപ്പാക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്നും, കുടുംബാസൂത്രണം വ്യക്തികൾ സ്വമേധയാ സ്വീകരിക്കേണ്ട കാര്യമാണെന്നുമാണ് സർക്കാർ ബോധിപ്പിച്ചത്. കുഞ്ഞുങ്ങളുടെ എണ്ണം ഭാര്യാഭർത്താക്കന്മാർ തീരുമാനിക്കേണ്ട വിഷയമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നയപരമായ ഈ നിലപാട് കോടതിയിൽ സമർപ്പിച്ചതിനൊപ്പം തന്നെ, വസ്തുതകളുടെ പിൻബലമുള്ള വെളിപ്പെടുത്തലിനും സർക്കാർ
തയ്യാറായി. ഒരു സ്ത്രീയുടെ പ്രത്യുത്‌പാദന ശേഷി (ശരാശരി, ഒരു സ്ത്രീക്കുള്ള കുഞ്ഞുങ്ങളുടെ എണ്ണം) ,2.1 എന്ന നിലയിലെത്തുമ്പോൾ ആ രാജ്യത്ത് ജനസംഖ്യാവർദ്ധനവ് ഇല്ലാതാകുന്ന അവസ്ഥ സംജാതമാകും. 2025 ആകുമ്പോഴേക്കും നമ്മുടെ രാജ്യം ആ സ്ഥിതിയിലെത്തുമെന്നും അതുകൊണ്ടുതന്നെ നിർബന്ധപൂർവമായ ജനസംഖ്യാ നിയന്ത്രണത്തിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചു. ശരിയായ ദിശയിലുള്ള ഇത്തരം നിലപാടുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോഴാണ് ചില സംസ്ഥാനങ്ങൾ വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനസംഖ്യയിൽ ലോകത്തെ ഒന്നാം നമ്പറായ ചൈനയുടെ അനുഭവപാഠങ്ങൾക്ക് കാതോർക്കുന്നതു ഗുണമാവും .1948ൽ അധികാരത്തിലേറിയ മാവോ പ്രഖ്യാപിച്ചത് ജനങ്ങൾ ചൈനയുടെ ബാദ്ധ്യതയല്ലെന്നും, മറിച്ച്, സ്വത്താണെന്നുമായിരുന്നു. അതുകൊണ്ടുതന്നെ ജനനനിയന്ത്രണ കാര്യങ്ങളിൽ ഏറെക്കാലം ഭരണകൂടത്തിന്റെ കാര്യമായ ഇടപെടലുകളുണ്ടായില്ല. എന്നാൽ 1979ൽ ആ നയത്തിൽ മാറ്റം വന്നു . ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ തുടങ്ങി. പക്ഷെ 2015ൽ 'ഒറ്റക്കുട്ടി' എന്ന നയത്തിൽ മാറ്റം വരുത്തുകയും രണ്ടു കുട്ടികളെന്ന നയം പ്രാവർത്തികമാക്കുകയും ചെയ്തു. ആറുവർഷം കഴിഞ്ഞപ്പോൾ ജനസംഖ്യ ഉയർത്താനുള്ള നയപരിപാടികളുമായി സർക്കാർ തന്നെ മുന്നോട്ടു വന്നിരിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. 'ഒരു കുടുംബത്തിന് മക്കൾ മൂന്ന് ' എന്നതാണ് ഏറ്റവും പുതിയ ചൈനീസ് തന്ത്രം. പ്രധാനമായും രണ്ടു സംഭവവികാസങ്ങളാണ് ചൈനയുടെ നയം മാറ്റത്തിന് പ്രേരകമായിരിക്കുന്നത്. ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുന്നു; ആശ്രയത്വം വർദ്ധിപ്പിക്കുന്ന 65 വയസിനു മുകളിലുള്ളവരുടെ ശതമാനം 12 ൽ എത്തിയിരിക്കുന്നു. സമ്പന്നതയിലേക്ക് ഓടിക്കയറും മുമ്പേ, രാജ്യം വാർദ്ധക്യത്തിലേക്ക് വഴുതിവീഴുമോയെന്ന
സംശയം ചൈനയ്ക്കുണ്ട്. അടുത്തകാലം വരെ ലോകത്തിന്റെ ഫാക്ടറി ആയിരുന്നു ചൈന. എന്നാലിപ്പോൾ മനുഷ്യവിഭവത്തിന്റെ ലഭ്യത കുറയുകയും കൂലി ഉയരുകയും ചെയ്തതിനാൽ പല കമ്പനികളും ചൈനയിൽ നിന്ന് പുറത്ത് കടക്കുകയും തൊഴിൽ ശക്തിയിൽ സമ്പന്നമായ ബംഗ്ലാദേശ്, വിയറ്റ്‌നാം, ഇന്ത്യ മുതലായ പ്രദേശങ്ങളിലേക്ക് ചേക്കേറാനും തുടങ്ങിയിരിക്കുന്നു. 2018ൽ ചൈനയിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന ശേഷി 1.69 ആയി കുറഞ്ഞിരിക്കുന്നു. അത് കാര്യമായി ഉയർത്താനിപ്പോൾ സമ്മാനങ്ങളും മറ്റാനുകൂല്യങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രാജ്യത്തെ ഭരണകൂടം. ചുരുക്കത്തിൽ, പ്രത്യുത്‌പാദനശേഷി ഇപ്പോൾതന്നെ യഥാക്രമം 1.9, 1.8, 1.7 എന്ന നിരക്കുകളിലെത്തിയിരിക്കുന്ന ആസാമും തെലുങ്കാനയും ആന്ധ്രയുമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രം സുപ്രീംകോടതിയിൽ ബോധിപ്പിച്ച വഴിയേ സഞ്ചരിക്കുന്നതായിരിക്കും രാജ്യ താത്‌പര്യത്തിന് ഉത്തമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TWO CHILD POLICY, ASSAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.