SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.12 AM IST

ഒരു പോരാളിയുടെ ഓർമ്മയ്ക്ക്

vk

" ജാതിക്കോട്ടകളെ നടുക്കിയ വൈക്കം സത്യാഗ്രഹത്തിന്റെ അലയടികൾ സമൂഹത്തെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന കാലം. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. പൊതുനിരത്തുകളിൽ എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എൻ.കുമാരൻ ഒരു പ്രമേയം അവതരിപ്പിച്ചു. സവർണരുടെ കാഴ്ചവട്ടത്ത് നിൽക്കാൻ അനുവാദമില്ലാതിരുന്ന ഒരു ജനവിഭാഗത്തിന്റെ ശബ്ദമായിരുന്നു അതെങ്കിലും 22 നെതിരെ 23 വോട്ടിന് ആ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ എതിർത്തവരിലൊരാൾ ഈഴവ സമുദായാംഗമായിരുന്നു എന്നറിഞ്ഞതോടെ പുറത്തു കാത്തുനിന്ന യുവാക്കളുടെ സംഘത്തിന് അത് സഹിക്കാനായില്ല. കാലുവാരിയ വ്യക്തി ഇറങ്ങിവന്നപ്പോൾ ആ യുവരോഷം ആർത്തിരമ്പിയെങ്കിലും കുതിരയെ പൂട്ടിയ ജഡ്കാ വണ്ടിയിൽ അയാൾ രക്ഷപ്പെട്ടു. അപ്പോൾ ശാന്തരായി പിരിഞ്ഞു പോയെങ്കിലും അവരിലൊരാൾക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. സവർണരോടൊപ്പം പ്രമേയത്തിനെതിരെ വോട്ടുചെയ്ത മറ്റൊരാൾ തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്കടുത്ത് താമസിച്ചിരുന്നു. രോഷം അയാളിലേക്ക് തിരിഞ്ഞു. സാഹസികനായ ആ യുവാവ് ഒരു കൂട്ടുകാരനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നെ താമസിച്ചില്ല. കൈലിയുമുടുത്ത് തലയിൽ ഒരു കെട്ടുംകെട്ടി അവർ പുറത്തിറങ്ങി. മതിൽചാടി അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെത്തി. അയാൾ പുറത്തുവരുമ്പോൾ കൈകാര്യം ചെയ്യാനായി കതകിൽ മുട്ടി കാത്തുനിന്നു.പക്ഷേ വീട്ടിനുള്ളിൽ ഒരനക്കവുമില്ല. അപകടം മണത്തറിഞ്ഞ് അയാൾ സ്ഥലം വിട്ടിരുന്നു. ആളെ കിട്ടാതായപ്പോൾ വീടിന് അത്യാവശ്യം കേടുപാടുകൾ വരുത്തി. അദ്ദേഹത്തിന്റെ പേരെഴുതിയ വലിയ ബോർഡ് പിഴുതെടുത്ത് അവർ മടങ്ങി. സാഹസികനായ ആ യുവാവ് പിന്നീട് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായി , പ്രസിഡന്റായി. ബി.എ ബിരുദം നേടിയ വിദ്യാർത്ഥിയോട് കുലത്തൊഴിലിന് പോകാൻ ഇണ്ടാസ് നൽകിയ നാട്ടിലെ ഉദ്യോഗനിയമന കാര്യത്തിൽ പരമോന്നത പദവിയായ പബ്ളിക് സർവീസ് കമ്മിഷന്റെ ചെയർമാനായി. ആ വ്യക്തി വി.കെ.വേലായുധനായിരുന്നു." പത്രാധിപർ കെ.സുകുമാരന്റെ വാക്കുകളിൽ നിന്ന് എടുത്തെഴുതിയതാണിത്.

ഇതിവിടെ പറയാൻ കാരണം ' വി.കെ.വേലായുധൻ ,ഒരു പ്രക്ഷോഭകാരിയുടെ ജീവിതം ' എന്ന പേരിൽ പ്രൊഫ.എം.കെ.സാനു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധകരായ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. കേരളത്തിന്റെ പരിവർത്തനത്തിൽ നിസ്തുലമായ പങ്കുവഹിച്ച വി.കെ.വേലായുധന്റെ ജീവിതം അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനും സാമൂഹ്യനീതിക്കും വേണ്ടി സമർപ്പിച്ചതായിരുന്നു. എന്നാൽ മഹത്തായ ആ സംഭാവനകൾ വേണ്ട രീതിയിൽ രേഖപ്പെടുത്തപ്പെട്ടില്ലെന്നു മാത്രമല്ല തമസ്ക്കരിക്കാൻ പോലും ബോധപൂർവം ശ്രമം നടന്നിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. സാനുമാഷിന്റെ വിശുദ്ധമായ തൂലിക ഒരർത്ഥത്തിൽ നമ്മുടെ നാടിന്റെ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോകുമായിരുന്ന ഉജ്ജ്വലമായ ഒരേടിന് പ്രകാശം പകർന്നിരിക്കുകയാണ്. ചരിത്ര വിദ്യാർത്ഥികൾ മാത്രമല്ല,മാദ്ധ്യമ പ്രവർത്തകരും, സമത്വത്തിന്റെ പാതയിലേക്കുള്ള കേരളത്തിന്റെ വളർച്ച എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നവരും ഈ പുസ്തകം നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.

തനിക്ക് ജന്മമരുളിയ സമൂഹത്തെ ദൈന്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കുക എന്നത് മാത്രമല്ല. അടിമകൾക്ക് തുല്യം വേലചെയ്ത് ക്ളേശിച്ചിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും,അവരിൽ അവകാശബോധത്തിന്റെ വീര്യം ഉണർത്തുന്നതിലും വി.കെ.വേലായുധൻ ഒരു ഇന്ദ്രജാലക്കാരന്റെ അത്ഭുതകരമായ വൈഭവമാണ് പ്രകടമാക്കിയതെന്ന് സാനുമാഷ് എഴുതുന്നു. നിരുപമമായ നേതൃത്വശേഷിയായിരുന്നു വി.കെ.വേലായുധന്റേത്. പതിനായിരങ്ങളെ തന്റെ വാക്ധോരണിയാൽ അടക്കിനിറുത്താൻ അസാധാരണമായ ആജ്ഞാശക്തി ഉള്ള വ്യക്തിത്വമായിരുന്നു." ഒൗദ്യോഗിക പദവികളിൽ കർക്കശക്കാരനും നീതിമാനുമായിരുന്നു. പക്ഷേ ഏത് ഉദ്യോഗത്തെക്കാളും വലുതായിരുന്നു അദ്ദേഹത്തിലെ മനുഷ്യൻ. ആ മനുഷ്യൻ ജാതിമതഭേദങ്ങൾക്കുപരിയായി തലയെടുപ്പോടുകൂടി ജീവിതവീഥിയിൽ സഞ്ചരിച്ചു എന്നതാണ് സത്യം.

നിവർത്തന പ്രക്ഷോഭ കാലത്ത് കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി.കേശവൻ അറസ്റ്റിലാകുന്നതിന്റെയും അതിനെതിരെ വി.കെ.വേലായുധന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിന്റെയുമൊക്കെ വിശദമായ വിവരണം സാനുമാഷ് നടത്തുന്നുണ്ട് . ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിലെ വേലായുധന്റെ റോളും വ്യക്തമാക്കുന്നുണ്ട്. അധ:സ്ഥിതനോടുള്ള അവഗണനയ്ക്കും അനീതിക്കുമെതിരെയാണ് വി.കെ.വേലായുധൻ ക്ഷേത്രപ്രവേശനത്തിനായുള്ള സമരത്തിൽ സജീവമായി പങ്കെടുത്തത്. എന്നാൽ അദ്ദേഹം ക്ഷേത്രത്തിൽ പോകുകയോ ക്ഷേത്രാരാധന നടത്തുകയോ ചെയ്തിട്ടില്ലെന്നോർക്കുമ്പോൾ ആ നീതിബോധത്തിന്റെ വലിപ്പം മനസിലാകും.

തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രസിഡന്റായി കേസരി ബാലകൃഷ്ണപിള്ളയെയും സെക്രട്ടറിയായി പി.കേശവദേവിനെയും തിരഞ്ഞെടുത്തപ്പോൾ വൈസ് പ്രസിഡന്റായത് വി.കെ.വേലായുധനായിരുന്നു. പിന്നീടദ്ദേഹം പ്രസിഡന്റുമായി. സമ്പന്നമായ കുടുംബ പശ്ചാത്തലമായിരുന്നു വി.കെ.വേലായുധന്റേത്. എന്നാൽ ആ സുഖശീതളിമയിൽ അഭിരമിക്കാതെ ജീവിതത്തെ ഒരു പോരാട്ടമായി അദ്ദേഹം എന്നും കണ്ടു. സ്റ്റേറ്റ് കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമായിരിക്കെ സമുദായത്തിന്റെ അഭ്യർത്ഥന മാനിച്ച് രാജിവച്ച് വേലായുധൻ എസ്.എൻ.ഡി.പി യോഗത്തിലേക്ക് മടങ്ങിവന്നു. വേലായുധന് പൊതുജീവിതത്തിൽ എന്നും തുണയായി നിന്ന ആത്മസുഹൃത്തായ പത്രാധിപർ കെ.സുകുമാരൻ 1953 ൽ എസ്.എൻ.ഡി.പി യോഗം കനകജൂബിലി ഗ്രന്ഥത്തിൽ എഴുതിയ ലേഖനത്തിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു.

" യോഗനിയോഗം അനുസരിക്കാതെ വേലായുധൻ കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ വേലായുധന്റെയും കോൺഗ്രസിന്റെയും അവസ്ഥ ഇന്നത്തേതാകുമായിരുന്നോ എന്ന് എനിക്ക് സന്ദേഹമുണ്ട്. വേലായുധൻ കറയറ്റ ഒരു ജനപ്രഭുത്വവാദിയാണ്. നൂറുശതമാനം സത്യസന്ധനാണ്. എങ്കിലും വേലായുധനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളവർ ഈ ലോകത്ത് നിരവധിയാണ്. ' കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുള്ളതാണെൻ പരാജയം' എന്ന് കവി പാടിയിട്ടുള്ളത് വേലായുധനെക്കുറിച്ചാണോ എന്നോർത്ത് പലപ്പോഴും ഞാൻ വ്യസനിച്ചിട്ടുണ്ട്."

താൻ അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ച് വി.കെ.വേലായുധൻ മൗനം പാലിക്കുകയാണ് ചെയ്തത്. സ്വന്തം നേട്ടങ്ങളെയോ ഗുണങ്ങളെയോ കുറിച്ച് സംസാരിക്കുന്നതിൽ വേലായുധൻ വിമുഖനായിരുന്നു. സ്ഥിതപ്രജ്ഞനായ അദ്ദേഹത്തിന്റെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. അതെല്ലാം ഈ പുസ്തകത്തിലൂടെ വായിക്കാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, V K VELAYUDHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.