SignIn
Kerala Kaumudi Online
Thursday, 18 April 2024 10.04 PM IST

വഖഫിൽ വടംവലി; ഉൾപോരിൽ ലീഗും സമസ്തയും

jifry-thangal

വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആരുടെ വിജയമെന്ന ചോദ്യത്തിലാണ് മുസ്‌ലിം ലീഗും സമസ്തയും തമ്മിലെ പുതിയ വടംവലി. മുമ്പത്തെ പോലെ കാര്യങ്ങൾ പരസ്യപോരിലേക്ക് പോവാതിരിക്കാൻ ഇരുസംഘടനകളും ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും വിടവും അസ്വാരസ്യങ്ങളും കൂടുന്നതായി നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.

നിയമസഭയ്ക്കകത്തും പുറത്തും ലീഗ് നടത്തിയ സമരങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുകുത്തിയെന്ന് അവകാശപ്പെടുന്ന ലീഗ് നേതൃത്വം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്നത് തങ്ങളുടെ ആവശ്യമായിരുന്നെന്ന് കൂടി പറഞ്ഞുവയ്ക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സമസ്ത നേതൃത്വം തയ്യാറല്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് സമസ്ത പ്രസിഡന്റ് സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്. സർക്കാരിനെ അഭിനന്ദിക്കാനും സന്തോഷം പ്രകടിപ്പിക്കാനും ജിഫ്രി തങ്ങൾ മറന്നില്ല.


ആരുടെ വിജയം?

നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മലപ്പുറത്ത് വാർത്താസമ്മേളനങ്ങൾ നടത്താനുള്ള പരക്കം പാച്ചിലിലായിരുന്നു ലീഗ്, സമസ്ത നേതൃത്വങ്ങൾ. ജില്ലാ മുസ്‌ലിം ലീഗ് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടേത് ആയിരുന്നു ആദ്യ വാർത്താസമ്മേളനം. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത് മുസ്‌ലിം സമുദായത്തിന്റെ വിജയമാണെന്ന് പറഞ്ഞുവച്ച സാദിഖലി തങ്ങൾ സമസ്തയുടെ അവകാശവാദത്തിന് തടയിടാൻ ഒരുമുഴം മുമ്പേ എറിഞ്ഞു. സമുദായ സംഘടനകൾ ശക്തമായി രംഗത്തുവരികയും നിയമസഭയിൽ എം.എൽ.എമാർ എതിർശബ്ദമുയർത്തുകയും ചെയ്തു. കോഴിക്കോട് ലീഗ് നടത്തിയ വഖഫ് റാലി വലിയ വിജയമായിരുന്നു. ഇതെല്ലാമാണ് സർക്കാരിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ലീഗിന്റെ അവകാശവാദങ്ങൾക്കൊപ്പം തങ്ങളില്ലെന്ന് കൂടി പറഞ്ഞുവയ്ക്കുന്നതായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാർത്താസമ്മേളനം. മതനേതാക്കൾക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. തുടർനടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അതുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സമസ്ത. സർക്കാറിന് മുന്നിൽ വയ്‌ക്കേണ്ട നിർദേശങ്ങൾ കൂടിയാലോചനയ്ക്കു ശേഷം തീരുമാനിക്കും. മതസംഘടനകൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോവാൻ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പേകിയിരുന്നു. ഇതിനുശേഷം സമരം വേണ്ടെന്നായിരുന്നു സമസ്തയുടെ നിലപാട്. സമരം ഇല്ലാതെതന്നെ അത് സാധിച്ചെടുത്തു. പ്രതിഷേധങ്ങൾക്ക് സമസ്ത ആഹ്വാനം നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഇതോടെ അപകടം മണത്ത ലീഗ് നേതൃത്വം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനോട് വാർത്താസമ്മേളനം നടത്താൻ ആവശ്യപ്പെട്ടു.
വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് ഒഴിവാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂർണമായും വിശ്വസിക്കാൻ പ്രയാസമാണെന്നും ഇത്തരത്തിൽ നേരത്തെ മുഖ്യമന്ത്രി നല്കിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നും സലാം പറഞ്ഞു. വഖഫിൽ പുതിയതായി വരാൻ പോകുന്ന നിയമം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് നിയമം വരുമ്പോൾ അറിയാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. മുസ്‌ലിം സമുദായത്തിന്റെ ആരാധനാസംബന്ധമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവരോടും ചർച്ച ചെയ്യണം. മുസ്‌ലിം സമുദായ സംഘടനകളെല്ലാം ഒറ്റക്കെട്ടായി സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുണ്ടായിരുന്നെന്നും സലാം പറഞ്ഞു. സർക്കാർ തീരുമാനം സമസ്തയുടെ വിജയമാണെന്ന പ്രചാരണത്തിന് തടയിടുക കൂടിയായിരുന്നു ലീഗിന്റെ ലക്ഷ്യം.

സമസ്തയ്ക്ക് ആശ്വാസം, ലീഗ് നെടുവീർപ്പ്

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്നാലെ സമസ്ത പിന്മാറിയിരുന്നു. മുസ്‌ലിം സമുദായത്തിന്റെ ആശങ്ക ചർച്ചചെയ്യാൻ ലീഗിനെ ഒഴിവാക്കി മുസ്‌ലിം സംഘടനകളെ നേരിട്ട് ചർച്ചയ്ക്ക് വിളിപ്പിച്ച സർക്കാരിന്റെ നടപടി ലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. മുസ്‌ലിം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കായി അറിയപ്പെടുന്ന സമസ്തയുടെ പ്രമുഖ നേതാക്കൾ തന്നെ തിരുവനന്തപുരത്ത് നേരിട്ടെത്തി ചർച്ച നടത്തിയതും ലീഗിനെ ഞെട്ടിപ്പിച്ചു. ഇടതു സർക്കാരുകളുമായി നേരിട്ട് ചർച്ച നടത്തുന്ന രീതി സമസ്തക്കില്ലായിരുന്നു. കാന്തപുരം വിഭാഗം ഒഴികെ മറ്റ് മുസ്‌ലിം സംഘടനകളെല്ലാം മുസ്‌ലിം ലീഗിന് പിന്നിൽ അണിനിരന്ന് സമരവുമായി രംഗത്തുള്ളപ്പോഴാണ് സമസ്തയുടെ പിന്മാറ്റം. വെള്ളിയാഴ്ച പള്ളികളിൽ വഖഫ് വിഷയത്തിൽ ഉദ്‌ബോധനം നടത്താൻ ലീഗിന്റെ നേതൃത്വത്തിൽ ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ച് വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ലീഗിനെ ഞെട്ടിച്ച് സമരപരിപാടികളിൽ നിന്ന് സമസ്ത പിൻവലിഞ്ഞു. സമസ്തയുടെ കൂട്ടായ തീരുമാനത്തിന് അപ്പുറം ജിഫ്രി തങ്ങൾ മുൻകൈയെടുത്ത നീക്കമായിരുന്നു ഇത്. സംസ്ഥാനത്തെ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 12,000ത്തിൽ പരം സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും സമസ്തയ്ക്ക് കീഴിലുള്ളതാണ് എന്നതിനാൽ സമസ്തയുടെ പിന്മാറ്റം അക്ഷരാർത്ഥത്തിൽ ലീഗിന്റെ സമരങ്ങളെ പൊളിക്കുന്നതായി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരും പ്രധാന നേതാക്കളും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

ജിഫ്രി തങ്ങളും സമസ്തയിലെ സി.പി.എം അനുകൂലികളും ചേർന്നെടുത്ത തീരുമാനമെന്ന പ്രചാരണം ലീഗ് കേന്ദ്രങ്ങൾ ശക്തമാക്കി. സോഷ്യൽ മീഡിയകളിലൂടെ ജിഫ്രി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളും അരങ്ങേറി. പിന്നാലെ സമസ്തയുടെ കൂട്ടായ തീരുമാനമാണെന്ന് നേതൃത്വം വാർത്താകുറിപ്പ് ഇറക്കിയതും ലീഗിന് രണ്ടാമത്തെ തിരിച്ചടിയായി. പ്രതിഷേധവുമായി ലീഗ് മുന്നോട്ടുപോവുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് വമ്പൻ റാലി നടത്തി ലീഗ് സമസ്തയെ വെല്ലുവിളിച്ചു.

സമസ്തയുടെ മലപ്പുറം ജില്ലാ സുവർണജൂബിലി സമാപന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് സമസ്തയുടെയും സമസ്ത മുസ്‌ലിം ലീഗിന്റെയുമെന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാരുടെ പ്രഖ്യാപനം ജിഫ്രി തങ്ങളുടെ നിലപാടിനെതിരെയുള്ള സമസ്തയിലെ ഭിന്നസ്വരങ്ങളെ പുറത്തെത്തിച്ചു. വേദിയിലുണ്ടായിരുന്ന ജിഫ്രി തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും സാക്ഷിനിർത്തിയായിരുന്നു അബ്ദുള്ള മുസ്‌ലിയാരുടെ പ്രഖ്യാപനം. ലീഗിനെ അവഗണിച്ചാൽ സംഭവിക്കാൻ പോവുന്നതിന്റെ സൂചന പരോക്ഷമായി എതിർചേരിയിലെ സമസ്ത നേതാക്കൾക്ക് നൽകാൻ ഇതുവഴി കഴിഞ്ഞു. സമസ്തയിലെ ഏതൊരു അനക്കവും തങ്ങളുടെ അടിവേരിനെയാവും ബാധിക്കുകയെന്ന ബോദ്ധ്യം ലീഗ് നേതൃത്വത്തിനുണ്ട്. കാലങ്ങളായി സമസ്ത തുടരുന്ന രീതികളിലെ ചെറിയ മാറ്റത്തെ പോലും ലീഗ് നേതൃത്വം അതീവജാഗ്രതയോടെ കാണുന്നതും ഇതിനാൽ തന്നെ. സമസ്തയോട് അടുക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കങ്ങളെ ഏതു വിധേനയും ചെറുക്കണമെന്ന തീരുമാനം ലീഗ് നേതൃത്വമെടുത്തിട്ടുണ്ട്.

വഖഫ് വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നത് നീണ്ടതോടെ ഇത് അവസരമാക്കി മുസ്‌ലിം ലീഗ് നേതൃത്വം ജിഫ്രി തങ്ങൾക്ക് നേരെ ഒളിയമ്പുകൾ എറിഞ്ഞിരുന്നു. സർക്കാർ കേന്ദ്രങ്ങൾ മൗനം തുടർന്നതോടെ പ്രവർത്തകർക്ക് മുന്നിൽ മറുപടി പറയാനാവാതെ ജിഫ്രി തങ്ങളും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് സമസ്ത പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സമസ്തയ്ക്ക് നൽകിയ ഉറപ്പുകൾക്കിടെ വഖഫ് ബോർഡ് സി.ഇ.ഒയുടെ ഡ്രൈവർ കം പേഴ്സണൽ അറ്റൻഡറായി ഇതരസമുദായംഗത്തെ നിയമിച്ചതും വിവാദമായി. ഇതിനിടയിലെല്ലാം ജിഫ്രി തങ്ങൾ മൗനം പാലിക്കുകയും പരമാവധി വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്തു. സമസ്തയിൽ ലീഗിനെ ശക്തമായി പിന്തുണയ്ക്കുന്ന മുതിർന്ന നേതാക്കളും ലീഗിന്റെ ചൊൽപ്പടിക്കൊത്ത് നീങ്ങേണ്ടെന്ന വികാരമുള്ള പുതുതലമുറ നേതാക്കളുമുണ്ട്. വിവാദങ്ങൾ തുടർന്നാൽ സമസ്തയിലെ ഐക്യത്തിന് കോട്ടം തട്ടുമെന്ന ആശങ്ക ജിഫ്രി തങ്ങൾക്കുണ്ടായിരുന്നു.

കൊച്ചിയിൽ ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതിയിൽ വഖഫിൽ അടക്കം സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭങ്ങളിൽ ലീഗ് പിന്നാക്കം പോയതായി വിമർശനമുയർന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫിൽ ആണോ എന്ന് പോലും ജനങ്ങൾക്ക് സംശയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ വിമർശനമുന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ലീഗും കുഞ്ഞാലിക്കുട്ടിയും ഒരുപോലെ പ്രതിസന്ധിയിലായി. പിന്നാലെ വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം വീണ്ടും തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. സർക്കാരിന് മാത്രമല്ല, ജിഫ്രി തങ്ങളെയും ലക്ഷ്യമിട്ട സമരമായിരുന്നു ഇത്. നിയമസഭയിലെ പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രിക്ക് ഇതിന് തടയിടാൻ കഴിഞ്ഞതിനൊപ്പം ജിഫ്രി തങ്ങൾക്ക് പിടിവള്ളിയുമേകി. പി.കെ.കുഞ്ഞാലിക്കുട്ടി ഉന്നയിച്ച സബ് മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന പ്രത്യേകതയും ഇതിനുണ്ട്. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടില്ലെന്ന സർക്കാർ തീരുമാനം തങ്ങളുടെ സമരത്തിന്റെ നേട്ടമായി അവതരിപ്പിക്കാനായില്ലെങ്കിൽ മുസ്‌ലിം സമുദായത്തിന്റെ ശബ്ദമെന്ന പ്രതീതി തകരുമെന്ന ആശങ്ക ലീഗിനുണ്ട്. സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് സമസ്ത ഇനി മുതിരരുതെന്ന സന്ദേശം കൂടിയേകുക ലീഗിന്റെ ലക്ഷ്യമാണ്. ഇതെല്ലാം എത്രത്തോളം ഫലിക്കുമെന്നത് കാത്തിരുന്ന് കാണണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAKHAF BOARD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.