SignIn
Kerala Kaumudi Online
Thursday, 25 April 2024 2.32 AM IST

നവോത്ഥാനത്തിന് ശക്തിപകർന്ന അദ്വൈതി

vagbhadanandan

കേരളീയ നവോത്ഥാന പ്രവാഹത്തിന് ശക്തിപകർന്ന ആത്മീയാചാര്യരിൽ ഒരാളാണ് വാഗ്ഭടാനന്ദ ഗുരു എന്ന് വിഖ്യാതനായ വി.കെ ഗുരുക്കൾ. ശ്രീനാരായണഗുരുദേവനെ ഗുരുവായി സങ്കൽപ്പിച്ച് മലബാറിൽ സാമൂഹ്യപരിവർത്തനത്തിന് അതിശക്തമായ ഇടപെടൽ നടത്തി.

ശ്രീനാരായണഗുരുവിന്റെ സമാന ആശയങ്ങളിലൂടെയായിരുന്നു വാഗ്ഭടാനന്ദന്റെ സഞ്ചാരവും. അദ്വൈതിളായ ഇരുവരും സാമൂഹിക പരിവർത്തനത്തിനും സാംസ്കാരികോന്നമനത്തിനും ഏകമാർഗം സ്വീകരിച്ചെങ്കിലും ആത്മസാക്ഷാത്കാരത്തിന് വ്യത്യസ്തമായ അനുഷ്ഠാനമാർഗ്ഗങ്ങ സമൂഹത്തിന് നല്കി. അജ്ഞരായ ജനതയെ ഉണർത്തണമെങ്കിൽ ഭൗതികവിദ്യയോടൊപ്പം ആത്മവിദ്യ കൂടി പഠിപ്പിക്കണമെന്ന് ബോദ്ധ്യമുണ്ടായിരുന്നു ഇരുവർക്കും .

വി.കെ.ഗുരുക്കൾ വാഗ്ഭടാനന്ദനായി മാറുന്നതിനു മുമ്പാണ് ആദ്യമായി ഗുരുദേവനെ കാണുന്നത്. അക്കാലത്ത് വി.കെ ഗുരുക്കൾ ജന്മദേശമായ പാട്യത്തും തൊട്ടടുത്ത മാക്കൂൽ പീടികയിലും പാനൂരും സംസ്കൃത പാഠശാലകൾ നടത്തിയിരുന്നു . പൂർണ്ണമായും സ്വീകാര്യനായ ആത്മീയാചാര്യനെ കണ്ടെത്താനായില്ല എന്നതായിരുന്നു വി.കെ.ഗുരുക്കളെ അക്കാലത്ത് അലട്ടിയിരുന്ന പ്രശ്നം. ആ അന്വേഷണമാണ് ശ്രീനാരായണ ഗുരുദേവൻ ആദ്യമായി തലശ്ശേരിയിൽ എത്തിയപ്പോൾ അവസാനിച്ചത്. തികഞ്ഞ ഭക്തനും ആദ്ധ്യാത്മിക തത്‌പരനുമായ വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണനായിരുന്നു ശ്രീനാരായണഗുരുവിനെ തലശ്ശേരിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. വരതൂരിന്റെ തലശ്ശേരിയിലെ പിലാക്കൂലിലെ ഭവനത്തിവിശ്രമിച്ച ഗുരുദേവനെ കാണാനുള്ള മോഹം വി.കെ ഗുരുക്കളിൽ അത്രയ്ക്ക് ശക്തമായിരുന്നു. അന്ന് ഭക്തരുടെ കൂട്ടത്തിലായിരുന്നു വി.കെ. ഗുരുക്കളും അനുയായിയായ എം.കെ.കേളു വൈദ്യരും അവിടെ എത്തിയത്.

അദ്വൈതിയായ ഗുരുദേവൻ ക്ഷേത്രസ്ഥാപനത്തിനു താത്‌പര്യമെടുക്കുന്നതിനുള്ള വിയോജിപ്പ് വി.കെ.ഗുരുക്കൾ ആദ്യസന്ദർശനത്തിൽ തന്നെ വ്യക്തമാക്കി. നിർന്നിമേഷമായുള്ള ഒരു നോട്ടമായിരുന്നു ഗുരുദേവന്റെ മറുപടി. ഇറങ്ങുന്ന നേരത്ത് പാദത്തിൽ നമസ്കരിച്ചപ്പോൾ " വി.കെ ഗുരുക്കൾക്ക് ഇത് ആവശ്യമില്ലല്ലോ?" എന്നായി ഗുരുദേവൻ. വർഷങ്ങൾക്ക് ശേഷം കോഴിക്കോട് കാരപ്പറമ്പിൽ താൻ നടത്തുന്ന "തത്വപ്രകാശികയിലെ" ശിഷ്യൻ നാണു വൈദ്യരുടെ അപേക്ഷ പ്രകാരം ഒരു വാദസദസ്സിൽ പങ്കെടുക്കാൻ തിരുവിതാംകൂറിലേക്ക് തിരിച്ചപ്പോഴായിരുന്നു രണ്ടാമത്തെ കണ്ടുമുട്ടൽ. അദ്വൈതിയായ ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠ നടത്തിവരുന്നതിലെ വെെരുദ്ധ്യനേരിട്ടറിയണം എന്നതായിരുന്നു ആഗ്രഹം. ശിവയോഗി വിലാസം മാസികയുടെ മാനേജർ പി.സ്വാമിക്കുട്ടിയോടൊപ്പം അദ്വൈതാശ്രമത്തിലെത്തിയ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടു. കാലങ്ങളായി അലട്ടിയ സംശയം ഗുരുദേവനുമായി പങ്കിട്ടു. ആ സംഭാഷണം കുറിച്ചെടുത്ത സ്വാമിക്കുട്ടി 1914 ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ശിവയോഗി വിലാസം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്തഭാഗം ഇങ്ങനെ ആയിരുന്നു.

" വാഗ്ഭടാനന്ദൻ : സ്വാമി അദ്വൈതിയാണല്ലോ അതുകൊണ്ട് അങ്ങയെ കാണണമെന്നു കുറച്ചുകാലമായി ആഗ്രഹിക്കുന്നു. അതിനുള്ള ഭാഗ്യം പ്പോഴുണ്ടായി.

ശ്രീനാരായണ ഗുരു: അതെ. നാം അദ്വൈതി തന്നെ. ഗുരുക്കളും അദ്വെൈതിയല്ലേ .? അപ്പോൾ നാം ഒന്നാണ്

വാഗ്ഭടാനന്ദൻ : അങ്ങ് ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ? അദ്വൈതവും അതും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും.?

ശ്രീ നാരായണ ഗുരു: ( പുഞ്ചിരിച്ചു കൊണ്ട് ) ജനങ്ങൾ സ്വൈര്യം തരേണ്ടേ. അവർക്ക് ക്ഷേത്രം വേണം. പിന്നെ കുറെ ശുചിത്വമെങ്കിലും ഉണ്ടാവുമല്ലോ എന്നു നാമും വിചാരിച്ചു.

വാഗ്ഭടാനന്ദൻ : അങ്ങ് ഒരാചര്യനാണ്. അങ്ങയുടെ സിദ്ധാന്തത്തിന് ജനങ്ങളെ വഴക്കിയെടുക്കേണ്ടതല്ലേ?

ശ്രീനാരായണ ഗുരു: നാം ആദ്യ കാലത്ത് അവരെ വിളിച്ചു. വിളികേട്ട് ആരും വന്നില്ല.

വാഗ്ഭടാനന്ദൻ :ദ്വൈതവും യോഗസിദ്ധാന്തവുമായി ക്ഷേത്ര വിശ്വാസത്തിനു ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഞങ്ങൾ വിഗ്രഹാരാധനയെ ശക്തിപൂർവം എതിർക്കുന്നവരാണ്.

ശ്രീനാരായണ ഗുരു : നല്ലതാണല്ലോ. നാമും നിങ്ങളുടെ പക്ഷത്താണ് "- ഇങ്ങനെയായിരുന്നു ആ സംഭാഷണം അവസാനിച്ചത്.

അതിനുശേഷം ആലുവാ ആശ്രമത്തിൽ വിഗ്രഹാരാധനയെ അനുകൂലിച്ചു കൊണ്ടും എതിർത്തുകൊണ്ടും പ്രഭാഷണങ്ങൾ നടന്നു. വാഗ്ഭടാനന്ദന്റെ ആഗ്രഹപ്രകാരം ശ്രീനാരായണ ഗുരുവായിരുന്നു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. വാഗ്ഭടാനന്ദൻ വിഗ്രഹാരാധനയിലെ നിരർത്ഥകത വിശദമാക്കിയും സ്വാമി ശിവപ്രസാദ് വിഗ്രഹാരാധനയെ അനുകൂലിച്ചുമായിരുന്നു സംസാരിച്ചത്. ഒടുക്കം അദ്ധ്യക്ഷനായിരുന്ന ഗുരുദേവന്റെ അഭിപ്രായം സദസ് ഒന്നടങ്കം ആവശ്യപ്പെട്ടു. " രണ്ടു പേരും പറഞ്ഞത് ശരിയാണ്"- ഗുരുദേവന്റെ വാക്കു കേട്ടിട്ടും സദസ് പിരിഞ്ഞില്ല. " വിജ്ഞന്മാർക്ക് വാഗ്ഭടാനന്ദൻ പറഞ്ഞതും അജ്ഞന്മാർക്ക് ശിവപ്രസാദ് പറഞ്ഞതും ശരി"- എന്നായിരുന്നു ഒടുവിൽ ഗുരുദേവന്റെ തീർപ്പ്. ജാതി, മതം, വിഗ്രഹാരാധനയൊക്കെ ഇരുവരുടെയും സംഭാഷണങ്ങളിൽ കടന്നുവന്നിരുന്നു. ദൃഢമായ സ്നേഹവും ആദരവും എന്നും ഗുരുദേവനും വാഗ്ഭടാനന്ദനും തമ്മിൽ കാത്തുസൂക്ഷിച്ചിരുന്നു.

അദ്ദേഹത്തിന്റെ 83ാം സമാധിദിനം ഒക്ടോബർ 29 നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAGBHADANANTHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.